പരിശുദ്ധ കന്യകാമറിയത്തിൻറെ വിശേഷണങ്ങൾ

പരിശുദ്ധ അമ്മയുടെ   വണക്കമാസം എന്ന മരിയൻ ഭക്തി  കേരളത്തിലെ ക്രിസ്ത്യാനികളുടെ ഇടയിൽ  പൗരാണിക കാലം മുതൽ തന്നെ നിലവിലിരുന്ന ഒന്നാണ്.  ഇടക്കാലത്ത് മാന്ദ്യം സംഭവിച്ചെങ്കിലും  ഇപ്പോൾ മരിയഭക്തിയിൽ  പുതിയൊരു ഉണർവ് ദൃശ്യമായിട്ടുണ്ട്.   അനേകം കുടുംബങ്ങളിലും ദൈവാലയങ്ങളിലും സന്യാസഭവനങ്ങളിലും മേയ് ഒന്നു മുതൽ മുപ്പത്തിയൊന്നു വരെ  മാതാവിൻറെ വണക്കമാസ പ്രാർഥനകൾ ചൊല്ലുന്ന പതിവ് പുനരാരംഭിച്ചു കഴിഞ്ഞു എന്നതു  സന്തോഷകരമാണ്.

പരിശുദ്ധ അമ്മയുടെ ലുത്തിനിയയിൽ  നാം കന്യകാമറിയത്തെ അൻപതോളം  വ്യത്യസ്ത വിശേഷണങ്ങളിൽ അഭിസംബോധന ചെയ്യുന്നുണ്ട്.  അവയ്‌ക്കോരോന്നിനും ആഴമായ അർഥമുണ്ട് എന്നു പലപ്പോഴും  നാം മറന്നുപോകുന്നു.  മാതാവിൻറെ വണക്കമാസം ആചരിക്കുന്ന ഈ നാളുകളിൽ  അനുഗ്രഹീതയായ അമ്മയുടെ  വിശേഷണങ്ങളെക്കുറിച്ച് അല്പമൊന്നു ധ്യാനിക്കുന്നതു നന്നായിരിക്കും എന്നു കരുതുന്നു.

 ലുത്തീനിയയിലെ  മാതാവിൻറെ ആദ്യത്തെ വിശേഷണം പരിശുദ്ധ മറിയമേ എന്നാണ്.  മറിയം പരിശുദ്ധയാണ് എന്നത്  ആദിമനൂറ്റാണ്ടുകൾ മുതൽ തന്നെ സഭ വിശ്വസിച്ചുപോന്ന ഒരു  കാര്യമാണ്. പരിശുദ്ധനായ ദൈവത്തിൻറെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യൻ സ്വഭാവേന പരിശുദ്ധൻ ആയിരിക്കേണ്ടതായിരുന്നു. അതുകൊണ്ട് മറിയത്തിനു  പരിശുദ്ധയായിരിക്കുക സാധ്യമായിരുന്നു എന്നതിൽ ദൈവശാസ്ത്രപരമായ തർക്കങ്ങൾക്കു  സ്ഥാനമില്ല.  എന്നാൽ  മനുഷ്യൻ പാപം  ചെയ്തു   തൻറെ പരിശുദ്ധിയ്ക്ക് കളങ്കം  വരുത്തി.  അങ്ങനെ നിപതിച്ച അവസ്ഥയിൽ നിന്നു  മനുഷ്യനെ  വീണ്ടെടുക്കാനായി പരിശുദ്ധനായ ദൈവപുത്രൻ ഭൂമിയിലേക്കു വരേണ്ട  സമയം  ആഗതമായപ്പോൾ യേശുക്രിസ്തുവിൻറെ  യോഗ്യതകളെ പ്രതി  മറിയത്തെ   അമലോത്ഭവയായി  ജനനമെടുക്കാൻ ദൈവം അനുവദിച്ചു തിരുമനസായി.  പരിശുദ്ധനായ യേശു തൻറെ ശരീരം  ഏതൊരാളിൽ നിന്നു സ്വീകരിച്ചുവോ ആ മറിയവും പരിശുദ്ധ ആയിരിക്കുക എന്നതു യുക്തിസഹമാണല്ലോ.

രണ്ടാം വത്തിക്കാൻ  കൗൺസിലിൻറെ പ്രമാണരേഖയായ Lumen gentium പ്രസ്താവിക്കുന്നത് മനുഷ്യൻ എത്തിച്ചേരണമെന്നു  ദൈവം ആഗ്രഹിക്കുന്ന  പരിശുദ്ധിയുടെ യഥാർത്ഥ മാതൃക  മറിയമാണെന്നാണ്.  പരിശുദ്ധ കന്യകയിൽ  സഭ ആ പൂർണതയിൽ എത്തിയിരിക്കുന്നു എന്നും ഇക്കാരണത്താൽ  ക്രിസ്തുവിനെ അനുഗമിക്കുന്നവർ,  തെരഞ്ഞെടുക്കപ്പെട്ട സകലർക്കും പുണ്യങ്ങളുടെ മാതൃകയായി വിളങ്ങുന്ന  മറിയത്തിലേക്കു  തങ്ങളുടെ ദൃഷ്ടി  പതിപ്പിക്കണം എന്നും   സഭ  പഠിപ്പിക്കുന്നു (Lumen gentium 60).  

ദൈവവചനം തന്നെയാണല്ലോ മാംസം ധരിച്ചു  യേശുക്രിസ്തുവായി നമ്മുടെയിടയിൽ വസിച്ചത്.  വചനം മാംസമായി നമ്മുടെയിടയിൽ വസിച്ചു (യോഹ. 1:14). മാംസത്തിൽ നിന്നു ജനിക്കുന്നതു  മാംസമാണ്. ആത്മാവിൽ നിന്നു ജനിക്കുന്നത് ആത്മാവും  (യോഹ 3:6) ആയിരിക്കും എന്നു  വിശുദ്ധ ഗ്രന്ഥം പറയുന്നു.  ദൈവവചനം എന്നാൽ ആത്മാവും ജീവനും തന്നെയാണ്. നിങ്ങളോടു ഞാൻ  പറഞ്ഞ വാക്കുകൾ ആത്മാവും ജീവനുമാണ് ( യോഹ 6:63).  പരിശുദ്ധമായ ദൈവവചനത്തിനു പറന്നിറങ്ങാനുള്ള പാത്രമായി  അനാദിയിലേ   തെരഞ്ഞെടുക്കപ്പെട്ടിരുന്ന മറിയം പരിശുദ്ധ ആയിരുന്നു എന്നതിൽ  സംശയിക്കേണ്ടതില്ല.  ദൈവകൃപ നിറഞ്ഞവൾ എന്നുള്ള അഭിവാദനം മറിയം കേട്ടതു  മനുഷ്യരിൽ നിന്നല്ല, ഗബ്രിയേൽ ദൂതനിൽ നിന്നാണ്. ദൈവകൃപ നിറഞ്ഞു എന്നതിനർത്ഥം അവളിൽ യാതൊരു വിധ മാലിന്യങ്ങളും ഇല്ലായിരുന്നു എന്നാണ്.  അതുകൊണ്ടു  മറിയം പരിശുദ്ധയാണ് എന്നതു സഭയുടെ ഒരു  പഠനമോ, വിശ്വാസമോ  മാത്രമല്ല, മറിച്ച് സ്വർഗം  തന്നെ വെളിപ്പെടുത്തി തന്നിരിക്കുന്ന ഒരു സത്യമാണ് എന്ന ബോധ്യത്തോടെ നമുക്കു  നമ്മുടെ അമ്മയായ പരിശുദ്ധ മറിയത്തിൻറെ മാധ്യസ്ഥം  യാചിക്കാം. പരിശുദ്ധ മറിയമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സുകൃതജപം


ക്രിസ്ത്യാനികളുടെ സഹായമായ  പരിശുദ്ധ മറിയമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

(2)

ദൈവകുമാരൻറെ പുണ്യജനനി

മറിയത്തിൻറെ രണ്ടാമത്തെ  വിശേഷണം ദൈവകുമാരൻറെ പുണ്യജനനി എന്നതാണ്.  യേശു ദൈവകുമാരനാണെന്നും യേശുവിൻറെ അമ്മ മറിയം ആണെന്നും വിശുദ്ധഗ്രന്ഥം തന്നെ സാക്ഷ്യപ്പെടുത്തുന്നു. മറിയം പുണ്യസമ്പൂർണ്ണ  ആണെന്നു നാം കണ്ടുകഴിഞ്ഞു. രക്തത്തിൽ നിന്നോ  ശാരീരികാഭിലാഷത്തിൽ നിന്നോ  പുരുഷൻറെ ഇച്ഛയിൽ  നിന്നോ അല്ലാതെ  ജനിക്കുന്ന ദൈവമക്കളെക്കുറിച്ച് യേശു തന്നെ ഒരിടത്തു സൂചിപ്പിക്കുന്നുണ്ട് (യോഹ. 1:13). പ്രകൃത്യാതീതമായ തരത്തിൽ ഒരു ശിശുവിനു  ജന്മം നൽകുക  എന്നതു   ദൈവത്തിനു സാധ്യമായ കാര്യമാണല്ലോ.  കല്ലുകളിൽ നിന്നുപോലും അബ്രാഹത്തിനു സന്താനങ്ങളെ പുറപ്പെടുവിക്കാൻ ദൈവത്തിനു കഴിയും എന്നും യേശു പറഞ്ഞിട്ടുണ്ട് ( മത്തായി 3:9). എന്നാൽ തൻറെ ഏകജാതനു ജന്മം കൊടുക്കാൻ  ഒരു സ്ത്രീ വേണമെന്നതു   ദൈവത്തിൻറെ തിരുഹിതമായിരുന്നു.

 അഗ്രെദയിലെ വാഴ്ത്തപ്പെട്ട   മറിയം പറയുന്നതു   മനുഷ്യരുടെ രക്ഷയ്ക്കായി  മറിയത്തിൻറെ മകനായി  ക്രിസ്തു ജനിക്കും എന്നതിലല്ല,   അക്കാരണത്താൽ മറിയത്തെ  വിശേഷപുണ്യങ്ങൾ  കൊണ്ടു   ദൈവം

 അലങ്കരിച്ചു എന്നതിനാലാണു  ലൂസിഫറിനു  മറിയത്തോട് അടങ്ങാത്ത പക ഉണ്ടായതെന്നാണ്.  തന്നെ സ്വീകരിച്ചവർക്കെല്ലാം, തൻറെ നാമത്തിൽ വിശ്വസിക്കുന്നവർക്കെല്ലാം ദൈവമക്കളാകാൻ  കഴിവു  നൽകിയ  യേശു  (യോഹ  1:12) തൻറെ അമ്മയെ നമ്മുടെയും അമ്മയായി  നല്കിയിട്ടാണു ണ് സ്വർഗത്തിലേക്കു  തിരിച്ചുപോയത്.  അതുകൊണ്ടു   മറിയം ദൈവകൃമാരൻറെ എന്നതുപോലെ തന്നെ നമ്മുടെയും പുണ്യജനനിയാണ് എന്ന ബോധ്യത്തോടെ നമുക്കു പ്രാർഥിക്കാം. ദൈവകുമാരൻറെ പുണ്യജനനീ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സുകൃതജപം

ദൈവമാതാവായ കന്യകാമറിയമേ, ഞങ്ങൾക്കും നീ മാതാവാകണമേ.

(3)

കന്യകകൾക്കു മകുടമായ നിർമല കന്യക

സകല കന്യകകളുടെയും മകുടവും   മാതൃകയുമാണു  മറിയം.  സ്ത്രീകളിൽ നീ അനുഗ്രഹീതയാകുന്നു എന്ന എലിസബത്തിൻറെ  വാക്കുകൾ മാത്രം മതി, മറിയം എല്ലാ സ്ത്രീകളെക്കാളും ഉന്നതസ്ഥാനം വഹിക്കുന്ന  സ്ത്രീരത്നമാണെന്നു  മനസിലാക്കാൻ.  കന്യകാജനനം എന്ന അന്നുവരെ സംഭവിച്ചിട്ടില്ലാത്തതും അതിനുശേഷം സംഭവിക്കാൻ ഇടയില്ലാത്തതുമായ ഒരു അത്ഭുതകൃത്യം  നിറവേറ്റാൻ ദൈവം തെരഞ്ഞെടുത്ത മറിയം തീർച്ചയായും കന്യകകളുടെ ഗണത്തിൽ അഗ്രഗണ്യയാണ്. സമർപ്പിത ജീവിതത്തിലേക്കു പ്രവേശിക്കുന്ന സഹോദരിമാർ തങ്ങളുടെ വിശേഷ മധ്യസ്ഥയായി മറിയത്തെ തെരഞ്ഞെടുക്കാൻ കാരണം അവൾ  കന്യകകളിൽ പ്രഥമസ്ഥാനം വഹിക്കുന്നവൾ ആയതുകൊണ്ടു  തന്നെയാണ്.   കന്യക ഗർഭം  ധരിച്ച് ഒരു പുത്രനെ  പ്രസവിക്കും (ഏശയ്യാ 7:14) എന്ന പ്രവചനം മറിയം ജനിക്കുന്നതിനും ഏഴു നൂറ്റാണ്ടുമുൻപേ ബൈബിളിൽ  എഴുതപ്പെട്ടതാണ്. അതിനും എത്രയോ മുൻപുതന്നെ മറിയത്തിൻറെ നിത്യകന്യകാത്വം     സ്വർഗത്തിൽ എഴുതപ്പെട്ടിരുന്നു!

വിശുദ്ധി എന്ന പുണ്യം പാലിക്കാനുള്ള കൃപ യാചിച്ചുകൊണ്ട് നമുക്കു പ്രാർഥിക്കാം. കന്യകകൾക്കു മകുടമായ നിർമല കന്യകേ,, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.

സുകൃതജപം

അമലോത്ഭവജനനീ, മാലിന്യം കൂടാതെ ഞങ്ങളുടെ  ആത്മാവിനെ കാത്തുകൊള്ളണമേ.

(4)

മിശിഹായുടെ മാതാവ്

‘യാക്കോബ് മറിയത്തിൻറെ ഭർത്താവായ  ജോസഫിൻറെ പിതാവായിരുന്നു. അവളിൽ നിന്നു  ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു’ ( മത്തായി  1:16).

ബെത്ലഹേമിലെ കാലിത്തൊഴുത്തിൽ ജനിച്ചത് ഒരു സാധാരണ ശിശു ആണെന്നാണ്  ആ ദേശത്തെ  മഹാഭൂരിപക്ഷം ജനങ്ങളും കരുതിയത്. എന്നാൽ  വിനീതരായ കുറച്ച്  ആട്ടിടയന്മാർക്കും  കിഴക്കുനിന്നു വന്ന മൂന്നു ജ്ഞാനികൾക്കും പിന്നെ  ദൈവാലയത്തിൽ  വച്ചു കണ്ടുമുട്ടിയ  ശെമയോനും അന്നയ്ക്കും മാത്രം വെളിപ്പെടുത്തപ്പെട്ടു കിട്ടിയ രഹസ്യമായിരുന്നു   ആ കുഞ്ഞ്  മിശിഹാ- ക്രിസ്തു- ആണെന്നത്. ജനിച്ചതു  ക്രിസ്തുവാണെന്നതു  മനുഷ്യരുടെ സാക്ഷ്യമല്ല,  പിന്നെയോ  ദൈവവദൂതൻറെ സാക്ഷ്യമായിരുന്നു. ‘ ദാവീദിൻറെ  പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ  ക്രിസ്തു ഇന്നു ജനിച്ചിരിക്കുന്നു (ലൂക്കാ 2:11).

മിശിഹായുടെ മാതാവ് എന്ന നിലയിൽ മറിയം സഭയുടെയും മാതാവാണ്. സഭ മിശിഹായുടെ മൗതികശരീരമാണല്ലോ. സഭയുടെ ശിരസ് ക്രിസ്തുവാണെന്നു  പൗലോസ് ശ്ലീഹാ പഠിപ്പിക്കുന്നു. ശിരസിനെ മാത്രമായി ആരും പ്രസവിക്കാറില്ല എന്നും  ശിരസിനെ  പ്രസവിച്ചവൾ തന്നെ   മറ്റ് അവയവങ്ങളെയും  പ്രസവിക്കണം എന്നതു  പ്രകൃതി നിയമമാണെന്നും  വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ട് പറയുന്നു.

താൻ മിശിഹായുടെ മാതാവാണെന്നും അതുകൊണ്ടു  സഭയുടെ ജനനവേളയിലും തനിക്കു  വലിയൊരു പങ്കു  വഹിക്കാനുണ്ടെന്നും  അറിഞ്ഞിരുന്നതുകൊണ്ടാണു  മറിയം യേശുവിൻറെ ചിതറിപ്പോയ ശിഷ്യന്മാരെയെല്ലാം സ്വർഗ്ഗാരോഹണത്തിനുശേഷം പ്രാർഥനയിൽ ഒരുമിച്ചുകൂട്ടിയത്.

മിശിഹായുടെ മാതാവ് എന്ന നിലയിലും അവിടുത്തെ ജനനം മുതൽ സ്വർഗാരോഹണം വരെ അവിടുത്തോടൊപ്പം ഉണ്ടായിരുന്ന ഒരേയൊരാൾ എന്ന നിലയിലും  യേശു ശരീരത്തിൽ അനുഭവിച്ച പീഡകൾ കുരിശിൻ ചുവട്ടിൽ നിന്നുകൊണ്ട് ആത്മാവിൽ അനുഭവിച്ച വ്യക്തി എന്ന നിലയിലും  മാത്രമല്ല,  മനുഷ്യരക്ഷയ്ക്കായി ദൈവം തെരഞ്ഞെടുത്ത പെസഹാക്കുഞ്ഞാടായ യേശുവിനെ  കാൽവരിയിലെ പരമയാഗത്തിനായി വളർത്തിക്കൊണ്ടുവന്നതിനാലും   നാം മറിയത്തോടു കടപ്പെട്ടിരിക്കുന്നു. ഈയർത്ഥത്തിൽ മറിയം  സഹരക്ഷക എന്നു  വിളിക്കപ്പെടാൻ തികച്ചും യോഗ്യയുമാണ്,

മിശിഹായോടൊപ്പം ഒരിക്കൽ മഹത്വത്തിലേക്കു പ്രവേശിക്കാനിരിക്കുന്ന നമുക്കു   മിശിഹായുടെ മാതാവിനെ സ്തുതിച്ചുകൊണ്ടു  പ്രാർഥിക്കാം. മിശിഹായുടെ മാതാവേ, ഞങ്ങൾക്കു  പ്രാർഥിക്കണമേ.

സുകൃതജപം

ഉദയനക്ഷത്രമായ പരിശുദ്ധമറിയമേ, ഞങ്ങളുടെ ജീവിതം പ്രത്യാശാപൂർണമാക്കണമേ.

(5)

ദൈവ പ്രസാദവരത്തിൻറെ മാതാവ്

കൃപ എന്നതു തന്നെയാണല്ലോ ദൈവവരപ്രസാദം.  മറിയം കൃപ നിറഞ്ഞവളായിരുന്നു. ഒരു പാത്രം നിറഞ്ഞുകഴിഞ്ഞാൽ  സ്വാഭാവികമായും അതു പുറത്തേക്കൊഴുകും. ഇക്കാരണത്താൽ വിശുദ്ധർ മറിയത്തെ  വിളിക്കുന്നത് ദൈവപ്രസാദവരത്തിൻറെ വിതരണക്കാരി എന്നാണ്.  ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്കു ഞങ്ങൾ യോഗ്യരാകാൻ സർവേശ്വരൻറെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കു  വേണ്ടി അപേക്ഷിക്കണമേ  എന്ന നമ്മുടെ അനുദിനപ്രാർത്ഥനയിൽ  നാം  അനുസ്മരിക്കുന്നത് പ്രസാദവരത്തിൻറെ അമ്മയായ മറിയത്തെയാണ്.  കാരണം ഈശോമിശിഹായുടെ  വാഗ്ദാനങ്ങളുടെ പൂർണത എന്നതു  ദൈവപ്രസാദവരത്തിൻറെ പൂർണത തന്നെയാണല്ലോ.

മറിയം പ്രസാദവര സമ്പൂർണ്ണയായിരുന്നു എന്നതിനുള്ള സാക്ഷ്യം ഗബ്രിയേൽ  ദൂതൻറെയും എലിസബത്തിൻറെയും വാക്കുകളാണ്.  തൻറെ സാമീപ്യം കൊണ്ടു തന്നെ  എലിസബത്തിനെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കാൻ   മറിയത്തിനു കഴിഞ്ഞുവെങ്കിൽ മറിയം  തീർച്ചയായും പ്രസാദവരത്തിൻറെ മാതാവാണ്.

മറിയത്തിൽ നിറഞ്ഞുനിന്നിരുന്ന പരിശുദ്ധാത്മാഭിഷേകം  നമുക്കും സ്വന്തമാക്കണം എന്ന തീവ്രമായ ആഗ്രഹത്തോടെ നമുക്കു പ്രാർഥിക്കാം. ദൈവവരപ്രസാദത്തിൻറെ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സുകൃതജപം

മറിയത്തിൻറെ  വിമലഹൃദയമേ, ഭാരതത്തിനുവേണ്ടി പ്രാർത്ഥിക്കണമേ.

+

(6)

 എത്രയും നിർമലയായ മാതാവ്.

അവൾ തൻറെ നിർമലതയാൽ   എല്ലാറ്റിലും വ്യാപിക്കുന്നു…… മലിനമായ ഒന്നിനും അവളിൽ പ്രവേശനമില്ല  (ജ്ഞാനം 7:24-25).  മറിയത്തിൻറെ നിർമലതയോടു   തുലനം ചെയ്യാൻ മറ്റൊരു സൃഷ്ടിയും ലോകത്തിൽ ഉണ്ടായിട്ടില്ല.  നിത്യതേജസിൻറെ പ്രതിഫലനം എന്നും ദൈവത്തിൻറെ പ്രവർത്തനങ്ങളുടെ നിർമല ദർപ്പണം എന്നും അവിടുത്തെ  നന്മയുടെ പ്രതിരൂപം എന്നും (ജ്ഞാനം  7:26) എന്നു ജ്ഞാനത്തെക്കുറിച്ചു പറയപ്പെട്ട വചനങ്ങൾ മറിയത്തെക്കുറിച്ചും പറയാൻ നാം മടിക്കേണ്ടതില്ല.  യേശുവിനു മാതാവാകാൻ വേണ്ടി സൃഷ്ഠിക്കപ്പെട്ട മറിയം അമലോത്ഭവ ആയിരുന്നു എന്നു നാം കണ്ടതാണ്. എന്നാൽ മറിയത്തിൻറെ വൈശിഷ്ട്യം അടങ്ങിയിരിക്കുന്നത് അവൾ  ഉത്ഭവപാപത്തിൻറെ കറ  കൂടാതെ ജീവിച്ചു എന്നതിലല്ല, മറിച്ച്  ജനനസമയത്തു  തന്നിലേക്കു പകർന്നുകിട്ടിയ  നൈർമല്യം മരണസമയം വരെയും കാത്തുസൂക്ഷിച്ചു എന്നതിലാണ്. മാമോദീസ സമയത്തു  തനിക്കു ലഭിച്ച  വരപ്രസാദം ഇപ്പോൾ ഇതാ ഈ മരണസമയത്തുവരെയും ഞാൻ  നഷ്ടപ്പെടാതെ കാത്തുസൂക്ഷിച്ചിരിക്കുന്നു  എന്നു വിശുദ്ധനായ   ചാവറ പിതാവ് പറയുന്നുണ്ട്. മറിയത്തിൻറെ  മക്കൾക്ക്  അവൾ  നൽകുന്ന വലിയൊരു ആനുകൂല്യമാണ്  ആത്മശരീര നൈർമല്യത്തോടെ ജീവിച്ചു  പുണ്യമരണം പ്രാപിക്കാനുള്ള അനുഗ്രഹം.

അബദ്ധത്തിൻറെയും വഷളത്തത്തിൻറെയും  കറകളൊക്കെയിൽ  നിന്നും കാത്തുരക്ഷിച്ചു  നമ്മെ   ദൈവത്തിനു സ്വീകാര്യമായ നിർമലബലിയായി അർപ്പിക്കാനുള്ള  കൃപ വാങ്ങിയെടുക്കാനായി നമുക്ക് പരിശുദ്ധമറിയത്തോടു  പ്രാർഥിക്കാം.

എത്രയും നിർമലയായ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സുകൃതജപം

വിശുദ്ധിയുടെ വിളനിലമായ മറിയമേ! ഞങ്ങളുടെ ഹൃദയം ഈശോയുടെ  തിരുഹൃദയത്തിന് അനുരൂപമാക്കണമേ.

(7)

അത്യന്തവിരക്തിയുള്ള മാതാവ്

ലോകം, പിശാച്. ശരീരം എന്നീ ത്രിവിധ ശത്രുക്കളോടുള്ള പോരാട്ടമാണല്ലോ  മനുഷ്യജീവിതം. ജഡികരായി ജീവിക്കുന്നവർ ജഡികകാര്യങ്ങളിൽ  മനസുവയ്ക്കുന്നു. ആത്മീയമായി ജീവിക്കുന്നവരാകട്ടെ, ആത്മീയകാര്യങ്ങളിൽ മനസുവയ്ക്കുന്നു (റോമാ 8:5). ജഡികകാര്യങ്ങളിൽ മനസുവയ്ക്കാൻ സമയം ലഭിക്കാത്ത  വിധത്തിൽ മറിയം  ആത്മീയചിന്തകൾ  കൊണ്ടു തന്നെത്തന്നെ നിറച്ചു എന്നതാണു  സത്യം. മറിയമാകട്ടെ ഇവയെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു  എന്നാണല്ലോ വിശുദ്ധഗഗ്രന്ഥം പറയുന്നത്. അവൾ ഹൃദയത്തിൽ സംഗ്രഹിച്ചതെല്ലാം ദൈവവചനവും  ആത്മീയകാര്യങ്ങളുമായിരുന്നു.

ജഡിക പ്രവണതകൾക്കനുസരിച്ചു  ജീവിക്കുന്നവർക്കു  ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ലല്ലോ (റോമാ 8:8). മറിയം ദൈവസന്നിധിയിൽ കൃപ കണ്ടെത്തിയവളായിരുന്നു (ലൂക്കാ 1:30) എന്നതിൻറെ അർഥം ദൈവകൃപയ്ക്കു തടസമായി നിൽക്കുന്ന എല്ലാ ചിന്തകളെയും    വികാരങ്ങളെയും വ്യാപാരങ്ങളെയും  ആത്മാവിൻറെ ശക്തിയാൽ നിഹനിച്ചവളായിരുന്നു മറിയം. ലോകത്തിൽ നിന്നുള്ള ഒന്നും അവളെ  മോഹിപ്പിച്ചില്ല. ദൈവം  അരുതെന്നു പറയുന്നതിനെ ആഗ്രഹിച്ച ഹവ്വയുടെ പാപത്തിനു പരിഹാരം ചെയ്യണമെങ്കിൽ ദൈവേഷ്ടത്തിനു പൂർണമായി വിധേയപ്പെടണമെന്നു മറിയം തിരിച്ചറിഞ്ഞു.  ലോകത്തിലൂടെയും  ശരീരത്തിലൂടെയും പിശാചു  നൽകുന്ന എല്ലാ പ്രലോഭനങ്ങളെയും മറികടക്കാനും പരിപൂർണ്ണ വിരക്തിയിൽ ജീവിച്ചുകൊണ്ട്, ആ പുണ്യം നേടുന്നതു മനുഷ്യർക്ക് അസാധ്യമായ ഒന്നല്ല എന്ന മാതൃക നല്കുന്നതിനുമായി  ദൈവം  മറിയത്തെ വിരക്തി എന്ന പുണ്യം നൽകി അനുഗ്രഹിച്ചു എന്നു  മാത്രമല്ല,  വിരക്തി ജീവിതവ്രതമായി സ്വീകരിച്ചിരുന്ന  യൗസേപ്പിനെ അവൾക്കു ഭർത്താവായി നൽകുകയും ചെയ്‌തു.

വിശുദ്ധിയ്‌ക്കെതിരെയുള്ള പാപങ്ങൾ മൂലം അനേകായിരം ആത്മാക്കൾ നിത്യനരകത്തിൽ പതിക്കുന്നു എന്നതു  പല പ്രത്യക്ഷീകരണങ്ങളിലും  മാതാവ് വേദനയോടെ പറഞ്ഞിട്ടുള്ള കാര്യമാണ്.   ശുദ്ധത എന്ന പുണ്യം പാലിക്കാൻ  പാടുപെടുന്ന എല്ലാവരെയും   പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിനു സമർപ്പിച്ചുകൊണ്ട് നമുക്കു പ്രാർഥിക്കാം.  അത്യന്തവിരക്തിയുള്ള മാതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണമേ.

സുകൃതജപം

സ്വർഗരാജ്ഞിയായ മറിയമേ, ഭൂവാസികളായ ഞങ്ങൾക്കും  നീ രാജ്ഞിയായിരിക്കണമേ.

8 ) കളങ്കഹീനയായ കന്യകയായ മാതാവ്

‘നിൻറെ ഉദരത്തിൻറെ ഫലമായ ഈശോ അനുഗ്രഹീതനാകുന്നു’ എന്ന വാക്കുകൾ പുറപ്പെട്ടത് എലിസബത്തിൻറെ അധരങ്ങളിൽ നിന്നായിരുന്നെങ്കിലും അതിനു പിന്നിൽ പ്രവർത്തിച്ച ശക്തി പരിശുദ്ധാത്മാവായിരുന്നു. കാരണം യേശു ദൈവപുത്രനാണെന്ന് ഏറ്റുപറയണമെങ്കിൽ പരിശുദ്ധാത്മാവു കൂടിയേ തീരൂ. ‘യേശു കർത്താവാണെന്നു പറയാൻ പരിശുദ്ധാത്മാവു മുഖേനയല്ലാതെ ആർക്കും സാധിക്കുകയില്ല…’ (1 കൊറി 12:3). പരിശുദ്ധനും ദോഷരഹിതനും നിഷ്കളങ്കനും പാപികളിൽ നിന്നു വേർതിരിക്കപ്പെട്ടവനും സ്വർഗത്തിനു മേൽ ഉയർത്തപ്പെട്ടവനുമായ ഒരു പ്രധാനപുരോഹിതൻ നമുക്കുണ്ടായിരിക്കണം (ഹെബ്രാ 7:26) എന്നതു ദൈവത്തിൻറെ നിശ്ചയമായിരുന്നു എന്നതിനാൽ ആ പ്രധാനപുരോഹിതനെ എപ്രകാരം ലോകത്തിലേക്ക് അയയ്ക്കണമെന്നതും ദൈവത്തിൻറെ നിശ്ചയമായിരുന്നു.

വിശുദ്ധമായവയിൽ നിന്നു മാത്രമേ വിശുദ്ധമായവ ഉത്ഭവിക്കുകയുള്ളൂ. അതിനാൽ ദോഷരഹിതനും നിഷ്കളങ്കനുമായ യേശുവിനു ജന്മം നല്കാൻ ദോഷഹീനയും കളങ്കഹീനയുമായ ഒരമ്മയെ വേണമെന്ന പ്രസ്താവന പ്രകൃതിനിയമത്തോടു ചേർന്നുപോകുന്ന വസ്തുതയാണല്ലോ. ആദ്യപാപത്താൽ കളങ്കിതമായ മനുഷ്യപ്രകൃതിയ്ക്കു സ്വപ്രയത്നത്താൽ കളങ്കരഹിതനായ ഒരു രക്ഷകനെ നൽകുവാൻ കഴിവില്ലാത്തതിനാലും, സ്വാഭാവികഗർഭധാരണത്തിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങൾ മനുഷ്യരുടെ ജന്മസിദ്ധമായ പോരായ്മകൾക്കും കുറവുകൾക്കും വിധേയപ്പെട്ടിരിക്കുന്നതിനാൽ സകല മനുഷ്യർക്കും വേണ്ടിയുള്ള മോചനദ്രവ്യവും ബലിവസ്തുവും ആകാൻ സാധിക്കായ്കയാലും, പെസഹാക്കുഞ്ഞാട് ഊനമറ്റ കുഞ്ഞാടായിരിക്കണം എന്ന ദൈവികനിയമം പാലിക്കപ്പെടേണ്ടിയിരുന്നതിനാലും യേശു കന്യകയിൽ നിന്നു ജന്മമെടുക്കുക എന്നതല്ലാതെ മറ്റൊരു വഴിയും ഇല്ലായിരുന്നു എന്നതാണു സത്യം.

Mystical City of God എന്ന വിശ്രുത ഗ്രന്ഥത്തിൽ അഗ്രെദയിലെ വാഴ്ത്തപ്പെട്ട മരിയ പറയുന്നത് ‘പ്രസവക്ലേശത്താൽ അവൾ ഞെരുങ്ങി’ (വെളി 12:2) എന്നതിൻറെ അർഥം അവൾ പ്രസവത്തിൻറെ ശാരീരികവേദന അനുഭവിച്ചു എന്നതല്ല എന്നാണ്. കാരണം ഈ ദിവ്യജനനത്തിൽ അതു സാധ്യമല്ല. പക്ഷേ, അവിടുത്തെ കന്യകോദരത്തിൻറെ രഹസ്യത്തിൽനിന്നു ദിവ്യശിശു പുറത്തുവരുന്നത്, പീഡകൾ സഹിക്കാനും, ലോകപാപങ്ങളുടെ പരിഹാരമായി കുരിശിൽ മരിക്കാനുമാണ് എന്നത് ആ അമ്മയെ സംബന്ധിച്ചിടത്തോളം ഒരു വലിയ സങ്കടമായിരുന്നു. തിരുവെഴുത്തുകൾ ആഴത്തിൽ ധ്യാനിച്ചിരുന്നതിനാൽ അവൾക്ക് ഇതെല്ലാം മുൻകൂട്ടി അറിയാൻ കഴിഞ്ഞിരുന്നു. ഈശോയാകുന്ന അമൂല്യനിധി ഒരിക്കൽ തന്നിൽ നിന്ന് അപഹരിക്കപ്പെടുമെന്ന ചിന്തയാണു മറിയത്തെ വേദനിപ്പിച്ചത്. മറിയം അമലോത്ഭവയായി ജനിച്ചു പാപരഹിതയായി ജീവിച്ചുവെങ്കിലും അവൾക്കുവേണ്ടി കരുതിവച്ചിരുന്ന ശ്രേഷ്ഠമായ പ്രതിഫലത്തിനു തക്ക അദ്ധ്വാനത്തിലും ദുഖത്തിലും വേദനയിലും നിന്നു ദൈവം അവളെ ഒഴിവാക്കിയില്ല എന്നാണു വിശുദ്ധർ പ്രസ്താവിക്കുന്നത്. എന്നാൽ മറിയത്തിൻറെ പ്രസവക്ലേശങ്ങൾ ഹവ്വായുടെ സന്തതിപരമ്പരകളിൽ ഉള്ളതുപോലെ പാപത്തിൻറെ പരിണിത ഫലമായിരുന്നില്ല, പ്രത്യുത അതു തൻറെ പുത്രനോടുള്ള അവളുടെ തീവ്രവും പരിപൂർണ്ണവുമായ സ്നേഹത്തിൻറെ ഫലം ആയിരുന്നു.

പരിശുദ്ധ അമ്മയുടെ മാധ്യസ്ഥത്തിലൂടെ, ഈശോയ്ക്കു വന്നുവസിക്കുവാൻ തക്ക വിധത്തിൽ കളങ്കഹീനവും നിർമലവുമായ ഒരു ഹൃദയം നൽകി ഈശോ നമ്മെ അനുഗ്രഹിക്കട്ടെ.

സുകൃതജപം


കളങ്കഹീനയായ കന്യകയായിരിക്കുന്ന മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

9) കന്യാവ്രതത്തിന് അന്തരം വരാത്ത മാതാവ്

മറിയം നിത്യകന്യകയായിരുന്നു എന്നതിൽ സഭയ്‌ക്കോ സഭാമക്കൾക്കോ ഒരിക്കലും സംശയം ഉണ്ടായിരുന്നില്ല. എന്നാൽ മറിയത്തിൻറെ നിത്യകന്യകാത്വത്തെ ചോദ്യം ചെയ്ത പാഷണ്ഡികളും ശീശ്മക്കാരും വിശ്വാസത്യാഗികളും എക്കാലത്തും ഉണ്ടായിരുന്നു എന്നും നമുക്കറിയാം. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ഗ്രഹിക്കാൻ കഴിവുള്ളവൻ ഗ്രഹിക്കട്ടെ എന്നു പറഞ്ഞുകൊണ്ടു കർത്താവ് ഒരു വചനം പറഞ്ഞിട്ടുണ്ട്. അത് ഇങ്ങനെയാണ്. ‘സ്വർഗരാജ്യത്തെ പ്രതി തങ്ങളെത്തന്നെ ഷണ്ഡരാക്കുന്നവരുണ്ട്’ (മത്തായി 19:12). കൃപ ഉള്ളവർക്കു മാത്രം ഗ്രഹിക്കാൻ സാധിക്കുന്ന ഒരു രഹസ്യമാണു മറിയത്തിൻറെ നിത്യകന്യകാത്വം എന്നു മനസിലാക്കണമെങ്കിലും കൃപ വേണം.

ബ്രഹ്മചര്യം അഥവാ കന്യകാത്വം ജീവിതാന്ത്യം വരെ കാത്തുസൂക്ഷിക്കുന്ന എത്രയോ മനുഷ്യരെക്കുറിച്ചു നാം വായിച്ചിട്ടുണ്ട്! എന്നിട്ടും മറിയം തൻറെ കന്യകാത്വം ജീവിതകാലം മുഴുവൻ കാത്തുസൂക്ഷിച്ചു എന്നതിനെ ചിലരെങ്കിലും വിശ്വസിക്കുന്നില്ലെങ്കിൽ അതിൻറെയർത്ഥം ‘സകല ജനപദങ്ങളെയും ഇരുമ്പുദണ്ഡു കൊണ്ടു ഭരിക്കാനിരിക്കുന്ന’ (വെളി 12:5) ആൺകുട്ടിയെ പ്രസവിച്ച സ്ത്രീയെ ഒഴുക്കിക്കളയാനായി സർപ്പം തൻറെ വായിൽ നിന്നു നദി പോലെ പുറപ്പെടുവിച്ച ജലത്തിൻറെ കുത്തൊഴുക്കിൽ അവരും പെട്ടുപോയി എന്നതാണ്. സ്‌റ്റെഫാനോ ഗോബി എന്ന വൈദികന് അന്തർഭാഷണമായി (inner locution) നൽകിയ സന്ദേശങ്ങളിൽ (നമ്മുടെ ദിവ്യനാഥ വൈദികരോടു സംസാരിക്കുന്നു എന്ന ഗ്രന്ഥം) പറയുന്നതു പരിശുദ്ധ കന്യകയ്‌ക്കെതിരെ സാത്താനും അവൻറെ പിണിയാളുകളും പ്രചരിപ്പിക്കുന്ന ദുഷ്പ്രവാദങ്ങളെയാണ് ഈ വചനം സൂചിപ്പിക്കുന്നതെന്നാണ്.

ദൈവം തൻറെ ഏകജാതനു മാതാവായി തെരഞ്ഞെടുത്ത മറിയത്തിനു മറ്റു മക്കൾ ഉണ്ടായിരിക്കുക എന്നതു യുക്തിസഹമല്ല. പുത്രനെ പ്രസവിക്കുന്നതുവരെ അവളെ (മറിയത്തെ) അവൻ (ജോസഫ്) അറിഞ്ഞില്ല’ (മത്തായി 1:25) എന്ന വചനമാണു മറിയത്തിൻറെ നിത്യകന്യകാത്വത്തെ എതിർക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്. അതുവരെ അറിഞ്ഞില്ല എന്നതിന് അതിനുശേഷം അറിഞ്ഞു എന്നതു സാമാന്യാർത്ഥമാണ്. എന്നാൽ ബൈബിളിൻറെ പശ്ചാത്തലത്തിൽ അതുവരെ ഇല്ലായിരുന്നു എന്നതിന് അതിനുശേഷം ഉണ്ടായി എന്ന അർഥം ഉണ്ടായിക്കൊള്ളണമെന്നില്ല. ഉദാഹരണമായി സാവൂളിൻറെ പുത്രി മീഖാൽ മരണം വരെയും സന്താനരഹിതയായിരുന്നു (2 സാമു 6:23) എന്നു ബൈബിൾ പറയുന്നു. അതിൻറെ അർഥം മരണത്തിനുശേഷം അവൾക്കു കുഞ്ഞുങ്ങൾ ഉണ്ടായി എന്നല്ലല്ലോ. ബൈബിളിലെ ഭാഷാശൈലിയുടെ ഒരു പ്രത്യേകത മാത്രമാണത്.

രണ്ടാം നൂറ്റാണ്ടു മുതൽ തന്നെ മറിയത്തിൻറെ നിത്യകന്യകാത്വത്തിൽ സഭ വിശ്വസിച്ചിരുന്നു. AD 553 ലെ രണ്ടാം കോൺസ്റ്റാൻറിനോപ്പിൾ സൂനഹദോസ് മറിയത്തെ നിത്യകന്യക എന്നർഥമുള്ള Aeiparthenos എന്നു വിശേഷിപ്പിച്ചു. AD 649 ലെ ലാറ്ററൻ കൗൺസിലിൽ വച്ചു മാർട്ടിൻ ഒന്നാമൻ പാപ്പ പ്രസ്താവിച്ചത് യേശുവിൻറെ ജനനത്തിനു മുൻപും. ജനനസമയത്തും, ജനനത്തിനു ശേഷവും മറിയം കന്യകയായിരുന്നു എന്നാണ്. കത്തോലിക്കാ സഭയ്ക്കു പുറമേ, ഓർത്തഡോക്സ്, ലൂഥറൻ, ആംഗ്ലിക്കൻ സഭകളും മറിയത്തിൻറെ നിത്യകന്യകാത്വം അംഗീകരിക്കുന്നു. ലൂഥർ, കാൽവിൻ, വൈക്ലിഫ്, വെസ്‌ലി തുടങ്ങിയ പ്രൊട്ടസ്റ്റൻറു നേതാക്കൾക്കു പോലും മറിയത്തിൻറെ നിത്യകന്യകാത്വം ഒരു വിവാദവിഷയമായിരുന്നില്ല. ദൈവപുത്രൻറെ അമ്മയായ മറിയം എന്നും കന്യകയായിരിക്കുക എന്നതിനു പ്രതീകാത്മകമായ വലിയൊരു അർഥം കൂടിയുണ്ട്. പുതിയ ആകാശത്തിൻറെയും പുതിയ ഭൂമിയുടെയും പ്രതീകമാണു മറിയം. ക്രിസ്തുവിൽ എല്ലാം പുതുതായി സൃഷ്‌ടിക്കപ്പെടുന്നതിൻറെയും രക്ഷാകരചരിത്രത്തിൽ ഒരു നവയുഗം ആരംഭിക്കുന്നതിൻറെയും പ്രതീകമാണത്.

എസക്കിയേൽ പ്രവചനത്തിൽ ജെറുസലേം ദൈവാലയത്തിൻറെ കിഴക്കേ കവാടത്തെ കുറിച്ചു പലതവണ പരാമർശിച്ചിട്ടുണ്ട്. ഈ കവാടത്തിലൂടെയാണ് ഈശോ ഓശാനനാളിൽ തൻറെ രാജകീയമായ ദൈവാലയപ്രവേശനം നടത്തിയത്. എസക്കിയേൽ പ്രവചിച്ചിരിക്കുന്നത് ആ കവാടം അടച്ചിടപ്പെടുമെന്നാണ്. കാരണം ആ വഴിയിലൂടെ കർത്താവ് പ്രവേശിച്ചതിനാൽ മറ്റാരും അതേ കവാടത്തിലൂടെ പ്രവേശിക്കാൻ ദൈവം അനുവദിച്ചിട്ടില്ല ( എസക്കി 44:2). രക്ഷകനായ യേശുവിനു കടന്നുവരാൻ മാത്രമായി ദൈവം ഒരുക്കിയ കവാടമായിരുന്നു മറിയം എന്നു പിതാക്കന്മാർ പറയുന്നു.

യേശുവിൻറെ സഹോദരന്മാരെക്കുറിച്ചു സുവിശേഷത്തിൽ പരാമർശമുള്ളതുകൊണ്ടു മറിയത്തിനു വേറെയും മക്കളുണ്ടായിരുന്നു എന്നു വാദിക്കുന്നവരുണ്ട്. എന്നാൽ യേശുവിൻറെ സഹോദരന്മാർ എന്നു വിളിക്കപ്പെടുന്നവർ യേശുവിൻറെ കസിൻസ് ആയിരുന്നു എന്നാണു പണ്ഡിതമതം. സഹോദരൻ എന്ന പദം ബന്ധുക്കളെ മാത്രമല്ല സുഹൃത്തുക്കളെയും ഒരേ വിശ്വാസം പങ്കിടുന്ന എല്ലാവരെയും പരാമർശിക്കാൻ വേണ്ടി ഉപയോഗിച്ചിരുന്നു എന്നതിനു പുതിയനിയമത്തിൽ തന്നെ അനേകം ഉദാഹരണങ്ങളുണ്ട്. (1 കൊറി 5:11, ഹെബ്രാ 13:1, യാക്കോബ് 4:11, മർക്കോസ് 3:35, യാക്കോബ് 2:14-18).

മറിയത്തിൻറെ നിത്യകന്യകാത്വം നമ്മെ സംബന്ധിച്ചിടത്തോളം തീരുമാനിക്കപ്പെട്ടുകഴിഞ്ഞ വസ്തുതയാണ്. പരിശുദ്ധ കത്തോലിക്ക സഭ മറിയത്തിൻറെ നിത്യകന്യകാത്വം ഒരു വിശ്വാസസത്യമായി പ്രഖ്യാപിച്ചിട്ടുമുണ്ടല്ലോ. നമുക്കും നമ്മുടെ ആദിമവിശുദ്ധി അന്ത്യം വരെയും കാത്തുസൂക്ഷിക്കാനുള്ള കൃപയ്ക്കുവേണ്ടി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി പ്രാർഥിക്കാം.

സുകൃതജപം:

കന്യകാത്വത്തിന് അന്തരം വരാത്ത മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

10) സ്‌നേഹഗുണങ്ങളുടെ മാതാവ്

സ്നേഹം സർവോത്കൃഷ്ടമാകയാൽ അതിനെക്കുറിച്ച് പറയാൻ പൗലോസ് ശ്ലീഹാ കൊറിന്തോസുകാർക്കെഴുതിയ ഒന്നാം ലേഖനത്തിൻറെ പതിമൂന്നാം അദ്ധ്യായം പൂർണമായി മാറ്റിവച്ചിരിക്കുന്നു. കന്യകാമറിയത്തെ മനസിൽ കണ്ടുകൊണ്ടാണോ പൗലോസ് ശ്ലീഹാ ഈ ഭാഗം എഴുതിയതെന്നു പോലും നാം സംശയിക്കത്തക്കവിധം മറിയത്തിൻറെ സ്‌നേഹഗുണഗണങ്ങൾ ഇവിടെ പ്രതിപാദിക്കപ്പെടുന്നുണ്ട്.

സ്നേഹം ദീർഘക്ഷമയും ദയയുമുള്ളതാണ്. മറിയം ദീർഘക്ഷമയും ദയയും ഉള്ളവളായിരുന്നു.
സ്നേഹം അസൂയപ്പെടുന്നില്ല. മറിയം ഒരിക്കലും അസൂയപ്പെട്ടിട്ടില്ല. സ്നേഹം ആത്മപ്രശംസ ചെയ്യുന്നില്ല. ആത്മപ്രശംസ മറിയത്തിനു തികച്ചും അന്യമായിരുന്നു. സ്വയം പ്രശംസിക്കാൻ അനേകം അവസരങ്ങൾ ദൈവം അനുവദിച്ചിട്ടും അവയൊന്നും മറ്റുള്ളവരെ അറിയിക്കാൻ മറിയം ആഗ്രഹിച്ചില്ല.

സ്നേഹം അഹങ്കരിക്കുന്നില്ല. മറിയം ഒരിക്കലും അഹങ്കരിച്ചില്ല. ദൈവം തന്നെ സകല മനുഷ്യരുടെയും മേൽ ഉയർത്തുമെന്ന സദ്‌വാർത്ത കേട്ടപ്പോഴും അവൾ പറഞ്ഞത് ഇത്രമാത്രം. ‘ഇതാ കർത്താവിൻറെ ദാസി. നിൻറെ വാക്ക് എന്നിൽ നിറവേറട്ടെ.’

സ്നേഹം അനുചിതമായി പെരുമാറുന്നില്ല. മറിയം ഒരിക്കലെങ്കിലും അനുചിതമായി പെരുമാറിയതിനു തെളിവുകളില്ല. മറിച്ചു കാനായിലെ കല്യാണവീട്ടിൽ എന്നതുപോലെ അവൾ എപ്പോഴും ഉചിതമായി പെരുമാറി. സ്നേഹം സ്വാർഥം അന്വേഷിക്കുന്നില്ല. മറിയം അന്വേഷിച്ചതു സ്വാർഥമായിരുന്നില്ല. എൻറെ ഇഷ്ടമല്ല, അവിടുത്തെ ഇഷ്ടം നിറവേറട്ടെ എന്നു പറഞ്ഞ യേശുവിൻറെ അമ്മയാകാനായി മറിയവും തൻറെ സ്വാർഥതാല്പര്യങ്ങൾ മാറ്റിവച്ചു.

സ്നേഹം കോപിക്കുന്നില്ല, വിദ്വേഷം പുലർത്തുന്നില്ല. മറിയവും ഒരിക്കലും കോപിച്ചില്ല, വിദ്വേഷം പുലർത്തിയതുമില്ല. തൻറെ പ്രിയപുത്രനെ ഒറ്റിക്കൊടുത്ത യൂദാസിനെയും തള്ളിപ്പറഞ്ഞ പത്രോസിനെയും അന്ത്യം വരെയും കൂടെനിന്ന യോഹന്നാനെയും മറിയം ഒരേ കണ്ണുകൊണ്ടാണു കണ്ടത്. മരിയ വാൾതോർത്തയുടെ ദൈവമനുഷ്യൻറെ സ്നേഹഗീതയിൽ മറിയം യൂദാസിനോടും പത്രോസിനോടും എങ്ങനെയാണു പെരുമാറിയതെന്നു ഹൃദയസ്പർശിയായ വിധത്തിൽ ചിത്രീകരിച്ചിരിക്കുന്നു.

സ്നേഹം അനീതിയിൽ സന്തോഷിക്കുന്നില്ല. സകല നീതിയുടെയും പൂർത്തീകരണമായ യേശുവിൻറെ അമ്മയായ മറിയത്തിന് അനീതിയിൽ സന്തോഷിക്കാൻ കഴിയുമായിരുന്നില്ല. സ്നേഹം സത്യത്തിൽ ആഹ്‌ളാദം കൊള്ളുന്നു. മറിയത്തിൻറെ ഏറ്റവും വലിയ ആഹ്‌ളാദം തൻറെ പ്രിയപുത്രനായ യേശുവിനോടുകൂടെ ആയിരിക്കുക എന്നതായിരുന്നു. യേശു സത്യം തന്നെയാണല്ലോ.

സ്നേവും സകലതും സഹിക്കുന്നു. മറിയം സകലതും സഹിച്ചു. ശിമയോൻറെ പ്രവചനം മുതൽ പീഡാനുഭവവും കുരിശുമരണവും വരെ സഹനത്തിൻറെ ഒരു വാൾ ഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ടാണു മറിയം ജീവിച്ചത്.

സ്നേഹം സകലതും വിശ്വസിക്കുന്നു. മറിയം പ്രവചനങ്ങൾ സകലതും വിശ്വസിച്ചു. ‘കർത്താവ് അരുളിച്ചെയ്തവ നിറവേറുമെന്നു വിശ്വസിച്ചവൾ ഭാഗ്യവതി’ എന്ന എലിസബത്തിൻറെ വാക്കുകൾ മറിയത്തിൻറെ വിശ്വാസത്തിൻറെ സാക്ഷ്യപത്രമാണ്.

സ്നേഹം സകലതും പ്രത്യാശിക്കുന്നു. പ്രത്യാശയുടെ ഉത്തമവും ഉദാത്തവുമായ മാതൃകയാണല്ലോ മറിയം. കുരിശിൽ മരിച്ചവൻ ഉയിർത്തെഴുന്നേൽക്കും എന്ന സജീവമായ പ്രത്യാശയിൽ ജീവിച്ചതുകൊണ്ടല്ലേ, അവൾ യേശുവിൻറെ കല്ലറ സന്ദർശിക്കാൻ ഒരിക്കലെങ്കിലും പോകാതിരുന്നത്?

സ്നേഹം സകലത്തെയും അതിജീവിക്കുന്നു. സകലത്തെയും അതിജീവിച്ച മറിയം സഭയുടെ മാതാവും ക്രിസ്തുവിനെ ജ്യേഷ്‌ഠസഹോദരനായി സ്വീകരിച്ചു വിശ്വസിക്കുന്നവരുടെ അമ്മയുമായി ഇന്നും ജീവിക്കുന്നു. അവസാനത്തെ ശത്രുവായ മരണത്തെയും അവൾ അതിജീവിച്ചുകഴിഞ്ഞു.

സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല. മറിയം ‘ഓരോ തലമുറയിലുമുള്ള വിശുദ്ധചേതനകളിൽ പ്രവേശിച്ച് അവരെ ദൈവമിത്രങ്ങളും പ്രവാചകരുമാക്കുന്നു’ (ജ്ഞാനം 7:27). മറിയത്തിൻറെ പ്രവർത്തനങ്ങൾ യുഗാന്ത്യം വരെയും തുടരണം എന്നതും ദൈവത്തിൻറെ നിശ്ചയമാണ്.

അതിനാൽ മറിയത്തെ സ്നേഹഗുണങ്ങളുടെ മാതാവ് എന്ന് അഭിസംബോധന ചെയ്യുന്നതു തികച്ചും ഉചിതമാണ്. സ്നേഹത്തിൻറെ ആഴങ്ങളിലേക്ക് തീർത്ഥയാത്ര ചെയ്യാനായി മറിയത്തിൻറെ മാധ്യസ്ഥം നമുക്കു യാചിക്കാം.

സുകൃതജപം.

സ്നേഹഗുണങ്ങളുടെ മാതാവായ മറിയമേ, അങ്ങയെ അനുകരിച്ചു മറ്റുള്ളവരെ ഉപാധികളില്ലാതെ സ്നേഹിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ.

11) അത്ഭുതത്തിനു വിഷയമായ മാതാവ്

മനുഷ്യർക്കു മറിയം ഒരു നിത്യവിസ്മയമാണ്. അതിനു കാരണം സാധാരണ മനുഷ്യർക്ക് എത്തിപ്പെടാൻ സാധിക്കാത്ത ഔന്നത്യത്തിലായിരുന്നു ദൈവം അവളെസൃഷ്ടിച്ചതും പരിപാലിച്ചതും എന്നതാണ്. മറിയത്തിൻറെ ജീവിതത്തിലെ ഓരോ സംഭവവും മനുഷ്യദൃഷ്ടിയിൽ ഒരത്ഭുതമാണ്. ഒരു കന്യക ഗർഭം ധരിക്കുമെന്നു ദൈവദൂതൻ പ്രത്യക്ഷപ്പെട്ടു പറയുന്നു. ചരിത്രത്തിൽ അന്നേവരെ കേട്ടുകേൾവി പോലുമില്ലാത്ത അത്ഭുതം. കൗമാരം കടന്നിട്ടില്ലാത്ത ഒരു പെൺകുട്ടി അത് അതേപടി വിശ്വസിച്ചുവെന്നതാണ് അതിനേക്കാൾ വലിയ അത്ഭുതം. ജനിക്കാൻ പോകുന്ന ശിശു ദൈവപുത്രൻ ആയിരിക്കുമെന്നത് അടുത്ത അത്ഭുതം. എന്നാൽ ആ ദൈവപുത്രനു ജനിക്കാൻ സ്വന്തം വീടെന്നല്ല, സ്വന്തം നാടുപോലും അനുവദിക്കാൻ ദൈവം തയ്യാറായില്ല എന്നതും അത്ഭുതം.

കാലിത്തൊഴുത്തിൽ ദരിദ്രനായി പിറന്നുവീണ കുഞ്ഞാണു ലോകരക്ഷകനെന്നു വിശ്വസിക്കാൻ ഒരമ്മയ്ക്കു കഴിയുന്നതും അത്ഭുതം. സകലപ്രപഞ്ചത്തിൻറെയും നാഥനായവനെ ജീവരക്ഷാർഥം ഒരു രാജ്യത്തുനിന്നു മറ്റൊരു രാജ്യത്തേക്കു രായ്ക്കുരാമാനം കൊണ്ടുപോകേണ്ടിവരുന്ന മറിയത്തെയും ജോസഫിനെയും ദൈവം നടത്തിയ വഴികളും അത്ഭുതം. ദൈവാലയത്തിൽ കാഴ്ചവയ്പ്പിൻറെ കൃത്യസമയത്തു തന്നെ ശെമയോനും അന്നയും അവിടെയെത്തിയതും അത്ഭുതം. ദൈവവചനങ്ങൾ എല്ലാം സംഗ്രഹിക്കാൻ ഒരുക്കമുള്ള ഒരു ഹൃദയം മറിയത്തിനു ലഭിച്ചതും അത്ഭുതം.

യേശുവിൻറെ ആദ്യത്തെ അത്ഭുതത്തിനു വഴിയൊരുക്കിയതു മറിയം. യേശുവിനു സുബോധം നഷ്ടപ്പെട്ടുവെന്നു വിശ്വസിച്ച ബന്ധുക്കളുടെ ( മർക്കോസ് 3:21) ഇടയിൽ വിശ്വാസത്തോടെ ഉറച്ചുനിന്നതും മറിയം. സംഭവിക്കാൻ പോകുന്നത് എന്തെന്നു വ്യക്തമായി അറിഞ്ഞിരുന്നിട്ടും സെഹിയോൻ മാളിക മുതൽ കാൽവരി വരെ നീളുന്ന കുരിശിൻറെ വഴിയിൽ മകനെ അനുധാവനം ചെയ്യാൻ ആ അമ്മയ്ക്കു കഴിഞ്ഞുവെന്നതും അത്ഭുതം. ക്ഷമ കൈവിടാതെ, ആരെയും ദ്വേഷിക്കാതെ, മുറിപ്പെടുത്തുന്ന ഒരു വാക്കുപോലും പറയാതെ മകൻറെ കുരിശിൻ ചുവട്ടിൽ മണിക്കൂറുകൾ നിൽക്കുക എന്നതു ലോകത്തിൽ ഒരമ്മയ്ക്കു മാത്രം സാധിക്കുന്ന മഹാത്ഭുതമല്ലേ!

സ്വർഗാരോപണത്തിനു ശേഷം മറിയം ചെയ്ത ആയിരക്കണക്കായ അത്ഭുതങ്ങളെക്കുറിച്ച് നമുക്കറിയാം. മറിയം അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവാണെന്നു പ്രസ്താവിച്ച ആറ്റിൽ ഒരത്ഭുതത്തിൻറെ പോലും ആവശ്യമില്ല. കാരണം മറിയത്തിൻറെ ജീവിതം ജനനം മുതൽ മരണം വരെയും നീളുന്ന ഒരു മഹാത്ഭുതമായിരുന്നു.

‘അടയാളങ്ങളും അത്ഭുതങ്ങളും കാണുന്നില്ലെങ്കിൽ നിങ്ങൾ ഒരിക്കലും വിശ്വസിക്കുകയില്ലല്ലോ ‘ ( യോഹ. 4:48) എന്ന ക്രിസ്തുവചനം മറ്റെന്നത്തെക്കാളും കൂടുതൽ പ്രസക്തമായ ഈ നാളുകളിൽ അത്ഭുതങ്ങൾ കൂടാതെ തന്നെ വിശ്വസിക്കാനുള്ള കൃപയ്ക്കു വേണ്ടി പരിശുദ്ധ കന്യകയുടെ മാധ്യസ്ഥം തേടി പ്രാർഥിക്കാം.

സുകൃതജപം:

അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ, തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കാൻ തക്കവിധമുള്ള വ്യാജ അത്ഭുതങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ സത്യവും വ്യാജവും തിരിച്ചറിയാനുള്ള കൃപ ലഭിക്കാൻ ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കണമേ.