കത്തി ജ്വലിക്കുന്ന പുസ്തകം

കത്തി ജ്വലിക്കുന്ന പുസ്‌തകം! വിശുദ്ധഗ്രന്ഥം  അങ്ങനെ ഒന്നാണ്. ബൈബിളിലെ വാക്കുകൾ സ്വയം ജ്വലിക്കുന്നവയാണ്.  ഉണ്ടാകട്ടെ  എന്ന ഒറ്റ വാക്കുകൊണ്ട് ആകാശവും ഭൂമിയും  ദൃശ്യവും അദൃശ്യവുമായ എല്ലാം സൃഷ്ടിച്ചവൻറെ വാക്കുകളാണവ.  സ്വയം  ജ്വലിക്കുന്ന ആ വാക്കുകൾ വായിക്കുന്നവരുടെ ഹൃദയങ്ങളെയും  ജ്വലിപ്പിക്കും. എമ്മാവൂസിലേക്കു നടന്നുപോയ രണ്ടു ശിഷ്യന്മാരുടെ ഹൃദയങ്ങൾ തിരുവചനങ്ങൾ കേട്ടപ്പോൾ ജ്വലിച്ചത് ഓർമ്മയില്ലേ?

കർത്താവിൻറെ വചനത്തെ   അടക്കിനിർത്താൻ ശ്രമിക്കുന്നവർ ഭോഷന്മാരാണ്. മഹാപ്രവാചകനായ ജെറമിയയ്ക്കു പോലും ഹൃദയത്തിൽ  നിറഞ്ഞ  വചനത്തെ അടക്കിനിർത്താനായില്ല. ‘കർത്താവിൻറെ വചനം എനിക്ക് ഇടവിടാതെ നിന്ദനത്തിനും  പരിഹാസത്തിനും ഹേതുവായിരിക്കുന്നു’ (ജെറ  20:8) എന്നു  പരാതിപ്പെടുന്ന പ്രവാചകൻ  മേലിൽ  ദൈവത്തിൻറെ നാമത്തിൽ സംസാരിക്കില്ല  എന്ന തീരുമാനമെടുക്കുകയാണ്. എന്നാൽ ആ തീരുമാനം  വിജയിക്കുന്നില്ല. ഹൃദയത്തെ ദഹിപ്പിക്കുന്ന അഗ്നി എൻറെ അസ്ഥികൾക്കുള്ളിൽ അടച്ചിട്ടിരിക്കുന്നതുപോലെ എനിക്കനുഭവപ്പെട്ടു. അതിനെ അടക്കാൻ ശ്രമിച്ചു ഞാൻ തളർന്നു; എനിക്കു സാധിക്കുന്നില്ല’ (ജെറ 20:9). സത്യദൈവത്തോടു ചേർന്നു  ജീവിച്ച ജെറമിയയ്ക്കു പോലും അടക്കിനിർത്താൻ  വയ്യാത്ത കർത്താവിൻറെ ഈ വചനത്തെയാണ്,  സത്യദൈവത്തെ ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത ചില ഭോഷന്മാർ   ഒരു  തീപ്പെട്ടിക്കൊള്ളി കൊണ്ടു  ചാമ്പലാക്കാമെന്നു വൃഥാ മോഹിക്കുന്നത്.

അഗ്നിയിൽ ഉരുകാത്തത് ഒന്നേയുള്ളൂ. അത് കർത്താവിൻറെ വചനമാണ്.  അഗ്നിയിൽ ഉരുകാത്തത്  അരുണോദയത്തിൽ ഉരുകുന്നതിൻറെ (ജ്ഞാനം 16:27) രഹസ്യം   നീതിസൂര്യനായ യേശുക്രിസ്തുവിനെ അറിഞ്ഞവർക്കു മാത്രം മനസിലാകുന്ന ഒന്നാണ്.  സൂര്യൻറെ പ്രകാശത്തെ പ്രതിഫലിപ്പിക്കാനല്ലാതെ ഒരിക്കലും സ്വയം പ്രകാശിക്കാനാകാത്ത   ചന്ദ്രൻറെ വെളിച്ചത്തിൽ നടക്കുന്നവർക്കു  വിശുദ്ധഗ്രന്ഥവും തിരുവചനങ്ങളും ഒരിക്കലും മനസിലാകാത്ത സമസ്യയായി തന്നെ തുടരും.  

കത്തിക്കാനല്ല, നമ്മുടെ ഹൃദയങ്ങളെ കത്തിജ്വലിപ്പിക്കാനാണു   വിശുദ്ധഗ്രന്ഥം നല്കപ്പെട്ടിരിക്കുന്നത്. നാം എത്രയോ ഭാഗ്യവാന്മാർ!  മറ്റുള്ളവർക്ക് ഉപമകളിലൂടെ മാത്രം നൽകപ്പെട്ട ദൈവരാജ്യത്തിൻറെ രഹസ്യങ്ങൾ  ദൈവം നമുക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു! മറ്റുളളവർക്ക് മുദ്രിതമായി തുടരുന്ന രഹസ്യങ്ങൾ നമുക്കായി തുറന്നുതരാൻ കെൽപുള്ള യേശുക്രിസ്തുവിലാണല്ലോ നാം വിശ്വസിക്കുന്നത്! തിരുവചനം വായിക്കണമെങ്കിൽ, ഗ്രഹിക്കണമെങ്കിൽ, അതനുസരിച്ചു  ജീവിക്കണമെങ്കിൽ ജ്ഞാനം വേണം.  അതു ലഭിക്കാതെ പോയ ഒരുകൂട്ടം ജനങ്ങളെക്കുറിച്ചു  ബാറൂക്ക് പ്രവാചകൻ വിവരിക്കുന്നുണ്ട്.

‘ഭൂമിയിൽ ജ്ഞാനം അന്വേഷിക്കുന്ന ഹാഗാറിൻറെ പുത്രന്മാരോ മിദിയാനിലെയും  തേമാനിലെയും വ്യാപാരികളോ  ജ്ഞാനാന്വേഷികളോ കഥ ചമയ്ക്കുന്നവരോ  ജ്ഞാനത്തിലേക്കുള്ള മാർഗം മനസിലാക്കിയിട്ടില്ല; അവളുടെ പാതകളെക്കുറിച്ച്  ചിന്തിച്ചിട്ടുമില്ല’ (ബാറൂക്ക്  3:23). 

ഹാഗാറിൻറെ മക്കൾക്ക്  ഇന്നും ജ്ഞാനം കിട്ടാക്കനിയായി  തുടരുന്നു.  ബൈബിളിൽ നിന്നു മോഷ്ടിച്ചവ കൊണ്ട് നുണയുടെ സാമ്രാജ്യം കെട്ടിപ്പടുക്കാൻ ശ്രമിച്ചവനും  ജ്ഞാനത്തിൽ നിന്ന് ഏറെ അകലെയായിരുന്നുവല്ലോ. ജ്ഞാനം കിട്ടാത്തവനു ജ്ഞാനത്തിൻറെയും  ജീവൻറെയും വചനങ്ങൾ നിറഞ്ഞ സത്യവേദപുസ്തകം കാണുന്നതുതന്നെ വെറുപ്പാണ്.  അതിൽ അത്ഭുതമില്ല.  അധർമികളുടെ  ചിന്താഗതിയെക്കുറിച്ചു  തിരുവചനം ഇപ്രകാരം പറയുന്നു. ‘നീതിമാനെ നമുക്കു പതിയിരുന്ന്  ആക്രമിക്കാം. അവൻ നമുക്കു ശല്യമാണ്. അവൻ നമ്മുടെ പ്രവൃത്തികളെ എതിർക്കുന്നു. നിയമം ലംഘിക്കുന്നതിനെയും ശിക്ഷണവിരുദ്ധമായി പ്രവർത്തിക്കുന്നതിനെയും കുറിച്ച് അവൻ നമ്മെ ശാസിക്കുന്നു. തനിക്കു ദൈവികജ്ഞാനമുണ്ടെന്നും താൻ  കർത്താവിൻറെ പുത്രനാണെന്നും അവൻ പ്രഖ്യാപിക്കുന്നു. അവൻ നമ്മുടെ ചിന്തകളെ കുറ്റം വിധിക്കുന്നു. അവനെ കാണുന്നതുതന്നെ നമുക്കു ദുസ്സഹമാണ്’ (ജ്ഞാനം 2:12-15).

നോക്കുക!  ആരോപണങ്ങളുടെ പട്ടിക  നീളുകയാണ്.അധർമികളുടെ  പ്രവൃത്തികളെ എതിർക്കാൻ പാടില്ല. തെറ്റു ചെയ്യുന്നവരെ ശാസിക്കാൻ പാടില്ല.  ബൈബിൾ ദൈവനിവേശിത ജ്ഞാനം നിറഞ്ഞ വിശുദ്ധഗ്രന്ഥമാണെന്നു പറയാൻ പാടില്ല. സർവോപരി  ദൈവത്തിൻറെ പുത്രൻ എന്നു  സ്വയം വിശേഷിപ്പിച്ച ക്രിസ്തുവിനെക്കുറിച്ചു  പറയാൻ പാടില്ല! ജ്ഞാനം ലഭിക്കാത്തവർ അങ്ങനെയാണ്. അവർ എന്നും അങ്ങനെ തന്നെയായിരുന്നു. ഹേറോദോസിനു  സ്നാപകയോഹന്നാനെതിരെ ഉണ്ടായിരുന്ന ഒരേയൊരു പരാതി താൻ  ചെയ്ത തിന്മയെ അവൻ  വിമർശിച്ചു എന്നായിരുന്നുവല്ലോ.  ഫരിസേയർക്കും നിയമജ്ഞർക്കും പുരോഹിതർക്കും ഉണ്ടായിരുന്ന  പരാതിയും അവരുടെ   തിന്മ നിറഞ്ഞ പ്രവൃത്തികളെ  ദൈവപുത്രനായ ക്രിസ്തു എതിർത്തു  എന്നതായിരുന്നു.   യേശുക്രിസ്തു  ദൈവപുത്രനാണെന്നു  പറഞ്ഞു എന്ന ഒറ്റക്കാരണത്താലാണ് ഇന്നും ലോകത്തിൽ ആയിരക്കണക്കിനു  ക്രിസ്ത്യാനികൾ അജ്ഞാനികളും  സത്യനിഷേധികളും   അക്രമത്തിൻറെ  മാർഗം  പിന്തുടരുന്നവരുമായ  മതഭീകരന്മാരുടെ വാളിന് ഇരയാകുന്നത്. 

‘അവർ  എന്നെ പീഡിപ്പിച്ചുവെങ്കിൽ നിങ്ങളെയും പീഡിപ്പിക്കും’ എന്ന കർത്താവിൻറെ പ്രവചനം പൂർത്തിയാകുന്ന നാളുകളിലാണു  നാം ജീവിക്കുന്നത്. ‘നിങ്ങളെ കൊല്ലുന്ന ഏവനും  താൻ  ദൈവത്തിനു  ബലിയർപ്പിക്കുന്നു എന്നു  കരുതുന്ന കാലം വരുന്നു’ ( യോഹ 16:2) എന്നു  കർത്താവു പറഞ്ഞതും ഈ  കാലത്തെക്കുറിച്ചല്ലേ?  യേശുക്രിസ്തുവിനെ ദൈവമായി അംഗീകരിക്കാൻ സാധിക്കാത്തവർ അവനെയും അവൻറെ    വചനത്തെയും  അവൻറെ അനുയായികളെയും   വാളുകൊണ്ട് എതിർക്കുന്നതിൻറെ ചരിത്രമാണു  കഴിഞ്ഞ  രണ്ടായിരം വർഷങ്ങൾ നമുക്കു  പറഞ്ഞുതരുന്നത്.  എന്നാൽ ക്രിസ്ത്യാനികളെ അതിക്രൂരമായി കൊന്നൊടുക്കിയ റോമാസാമ്രാജ്യം കാലത്തിൻറെ തികവിൽ ക്രൈസ്തവരാജ്യമായി മാറി  എന്നതാണു  സത്യം.  ക്രിസ്ത്യാനികളെ പച്ചയ്ക്കു  കത്തിച്ചപ്പോൾ വിശ്വാസം തളരുകയല്ല, വളരുകയാണു ചെയ്തത്  എന്ന ചരിത്രപാഠം പഠിക്കാത്ത  ഭോഷന്മാരാണു   വിശുദ്ധഗ്രന്ഥത്തിനു തീ കൊടുത്തുകൊണ്ട് ക്രിസ്തീയവിശ്വാസത്തെ തകർക്കാം  എന്നു മനക്കോട്ട കെട്ടുന്നത്.  നമുക്ക് അവരുടെ അജ്ഞതയോർത്തു സഹതപിക്കാം. 

എന്നാൽ അതിനേക്കാളുപരിയായി വേണ്ടത് അവരെയോർത്തു  കർത്താവിൻറെ ഒരു പ്രാർഥന ആവർത്തിക്കുകയാണ്.  ‘പിതാവേ, അവരോടു ക്ഷമിക്കണമേ; അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല (ലൂക്കാ 23:34).

ഒരു നാൾ  വരും. സിംഹാസനസ്ഥൻറെ ദൃഷ്ടിയിൽ നിന്നും കുഞ്ഞാടിൻറെ ക്രോധത്തിൽ നിന്നും ഞങ്ങളെ മറയ്ക്കുവിൻ (വെളി  6:16) എന്ന് അനേകർ നിലവിളിക്കുന്ന ഒരു നാൾ  വരും.  അതിനു മുൻപായി, തങ്ങൾ തള്ളിക്കളഞ്ഞ  മൂലക്കല്ലായ  ക്രിസ്തുവിനെയും തങ്ങൾ   ഒരിക്കൽ നിന്ദിച്ച  അവൻറെ   സത്യവചനത്തെയും അവർ  തിരിച്ചറിയട്ടെ  എന്നു പ്രാർഥിക്കാം.  കത്തിജ്വലിക്കുന്ന വിശുദ്ധഗ്രന്ഥത്തിൻറെ താളുകളിൽ  നിന്നും പുറപ്പെടുന്ന പരിശുദ്ധാത്മാവാകുന്ന അഗ്നി അവരുടെ ഹൃദയങ്ങളെ ഭരിക്കുന്ന അജ്ഞാനത്തിൻറെ  മുൾപ്പടർപ്പുകളെ കത്തി ചാമ്പലാക്കട്ടെ  എന്നും പ്രാർഥിക്കാം.