1. പിതാവായ ദൈവം അവിടുത്തെ പ്രിയപുത്രനെ സ്വർഗ്ഗത്തിൽ നിന്നും നിന്റെ രക്ഷയ്ക്കായി ഭൂമിയിലേക്കയയ്ക്കുന്നു.
2. നിനക്കുവേണ്ടി പരിശുദ്ധാത്മാവ് അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ യഥാർത്ഥ ശരീരവും രക്തവുമാക്കി രൂപാന്തരപ്പെടുത്തുന്നു.
3. പുത്രനായ ദൈവം നിനക്കായി സ്വർഗ്ഗത്തിൽ നിന്നും താണിറങ്ങി വന്ന് തിരുവോസ്തിയിൽ സ്വയം മറഞ്ഞിരിക്കുന്നു.
4. അവിടുന്നു സ്വയം ശൂന്യവൽക്കരിച്ചുകൊണ്ട് ഓസ്തിയുടെ ഓരോ പരമാണുവിലും സന്നിഹിതനാവുന്നു.
5. നിന്റെ രക്ഷാർത്ഥം അവിടുന്ന് മനുഷ്യാവതാരത്തിന്റെ രക്ഷാകര രഹസ്യം നവീകരിക്കുന്നു.
6. ഓരോ ബലിയർപ്പണത്തിലും, നിന്റെ പരിത്രാണത്തിനായി, അവിടുന്നു നിഗൂഢാത്മകമായി പിറന്നു വീഴുന്നു.
7. ഭൂമിയിൽ നിന്റെ രക്ഷയ്ക്കായി അവിടുന്നു ചെയ്തിരുന്ന എല്ലാ – പ്രാർത്ഥനാകർമ്മങ്ങളും അവിടുന്ന് അൾത്താരയിൽ ഒന്നുകൂടെ ആവർത്തിക്കുന്നു.
8. അവിടുത്തെ കയ്പേറിയ പീഡാനുഭവം ഓരോ ബലിയിലും നവീകരിക്കപ്പെടുന്നത് പങ്കെടുക്കുന്ന നിന്റെ രക്ഷയ്ക്കായി ആണ്.
9. അവിടുന്ന് രഹസ്യാത്മകമായി തിരുമരണം നവീകരിക്കുന്നു. അങ്ങനെ ക്രിസ്തുവിന്റെ അമൂല്യജീവൻ നിന്റെ രക്ഷയ്ക്കായി അർപ്പിക്കപ്പെടുന്നു.
10. നിനക്കു വേണ്ടി ക്രിസ്തു അവിടുത്തെ വിലതീരാത്ത തിരുരക്തം നിഗൂഡാത്മകമായി ചിന്തി ദൈവപിതാവിന് സമർപ്പിക്കുന്നു.
11. ഓരോ പരിശുദ്ധബലിയിലും അവിടുന്ന് അമൂല്യരക്തം നിന്റെ ആത്മാവിൽ തളിച്ച് എല്ലാ പാപക്കറകളിൽ നിന്നും അതിനെ ശുദ്ധീകരിക്കുന്നു.
12. ക്രിസ്തു നിനക്കു വേണ്ടി സ്വയം ഒരു യഥാർത്ഥ ദഹനബലിയായി അർപ്പിച്ചുകൊണ്ട് അർഹിക്കുന്ന ആദരം ദൈവപിതാവിനു സമർപ്പിക്കുന്നു.
13. ദൈവത്തിന് അർഹമായ മഹത്വം കൊടുക്കുന്നതിൽ നിനക്കു വന്ന വീഴ്ചകൾക്കു പരിഹാരം ചെയ്യാൻ ബലിയർപ്പണം ഉതകുന്നു.
14. ദൈവനാമം മഹത്വപ്പെടുത്തുന്നതിൽ നീ കാണിച്ച ഉപേക്ഷകൾക്കു പരിഹാരമായി, നിനക്കു വേണ്ടി ഒരു സ്തുതിയുടെ ബലിയായി സ്വയം ദൈവപിതാവിനു സമർപ്പിക്കുന്നു.
15. ക്രിസ്തുവിനോടു കൂടെ ബലിയർപ്പിക്കുന്നതുവഴി, മാലാഖമാർ അവിടുത്തേക്കർപ്പിക്കുന്നതിലും മഹനീയമായ സ്തുതിയാണ് നാം അർപ്പിക്കുന്നത്.
16. നന്ദിപ്രകാശനത്തിന്റെ ഒരു പരിപൂർണ്ണബലിയായി ക്രിസ്തു സ്വയം നമുക്കായി ദൈവപിതാവിനർപ്പിക്കുന്നു. അങ്ങനെ നമ്മുടെ ഭാഗത്തുനിന്നും പിതാവിനു വേണ്ടി നന്ദി കരേറ്റുന്നതിൽ വന്ന വീഴ്ചകൾക്കു പരിഹാരമാകുന്നു.
17. ക്രിസ്തുവിന്റെ നന്ദിപ്രകാശനത്തിന്റെ ബലി സമർപ്പിക്കുന്നതുവഴി, ദൈവം നമ്മുടെ മേൽ ചൊരിഞ്ഞിരിക്കുന്ന ദാനങ്ങളും ആനുകൂല്യങ്ങളും വേണ്ടവിധത്തിൽ അംഗീകരിക്കുകയാണ് നാം ചെയ്യുന്നത്.
18. സർവശക്തമായ ഒരു ബലിവസ്തുവായി ക്രിസ്തു സ്വയം ദൈവ പിതാവിനർപ്പിക്കുന്നതുവഴി പാപം മൂലം അകന്നുപോയ നമ്മ പിതാവുമായി അനുരഞ്ജിപ്പിക്കുന്നു.
19. നാം ആവർത്തിക്കുകയില്ല എന്നു ദൃഢനിശ്ചയം ചെയ്ത ക്ഷന്തവ്യങ്ങളായ പാപങ്ങൾ, ക്രിസ്തു അവിടുത്തെ ബലിയർപ്പണത്തിലൂടെമോചിപ്പിക്കുന്നു.
20. ഉപേക്ഷയാൽ വന്നുപോയ പാപങ്ങൾക്കും ചെയ്യേണ്ടിയിരുന്നതും എന്നാൽ ഉപേക്ഷിച്ചു കളഞ്ഞതുമായ നന്മകൾ മൂലമുള്ള പാപ് ങ്ങൾക്കും പരിഹാരം ചെയ്യാൻ ബലി നിനക്ക് അവസരമൊരുക്കു ന്നു.
21. നമ്മുടെ നന്മപ്രവൃത്തികളിൽ വന്നുപോയ പലവിധത്തിലുള്ള ന്യൂനതകൾ ക്രിസ്ത നീക്കം ചെയ്യുന്നു.
22. നമുക്കു തന്നെ അജ്ഞാതമായതും കുമ്പസാരത്തിൽ പറയാൻ മറന്നുപോയതുമായ പാപങ്ങൾ ക്രിസ്തു ക്ഷമിക്കുന്നു.
23. ചുരുങ്ങിയപക്ഷം ഭാഗികമായെങ്കിലും നമ്മുടെ കടങ്ങളും ലംഘ നങ്ങളും ക്ഷമിക്കപ്പെടാൻ ക്രിസ്തു സ്വയം ബലിയായി മാറുന്നു. (നമ്മുടെ ഫലം പുറപ്പെടുവിക്കുന്നതിന്റെയും തോത് അനുസരിച്ച്)
24. ഏറ്റവും കഠിനമായ പ്രായശ്ചിത്തപ്രവൃത്തിയിൽ നിന്നു കിട്ടുന്നതിനേക്കാൾ കൂടുതൽ പാപപ്പൊറുതി ഓരോ ബലിയർപ്പണത്തിലൂടെയും ലഭിക്കുന്നു.
25. പരിശുദ്ധ കുർബാന സമയത്ത് ക്രിസ്തു അവിടുത്തെ യോഗ്യതയുടെ ഒരു ഭാഗം നമ്മിൽ ചൊരിയുന്നുണ്ട്. അതു നമുക്കു ദൈവ പിതാവിനു സമർപ്പിച്ചു പാപപ്പൊറുതി നേടാവുന്നതാണ്.
26. കുരിശിൽ കിടന്നുകൊണ്ട് ശത്രുക്കൾക്കായി അവിടുന്ന് മദ്ധ്യസ്ഥം വഹിച്ച അതേ തീവ്രതയോടുകൂടെ ക്രിസ്തു നമുക്കായി അത്യന്തം ഫലവത്തായ ഒരു സമാധാനയാഗമായി സ്വയം അർപ്പിക്കുന്നു.
27. പീഡാനുഭവവേളയിൽ ക്രിസ്തുവിന്റെ സിരകളിൽ നിന്നും ഒഴുകിയിറങ്ങിയ രക്തത്തുള്ളികളുടെ എണ്ണം പോലെ അസംഖ്യം വാക്കുകളിലൂടെ അൾത്താരയിലെ അവിടുത്തെ തിരുരക്തം നമുക്കായി യാചിക്കുന്നു.
28. അവിടുത്തെ ശരീരത്തിലെ ആരാധ്യമായ ഓരോ മുറിവും, നമുക്ക് കരുണ ലഭിക്കാനായി ഉച്ചത്തിൽ നിലവിളിക്കുന്നു.
29. ബലിവസ്തു കൂടിയായ ക്രിസ്തു നമുക്കായി ചെയ്യുന്ന പരിഹാര പ്രവൃത്തിയുടെ യോഗ്യതയാൽ ബലിയിൽ സമർപ്പിക്കപ്പെടുന്ന നിയോഗങ്ങൾ, അർത്ഥനകൾ മുതലായവ മറ്റവസരങ്ങളിൽ സമർപ്പിക്കപ്പെടുന്നവയേക്കാൾ വളരെ വേഗം സാധിച്ചു കിട്ടുന്നു.
30. കുർബാനയിൽ സംബന്ധിക്കുമ്പോൾ പ്രാർത്ഥിക്കുന്നതിനേക്കാൾ ഫലപ്രദമായി മറ്റൊരവസരത്തിലും പ്രാർത്ഥിക്കാനാവില്ല.
31. മേൽപ്പറഞ്ഞത് എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ ക്രിസ്തു നിന്റെ പ്രാർത്ഥനയോടു ചേർത്ത് അവിടുത്തെ പ്രാർത്ഥനയും ദൈവപിതാവിനു സമർപ്പിക്കുന്നു എന്നതിനാലാണ്.
32. നിന്റെ ആവശ്യങ്ങളും നീ അഭിമുഖീകരിക്കുന്ന അപകടങ്ങളും എല്ലാം ക്രിസ്തു ദൈവപിതാവിനെ ബോധിപ്പിക്കുന്നു. നിന്റെ നിത്യരക്ഷ ക്രിസ്തുവിന്റെ ഏറ്റം പ്രധാന ഉദ്ദേശ്യമാകുന്നു.
33. ബലിവേദിയിൽ സന്നിഹിതരായിരിക്കുന്ന അസംഖ്യം മാലാഖമാർ നിനക്കായി പ്രാർത്ഥിക്കുകയും യാചിക്കുകയും നിന്റെ എളിയ പ്രാർത്ഥനകൾ ദൈവസിംഹാസനത്തിനു മുമ്പിൽ കാഴ്ചയണക്കുകയും ചെയ്യുന്നു.
34. പുരോഹിതൻ നിനക്കായാണ് കുർബാനയർപ്പിക്കുന്നത്. ഈ ബലിയുടെ യോഗ്യതയാൽ ദുഷ്ടശത്രുവിന് നിന്നെ സമീപിക്കാനാവില്ല.
35. നിനക്കു വേണ്ടിയും നിന്റെ നിത്യരക്ഷയ്ക്കു വേണ്ടിയുമാണ് പുരോഹിതൻ ബലിയർപ്പിക്കുന്നത്.
36. നീ ഭക്തിതീഷ്ണതയോടെ പരിശുദ്ധ ബലിയിൽ പങ്കുചേരുമ്പോൾ ആത്മനാ നീയും ഒരു പുരോഹിതനാണ്. നിനക്കും മറ്റുള്ളവർക്കുമായി ബലിയണയ്ക്കാൻ ക്രിസ്തുവിനാൽ അധികാരപ്പെടുടുകയും ചെയ്യുന്നു.
37. പരിശുദ്ധബലി അർപ്പിക്കുന്നതുവഴി പിതാവും പുത്രനും പരിശുദ്ധാത്മാവുമായ പരമ പരിശുദ്ധത്രിത്വത്തിന് അങ്ങേയറ്റം സ്വീകര്യമായ കാഴ്ചകളാണ് നീ സമർപ്പിക്കുന്നത്.
38. യഥാർത്ഥത്തിൽ കുർബാനയിൽ നീ അർപ്പിക്കുന്ന അതിവിശിഷ്ടമായ കാഴ്ചകളുടെ മൂല്യം സ്വർഗ്ഗത്തിലേയും ഭൂമിയിലേയും എല്ലാ വസ്തുക്കളും കൂട്ടിച്ചേർത്താലുള്ളതിനേക്കാളൊക്കെ വളരെ കൂടുതലാണ്.
39. നീ അർപ്പിക്കുന്ന കാഴ്ച യഥാർത്ഥത്തിൽ വില മതിക്കാനാവാത്തതാണ്. സാക്ഷാൽ ദൈവത്തെ തന്നെയാണ് നീ കാഴ്ചയർപ്പിക്കുന്നത്.
40. പരിശുദ്ധബലിയിലൂടെ നീ ദൈവത്തെ മഹത്വപ്പെടുത്തുകയാണ്.കാരണം അവിടുന്നു മാത്രമാണ് എല്ലാ മഹത്വങ്ങൾക്കും യോഗ്യൻ.
41. ബലിയർപ്പണം മുഖേന നീ പരമപരിശുദ്ധത്രിത്വത്തിന് അളവില്ലാതെ സംപ്രീതി നൽകുന്നു.
42. ക്രിസ്തു അവിടുത്തെത്തന്നെ നിനക്കു തന്നിരിക്കുന്നതിനാൽ ബലിയർപ്പണം നിന്റെ സ്വന്തം കാഴ്ചയായി നിനക്കു സമർപ്പിക്കാം.
43. യോഗ്യതയോടെ ബലിയിൽ പങ്കുചേരുമ്പോൾ നീ ഏറ്റവും ഉന്നതമായ ആരാധനയിലാണ് ഏർപ്പെടുന്നത്.
44. പരിശുദ്ധബലിയിൽ പങ്കുചേരുമ്പോൾ നീ ക്രിസ്തുവിന്റെ പരിശുദ്ധമായ മനുഷ്യപ്രകൃതിയ്ക്ക് ഏറ്റവും പരമമായ ബഹുമാനവും വിശ്വസ്തമായ ഉപാസനയും അർപ്പിക്കുന്നു.
45. ക്രിസ്തുവിന്റെ പീഡാനുഭവത്തെ സ്തുതിക്കാനും അതിന്റെ ഫലങ്ങൾ പങ്കുപറ്റാനുമുള്ള ഏറ്റം നല്ല മാർഗ്ഗം ബലിയർപ്പണമാണ്.
46. പരിശുദ്ധ ദൈവമാതാവിനെ വണങ്ങാനും അതുവഴി അമ്മയുടെ സന്തോഷം വർദ്ധിപ്പിക്കുന്നതിനുമുള്ള ഏറ്റം ഉദാത്തമായ മാർഗ്ഗവും ബലിയർപ്പണമാണ്.
47. മറ്റനേകം പ്രാർത്ഥനകൾ വഴി മാലാഖമാർക്കും വിശുദ്ധർക്കും കൊടുക്കുന്നതിനേക്കാളും ബഹുമാനം അവർക്കു കൊടുക്കുന്നതിന് ബലിയർപ്പണത്തിലുള്ള പങ്കുചേരൽ സഹായിക്കുന്നു.
48. നമ്മുടെ ആത്മാവിനെ സമ്പുഷ്ടമാക്കാൻ മറ്റു മാർഗ്ഗങ്ങളേക്കാൾ ശ്രേഷ്ഠം ബലിയിലുള്ള പങ്കുചേരലാണ്.
49. ഏറ്റവും വിലയുള്ള കാര്യമാണ് ബലിയർപ്പണത്തിൽ പങ്കുചേരുന്നതുവഴി നീ ചെയ്യുന്നത്.
50. സത്യവിശ്വാസത്തിന്റെ ഏറ്റം വിശിഷ്ടമായ പ്രകടനമാണ് ബലിയർപ്പണം. അതിന്റെ പ്രതിസമ്മാനം വളരെ വലുതാണ്.
51. തിരുവോസ്തിയുടെയും തിരുരക്തത്തിന്റേയും മുമ്പിൽ മുട്ടുകുത്തുമ്പോൾ ആരാധനയുടെ ഏറ്റം ഉദാത്തമായ പ്രവൃത്തിയാണ് നീ ചെയ്യുന്നത്.
52. നീ തിരുവോസ്തിയെ ആദരപൂർവം നോക്കുന്ന ഓരോ പ്രാവശ്യവും സ്വർഗ്ഗത്തിൽ നിനക്കായി നിക്ഷേപങ്ങൾ കരുതി വയ്ക്കപ്പെടുന്നു.
53. അനുതാപത്തോടെ നീ മാറത്തടിച്ചു പ്രാർത്ഥിക്കുന്ന ഓരോ പ്രാവശ്യവും നിന്റെ ചില പാപങ്ങൾ പൊറുക്കപ്പെടുന്നു.
54. നീ കൊടിയ പാപാവസ്ഥയിൽ ആണെങ്കിൽ പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുമ്പോൾ, ദൈവം നിനക്കു മാനസാന്തരത്തിനുള്ള കൃപ തരുന്നു.
55. നീ കൃപാവസ്ഥയിലാണ് ബലിയിൽ പങ്കെടുക്കുന്നതെങ്കിൽ ദൈവം പവിത്രീകരിക്കുന്ന അവിടുത്തെ കൃപ നിന്നിൽ വർദ്ധിച്ച അളവിൽ വർഷിക്കുന്നു.
56. പരിശുദ്ധ കുർബാന സമയത്ത് നിനക്കു ഭക്ഷിക്കാൻ ക്രിസ്തുവിന്റെ തിരുശരീരവും പാനം ചെയ്യാൻ അവിടുത്തെ തിരുരക്തവും ലഭിക്കുന്നു.
57. നിനക്ക് പരിശുദ്ധ കുർബാനയിൽ കൂദാശയുടെ പുറംചട്ടയാൽ മറയ്ക്കപ്പെട്ടിരിക്കുന്ന ക്രിസ്തുവിനെ സ്വന്തം നേത്രങ്ങളാൽ ദർശിക്കാനുള്ള ഭാഗ്യം ലഭിക്കുന്നു. അതുപോലെ തന്നെ അവിടുത്തെ ദൃഷ്ടി നിന്നിൽ പതിയാനും ഇടയാവുന്നു.
58. പരിശുദ്ധ ബലിയിൽ പങ്കെടുക്കുമ്പോൾ നിനക്ക് പുരോഹിതന്റെ അനുഗ്രഹം ലഭിക്കുന്നു. ഈ അനുഗ്രഹം സ്വർഗ്ഗത്തിലിരുന്നുകൊണ്ട് യേശു സ്ഥിരീകരിക്കുന്നു.
59. പരിശുദ്ധ കുർബാനയിലുള്ള നിന്റെ സ്ഥിരമായ പങ്കുചേരൽ ശാരീരികവും ആദ്ധ്യാത്മികവുമായ അനുഗ്രഹങ്ങൾ പ്രാപിക്കാൻ നിനക്കിടയാക്കുന്നു.
60. ഇതിനൊക്കെ പുറമേ സംഭവിക്കാമായിരുന്ന പല ദൗർഭാഗ്യങ്ങളിൽ നിന്നും നീ സംരക്ഷിക്കപ്പെടുന്നു.
61. നിനക്ക് നിന്നെ കീഴ്പ്പെടുത്തുമായിരുന്ന പ്രലോഭനങ്ങളെ ചെറുക്കാനുള്ള ശക്തി ലഭ്യമാകുന്നു.
62. പരിശുദ്ധ കുർബാനയിൽ അടിക്കടി പങ്കെടുക്കുന്നതു വഴി നിനക്ക് ഒരു നല്ല മരണത്തിനുള്ള കൃപ ലഭിക്കുന്നു.
63. പരിശുദ്ധ കുർബാനയോട് നീ പ്രദർശിപ്പിച്ച സ്നേഹം നിനക്ക് മരണക്കിടക്കയിൽ മാലാഖമാരുടെയും വിശുദ്ധരുടെയും തുണ ഉറപ്പുവരുത്തുന്നു.
64. നീ പങ്കെടുത്ത പരിശുദ്ധ ബലികളുടെ സ്മരണ തന്നെ മരണവേളയിൽ നിനക്ക് ഇമ്പമാർന്ന ഒരു സാന്ത്വനമായിരിക്കുകയും ദൈവ കരുണയിലുള്ള നിന്റെ വിശ്വാസം ഉത്തേജിപ്പിക്കുകയും ചെയ്യും.
65. നീ വിധിദിവസത്തിൽ നീതിനിഷ്ഠയുള്ള വിധിയാളന്റെ സന്നിധിയിലെത്തുമ്പോൾ, കൂടെക്കൂടെ നീ പങ്കെടുത്ത ബലികൾ വിസ്മരിക്കപ്പെടുകയില്ല. അത് അവിടുത്തെ നീതിയെ കരുണയാൽ മയപ്പെടുത്തും.
66. ദിവ്യബലിയിൽ അടിക്കടി പങ്കെടുക്കുകയും അതുവഴി പാപങ്ങൾക്കു പരിഹാരം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ നീ ദീർഘമായ, കഷ്ടതയേറിയ, ശുദ്ധീകരണസ്ഥലം ഒരു വലിയ പരിധിവരെ ഭയക്കേണ്ട.
67. ശുദ്ധീകരണസ്ഥലത്തെ സഹനങ്ങളുടെ വേദനയും യാതനയും കുറവു ചെയ്യാൻ നീ ഭക്തിപൂർവം പങ്കെടുത്ത ഒരു പരിശുദ്ധ കുർബാനയ്ക്ക്, വളരെ ബുദ്ധിമുട്ടേറിയ ഏതൊരു പ്രായശ്ചിത്ത പ്രവൃത്തിയേക്കാളും കൂടുതൽ ശക്തിയുണ്ട്.
68. നിന്റെ ജീവിതകാലത്തു നീ പങ്കെടുത്ത ഒരു കുർബാന മരിച്ചതിനു ശേഷം നിന്റെ സ്മരണാർത്ഥം അർപ്പിക്കുന്ന അനേകം കുർബാനകളേക്കാൾ കൂടുതൽ നിനക്ക് പ്രയോജനം ചെയ്യും.
69. കൂടെക്കൂടെ പരിശുദ്ധ ബലിയിൽ പങ്കുകൊള്ളുന്നത് സ്വർഗ്ഗത്തിൽ ത് നിനക്ക് നിത്യം നിലനിൽക്കുന്ന ഒരു സമുന്നതസ്ഥാനം ഉറപ്പു നൽകുന്നു.
70. അതിനു പുറമെ നീ ഭൂമിയിൽ പങ്കെടുക്കുന്ന ഓരോ കുർബാനയും സ്വർഗ്ഗത്തിലുള്ള നിന്റെ സന്തോഷം വർദ്ധിപ്പിക്കും.
71. ബന്ധുക്കൾക്കും സ്നേഹിതർക്കും വേണ്ടി നീ അർപ്പിക്കുന്ന ഒരു, പരിശുദ്ധ കുർബാന അവർക്കു വേണ്ടി ചെയ്യുന്ന മറ്റനവധി പ്രാർത്ഥനകളേക്കാൾ ഫലവത്താണ്.
72. നിന്റെ അത്യുദയകാംക്ഷികൾക്കും ഉപകാരികൾക്കും അർഹമായ പ്രതിഫലം നൽകാൻ അവരുടെ നിയോഗങ്ങൾക്കായി ബലി അർപ്പിച്ചാൽ മതി.
73. രോഗികൾക്കും കഷ്ടതയനുഭവിക്കുന്നവർക്കും മരിക്കുന്നവർക്കും നിനക്കു കൊടുക്കാവുന്ന ഏറ്റം വലിയ ആശ്വാസം അവർക്കു വേണ്ടി പരിശുദ്ധ കുർബാന അർപ്പിക്കുക എന്നുള്ളതാണ്.
74 പരിശുദ്ധ കുർബാന വഴി പാപികൾക്ക് മാനസാന്തരത്തിന്റെ കൃപ ലഭിക്കാൻ നിനക്കവരെ സഹായിക്കാം.
75. ഇതുവഴി നിനക്ക് എല്ലാ വിശ്വസ്തരായ ക്രിസ്ത്യാനികൾക്കും രക്ഷാകരവും പ്രയോജനകരവുമായ കൃപകൾ സമ്പാദിക്കാം.
76. അതിനും പുറമേ ശുദ്ധീകരണാത്മാക്കൾക്ക് പരിശുദ്ധകുർബാനവഴി അനല്പമായ ആശ്വാസം നേടിക്കൊടുക്കാൻ നിനക്കാവും.
77. നിനക്ക് നിന്റെ മരിച്ചുപോയ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോവേണ്ടി ബലി അർപ്പിക്കാൻ നിർവാഹമില്ലായെങ്കിൽ, അവർക്കു വേണ്ടി കുർബാനയിൽ പങ്കെടുത്ത് കാഴ്ചവയ്ക്കുന്നത് അവർക്കു സഹനത്തിന്റെ തീച്ചൂളയിൽ നിന്നും മോചനം സാധ്യമാക്കും.