ക്രൈസ്തവവിശ്വാസത്തിൻറെ മൂലക്കല്ലാണു കർത്താവായ യേശുക്രിസ്തുവിൻറെ കാൽവരിബലിയും അതിൻറെ ഫലമായി നമുക്കു ലഭിച്ച നിത്യരക്ഷയും. കാൽവരിബലിയിൽ നിന്നു വിട്ടുമാറി ഒരു ക്രിസ്തീയജീവിതം സാധ്യമല്ല. ഈ ബലി ചരിത്രത്തിൽ ഒരിക്കൽ മാത്രം സംഭവിച്ചതാണെങ്കിലും ഓരോ ദിവസവും പരിശുദ്ധ കുർബാനയിൽ ഇതേ ബലി പുനരവതരിപ്പിക്കപ്പെടുന്നു എന്നു നമുക്കറിയാം. കുർബാന പരിശുദ്ധ കുർബാനയാകുന്നത് അതർപ്പിക്കുന്നവർ പരിശുദ്ധരായതുകൊണ്ടല്ല, മറിച്ച് അതു പരിശുദ്ധനായവൻറെ ബലിയായതുകൊണ്ടാണ്. പരിശുദ്ധകുർബാനയുടെ ഫലങ്ങൾ നമുക്കു ലഭിക്കുന്നതു നാം അതിൽ വിശുദ്ധിയോടെ പങ്കെടുക്കുമ്പോഴാണ്.
എന്താണ് വിശുദ്ധി? എന്താണ് അശുദ്ധി? വിശുദ്ധിയും അശുദ്ധിയും തമ്മിൽ വേർതിരിക്കുന്ന നേർത്ത രേഖ പതുക്കെപ്പതുക്കെ മാഞ്ഞുപോകുന്നതായി കാണപ്പെടുന്ന ഒരു ലോകമാണിത്. അത്ര വേഗത്തിലാണു ലോകം അതിൻറെ ചിന്തകൾ സഭയിലേക്കു കടത്തിവിട്ടുകൊണ്ടിരിക്കുന്നത്. അവരുടെ ആത്യന്തികലക്ഷ്യം വിശാസികളെ ആശയക്കുഴപ്പത്തിലാക്കുക എന്നതു തന്നെയാണ്. അതിൽ അവർ വലിയൊരു പരിധി വരെ വിജയിച്ചുകഴിഞ്ഞിരിക്കുന്നു.
നാം വിശുദ്ധമെന്നു പറയുന്നതൊന്നും ലോകത്തിനു വിശുദ്ധമായിരിക്കില്ല. നാം ഭയഭക്ത്യാദരപൂർവം സമീപിക്കുന്ന പരിശുദ്ധകുർബാന എന്ന കൂദാശകളുടെ കൂദാശ ലോകത്തിൻറെ കണ്ണിൽ അനുദിനം അരങ്ങേറുന്ന അനേകം പരിപാടികളിൽ ഒന്നു മാത്രം. നാം പരിശുദ്ധാത്മാവ് എന്നു പറയുമ്പോൾ ആത്മാവ് തന്നെ ഉണ്ടോ എന്നു സംശയിക്കുന്ന ലോകത്തിന്, അഥവാ ആത്മാവ് ഉണ്ടെങ്കിലും അതു പരിശുദ്ധമാകുന്നത് എങ്ങനെ എന്നു മനസിലാകില്ല. നാം തിരുപ്പട്ടം എന്നു പറയുമ്പോൾ ലോകത്തെ സംബന്ധിച്ചിടത്തോളം അത് ഒരു വ്യക്തിയെ പുരോഹിതസ്ഥാനത്ത് അവരോധിക്കുന്ന ഒരു ചടങ്ങു മാത്രമാണ്.
ഈ നാളുകളിൽ ഏറ്റവുമധികം വെറുക്കപ്പെടുന്ന ഒരു വാക്കാണു വിശുദ്ധി എന്നത്. ലോകം വിശുദ്ധിയെ നേരിടുന്നതു രണ്ടു വിധത്തിലാണ്. ഒന്നുകിൽ വിശുദ്ധമായവയെ അശുദ്ധമെന്നു വിധിയെഴുതി മാറ്റി നിർത്തും. അതു സാധിക്കാത്ത അവസരങ്ങളിൽ മനസില്ലാമനസോടെ, നല്ലതെന്നോ ഗുണകരമെന്നോ മുദ്ര ചാർത്തി, ഒഴുക്കൻ മട്ടിൽ അവതരിപ്പിച്ച്, അതിനെ അംഗീകരിക്കുന്നതായി നടിക്കുകയും എന്നാൽ അതേ സമയം തന്നെ അതിനെ താഴ്ത്തിക്കെട്ടുകയും ചെയ്യും. പ്രതികരണം എന്തായാലും ലോകത്തിൻറെ ഉദ്ദേശം വിശുദ്ധമായവയെ അവഹേളിക്കുക എന്നതാണ്.
വിശുദ്ധമായവയോടുള്ള ലോകത്തിൻറെ വെറുപ്പ് ഏറ്റവുമധികം പ്രകടമാവുന്നത് പരിശുദ്ധ കുർബാനയോടുള്ള സമീപനത്തിലാണ്. അതു വിവിധരീതികളിൽ ലോകം പ്രകടിപ്പിക്കുന്നുമുണ്ട്. അതിൻറെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണു കോവിഡിൻറെ പേരുപറഞ്ഞു ദൈവാലയങ്ങൾ അടച്ചിടാൻ ലോകമെങ്ങുമുള്ള സഭാസമൂഹങ്ങളെ നിർബന്ധിച്ചത്. പല രാജ്യങ്ങളിലും സിനിമാ തിയേറ്ററുകളും മാളുകളും വിനോദകേന്ദ്രങ്ങളും മദ്യശാലകളും അബോർഷൻ ക്ലിനിക്കുകളും പൊതുഗതാഗതവും കച്ചവടസ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും വിദ്യാലയങ്ങളും തുറന്നു പ്രവർത്തിച്ചപ്പോഴും വിലക്കു വീണതു ക്രൈസ്തവദൈവാലയങ്ങൾക്കായിരുന്നു എന്നു നമുക്കറിയാം.
പരിശുദ്ധകുർബാന കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ എന്നു ചോദിക്കുന്നവരുണ്ടാകാം. അവർക്കുള്ള മറുപടി പരിശുദ്ധ കുർബാന കൊണ്ട് ഒരു ഗുണവും ഉണ്ടായിരുന്നില്ലെങ്കിൽ സാത്താൻ ഈ കൂദാശയ്‌ക്കെതിരെ ഇത്ര വലിയ ആക്രമണം ലോകമെങ്ങും അഴിച്ചുവിടില്ലായിരുന്നു എന്നതാണ്. ലോകവും പിശാചും കുർബാനയ്‌ക്കെതിരെ ഒന്നിക്കുന്നു. മനുഷ്യൻറെ ത്രിവിധ ശത്രുക്കളിൽ മൂന്നാമനായ ശരീരമാകട്ടെ തനിക്കും തന്നിൽ വസിക്കുന്ന അമർത്യമായ ആത്മാവിനും അവശ്യം വേണ്ട ജീവനും ഔഷധവുമായ ഈ സ്വർഗീയ അപ്പത്തെ സ്വീകരിക്കുന്നതിൽ ഉദാസീനനായിരിക്കുകയും ചെയ്യുന്നു.
ലോകം ദിവ്യകാരുണ്യത്തെ വെറുക്കുന്നത് അതിൻറെ വില അറിയാത്തതുകൊണ്ടുകൂടിയാണ്. കുർബാനയെ പുച്ഛിക്കുന്ന പലരും കുർബാനയ്‌ക്കെതിരെ ലോകമെങ്ങും ദുഷ്ടശക്തികൾ അഴിച്ചുവിടുന്ന അസത്യപ്രചാരണങ്ങളിൽ കുടുങ്ങിപ്പോയവരാണ് എന്നതും സത്യം. വിശുദ്ധമായവയെ അശുദ്ധമെന്നു മുദ്ര കുത്തുന്നതിൽ ഒരു പ്രത്യേക വിരുത് ലോകത്തിനുണ്ട്. കാരണം അപ്പോൾ മാത്രമേ തങ്ങളുടെ അഭിരുചിക്കിണങ്ങുന്ന തരത്തിൽ അശുദ്ധമായവയെ വിശുദ്ധമാക്കി അവതരിപ്പിക്കാൻ കഴിയുകയുള്ളൂ. അതുകൊണ്ട് ക്രിസ്തീയവിശ്വാസത്തിനെതിരെയുള്ള ആക്രമണങ്ങളിൽ ഏറ്റവും ആദ്യത്തേതും ഏറ്റവും ശക്തമായതും പരിശുദ്ധ കുർബാനയ്‌ക്കെതിരെയുള്ളതായിരിക്കും എന്നതിൽ അത്ഭുതപ്പെടേണ്ട. ക്രിസ്തുവിൻറെ കാലത്തു തന്നെ ഈ ഭിന്നത നിലവിലുണ്ടായിരുന്നു എന്ന് സുവിശേഷത്തിൽ നാം വായിക്കുന്നുണ്ട്. തൻറെ ശരീരവും രക്തവും മനുഷ്യരെ നിത്യജീവനിലേക്കു നയിക്കുന്ന ഭക്ഷണപാനീയങ്ങളാണെന്ന യേശുവിൻറെ പ്രസ്‍താവന പലർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല. വിശ്വസിക്കാൻ അവരുടെ ബുദ്ധി അവരെ അനുവദിച്ചില്ല എന്നതാണു സത്യം. ലൗകികവിജ്ഞാനം കൊണ്ടോ സ്വന്തം ബുദ്ധി കൊണ്ടോ പ്രയത്നം കൊണ്ടോ പരിശുദ്ധ കുർബാനയുടെ യോഗ്യതയും വിലയും ശ്രേഷ്ഠതയും മനസിലാക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവൻ തന്നെത്തന്നെ ഭോഷൻ എന്നു മനസ്സിലാക്കട്ടെ.
കാരണം പരിശുദ്ധ കുർബാനയോടുള്ള സ്നേഹം ദൈവത്തിൽ നിന്നുള്ള ഒരു വരമാണ്. കർത്താവു പറയുന്നുണ്ടല്ലോ; ‘എന്നെ അയച്ച പിതാവ് ആകർഷിച്ചാലല്ലാതെ ഒരുവനും എൻറെ അടുക്കലേക്കു വരാൻ സാധിക്കില്ല’ (യോഹ. 6:44). യേശു ജീവിച്ചിരുന്നപ്പോൾ അങ്ങനെയായിരുന്നു. യേശുവിൻറെ മരണസമയത്തും പിതാവ് ആകർഷിച്ച ചുരുക്കം ചിലർ മാത്രമേ കുരിശിൻറെ ചുവട്ടിൽ ഉണ്ടായിരുന്നുള്ളൂ. അവിടുത്തെ സംസ്കാരവേളയിലും ദൈവം തെരഞ്ഞെടുത്ത ചുരുക്കം ചിലർ മാത്രം സന്നിഹിതരായിരുന്നു. ലോകത്തിൽ ഇന്നേ വരെ സംഭവിച്ചതിൽ വച്ച് ഏറ്റവും വലിയ അത്ഭുതമായ അവിടുത്തെ ഉത്ഥാനത്തിൻറെ വാർത്ത വെളിപ്പെടുത്തിക്കിട്ടിയതും, യേശുവിനെ അയച്ച പിതാവ് ആകർഷിച്ചു വിളിച്ചുകൂട്ടിയ ഒരു ചെറിയ അജഗണത്തിനു മാത്രമായിരുന്നു എന്നും നാമോർക്കണം.
ഇപ്രകാരം തെരഞ്ഞെടുക്കപ്പെട്ടവരുടെ ഗണത്തിൽ നിന്നുള്ള ആദ്യത്തെ കൊഴിഞ്ഞുപോക്ക് പരിശുദ്ധ കുർബാനയുടെ പേരിലായിരുന്നു. അതു കണ്ട യേശു അവരെ തടയുന്നതായി നാം കാണുന്നില്ല, കൂടുതൽ വ്യാഖ്യാനങ്ങൾ നൽകി അവരെ പിടിച്ചുനിർത്താൻ ശ്രമിക്കുന്നുമില്ല. പകരം അവിടുന്ന് പന്ത്രണ്ടുപേരോടുമായി ചോദിക്കുന്നു; “നിങ്ങളും പോകാൻ ആഗ്രഹിക്കുന്നുവോ?” അന്നു പത്രോസ് ശരിയായ മറുപടി പറഞ്ഞു. ‘ കർത്താവേ, ഞങ്ങൾ ആരുടെ അടുത്തേയ്ക്കു പോകും? നിത്യജീവൻറെ വചനങ്ങൾ നിൻറെ പക്കലുണ്ട്. നീയാണു ദൈവത്തിൻറെ പരിശുദ്ധൻ എന്നു ഞങ്ങൾ വിശ്വസിക്കുകയും അറിയുകയൂം ചെയ്തിരിക്കുന്നു’ ( യോഹ.6:68-69). ഇന്ന്, ക്രിസ്തുവിൻറെ ഇതേ ചോദ്യത്തിന് എന്തു മറുപടി നൽകണം എന്നു തീരുമാനിക്കേണ്ടതു ഞാനും നിങ്ങളുമാണ്. ആ തീരുമാനത്തിൻറെ വില അറിഞ്ഞു കൊണ്ടുവേണം മറുപടി പറയാൻ എന്നു മാത്രം. യോഹന്നാൻ ശ്ലീഹാ എഴുതിയ ഒരു വചനം വായിക്കുന്നതു കർത്താവിൻറെ ചോദ്യത്തിനു ശരിയായ മറുപടി പറയാൻ നമ്മെ സഹായിക്കും. ‘എൻറെ ശരീരം ഭക്ഷിക്കുകയും എൻറെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാന ദിവസം ഞാൻ അവനെ ഉയിർപ്പിക്കും’ ( യോഹ. 6:54).
യേശുവിൻറെ സ്വർഗാരോഹണത്തിനുശേഷം അവിടുത്തെ സാന്നിധ്യം നമുക്കു അനുഭവിക്കാൻ സാധിക്കുന്നതു പരിശുദ്ധാത്മാഭിഷേകത്തിലൂടെയും, ലോകാവസാനത്തോളം ആഘോഷിക്കപ്പെടേണ്ട നിരന്തര ദഹനബലിയായ പരിശുദ്ധകുർബാനയിൽ മുറിയപ്പെടുന്ന അവിടുത്തെ തിരുശരീരത്തിലൂടെയുമാണ്. പന്തക്കുസ്താ തിരുനാൾ ദിവസം പരിശുദ്ധാത്മാവ് വർഷിക്കപ്പെട്ടതു പിതാവിനാൽ ആകർഷിക്കപ്പെട്ട്, സെഹിയോൻ മാളികയിൽ ഒരുമിച്ചുകൂടിയ കുറച്ചുപേരുടെ മേലായിരുന്നു. അങ്ങനെയെങ്കിൽ അവിടുത്തെ സാന്നിധ്യത്തിൻറെ ഏറ്റവും ഉറപ്പായ അടയാളങ്ങൾ ഉൾക്കൊളളുന്ന പരിശുദ്ധ കുർബാനയെക്കുറിച്ചുള്ള ജ്ഞാനവും പിതാവായ ദൈവം തെരെഞ്ഞെടുത്തവർക്കു മാത്രമേ ലഭിക്കുകയുള്ളൂ.
നാം പരിശുദ്ധ കുർബാനയുടെ ശക്തിയിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ അതിൻറെ കാരണം ദൈവം തൻറെ അനന്തമായ കരുണയിൽ പരിശുദ്ധകുർബാനയുടെ ശക്തിയിലേക്ക് എത്തിനോക്കാൻ ഒരു നിമിഷത്തേക്കെങ്കിലും നമ്മെ അനുവദിച്ചതുകൊണ്ടാണ് എന്നു നാം എളിമയോടെ ഏറ്റുപറയണം.
പരിശുദ്ധ കുർബാന തന്നെയായ സ്വർഗീയ അപ്പത്തെക്കുറിച്ചുള്ള കർത്താവിൻറെ പ്രബോധനങ്ങൾ പഠിക്കുമ്പോൾ നമുക്ക് ഒരു കാര്യം മനസിലാകും. അവയെല്ലാം യാതൊരു സംശയവും അവശേഷിപ്പിക്കാത്തവിധം സുവ്യക്തമായിരുന്നു. തൻറെ ശിഷ്യന്മാരിൽ അനേകർ തന്നെ വിട്ടുപോകും എന്നറിഞ്ഞിരുന്നിട്ടും അവിടുന്ന് പരിശുദ്ധ കുർബാനയെക്കുറിച്ചുള്ള പ്രബോധനത്തിൽ വെള്ളം ചേർക്കാൻ തയ്യാറായില്ല എന്നതുതന്നെയാണു കുർബാനയുടെ ശ്രേഷ്ഠതയ്ക്കുള്ള ഏറ്റവും വലിയ തെളിവ്.
‘ ഇതിനുശേഷം അവൻറെ ശിഷ്യന്മാരിൽ വളരെപ്പേർ അവനെ വിട്ടുപോയി, അവർ പിന്നീടൊരിക്കലും അവൻറെ കൂടെ നടന്നില്ല’ എന്ന് യോഹന്നാൻറെ സുവിശേഷത്തിൽ വായിക്കുമ്പോൾ ആ തിരുവചനത്തിൻറെ സംഖ്യ 6:66 ആയിരിക്കാൻ പരിശുദ്ധാത്മാവ് എന്തുകൊണ്ട് അനുവദിച്ചു എന്നു നാം ചിന്തിക്കാറില്ല. അതു മനസ്സിലാകണമെങ്കിൽ യോഹന്നാൻ ശ്ലീഹാ എഴുതിയ മറ്റൊരു വചനഭാഗം കൂടെ വായിക്കണം. ‘ ഇവിടെയാണു ജ്ഞാനം ആവശ്യമായിരിക്കുന്നത്. ബുദ്ധിയുള്ളവൻ മൃഗത്തിൻറെ സംഖ്യ കണക്കുകൂട്ടട്ടെ. അത് ഒരു മനുഷ്യൻറെ സംഖ്യയാണ്. ആ സംഖ്യ അറുനൂറ്റിയറുപത്തിയാറ്’ (വെളി 13:18).
പരിശുദ്ധ കുർബാനയെക്കുറിച്ചുള്ള യേശുവിൻറെ പ്രബോധനം ഉൾക്കൊള്ളാൻ സാധിക്കാതിരുന്നവർ എന്നെന്നേയ്ക്കുമായി അവിടുത്തെ വിട്ടുപോയി. അപ്രകാരം സത്യവിശ്വാസം ഉപേക്ഷിച്ചുപോകുന്നവരെ ക്കുറിച്ച് യോഹന്നാൻ ശ്ലീഹാ വീണ്ടും എഴുതുന്നു; ‘കുഞ്ഞുങ്ങളേ, ഇത് അവസാന മണിക്കൂറാണ്. അന്തിക്രിസ്തു വരുന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇപ്പോൾ തന്നെ അനേകം വ്യാജക്രിസ്തുമാർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് അവസാന മണിക്കൂറാണെന്ന് അതിൽ നിന്നു നമുക്കറിയാം. അവർ നമ്മുടെ കൂട്ടത്തിൽ നിന്നാണ് പുറത്തുപോയത്. അവർ നമുക്കുള്ളവരായിരുന്നില്ല. നമുക്കുള്ളവരായിരുന്നെങ്കിൽ നമ്മോടുകൂടെ നിൽക്കുമായിരുന്നു. എന്നാൽ അവരാരും നമുക്കുള്ളവരല്ലെന്ന് ഇങ്ങനെ തെളിഞ്ഞിരിക്കുന്നു’ (1 യോഹ. 2:18:19).
ദിവ്യകാരുണ്യത്തിൻറെ ദൈവികസ്വഭാവത്തെയും പരിശുദ്ധിയേയും സംശയിക്കാൻ മനുഷ്യരെ പ്രേരിപ്പിക്കുന്നത് ലോകത്തിൽ അന്നും ഇന്നും സജീവമായി പ്രവർത്തിക്കുന്ന എതിർക്രിസ്തുവിൻറെ അരൂപിയാണ്. ഈ ലോകത്തിനോ ഈ ലോകത്തിൻറെ അധികാരികൾക്കോ കൂദാശയുടെ കൂദാശയായ പരിശുദ്ധ കുർബാനയുടെ യാഥാർത്ഥമൂല്യം മനസിലാക്കാൻ കഴിയില്ല. പലരും സത്യവിശ്വാസം ഉപേക്ഷിച്ചുപോകാനുള്ള പ്രാഥമികമായ കാരണം ഇതാണ്. ഒരിക്കൽ യേശുവിനെ വിട്ടുപോയവർ പിന്നീടൊരിക്കലും തിരിച്ചുവന്നില്ല എന്നും തിരുവചനം സാക്ഷ്യപ്പെടുത്തുന്നു. വിശ്വാസത്തിൽ നിന്നു വിട്ടുപോകുന്നവരിൽ പ്രവർത്തിക്കുന്ന അരൂപി എതിർക്രിസ്തുവിൻറെ അരൂപിയാണ് എന്നു പ്രസ്താവിച്ചുകൊണ്ട് അപ്പസ്തോലൻ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നുണ്ട്.
കുർബാനയ്‌ക്കെതിരെയുള്ള എതിർപ്പു വരുന്നത് ക്രിസ്തുവിൻറെ ശത്രുവിൽ നിന്നു തന്നെയാണ്. അവനെയാണല്ലോ നാം എതിർക്രിസ്തു എന്നു വിളിക്കുന്നത്. അവൻറെ അരൂപി ലോകത്തിൽ പ്രവർത്തനനിരതമാണ്. സത്യത്തിൽ ഇപ്പോൾ ലോകത്തെ നയിക്കുന്നത് ഈ അരൂപിയാണ്. ഉത്ഥിതനായ യേശുക്രിസ്തുവിൻറെ ശരീരവും രക്തവും ആത്മാവും ദൈവത്വവും സത്യമായും ഉൾക്കൊണ്ടിരിക്കുന്ന ദിവ്യകാരുണ്യത്തോട് അവർക്ക് തീർത്ത തീരാത്ത പകയുണ്ടാകുന്നതിൽ അത്ഭുതപ്പെടാൻ എന്തിരിക്കുന്നു!
പരിശുദ്ധകുർബാനയ്‌ക്കെതിരെയുള്ള ഓരോ ആക്രമണവും നമ്മുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിനോടു പിശാചും അവൻറെ അനുചരന്മാരും പുലർത്തുന്ന കൊടിയ വെറുപ്പിൻറെ പ്രതിഫലനമാണ് എന്നു നാം മനസിലാക്കണം. പരമാവധി ആത്മാക്കളെ കവർന്നെടുക്കാനുള്ള തൻറെ അന്തിമയുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ഈ ലോകത്തിൻറെ അധികാരി അതിനായി ലോകം മുഴുവനെയും രാജാധിരാജനായവനെതിരെ അണിനിരത്തുന്ന കാഴ്ചയാണു നാം കണ്ടുകൊണ്ടിരിക്കുന്നത്. അതിനുള്ള എളുപ്പവഴി മനുഷ്യരെ പരിശുദ്ധകുർബാനയിൽ നിന്നകറ്റുക എന്നതാണെന്ന് അവനറിയാം. നിർഭാഗ്യവശാൽ നാം പലപ്പോഴും അതു മറന്നുപോകുന്നു.
ക്രൂശിതനായ ക്രിസ്തുവിൽ നിന്നാണു കൃപ ഒഴുകുന്നത്. ആ ക്രിസ്തു സത്യമായും ദിവ്യകാരുണ്യ സാദൃശ്യങ്ങളിൽ സന്നിഹിതനാണ്. ‘ ഏറ്റവും പരിശുദ്ധ കൂദാശയായ കുർബാനയിൽ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻറെ ശരീരവും രക്തവും, ആത്മാവോടും ദൈവികതയോടും കൂടി സത്യമായും യഥാർത്ഥമായും സത്താപരമായും, അങ്ങനെ ക്രിസ്തു മുഴുവനും അടങ്ങിയിരിക്കുന്നു’ ( CCC 1374) എന്നു സഭ പഠിപ്പിക്കുന്നു. ഇപ്രകാരം സത്യമായും യഥാർത്ഥമായും സത്താപരമായും ക്രിസ്തു മുഴുവനും പരിശുദ്ധകുർബാനയിൽ അടങ്ങിയിരിക്കുന്നുവെങ്കിൽ സത്യവും യഥാർത്ഥവും സത്താപരവുമായ കൃപയും ഈ ദിവ്യരഹസ്യം പരികർമം ചെയ്യപ്പെടുന്ന അൾത്താരകളിൽ നിന്നൊഴുകുന്നുണ്ട് എന്നു വിശ്വസിക്കാൻ നാമെന്തിനു മടിക്കണം? ക്രിസ്തുവിൻറെ ശത്രുക്കൾക്ക് ഈ രഹസ്യം അതറിയാം. അതുകൊണ്ടാണ് അവർ തങ്ങളുടെ വിദ്വേഷവും വെറുപ്പും ബലിപീഠങ്ങൾക്കുനേരെ പ്രകടിപ്പിക്കുന്നത്.
ക്രിസ്തീയജീവിതത്തിൻറെ ആധാരശില പ്രത്യാശയാണ്. ഈ വലിയ പ്രത്യാശയുടെ ഏറ്റവും ഉറപ്പുള്ള അച്ചാരവും ഏറ്റവും വ്യക്തമായ അടയാളവും പരിശുദ്ധകുർബാനയാണെന്നു സഭ പഠിപ്പിക്കുന്നു. ‘നീതി നിവസിക്കുന്ന പുതിയ ആകാശത്തെയും പുതിയ ഭൂമിയെയും കുറിച്ചുള്ള മഹത്തായ ഈ പ്രത്യാശയെ സംബന്ധിച്ചു കുർബാനയെക്കാൾ കൂടുതൽ ഉറപ്പുള്ള അച്ചാരമോ കൂടുതൽ വ്യക്തമായ അടയാളമോ ഇല്ല. ഈ രഹസ്യം ആഘോഷിക്കുന്ന ഓരോ പ്രാവശ്യവും, നമ്മുടെ രക്ഷാകർമം നിർവഹിക്കപ്പെടുന്നു. അമർത്യതയുടെ ഔഷധവും മരിക്കാതെ യേശുക്രിസ്തുവിൽ നിത്യം ജീവിപ്പിക്കാനുള്ള മറുമരുന്നുമായ ഏക അപ്പം നാം മുറിക്കുന്നു’ ( CCC 1405).
മരണത്തിൻറെ വ്യാപാരികളായ ദുഷ്ടശക്തികൾക്കറിയാം, തങ്ങളുടെ ഉല്പന്നമായ മരണത്തിനുള്ള മറുമരുന്നാണു പരിശുദ്ധകുർബാന എന്നത്. സാത്താൻറെ വിഷം കുത്തിവയ്ക്കപ്പെട്ട്, മരിക്കാൻ വിധിക്കപ്പെട്ട കോടിക്കണക്കിനു മനുഷ്യർക്ക് പരിശുദ്ധ കുർബാനയാകുന്ന ഈ പ്രതിവിഷം നല്കപ്പെടുന്നതു തടയാൻ അവർ ഏതറ്റം വരേയുംപോകും, ഏതു കുതന്ത്രവും സ്വീകരിക്കും. ദൈവമായ കർത്താവ് സൃഷ്ടിച്ച എല്ലാ വന്യജീവികളിലും വച്ച് കൗശലമേറിയവനായതിനാൽ (ഉൽപ 3:1), ഒരു മനുഷ്യൻറെ ഹൃദയത്തിൽ നിന്നു പ്രത്യാശ എടുത്തുമാറ്റിയാൽ ആ ആത്മാവിനെ കീഴടക്കാൻ എളുപ്പമാണെന്നു ദുഷ്ടജന്തുവും പഴയ സർപ്പവുമായ സാത്താനറിയാം. നമ്മുടെ ഹൃദയങ്ങളിൽ ഇപ്പോഴും ജ്വലിച്ചുകൊണ്ടിരിക്കുന്ന ആ പ്രത്യാശയുടെ അവസാനത്തെ തിരിനാളത്തെയും കെടുത്തിക്കളയാൻ അതിൻറെ ഉറപ്പായ അച്ചാരവും വ്യക്തമായ അടയാളവുമായ പരിശുദ്ധകുർബാനയിൽ നിന്നു നമ്മെ അകറ്റുന്നതിനേക്കാൾ എളുപ്പമുള്ള മറ്റേതു മാർഗമാണുള്ളത്?
ക്രിസ്‍തുവിനോടും അവിടുന്ന് വാഗ്ദാനം ചെയ്ത നിത്യജീവനോടുമുള്ള വെറുപ്പിൽ ഒന്നിക്കുന്ന ലോകം പരിശുദ്ധ കുർബാനയർപ്പണത്തെ തടയാനും വിശാസികളുടെ മനസിൽ പരിശുദ്ധകുർബാനയെ ചെറുതാക്കിക്കാണിക്കാനും അങ്ങേയറ്റം ശ്രമിക്കും. അവരുടെ ദുഷ്ടപദ്ധതികൾ തിരിച്ചറിഞ്ഞു നമ്മളെയും നമ്മുടെ പ്രിയപ്പെട്ടവരെയും കൂടുതൽ കൂടുതലായി പരിശുദ്ധ കുർബാനയിലേക്ക് അടുപ്പിക്കുക എന്നതു നാം ഓരോരുത്തരും സ്വയം ഏറ്റെടുക്കേണ്ട ഉത്തരവാദിത്വമാണ്. ഓർക്കുക, കൂദാശകളുടെ കൂദാശയായ പരിശുദ്ധ കുർബാനയുടെ അർപ്പണം ഇല്ലാതാകുന്ന നാളുകൾ വിദൂരത്തല്ല. ‘ നിരന്തര ദഹനബലി നിർത്തലാക്കുന്നതും, വിനാശകരമായ മ്ലേച്ഛത പ്രതിഷ്ഠിക്കപ്പെടുന്നതുമായ സമയം മുതൽ…………… ( ദാനി 12:11)
നമുക്കു പ്രാർത്ഥിക്കാം:
സ്വർഗീയ അപ്പമായ യേശുവേ,
ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ.
അമർത്യതയുടെ ഔഷധമായ യേശുവേ,
ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ.
നിത്യജീവൻറെ ഭക്ഷണമായ യേശുവേ,
ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ.