പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുമ്പോൾ ഒരിക്കലെങ്കിലും നമ്മുടെ കണ്ണുകൾ നനഞ്ഞിട്ടുണ്ടോ? ഇല്ലെങ്കിൽ, പരിശുദ്ധകുർബാനയുടെ യഥാർഥ വില എന്തെന്നു നാം മനസിലാക്കിയിട്ടില്ല. കർത്താവ് നമുക്ക് വേണ്ടി ‘മരണത്തോളം, അതേ കുരിശുമരണത്തോളം അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തിയതിൻറെ’ (കൊളോ 2:8) അർഥം മനസിലാക്കിയിട്ടില്ല. സ്വന്തമെന്നു പറയാൻ ആകെയുള്ള ശരീരവും രക്തവും ഒരു മനുഷ്യൻ നമുക്കായി വിഭജിച്ചുതന്നതിൻറെ പിന്നിലെ ത്യാഗം നമുക്കു മനസിലായിട്ടില്ല. ചരിത്രത്തിൽ ഒരിക്കൽ മാത്രം സംഭവിച്ച ആ മഹാകർമ്മത്തിൻറെ അനുസ്മരണവും പുനരവതരണവുമാണ് നാം പങ്കെടുക്കുന്ന ദിവ്യബലി എന്നു മനസിലായിട്ടില്ല. ആ ബലിയിൽ പങ്കെടുക്കുമ്പോഴൊക്കെ നാം ക്രൂശിതനായ കർത്താവിനോട് ആത്മാവിൽ ഐക്യപ്പെട്ടു കാൽവരിക്കുന്നിലായിരിക്കണം എന്ന ചിന്ത നമ്മുടെ മനസിൻറെ കോണുകളിൽ പോലും ഉണ്ടാകുന്നുമില്ല.
വിശുദ്ധനായ പാദ്രേ പിയോ പരിശുദ്ധ കുർബാന അർപ്പിക്കുമ്പോൾ കരഞ്ഞിരുന്നു. കുർബാനയർപ്പിക്കുമ്പോൾ നിറയുന്ന കണ്ണുകൾ തുടയ്ക്കാനായി പുരോഹിതവസ്ത്രത്തിൻറെ വിളുമ്പിൽ ഒരു തൂവാല കൂടി തുന്നിച്ചേർത്ത വൈദികരുണ്ടായിരുന്നു എന്നു വായിച്ചിട്ടുണ്ട്. പരിശുദ്ധ കുർബാന എന്ന ‘അവർണ്ണനീയമായ ദാനത്തിന്’ നന്ദി പറയാൻ നമ്മുടെ കണ്ണീരിനേക്കാൾ വലുതൊന്നും നമുക്കു നൽകാനാവില്ല.
വിശുദ്ധരായ അനേകം വൈദികരും വിശ്വാസികളും പരിശുദ്ധ കുർബാന അർപ്പിച്ചതു നിറകണ്ണുകളോടെയായിരുന്നു. കർത്താവീശോമിശിഹാ നമുക്കുവേണ്ടി നിവർത്തിച്ച മഹാത്യാഗത്തിൻറെ ഓർമ്മ പോലും നമ്മുടെ കണ്ണുകളെ നനയിക്കണം. അങ്ങനെയെങ്കിൽ അതേ കാൽവരിബലിയുടെ പുനരാവർത്തനം നമ്മുടെ കൺമുൻപിൽ സംഭവിക്കുമ്പോൾ എങ്ങനെയാണു നമുക്കു നിസംഗരായിരിക്കാൻ കഴിയുന്നത്?
‘ഇതെൻറെ ശരീരമാകുന്നു, ഇതെൻറെ രക്തമാകുന്നു’ എന്നു പച്ചയ്ക്കു പറഞ്ഞുകൊണ്ടാണു കർത്താവ് പരിശുദ്ധ കുർബാന സ്ഥാപിച്ചത്. അതിനു വേറെ ഒരു വ്യാഖ്യാനവും സാധ്യമല്ലാത്ത തരത്തിൽ കർത്താവിൻറെ വാക്കുകൾ അത്ര വ്യക്തമായിരുന്നു. തൻറെ രണ്ടാംവരവു വരെ തൻറെ മക്കളുടെ കൂടെ എന്നും ആയിരിക്കാൻ അവിടുന്ന് കണ്ടുപിടിച്ച വഴിയായിരുന്നു അത്. ബലിപീഠത്തിൽ നിന്നു കർത്താവു നമുക്കു വിളമ്പിത്തരുന്നതു ‘നിത്യജീവനരുളുന്ന അപ്പവും നിത്യരക്ഷ നൽകുന്ന പാനപാത്രവും’ ആണെന്ന ബോധ്യം ഇല്ലാതെ ദിവ്യകാരുണ്യം സ്വീകരിക്കുക എന്നതിനു ദുരന്തം എന്നല്ലാതെ മറ്റെന്തു പേരാണു നല്കാൻ കഴിയുക! ‘ശരീരത്തെ വിവേചിച്ചറിയാതെ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നവൻ തൻറെ തന്നെ ശിക്ഷാവിധിയാണു ഭക്ഷിക്കുകയൂം പാനം ചെയ്യുകയും ചെയ്യുന്നത്’ (1 കൊറി 11:29) എന്നു പൗലോസ് ശ്ലീഹാ പഠിപ്പിച്ചതും പരിശുദ്ധ കുർബാനയെക്കുറിച്ചാണല്ലോ.
കൂദാശ ചെയ്ത അപ്പത്തിലും വീഞ്ഞിലും ‘നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻറെ ശരീരവും രക്തവും, ആത്മാവോടും ദൈവികതയോടും കൂടി സത്യമായും യാഥാർത്ഥമായും സത്താപരമായും, അങ്ങനെ ക്രിസ്തു മുഴുവനും അടങ്ങിയിരിക്കുന്നു എന്നാണു സഭ പഠിപ്പിക്കുന്നത് (CCC 1374). ക്രിസ്തുവിൻറെ ദിവ്യകാരുണ്യസാന്നിധ്യം കൂദാശാകർമ്മത്തിൻറെ നിമിഷം മുതൽ തുടങ്ങുകയും ദിവ്യകാരുണ്യസാദൃശ്യങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം അതു തുടരുകയും ചെയ്യുന്നു എന്നും സാദൃശ്യങ്ങളിൽ ഓരോന്നിലും ക്രിസ്തു പൂർണമായും സമഗ്രമായും സന്നിഹിതനാണ് എന്നും അവയുടെ ഓരോ ഭാഗത്തിലും പൂർണമായും സമഗ്രമായും സന്നിഹിതനാണ് എന്നും അതുകൊണ്ട് അപ്പത്തിൻറെ വിഭജിക്കൽ ക്രിസ്തുവിനെ വിഭജിക്കുന്നില്ല എന്നും സഭ തുടർന്നു പഠിപ്പിക്കുന്നു (CCC 1377).
അതിൻറെയർത്ഥം നാം സ്വീകരിക്കുന്ന തിരുവോസ്തിയിൽ നിന്ന് ഒരു പൊടിയെങ്കിലും താഴെ വീണാൽ ആ പൊടിയിലും കർത്താവീശോമിശിഹാ സത്യമായും യാഥാർത്ഥമായും സത്താപരമായും പൂർണ്ണമായും സമഗ്രമായും സന്നിഹിതനാണ് എന്നാണ്. അങ്ങനെയെങ്കിൽ തികച്ചും അശ്രദ്ധമായി തിരുവോസ്തി കൈകളിൽ വാങ്ങിക്കൊണ്ടുപോയി ഉൾക്കൊള്ളുകയും ഈശോയെ സ്വീകരിച്ച കൈ നമ്മുടെ വസ്ത്രത്തിൽ തുടക്കുകയും ചെയ്യുമ്പോൾ താഴെ വീഴുന്ന ഓരോ തരിയിലും ഈശോയുണ്ട്. അവിടെക്കിടന്നുകൊണ്ട് ഈശോ നിശബ്ദമായി പറയുന്നുണ്ട്, എന്നെ ചവിട്ടരുതേ എന്ന്. ഒരു ഞായറാഴ്ച നമ്മൾ താഴെയിട്ടിട്ടുപോയ ഈശോ അടുത്ത ഞായറാഴ്ച നമ്മൾ കുർബാനയ്ക്കു വരുമ്പോഴും അവിടെത്തന്നെ കിടപ്പുണ്ടാകും എന്നോർക്കുക.
പരിശുദ്ധകുർബാന സ്വീകരണത്തിൽ നാം കാണിക്കുന്ന അലസതയ്ക്കും അനാദരവിനും വലിയ വില കൊടുക്കേണ്ടി വരും. അറിയാതെ പോലും ഈശോയുടെ തിരുശരീരവും തിരുരക്തവും നിന്ദിക്കപ്പെടരുത് എന്ന നിർബന്ധത്തിൽ നിന്നാണു ദിവ്യകാരുണ്യം നാവിൽ സ്വീകരിക്കുക എന്ന പതിവ് ആരംഭിച്ചതും അതു നൂറ്റാണ്ടുകളായി സഭയിൽ സാധാരണ രീതിയായി തുടരുന്നതും. പൗരസ്ത്യസഭകളെ സംബന്ധിച്ചാണെങ്കിൽ മതബോധനഗ്രന്ഥം ഇങ്ങനെയും പഠിപ്പിക്കുന്നു. ‘ഐക്യത്തിൻറെ അടയാളം രണ്ടു സാദൃശ്യങ്ങളിലും നൽകുമ്പോൾ കൂടുതൽ പൂർണതയുളളതായിത്തീരുന്നു. കാരണം, ആ രൂപത്തിൽ, ദിവ്യകാരുണ്യവിരുന്നിൻറെ അടയാളം കൂടുതൽ വ്യക്തമായി കാണപ്പെടുന്നു. ഇതാണു പൗരസ്ത്യ റീത്തുകളിൽ ദിവ്യകാരുണ്യം സ്വീകരിക്കുനതിൻറെ സാധാരണ രൂപം’ (CCC 1390).
കർത്താവു പറഞ്ഞതും, പൗലോസ് ശ്ലീഹാ പറഞ്ഞതും, സഭ പഠിപ്പിക്കുന്നതും എല്ലാം നാം പെട്ടെന്നു മറന്നുപോകുന്നുവെങ്കിൽ ആ മറവിയ്ക്കും വലിയ വില കൊടുക്കേണ്ടി വരും. കൊറോണക്കാലത്തെ പ്രത്യേകസാഹചര്യത്തിൽ പരിശുദ്ധ കുർബാന കൈയിൽ കൊടുക്കാൻ അനുവദിച്ചത് ഇപ്പോൾ പല ക്രിസ്ത്യാനികളും കീഴ്വഴക്കമായി എടുത്തുകഴിഞ്ഞു. പുരോഹിതൻ പരിശുദ്ധ കുർബാന നാവിൽ കൊടുക്കാൻ തയ്യാറാണെങ്കിൽ പോലും അതു സ്വീകരിക്കാൻ മടിക്കുന്നവരുണ്ടല്ലോ.
നാം ആത്മശോധന ചെയ്യണം. നാം പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതു കുർബാനയുടെ വില ശരിക്കും മനസിലാക്കിക്കൊണ്ടാണോ? ദിവ്യകാരുണ്യം സ്വീകരിക്കുന്നതു യോഗ്യതയോടെയാണോ? തിരുശരീരത്തിൻറെ ഒരു പൊടിയോ തിരുരക്തത്തിൻറെ ഒരു തുള്ളിയോ നമ്മുടെ അശ്രദ്ധ കൊണ്ടു നിലത്തു വീഴാൻ ഇടയാകുന്നുണ്ടോ? ഈ ഭൂമിയിൽ നമുക്കു ലഭിക്കാവുന്ന ഏറ്റവും അമൂല്യമായ സമ്മാനം പുരോഹിതൻ നമ്മുടെ നാവിൽ വച്ചു തരുമ്പോൾ അതു സ്വീകരിക്കാൻ യോഗ്യതയുള്ള പാത്രങ്ങളായി നമ്മെത്തന്നെ ഒരുക്കാനുള്ള കൃപയ്ക്കായി ദിവ്യകാരുണ്യനാഥനോടു പ്രാർത്ഥിക്കാം. അങ്ങനെ യോഗ്യതയോടെ പരിശുദ്ധകുർബാനയിൽ പങ്കെടുത്ത്, ദിവ്യകാരുണ്യം സ്വീകരിക്കുമ്പോൾ, കർത്താവിൻറെ സ്നേഹത്തെ ഓർത്തു നമ്മുടെ കണ്ണുകൾ സജലങ്ങളാവുക തന്നെ ചെയ്യും.