‘ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനുമുകളിൽ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിൻറെ ചൈതന്യം വെള്ളത്തിനു മീതെ ചലിച്ചുകൊണ്ടിരുന്നു’ (ഉൽപ. 1:1-2) എന്നു പറഞ്ഞുകൊണ്ടാണു പരിശുദ്ധ ബൈബിൾ ആരംഭിക്കുന്നത്. വിശുദ്ധഗ്രന്ഥത്തിലെ അവസാനപുസ്തകമായ വെളിപാടിൻറെ അവസാനഭാഗത്തു നാം ഇങ്ങനെയും വായിക്കുന്നു. ‘ആത്മാവും മണവാട്ടിയും പറയുന്നു: വരുക. കേൾക്കുന്നവനും പറയട്ടെ: വരുക. ദാഹിക്കുന്നവൻ വരട്ടെ. ആഗ്രഹമുള്ളവൻ ജീവൻറെ ജലം സൗജന്യമായി സ്വീകരിക്കട്ടെ’ (വെളി 22:17).
വിശുദ്ധലിഖിതമെല്ലാം ദൈവനിവേശിതമാണെന്ന് അപ്പസ്തോലൻ പറയുന്നുണ്ട്. പ്രപഞ്ചോൽപത്തി മുതൽ പ്രപഞ്ചത്തിൻറെ അവസാനവും അതിനപ്പുറമുള്ള നിത്യജീവനും വരെ വിഷയമാകുന്ന പരിശുദ്ധബൈബിളിൻറെ രചയിതാവ് പരിശുദ്ധാത്മാവായതിൽ അത്ഭുതമില്ല. അനേക നൂറ്റാണ്ടുകളുടെ ഇടവേളകളെടുത്ത് വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിച്ചിരുന്ന അനേകം മനുഷ്യർ വിവിധ ഭാഷകളിൽ എഴുതിയ ബൈബിളിലെ എഴുപത്തിമൂന്നു പുസ്തകങ്ങളും തമ്മിൽ – എന്തിന്, അതിലെ ഒരു വരിയ്ക്കുപോലും – പരസ്പരം വൈരുധ്യം ഇല്ല എന്നതാണു ബൈബിളിനെ മറ്റു മതഗ്രന്ഥങ്ങളിൽ നിന്നു വ്യത്യസ്തമാക്കുന്നത്.
ബൈബിൾ എഴുതിയത് പരിശുദ്ധാത്മാവാണെങ്കിൽ ബൈബിളിലെ മുഖ്യ കഥാപാത്രവും പരിശുദ്ധാത്മാവ് തന്നെയാണ്. ഇതു പറയുമ്പോൾ ചിലർക്കെങ്കിലും ആശയക്കുഴപ്പം ഉണ്ടായേക്കാം. രക്ഷാകരസംഭവത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി കർത്താവായ യേശുക്രിസ്തുവല്ലേ എന്ന്. തീർച്ചയായും അതേ. എന്നാൽ കർത്താവ് ഭൂമിയിലേക്കു വന്നതിൻറെ ഒരു പ്രധാന ഉദ്ദേശം തന്നെ നമുക്കു പരിശുദ്ധാത്മാവിനെ നൽകാനായിരുന്നു എന്നതിനു കർത്താവിൻറെ വാക്കുകൾ തന്നെയാണു സാക്ഷി.
‘ തിരുനാളിൻറെ അവസാനത്തെ മഹാദിനത്തിൽ യേശു എഴുന്നേറ്റുനിന്നു ശബ്ദമുയർത്തി പറഞ്ഞു; ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അവൻ എൻറെ അടുക്കൽ വന്നു കുടിക്കട്ടെ. എന്നിൽ വിശ്വസിക്കുന്നവൻറെ ഹൃദയത്തിൽ നിന്ന്, വിശുദ്ധ ലിഖിതം പ്രസ്താവിക്കുന്നതുപോലെ, ജീവജലത്തിൻറെ അരുവികൾ ഒഴുകും. അവൻ ഇതു പറഞ്ഞത്, തന്നിൽ വിശ്വസിക്കുന്നവർ സ്വീകരിക്കാനിരിക്കുന്ന ആത്മാവിനെപ്പറ്റിയാണ് (യോഹ. 7:37-39).
ഈ ജീവജലത്തിൻറെ അരുവിയെക്കുറിച്ച് എസക്കിയേൽ പ്രവചനം നാല്പത്തിയേഴാം അധ്യായത്തിൽ മനോഹരമായി വർണ്ണിക്കുന്നുണ്ട്. ബലിപീഠത്തിൻറെ അടിയിൽ നിന്ന് പുറപ്പെടുന്ന നീർച്ചാൽ, മുട്ടോളമല്ല, അരയോളമല്ല, നീന്തിയിട്ടു മാത്രം കടക്കാൻ സാധിക്കുന്ന ജീവജലത്തിൻറെ മഹാപ്രവാഹമായി മാറുന്ന അത്ഭുതം! ക്രിസ്തുവിൻറെ തിരുവിലാവിൽ നിന്ന് രക്തവും ജലവും അവിടുത്തെ ബലിപീഠമായ കുരിശിലൂടെ താഴെ ഭൂമിയിലേക്ക് ഒഴുകുന്നതും, എസക്കിയേൽ പ്രവചനവുമായി ചേർത്തുവച്ചു ധ്യാനിച്ചാൽ കർത്താവിൻറെ ബലിയും പരിശുദ്ധാത്മാഭിഷേകവും തമ്മിലുള്ള ബന്ധം തെളിഞ്ഞുകിട്ടും.
പ്രപഞ്ചസൃഷ്ടിയ്ക്കു മുൻപു തന്നെ നിലനിന്നിരുന്ന ദൈവചൈതന്യം എന്ന് ഉല്പത്തി പുസ്തകം പരിശുദ്ധാത്മാവിനെ വിശേഷിപ്പിക്കുന്നു. പഴയനിയമ കാലഘട്ടത്തിൽ പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള ചിതറിയ ചിന്തകൾ പലയിടത്തും കാണാം. പ്രവാചകന്മാരുടെ അധരങ്ങളിലൂടെ സംസാരിച്ചത് പരിശുദ്ധാത്മാവായിരുന്നു. മാരകപാപം ചെയ്തു ദൈവകൃപ നഷ്ടപ്പെടുത്തിയ ദാവീദ് വിലപിക്കുന്നത് ‘അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്നിൽ നിന്ന് എടുത്തുകളയരുതേ’ എന്നു പറഞ്ഞുകൊണ്ടാണ് (സങ്കീ 51:11). പ്രമാണങ്ങൾ ലംഘിച്ച്, സ്വന്തം വഴിയേ സഞ്ചരിച്ച്, ദൈവകൃപ നഷ്ടമാക്കിയ ഒരുവൻ തനിക്കു നഷ്ടപ്പെടുന്നതെന്തെന്ന് അപ്പോൾ അറിയണമെന്നില്ല. എന്നാൽ തൻെറ ഏറ്റവും വലിയ ദുരന്തം പരിശുദ്ധാത്മാവ് തന്നെ വിട്ടുപോയതാണെന്ന തിരിച്ചറിവ് തീർച്ചയായും പിന്നീടൊരിക്കൽ അവനുണ്ടാകും.
ദൈവത്തിൻറെ ആത്മാവ് തന്നെ വിട്ടുപോയത് സാവൂൾ രാജാവും അറിഞ്ഞില്ല. പക്ഷേ ദൈവാത്മാവ് വിട്ടുപോയവനെ ദുരാത്മാക്കൾ പീഡിപ്പിക്കും എന്ന് സ്വന്തം ജീവിതം കൊണ്ടുതന്നെ (1 സാമു. 16:14) അവൻ തിരിച്ചറിഞ്ഞു. കർത്താവു തന്നെ വിട്ടുപോയ കാര്യം സാംസണും അറിഞ്ഞിരുന്നില്ല (ന്യായാ. 16:20). അതങ്ങനെയാണ്. വിലപ്പെട്ടതു പലതും നഷ്ടപ്പെടുമ്പോൾ നാം അറിയില്ല. പിന്നീടൊരിക്കൽ തിരിച്ചറിയുമ്പോഴേയ്ക്കും ഒരുപക്ഷേ സമയം കടന്നുപോയിട്ടുണ്ടാകും.
എന്നാൽ ദാനിയേലിന് ആ ദുരന്തം സംഭവിക്കുന്നില്ല. രണ്ടു കള്ളസാക്ഷി കളുടെ മൊഴിയുടെ ബലത്തിൽ കൊലക്കളത്തിലേക്കു നയിക്കപ്പെട്ട സൂസന്നയെ കണ്ടപ്പോൾ ‘ദാനിയേലെന്നു പേരുള്ള ഒരു ബാലൻറെ പരിശുദ്ധമായ ആത്മാവിനെ കർത്താവ് ഉണർത്തി’ ( ദാനി. 13:45) എന്നാണു വിശുദ്ധഗ്രന്ഥം പറയുന്നത്. വിചാരണയിൽ വധശിക്ഷയ്ക്കർഹയെന്നു തെളിയിക്കപ്പെട്ട ഒരു സ്ത്രീ നിരപരാധിയാണെന്നു വലിയൊരു ജനക്കൂട്ടത്തിൻറെ മുൻപിൽ വച്ച് പരസ്യമായി പ്രഖ്യാപിക്കണമെങ്കിൽ അതു ചെയ്തത് ഒരിക്കലും ദാനിയേലല്ല, അവനിൽ പ്രവർത്തിച്ച പരിശുദ്ധാത്മാവിൻറെ ശക്തിയാണ്.
ഭീരുത്വത്തിൻറെ ആത്മാവിനെയല്ല ദൈവം നമുക്കു നല്കിയിരിക്കുന്നതെന്നു പൗലോസ് അപ്പസ്തോലൻ പറയുന്നതിൻെറ അർഥം ഇതാണ്. വേണ്ട സമയത്തു സത്യം വിളിച്ചുപറയാൻ നമുക്കു ധൈര്യം തരുന്ന പരിശുദ്ധാത്മാവിനെയാണ് യേശുക്രിസ്തു നമുക്കു വാഗ്ദാനം ചെയ്തതും നാം സ്വീകരിച്ചതും. കർത്താവായ ദൈവം തൻറെ ആത്മാവിനെ സകല മനുഷ്യരുടെയും മേൽ വർഷിക്കുന്ന ഒരു കാലഘട്ടത്തെക്കുറിച്ചുള്ള ജോയേൽ പ്രവാചകൻറെ വാക്കുകൾ ശ്രദ്ധിക്കുക: ‘ അന്ന് ഇങ്ങനെ സംഭവിക്കും: എല്ലാവരുടെയും മേൽ എൻറെ ആത്മാവിനെ ഞാൻ വർഷിക്കും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും. നിങ്ങളുടെ വൃദ്ധന്മാർ സ്വപ്‌നങ്ങൾ കാണും; യുവാക്കൾക്കു ദർശനങ്ങൾ ഉണ്ടാകും. ആ നാളുകളിൽ എൻറെ ദാസന്മാരുടെയും ദാസിമാരുടെയും മേൽ എൻറെ ആത്മാവിനെ ഞാൻ വർഷിക്കും’ ( ജോയേൽ 2:28-29).
‘ആ നാളുകൾ’ എന്നു ജോയേൽ പ്രവാചകൻ പറഞ്ഞ നാളുകളിലാണ് ഇപ്പോൾ നാം ജീവിക്കുന്നത്. ആദ്യത്തെ പന്തക്കുസ്താ അനുഭവത്തിൻറെ വേളയിൽ പത്രോസ് ശ്ലീഹാ പറഞ്ഞതും അതുതന്നെയാണ്. അന്നുതൊട്ടിന്നുവരെ പരിശുദ്ധാത്മാവിൻറെ പ്രവർത്തനം അതിശക്തമായി ഭൂമിയിൽ തുടർന്നുകൊണ്ടിരിക്കുന്നു. നമ്മുടെ രക്ഷകനായ യേശുക്രിസ്തു തൻറെ പിതാവിൻറെ അടുത്തേയ്ക്കു മടങ്ങിപ്പോയതിനുശേഷം അവിടുത്തെ ദൈവികസാന്നിധ്യം നാം തുടർന്നും അനുഭവിക്കേണ്ടതിനാണ് പരിശുദ്ധാത്മാവിനെ അയയ്ക്കുമെന്ന് അവിടുന്ന് വാഗ്ദാനം ചെയ്തതും ആ വാഗ്ദാനം സമയത്തിൻറെ തികവിൽ നിറവേറ്റിയതും.
ലോകത്തിൽ നമുക്കുചുറ്റും പരിശുദ്ധാത്മാവിൻറെ പ്രവൃത്തികൾ അത്ഭുതകരമായ രീതിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ അതു മനസിലാക്കാൻ നമുക്കു കഴിയുന്നില്ല എന്നതാണു ദുഖകരം. ‘കർത്താവേ, അങ്ങയുടെ പരിശുദ്ധാത്മാവിനെ അയയ്ക്കണമേ, അപ്പോൾ ഭൂമുഖം നവീകരിക്കപ്പെടും’ എന്ന് നാം പ്രാർത്ഥിക്കുമ്പോൾ പ്രപഞ്ചത്തിൻറെ നവീകരണത്തിനായുള്ള പ്രവർത്തനങ്ങൾ പരിശുദ്ധാത്മാവ് തുടങ്ങിക്കഴിഞ്ഞു എന്നും നാം മനസിലാക്കണം. കർത്താവായ യേശുക്രിസ്തുവിൻറെ മഹത്വപൂർണ്ണമായ രണ്ടാം വരവിനെ കാത്തിരിക്കുന്ന നാം അതിനായി പരിശുദ്ധാത്മാവ് നമ്മെ ഒരുക്കുന്നത് എങ്ങനെയാണെന്ന് മനസിലാക്കണം. കാരണം മിശിഹായെ തിരിച്ചറിയണമെങ്കിൽ അതു പരിശുദ്ധാത്മാവിൻറെ സഹായത്തോടെ മാത്രമേ കഴിയുകയുള്ളൂ.
സുവിശേഷത്തിൽ നാം ശിമയോൻ എന്നൊരാളെക്കുറിച്ചു വായിക്കുന്നുണ്ട്. ‘ജറുസലേമിൽ ശിമയോൻ എന്നൊരുവൻ ജീവിച്ചിരുന്നു. അവൻ നീതിമാനും ദൈവഭക്തനും ഇസ്രായേലിൻറെ ആശ്വാസം പ്രതീക്ഷിച്ചിരുന്നവനും ആയിരുന്നു. പരിശുദ്ധാത്മാവ് അവൻറെ മേൽ ഉണ്ടായിരുന്നു’ ( ലൂക്കാ 2:25). ജറുസലേമിലെ ആയിരക്കണക്കിനു നിവാസികളിൽ നിന്ന് ശിമയോനെ വ്യത്യസ്തനാക്കിയത് അവൻറെ മേൽ പരിശുദ്ധാത്മാവ് ഉണ്ടായിരുന്നു എന്നതാണ്. അതുകൊണ്ട് എന്തു സംഭവിച്ചു എന്നു മനസ്സിലാക്കണമെങ്കിൽ തുടർന്നു വായിക്കണം.
‘കർത്താവിൻറെ അഭിഷിക്തനെ കാണുന്നതുവരെ മരിക്കുകയില്ല എന്നു പരിശുദ്ധാത്മാവ് അവനു വെളിപ്പെടുത്തിയിരുന്നു. പരിശുദ്ധാത്മാവിൻറെ പ്രേരണയാൽ അവൻ ദൈവാലയത്തിലേക്കു വന്നു’ ( ലൂക്കാ 2:26-27). ശിശുവായ യേശുവിനെ നിയമപ്രകാരമുള്ള അനുഷ്ഠാനങ്ങൾക്കായി മാതാപിതാക്കൾ ജെറുസലേം ദൈവാലയത്തിൽ കൊണ്ടുചെന്നപ്പോൾ കൃത്യം ആ സമയത്തു തന്നെ ദൈവാലയത്തിലേക്കു വരാൻ ശിമയോനെ പ്രേരിപ്പിച്ചതു പരിശുദ്ധാത്മാവായിരുന്നു. ആ പിഞ്ചുപൈതലിൽ യാഥാർത്ഥമിശിഹായുടെ മുഖം കാണാൻ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ ശിമയോനു കഴിഞ്ഞു എന്നു പറയുന്നതുപോലെ തന്നെ പ്രധാനമാണ് അശുദ്ധാത്മാവിനാൽ നയിക്കപ്പെട്ടിരുന്ന ഹേറോദോസിന് യേശു ആരെന്നു തിരിച്ചറിയാൻ കഴിഞ്ഞില്ല എന്നതും. അതുമല്ല, തൻറെ സിംഹാസനത്തിനു ഭീഷണിയാകുമെന്നു താൻ കരുതിയ ആ ശിശുവിനെ കണ്ടെത്താൻ പോലും അവനു കഴിഞ്ഞില്ല.
തൻറെ കൊട്ടാരത്തിൽ നിന്ന് ഏതാനും കിലോമീറ്ററുകൾ മാത്രം അകലെ, തൻറെ അധികാരസീമയ്ക്കുള്ളിലുള്ള ബെത് ലഹേമിൽ സംഭവിച്ച കാര്യം അറിയാൻ ഹേറോദോസിനു കഴിഞ്ഞില്ലെങ്കിൽ, അനേകകാതങ്ങൾ ദൂരെ വസിച്ചിരുന്ന മൂന്നു ജ്ഞാനികൾക്ക് തങ്ങളുടെ ദേശത്തു നിന്നു ജറുസലേമിൽ എത്തുന്നതുവരെ മിശിഹായിലേക്ക് എത്തിച്ചേരാനുള്ള വഴിയെക്കുറിച്ച് ഒരു സംശയവുമുണ്ടായിരുന്നില്ല. കാരണം അവരെ നയിച്ചിരുന്നത് പരിശുദ്ധാത്മാവായിരുന്നു. ബെത്ലഹേമിലേക്കുള്ള യാത്രയിൽ, ജറുസലേമിൽ വച്ച്, അശുദ്ധാത്മാവിനാൽ നയിക്കപ്പെട്ടിരുന്ന ഒരു രാജാവിൻറെ സന്നിധിയിൽ ആയിരുന്ന കുറഞ്ഞൊരു ഇടവേളയിൽ മാത്രമാണ് അവർക്കു മിശിഹായിലേക്കുള്ള വഴിയെക്കുറിച്ച് എന്തെങ്കിലും സംശയം തോന്നിയത്.
പരിശുദ്ധാത്മാവിനാൽ നിറഞ്ഞവരെപ്പോലും വഴിതെറ്റിക്കാൻ ശ്രമിക്കുന്ന പൈശാചികാരൂപിയും പ്രവർത്തനനിരതമായിരിക്കുന്ന കാലത്താണു നാം ജീവിക്കുന്നത്. ക്രിസ്തുവിൻറെ അരൂപിയ്ക്കു നേരേ വിപരീതമായ ഈ അരൂപി ബാധിച്ചവർ ക്രിസ്തുവിൻറെ പ്രത്യാഗമനം എന്ന സത്യത്തെ മറയ്ക്കാൻ ഇന്നും പരമാവധി ശ്രമിക്കുന്നു. യേശുവിൻറെ ജനനവാർത്തയറിഞ്ഞപ്പോൾ ‘ഹേറോദോസ് രാജാവ് അസ്വസ്ഥനായി, അവനോടൊപ്പം ജെറുസലേം മുഴുവനും’ ( മത്തായി 2:3) എന്നു സുവിശേഷത്തിൽ രേഖപ്പെടുത്തി വച്ചിരിക്കുന്നതിൻറെ ഉദ്ദേശം ഒന്നു മാത്രമേയുള്ളൂ. ലോകത്തോടും അധികാരത്തോടും ഒട്ടിച്ചേർന്നുനിൽക്കുന്നവർ ക്രിസ്തുവിൻറെ ദ്വിതീയാഗമനം എന്നു കേൾക്കുമ്പോൾ അസ്വസ്ഥരാകുക തന്നെ ചെയ്യും എന്നു നമ്മെ ഓർമ്മിപ്പിക്കാൻ വേണ്ടിയാണത്. എന്നാൽ പരിശുദ്ധാത്മാവിനാൽ നിറഞ്ഞവരാകട്ടെ യേശു ദൈവപുത്രനാണെന്ന് ഉറക്കെ പ്രഘോഷിക്കുകായും അവൻറെ ആഗമനത്തിനായി പ്രത്യാശയോടെ കാത്തിരിക്കുകയും ചെയ്യും.
ഈ പരിശുദ്ധാത്മാവിനെക്കൊണ്ടു നമ്മെ സ്നാനപ്പെടുത്താനാണ് യേശു വരുന്നത് എന്ന് അവൻറെ വഴിയൊരുക്കാൻ വന്ന സ്നാപകയോഹന്നാൻ വിളിച്ചുപറഞ്ഞു. യേശു തൻറെ പരസ്യജീവിതവും സുവിശേഷപ്രഘോഷണവും ആരംഭിക്കുന്നതിനുമുൻപേ സ്നാപകന് ഈ ജ്ഞാനം കിട്ടിയത് എവിടെനിന്നാണ്? എലിസബത്തിൻറെ ഉദരത്തിൽ ആയിരിക്കുമ്പോൾ തന്നെ പരിശുദ്ധാത്മാവിനാൽ നിറഞ്ഞവനായിരുന്നു യോഹന്നാൻ എന്നു സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു. അങ്ങനെ വേറൊരാളെ വിശുദ്ധഗ്രന്ഥം മുഴുവനുമെടുത്താലും കണ്ടുമുട്ടാൻ കഴിയില്ല. അതുകൊണ്ടാണല്ലോ ‘സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ ഏറ്റവും വലിയവനാണു യോഹന്നാൻ’ എന്നു യേശുക്രിസ്തു പോലും ഏറ്റുപറയുന്നത്!
ക്രിസ്തു ആരെന്നു മനസിലാക്കണമെങ്കിൽ, നമ്മുടെ സ്വന്തം കുരിശുമെടുത്ത് അവിടുത്തെ അനുഗമിക്കാൻ നമുക്കു കഴിയണമെങ്കിൽ, യഥാർത്ഥ ക്രിസ്തുവിനും മുൻപേ വരാനിരിക്കുന്ന അനേകം വ്യാജക്രിസ്തുമാരുടെ വഞ്ചനയിൽ നാം വീഴാതിരിക്കണമെങ്കിൽ, മതപരമായ പരമവഞ്ചന എന്നു മതബോധനഗ്രന്ഥം ( CCC 675) വിശേഷിപ്പിക്കുന്ന അന്തിക്രിസ്തു വാഗ്ദാനം ചെയ്യുന്ന വ്യാജസൗഖ്യത്തിലും വ്യാജരക്ഷയിലും നമ്മുടെ കണ്ണുടക്കിപ്പോകാതിരിക്കണമെങ്കിൽ, നമുക്കു പരിശുദ്ധാത്മാവിൻറെ സഹായം കൂടിയേ തീരൂ. ഈ ലോകത്തിൻറെ രൂപഭാവങ്ങൾ ആശ്ചര്യകരമായ വേഗതയിൽ മാറിമറിഞ്ഞുകൊണ്ടിരിക്കുമ്പോൾ അതിൻറെ അവസാനം പ്രത്യക്ഷപ്പെടാനിരിക്കുന്ന ക്രിസ്തുവിനെ വരവേൽക്കാൻ നമ്മുടെ വിളക്കുകളിൽ പരിശുദ്ധാത്മാവാകുന്ന എണ്ണ നമുക്ക് ഇപ്പോഴേ നിറച്ചുവയ്ക്കാം. ‘ഇതാ, മണവാളൻ വരുന്നു, അവനെ എതിരേൽക്കാൻ ഒരുങ്ങിക്കൊള്ളുവിൻ’ എന്ന ആഹ്വാനം കേൾക്കുമ്പോൾ ഓടിപ്പോയി വാങ്ങാവുന്ന ഒന്നല്ല പരിശുദ്ധാത്മാഭിഷേകം എന്നും അറിഞ്ഞിരിക്കുക.
നമുക്കു പ്രാർത്ഥിക്കാം. ‘ പരിശുദ്ധാത്മാവേ, എഴുന്നള്ളി വരണമേ, അങ്ങയുടെ പ്രിയമണവാട്ടിയായ പരിശുദ്ധമറിയത്തിൻറെ വിമലഹൃദയത്തിൻറെ ശക്തമായ മധ്യസ്ഥതയിൽ എഴുന്നള്ളിവരണമേ. ഞങ്ങളിൽ വന്നു വസിക്കണമേ’.
പരിശുദ്ധാത്മാവിൻ്റെ ജപമാല
വിശ്വാസപ്രമാണം
1. സ്വർഗ്ഗ 1.നന്മ 1.ത്രിത്വ .
“ പരിശുദ്ധാത്മാവ് നിൻ്റെ മേൽ വരും, അത്യുന്നതൻ്റെ ശക്തി നിൻ്റെ മേൽ ആവസിക്കും ” ആമേൻ. ( ലൂക്ക 1:35 )
1. യേശുവിൻ്റെ വാഗ്ദാനമായ പരിശുദ്ധാത്മാവേ, ഞങ്ങളിൽ വന്നു നിറയണമേ . ( 10 പ്രാവശ്യം ) 1.ത്രിത്വ .
2. യേശുവിൻ്റെ വാഗ്ദാനമായ പരിശുദ്ധാത്മാവേ, ഞങ്ങളെ നയിക്കണമേ. ( 10 പ്രാവശ്യം ) 1.ത്രിത്വ .
3. യേശുവിൻ്റെ വാഗ്ദാനമായ പരിശുദ്ധാത്മാവേ, ഞങ്ങളെ ശുദ്ധീകരിക്കണമേ. ( 10 പ്രാവശ്യം ) 1.ത്രിത്വ .
4. യേശുവിൻ്റെ വാഗ്ദാനമായ പരിശുദ്ധാത്മാവേ, ഞങ്ങളെ ഉജ്ജ്വലിപ്പിക്കണമേ. ( 10 പ്രാവശ്യം ) 1.ത്രിത്വ .
5. യേശുവിൻ്റെ വാഗ്ദാനമായ പരിശുദ്ധാത്മാവേ , അങ്ങേ വരദാനഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കണമേ. ( 10 പ്രാവശ്യം ) 1.ത്രിത്വ .
പരിശുദ്ധാത്മാവേ, എഴുന്നള്ളി വരണമേ, അങ്ങയുടെ വത്സലമണവാട്ടിയായ പരിശുദ്ധ കന്യകാ മറിയത്തിൻ്റെ വിമലഹൃദയത്തിൻ്റെ ശക്തമായ മദ്ധ്യസ്ഥതയാൽ ഞങ്ങളുടെ മേൽ എഴുന്നള്ളി വരണമേ, ഞങ്ങളിൽ വന്നു വസിക്കണമേ .
പരിശുദ്ധാത്മാവിന്‍റെ ലുത്തിനിയ
കർത്താവേ, അനുഗ്രഹിക്കണേ
മിശിഹായേ, അനുഗ്രഹിക്കണേ
മിശിഹായേ, ഞങ്ങളുടെ പ്രാര്ത്ഥന കേള്ക്കേണമേ
മിശിഹായേ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ
സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ,
ഞങ്ങളെ അനുഗ്രഹിക്കണേ
ഭൂലോക രക്ഷിതാവായ പുത്രനായ ദൈവമേ, ഞങ്ങളെ അനുഗ്രഹിക്കണേ
പരിശുദ്ധാത്മാവായ ദൈവമേ,
ഞങ്ങളെ അനുഗ്രഹിക്കണേ
ഏക ദൈവമായ പരിശുദ്ധ ത്രിത്വമേ,
ഞങ്ങളെ അനുഗ്രഹിക്കണേ
പിതാവിനോടും പുത്രനോടും സമനായ പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ
പിതാവിന്‍റെ വാഗ്ദാനമായ പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ
ദൈവത്തിന്‍റെ ദാനമായ പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ
ഭൂമുഖം നവീകരിക്കുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ
പ്രാവിന്‍റെ രൂപത്തില്‍ ഈശോയുടെമേല്‍ ഇറങ്ങിവന്ന പരിശുദ്ധാത്മാവേ, ഞങ്ങളില്‍ വന്നു നിറയേണമേ
പരിശുദ്ധ അമ്മയില്‍ നിറഞ്ഞുനിന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ
പന്തക്കുസ്താ ദിവസം ശ്ലീഹന്മാരുടെമേല്‍ ആവസിച്ച് അവരെ ശക്തിപ്പെടുത്തിയ പരിശുദ്ധാത്മാവേ, ഞങ്ങളില്‍ വന്നു
നിറയേണമേ
ആദിമ ക്രൈസ്തവ സമൂഹത്തില്‍ നിറഞ്ഞുനിന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ
അടയാളങ്ങളും അദ്ഭുതങ്ങളും പ്രവർത്തിക്കുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ
യേശുവിന്‍റെ സാക്ഷികളാകാന്‍ ഞങ്ങളെ പഠിപ്പിക്കുന്ന പരിശുദ്ധാത്മാവേ, ഞങ്ങളില്‍ വന്നു നിറയേണമേ
തിരുവചനത്താല്‍ ഞങ്ങളെ വിശുദ്ധീകരിക്കുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ
സഭയില്‍ നിരന്തരം വസിക്കുന്ന പരിശുദ്ധാത്മാവേ ,
ഞങ്ങളില്‍ വന്നു നിറയേണമേ
കൂദാശയിലൂടെ ഞങ്ങളെ ശക്തിപ്പെടുത്തുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ
പ്രാര്‍ത്ഥിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ
പ്രലോഭനങ്ങളെ അതിജീവിക്കുവാന്‍ ശക്തിതരുന്ന പരിശുദ്ധാത്മാവേ, ഞങ്ങളില്‍ വന്നു നിറയേണമേ
ഞങ്ങള്‍ക്ക് പാപബോധം തരുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ
ഞങ്ങള്‍ക്ക് നീതിബോധം തരുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ
ന്യായവിധിയെക്കുറിച്ച് ഞങ്ങളെ ബോധ്യപ്പെടുത്തുന്ന പരിശുദ്ധാത്മാവേ, ഞങ്ങളില്‍ വന്നു നിറയേണമേ
സത്യത്തിന്‍റെ പൂര്‍ണതയിലേക്ക് ഞങ്ങളെ നയിക്കുന്ന പരിശുദ്ധാത്മാവേ, ഞങ്ങളില്‍ വന്നു നിറയേണമേ
ഞങ്ങള്‍ക്ക് സമൃദ്ധമായി ജീവന്‍ തരുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു നിറയേണമേ
ബോധജ്ഞാനത്തിന്‍റെ അരൂപിയായ പരിശുദ്ധാത്മാവേ,
ഞങ്ങളെ നയിക്കേണമേ…
ജ്ഞാനത്താല്‍ നിറയ്ക്കുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളെ നയിക്കേണമേ.
ബുദ്ധിയുടെ ദിവ്യപ്രകാശമായ പരിശുദ്ധാത്മാവേ,
ഞങ്ങളെ നയിക്കേണമേ…
വിവേകത്തിന്‍റെ ഉറവിടമായ പരിശുദ്ധാത്മാവേ,
ഞങ്ങളെ നയിക്കേണമേ…
ആത്മശക്തിയുടെ കതിരുകൾ ഏകുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളെ നയിക്കേണമേ
അറിവിന്‍റെ പ്രകാശമായ പരിശുദ്ധാത്മാവേ,
ഞങ്ങളെ നയിക്കേണമേ…
ഭക്തിയുടെ ചൈതന്യമാകുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളെ നയിക്കേണമേ…
ദൈവഭയത്തിന്‍റെ പ്രതീകമാകുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളെ നയിക്കേണമേ
വിശ്വാസത്തിന്‍റെയും,പ്രത്യാശയുടെയും ആത്മാവേ ,
ഞങ്ങളേ വിശുദ്ധികരിക്കേണമേ
സ്നേഹത്തിന്‍റെയും, സന്തോഷത്തിന്‍റെയും
ആത്മാവേ , ഞങ്ങളേ വിശുദ്ധികരി ക്കേണമേ
സമാധാനത്തിന്‍റെയും,ക്ഷമയുടെയും ആത്മാവേ,
ഞങ്ങളേ വിശുദ്ധികരി്ക്കേണമേ
ദയയുടെയും, നന്മയുടെയും
ആത്മാവേ, ഞങ്ങളേ വിശുദ്ധികരിക്കേണമേ
വിശ്വസ്തതയുടെയും, സൗമ്യതയുടെയും, ആത്മസംയമനത്തിന്‍റെയും ആത്മാവേ, ഞങ്ങളേ വിശുദ്ധികരിക്കേണമേ
എളിമയുടെയും, ഐക്യത്തിന്‍റെയും ആത്മാവേ,
ഞങ്ങളേ വിശുദ്ധികരിക്കേണമേ
വിശുദ്ധിയുടെയും, ദൈവമക്കളുടെയും ആത്മാവേ,
ഞങ്ങളേ വിശുദ്ധികരിക്കേണമേ
തിരുസഭയുടെ സംരക്ഷകനെ, ദൈവകൃപകളുടെ ഉറവിടമേ
ഞങ്ങളേ വിശുദ്ധികരിക്കേണമേ
വേദനകളുടെ ആശ്വാസമേ
ഞങ്ങളേ വിശുദ്ധികരിക്കേണമേ
നിത്യമായ പ്രകാശമേ, ജീവന്‍റെ ഉറവയെ,
ഞങ്ങളേ വിശുദ്ധികരിക്കേണമേ
ഞങ്ങളുടെ ആത്മാവിന്‍റെ അഭിഷേകമേ, മാലാഖമാരുടെ സന്തോഷമേ, ഞങ്ങളേ വിശുദ്ധികരിക്കേണമേ
പ്രവാചകന്മാരുടെ പ്രചോദനമേ,
അപ്പൊസ്തോലന്മാരുടെ അധ്യാപകനെ,
ഞങ്ങളേ വിശുദ്ധികരിക്കേണമേ
രക്തസാക്ഷികളുടെ ശക്തികേന്ദ്രമേ,
സകല വിശുദ്ധരുടേയും ആനന്ദമേ,
ഞങ്ങളേ വിശുദ്ധികരിക്കേണമേ
കരുണാമയനായ പരിശുദ്ധാത്മാവേ,
ഞങ്ങളുടെമേല്‍ കനിയണമേ
കരുണാമയനായ പരിശുദ്ധാത്മാവേ, ഞങ്ങളുടെ പ്രാര്ത്ഥന കേള്ക്കേണമേ
കരുണാമയനായ പരിശുദ്ധാത്മാവേ, ഞങ്ങളേ അനുഗ്രഹിക്കണേ
പ്രാര്ത്ഥിക്കാം
പിതാവിനോടും പുത്രനോടും ,സമനായ ദൈവവും സകലത്തെയും പവിത്രികരിക്കുന്ന ആശ്വാസദായകനുമായ പരിശുദ്ധാത്മാവേ,
അങ്ങേ ദാസരായ ഞങ്ങളുടെ ഹൃദയങ്ങളെ അങ്ങ് പവിത്രീകരിക്കണമേ. അങ്ങ് ഉന്നതനായ ദൈവത്തിന്‍റെ ദാനവും,ജീവനുള്ള ഉറവയും, അഗ്നിയും, സ്നേഹവും ,ആത്മീയ അഭിഷേകവുമാകുന്നു.അങ്ങ് പിതാവായ ദൈവത്തിന്‍റെ വാഗ്ദാനവും , ഏഴുവിധ ദാനങ്ങളോടു കൂടിയവനുമാകുന്നു. അങ്ങേ ദാനങ്ങളാലും, വരങ്ങളാലും, ഫലങ്ങളാലും ഞങ്ങളെ സമ്പന്നരാക്കണമേ. വിചാരങ്ങളില്‍ നൈര്‍മല്യവും, സംസാരത്തില്‍ വിനയവും, പ്രവര്‍ത്തികളില്‍ വിവേകവും, ഞങ്ങള്‍ക്ക് പ്രദാനം ചെയ്യണമേ. ക്ലേശങ്ങളില്‍ സ്ഥൈരൃവും, സംശയങ്ങള്‍ അകറ്റാന്‍ വിശ്വാസവും, ജീവിത നൈരാശ്യങ്ങളിൽ പ്രത്യാശയും, മറ്റുള്ളവരില്‍ അങ്ങയെ ദര്‍ശിക്കുവാന്‍ സ്നേഹവും ഞങ്ങള്‍ക്ക് പ്രദാനം ചെയ്യണമേ.
സർവശക്തനായ ദൈവത്തോടും, ഏകജാതനായ പുത്രനോടും കൂടി എന്നെന്നും ജീവിച്ചു വാഴുന്ന അങ്ങേക്ക് സ്തുതിയും, മഹത്വവും കൃതജ്ഞതയും എന്നെന്നും ഉണ്ടായിരിക്കട്ടെ ആമ്മേന്‍
പരിശുദ്ധാരൂപിക്ക് പ്രതിഷ്ഠാജപം
പരിശുദ്ധ ത്രിത്വത്തിൻ്റെ മൂന്നാമാളും, പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നവനും, എല്ലാത്തിലും അവർക്കു തുല്ല്യനും സത്യത്തിൻ്റേയും സ്നേഹ ത്തിൻ്റെയും അരൂപിയുമായ റൂഹാദ്ക്കുദശാതമ്പുരാനെ! എത്രയും വലിയഎളിമവണക്കത്തോടുകൂടി അങ്ങയെ ഞാനാരാധിക്കുന്നു. മാലാഖമാരിൽ നിന്നും പരിശുദ്ധന്മാരിൽ നിന്നും നീ കൈക്കൊള്ളുന്ന സ്തുതിയാരാധനകളോട് എൻ്റേതിനേയും ചേർത്ത് നിന്നെ ഞാൻ വാഴ്ത്തുന്നു. നീ ലോകത്തിന് നല്കിയതും നിരന്തരം നല്കിവരുന്നതുമായ എല്ലാ മനോഗുണങ്ങളെപ്രതിയും ഹൃദയ പൂർവ്വം നിനക്ക് ഞാൻ സ്തോത്രം ചൊല്ലുന്നു.
എൻ്റെ ഓർമ്മ, ബുദ്ധി, മനസ്സ്,ഹൃദയം മുതലായി എനിക്കുള്ളതെല്ലാം ഇന്നും എന്നേയ്ക്കുമായി നിനക്കു ഞാൻ കാഴ്ച വയ്ക്കുന്നു. എൻ്റെ മുഴുവൻ ഹൃദയത്തോടുകൂടി നിന്നെ ഞാൻ സ്നേഹിക്കുന്നു. നീ എല്ലാ നന്മകളുടെയും ദാനങ്ങളുടെയും കാരണഭൂതനാകുന്നു. നീ നിൻ്റെ എല്ലാ വരപ്രസാദങ്ങളോടുംകൂടി എന്നെ സന്ദർശിക്കേണമെ. നിൻ്റെ സ്വർഗ്ഗീയപ്രേരണകൾക്കും, നീ ഭരിച്ചു നടത്തുന്ന വിശുദ്ധസഭയുടെ ഉപദേശങ്ങൾക്കും എൻ്റെ മനസ്സ് എപ്പോഴും അനുസരണയുള്ളതായിരിക്കട്ടെ. ദൈവസ്നേഹത്താലും പരസ്നേഹത്താലും എൻ്റെ ഹൃദയം എപ്പോഴും എരിയട്ടെ. ദൈവതിരുമനസ്സിനോട് എൻ്റെ മനസ്സ് എല്ലാക്കാര്യങ്ങളിലും അനുരൂപമായിരിക്കട്ടെ.
എൻ്റെ ജീവിതം മുഴുവനും ഈശോമിശിഹായുടെ ജീവിതത്തിൻ്റേയും പുണ്യങ്ങളുടെയും വിശ്വസ്ത അനുകരണമായിരിക്കട്ടെ.
എൻ്റെ അന്തസ്സിൻ്റെ കടങ്ങൾ നിറവേറ്റുവാനുള്ള വശങ്ങളും പുണ്യങ്ങളും നീ എനിക്കു തരേണമെ. വിശ്വാസവും,ശരണവും,ഉപവിയും എന്നിൽ വർദ്ധിപ്പിക്കേണമെ. നല്ല വ്യാപാരത്തിനുള്ള പ്രധാന പുണ്യങ്ങളും, നിൻ്റെ ഏഴു ദിവ്യദാനങ്ങളും, പന്ത്രണ്ടു ഫലങ്ങളും എനിക്കു നീ നല്കേണമെ. ഞാൻ പരീക്ഷയിൽ ഉൾപ്പെടുവാൻ ഒരുനാളും നീ അനുവദിക്കല്ലെ. പിന്നെയോ, ഇന്ദ്രിയങ്ങൾക്കു ജ്ഞാനപ്രകാശം നല്കി,എനിക്കു വഴികാട്ടിയായിരുന്ന്, സകല തിന്മയിൽനിന്നും ഞാൻ ഒഴിവാൻ കൃപചെയ്തരുളണമേ.
ഈ അനുഗ്രഹങ്ങളെല്ലാം എനിക്കും, ആർക്കെല്ലാം വേണ്ടി ഞാനപേക്ഷിപ്പാൻ നീ തിരുമനസ്സായിരിക്കുന്നുവോ അവർക്കും നീ നല്കിയരുളണമേ. നീ വഴിയായ് പിതാവിനെയും ഇവരിരുവരുടേയും അരൂപിയായ നിന്നെയും ഞങ്ങൾ അറിഞ്ഞ് സ്നേഹിച്ച്, ഇപ്പോഴും എപ്പോഴും നിങ്ങൾക്കു സ്തോത്രം പാടുവാൻ നീ അനുഗ്രഹം ചെയ്യണമെ എന്ന് ഞങ്ങളുടെ കർത്താവീശോമിശിഹായെക്കുറിച്ച് അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ആമ്മേൻ.