ആനന്ദം… പരമാനന്ദം.

ജീവിതത്തിൽ ഏറ്റവുമധികം സന്തോഷം അനുഭവിക്കുന്ന സമയം എപ്പോഴാണെന്നു  ചോദിച്ചാൽ പലരും പല    അഭിപ്രായങ്ങൾ പറഞ്ഞെന്നിരിക്കും.  ആഗ്രഹിച്ച കാര്യം സാധിക്കുമ്പോൾ, കുറെ പണം കൈയിൽ വരുമ്പോൾ,  ബിസിനസിലും കൃഷിയിലും വിജയം  കൈവരിക്കുമ്പോൾ,   ഇഷ്ടപ്പെട്ട ജീവിതപങ്കാളിയെ ലഭിക്കുമ്പോൾ , കുടുംബത്തോടൊപ്പം സമയം  ചെലവഴിക്കുമ്പോൾ, യാത്ര പോകുമ്പോൾ,  ഇഷ്ടമുള്ള വിനോദപരിപാടികൾ ആസ്വദിക്കുമ്പോൾ, സ്വസ്ഥമായി കിടന്നുറങ്ങുമ്പോൾ,  ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുമ്പോൾ,  ഇങ്ങനെ ഓരോരുത്തർക്കും സന്തോഷിക്കാനുള്ള കാരണങ്ങൾ  വ്യത്യസ്തമായിരിക്കും.

എന്നാൽ സത്യത്തിൽ നാം ഏറ്റവും കൂടുതൽ സന്തോഷിക്കേണ്ടത് എപ്പോഴാണ്?  മനുഷ്യൻറെ പരമമായ ലക്‌ഷ്യം   നിത്യജീവനാണ്.  അതിനെയോർത്തു നാം തീർച്ചയായും സന്തോഷിക്കണം. അതുപക്ഷേ മരണത്തിനു ശേഷം മാത്രം ലഭിക്കുന്ന ഒന്നാണല്ലോ.   ഈ ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ  നമുക്കു  ലഭിക്കാവുന്ന ഏറ്റവും വലിയ സന്തോഷം സ്വർഗത്തിലെ ആ ജീവിതത്തിൻറെ   ഒരു മുന്നാസ്വാദനമാണ്. 

സ്വർഗീയസന്തോഷത്തിൻറെ ഈ മുന്നാസ്വാദനം നമുക്കു ലഭിക്കുന്നതു പരിശുദ്ധ കുർബാനയിലാണ്.  സഭ ഇപ്രകാരം  പഠിപ്പിക്കുന്നു. ‘ നീതി നിവസിക്കുന്ന പുതിയ ആകാശത്തെയും പുതിയ  ഭൂമിയെയും കുറിച്ചുള്ള മഹത്തായ ഈ പ്രത്യാശയെ സംബന്ധിച്ചു കുർബാനയെക്കാൾ കൂടുതൽ ഉറപ്പുള്ള അച്ചാരമോ  കൂടുതൽ വ്യക്തമായ അടയാളമോ ഇല്ല. ഈ രഹസ്യം ആഘോഷിക്കപ്പെടുന്ന ഓരോ പ്രാവശ്യവും നമ്മുടെ രക്ഷാകർമം നിർവഹിക്കപ്പെടുന്നു. അമർത്യതയുടെ  ഔഷധവും മരിക്കാതെ യേശുക്രിസ്തുവിൽ നിത്യം ജീവിപ്പിക്കാനുള്ള മറുമരുന്നും ആയ ഏക അപ്പം നാം മുറിക്കുന്നു’ (CCC  1405).

ഉത്ഥിതനായ ക്രിസ്തുവുമായുള്ള ആത്മീയ ഐക്യമാണു നമുക്ക് ഈ ലോകത്തിൽ പ്രതീക്ഷിക്കാവുന്ന ഏറ്റവും മഹത്തായ കാര്യം. അതു സംഭവിക്കുന്നതും പരിശുദ്ധ കുർബാനയിലാണ്. ‘ഏറ്റവും ഉന്നതമായ രീതിയിൽ അവിടുന്ന് ദിവ്യകാരുണ്യസാദൃശ്യങ്ങളിൽ സന്നിഹിതനായിരിക്കുന്നു (CCC 1373).

അങ്ങനെയെങ്കിൽ  നാം ഏറ്റവുമധികം  സന്തോഷിക്കേണ്ടതു  ദിവ്യകാരുണ്യം സ്വീകരിക്കുന്ന സമയത്തല്ലേ?  സ്വർഗജീവിതത്തിൻറെ മുന്നാസ്വാദനം ലഭിക്കുക എന്നതിനേക്കാൾ  വലിയ മറ്റെന്ത്  ആനന്ദമാണു നമുക്കു  പ്രതീക്ഷിക്കാനുള്ളത്?

എന്നിട്ടും….

പരിശുദ്ധ കുർബാന കഴിഞ്ഞ് ഇറങ്ങിവരുന്ന ക്രിസ്ത്യാനികളുടെ മുഖത്ത്  ഒരു സന്തോഷം കാണാത്തതെന്തേ?  നാം ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണിത്.  പള്ളിയിൽ പോയതുപോലെ തന്നെയോ ഒരുപക്ഷേ അതിനേക്കാൾ  മ്ലാനവദനരായോ  ആണു പലരും കുർബാന കഴിഞ്ഞു പുറത്തേക്കിറങ്ങുന്നത്.

എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? 

കാരണം ഒന്നേയുള്ളൂ. മഹാസന്തോഷത്തിനു കാരണമാകേണ്ട ദിവ്യകാരുണ്യം  യോഗ്യതയില്ലാതെയും വേണ്ടത്ര ഒരുക്കമില്ലതെയും സ്വീകരിക്കുന്നു എന്നതാണത്.  അനുതപിച്ച്, പാപങ്ങൾ ഏറ്റുപറഞ്ഞ്, പാപമോചനം നേടി, തക്കതായ  ഒരുക്കത്തോടെ കുർബാന സ്വീകരിക്കുന്നവരുടെ മുഖത്തു  സ്വർഗീയാനന്ദത്തിൻറെ മുന്നാസ്വാദനം ലഭിച്ചതിൻറെ  പ്രകാശം  മറ്റുള്ളവർക്കു കണ്ടറിയാൻ കഴിയും. നമ്മളെ സന്തോഷിപ്പിക്കാൻ വേണ്ടിയാണല്ലോ  യേശുക്രിസ്തു പീഡകൾ സഹിക്കുകയും കുരിശിൽ മരിക്കുകയും ചെയ്തത്.   ആ കാൽവരി ബലിയുടെ  അനുസ്മരണവും പുനരവതരണവുമായ  പരിശുദ്ധകുർബാനയിൽ പങ്കെടുത്ത്,  അവിടുത്തെ ശരീരവും രക്തവും  സ്വീകരിച്ചിട്ടും  സന്തോഷിക്കാൻ കഴിയാതിരിക്കുക എന്നത് ഒരു  ക്രിസ്ത്യാനിയ്ക്കു സംഭവിക്കാവുന്ന ഏറ്റവും വലിയ ദുർവിധിയാണ്. 

യോഗ്യതയോടെയും ഒരുക്കത്തോടെയും മാത്രമേ നാം  ക്രിസ്തുവിൻറെ ശരീരരക്തങ്ങൾ സ്വീകരിക്കാൻ  വരികയുള്ളൂ എന്നു  ദൃഢപ്രതിജ്ഞയെടുക്കാം.  ആ പ്രതിജ്ഞ സഫലമാക്കാനുള്ള    കൃപ നൽകി ദിവ്യകാരുണ്യഈശോ  നമ്മെ അനുഗ്രഹിക്കട്ടെ.

(www.divinemercychannel.com)