നിറഞ്ഞ വലകൾ

രാത്രി മുഴുവൻ അധ്വാനിച്ചിട്ടും ഒന്നും കിട്ടാതെ നിരാശരായി തിരിച്ചുവന്ന ഏഴു പേരെക്കുറിച്ചു  നാം സുവിശേഷത്തിൽ വായിക്കുന്നുണ്ട്. ആ ഏഴു പേരിൽ  ശിമയോൻ പത്രോസും  സെബദിയുടെ പുത്രന്മാരും തോമസും  ഒക്കെ ഉണ്ടായിരുന്നു.  ഇടതും വലത്തും മാറിമാറി വലയിട്ടിട്ടും ഒരു  പൊടിമീനിനെപ്പോലും കിട്ടാതെ മടങ്ങേണ്ടിവന്ന ആ  പരാജയത്തിൻറെ രാത്രിയുടെ അവസാനമാണു   തിബേരിയാസ് കടലിൻറെ തീരത്തു  കാത്തുനിന്ന കർത്താവിനെ അവർ കണ്ടത്.  അപ്പോഴേയ്ക്കും ഉഷസായിരുന്നു എന്നു യോഹന്നാൻ ശ്ലീഹാ തൻറെ സുവിശേഷത്തിൽ എഴുതിവച്ചിരിക്കുന്നു.

എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാർഥ വെളിച്ചമായ (യോഹ 1:9) യേശുക്രിസ്തുവിൻറെ പ്രകാശത്തിൻറെ ഉദയശോഭയിൽ അവർക്ക് ഏറെ അധ്വാനിക്കേണ്ടിവന്നില്ല. വലതുവശത്ത് ഒരു തവണ വലയിട്ടപ്പോൾ തന്നെ  വലിച്ചുകയറ്റാൻ കഴിയാത്ത വിധം അത്രയധികം  മൽസ്യം അവർക്കു ലഭിച്ചു. രാത്രി മുഴുവൻ വലയിട്ടിട്ടും ശിഷ്യന്മാർക്ക് ഒന്നും കിട്ടാതിരുന്നതു  കടലിൽ മൽസ്യം ഇല്ലാതിരുന്നതുകൊണ്ടായിരുന്നില്ല, മറിച്ച് അതു കാണാനുള്ള പ്രകാശം  എവിടെ നിന്നു ലഭിക്കണമോ, സത്യവെളിച്ചമായ ആ  യേശുക്രിസ്തു  അവരുടെ കൂടെ ഇല്ലാതിരുന്നതുകൊണ്ടാണ്.

ഇതാണു  തനിയെ അധ്വാനിക്കുന്നതിൻറെയും  കർത്താവിൻറെ ഇഷ്ടമനുസരിച്ച് അധ്വാനിക്കുന്നതിൻറെയും വ്യത്യാസം.  ‘കർത്താവു  വീടു പണിയുന്നില്ലെങ്കിൽ  പണിക്കാരുടെ അധ്വാനം വ്യർഥമാണ്. കർത്താവ്  നഗരം കാക്കുന്നില്ലെങ്കിൽ  കാവൽക്കാർ ഉണർന്നിരിക്കുന്നതും വ്യർഥം’ (സങ്കീ 127:1).  കർത്താവു  മൽസ്യം പിടിക്കുന്നില്ലെങ്കിൽ മുക്കുവരുടെ അധ്വാനവും വ്യർത്ഥമാണെന്ന  പാഠം  ആ രാത്രിയിൽ പത്രോസും കൂട്ടരും പഠിച്ചിരിക്കണം.  ഇതെല്ലാമറിഞ്ഞിരുന്നിട്ടും  നാം  കർത്താവിനെക്കൂടാതെ അധ്വാനിക്കുന്നു.  വെറും കൈയോടെ മടങ്ങിവരുന്നു.  അതിനുശേഷം   പരാജയത്തിൻറെ ഇരുണ്ടരാത്രികളെ പഴിപറഞ്ഞുകൊണ്ടു   നിരുത്സാഹരായിരിക്കുന്നു.  ഉഷസായെന്നും തീരത്തു  നമ്മുടെ കർത്താവു  നമ്മെ  കാത്തുനിൽപ്പുണ്ടെന്നും  നാം മറന്നുപോകുന്നു. കാത്തുനിൽക്കുന്ന ഈശോയെ  കാണാതെ നാം കടന്നുപോകുമ്പോൾ അവിടുത്തെ ഹൃദയം വേദനിക്കുന്നു എന്ന കാര്യം നാം അറിയുന്നുമില്ല.

ദൈവത്തെക്കൂടാതെ അധ്വാനിച്ചു മടുത്ത  മനുഷ്യരുടെ  ദയനീയാവസ്ഥ കണ്ടു കരളലിഞ്ഞ  കർത്താവീശോമിശിഹാ  അതിനൊരു പരിഹാരവും നമുക്കു  പറഞ്ഞുതന്നിട്ടുണ്ട്.   ‘ഞാൻ പിതാവിനോട് അപേക്ഷിക്കുകയും  എന്നേക്കും  നിങ്ങളോടുകൂടെയായിരിക്കാൻ  മറ്റൊരു സഹായകനെ  അവിടുന്ന് നിങ്ങൾക്കു തരുകയും  ചെയ്യും (യോഹ 14:16).  നിത്യസഹായകനായ ഈ പരിശുദ്ധാത്മാവിനോടു  ചേർന്നു  പ്രവർത്തിച്ചാൽ   നമുക്ക് അമർത്തിക്കുലുക്കി നിറച്ചളന്നു   പ്രതിഫലം കിട്ടും എന്നുറപ്പാണ്.  അതുകൊണ്ടു   പരിശുദ്ധാത്മാവിൻറെ വെളിച്ചം ഇല്ലാത്ത  രാത്രിയിലെ  നിഷ്‌ഫലമായ അധ്വാനങ്ങൾ നമുക്കവസാനിപ്പിക്കാം.   സഹായകനായ  പരിശുദ്ധാത്മാവിനെ കൂട്ടിനു വിളിക്കാം. അപ്പോൾ നമ്മുടെ  ‘അവസാനപ്രവർത്തനങ്ങൾ ആദ്യത്തേതിനേക്കാൾ  മെച്ചപ്പെട്ടവയായിരിക്കും’ (വെളി 2:19). ‘വിശ്വസ്തനായ സ്നേഹിതൻ ബലിഷ്ഠമായ സങ്കേതമാണ്; അവനെ  കണ്ടെത്തിയവൻ ഒരു നിധി നേടിയിരിക്കുന്നു’ (പ്രഭാ  6:14). നമ്മുടെ ഏറ്റവും  വിശ്വസ്തനായ സ്നേഹിതനും  ബലിഷ്ഠമായ സങ്കേതവും  അമൂല്യമായ നിധിയും പരിശുദ്ധാത്മാവാണ്.   ആ  കൂട്ടുകാരൻറെ  സഹായം അരികിലുണ്ടായിരിക്കുമ്പോഴും അതിൽ ആശ്രയിക്കാതെ  തനിയെ അധ്വാനിക്കുന്നതിനേക്കാൾ  വലിയ ഭോഷത്തമുണ്ടോ?

ഉപവാസവും പ്രാർഥനയും  പരിഹാരപ്രവൃത്തികളും കൊണ്ടു  ഫലദായകമായ ഒരു  നോമ്പുകാലം  ആഗ്രഹിക്കുന്നുവെങ്കിൽ നാം ആദ്യം ചെയ്യേണ്ടതു  സ്വന്തം കഴിവിലുള്ള അമിതമായ ആശ്രയത്വം ഉപേക്ഷിക്കുക എന്നതാണ്. സ്വന്തം കഴിവിൽ ആശ്രയിച്ചു  നോമ്പെടുക്കുന്നവർ  അൻപതു ദിനരാത്രങ്ങൾക്കുശേഷം  ശൂന്യമായ വലയും   ചുമന്നുകൊണ്ടു  നോമ്പുവീടൽ എന്ന ആഘോഷത്തിലേക്കു കടക്കും. പരിശുദ്ധാത്മാവിൻറെ സഹായത്തോടെ നോമ്പെടുക്കുന്നവർ  ആത്മാവിൽ  നിറഞ്ഞ വലയും വലിച്ചുകൊണ്ട് ഉയിർപ്പുതിരുനാളിൻറെ ആനന്ദത്തിലേക്കു പ്രവേശിക്കും. 

നമുക്ക് ആത്മാവിൽ നിറഞ്ഞ വലകൾക്കായി ആഗ്രഹിക്കാം, പ്രാർഥിക്കാം, പ്രവർത്തിക്കാം.