‘വിശുദ്ധമായവ വിശുദ്ധിയോടെ ചെയ്യുന്നവർ വിശുദ്ധരാകും; അവ അഭ്യസിക്കുന്നവർ രക്ഷ കണ്ടെത്തും’ (ജ്ഞാനം 6:10). എന്താണു വിശുദ്ധം; എന്താണ് അശുദ്ധമെന്നും, എന്താണു വിശുദ്ധി; എന്താണ് അശുദ്ധി എന്നും തിരിച്ചറിയാൻ ബുദ്ധിമുട്ടുന്ന ഒരു തലമുറയിലാണു നാം ജീവിക്കുന്നത്. അതുകൊണ്ടുതന്നെ വിശുദ്ധമായവ വിശുദ്ധിയോടെ ചെയ്യുന്ന കാര്യത്തിൽ നമുക്കു വീഴ്ചകൾ സംഭവിക്കുന്നുണ്ട്.
പരിശുദ്ധ കത്തോലിക്കാ സഭ എന്നതു കർത്താവിൻറെ മൗതികശരീരം തന്നെയാണല്ലോ. ആ സഭയിലാണ് ഏഴു കൂദാശകളും പരികർമം ചെയ്യപ്പെടുന്നത്. അതിൽ തന്നെ കൂദാശകളുടെ കൂദാശയായ പരിശുദ്ധ കുർബാന സവിശേഷപ്രാധാന്യം അർഹിക്കുന്നു. കാരണം അവിടെ കാർമികൻ കരങ്ങളിൽ സംവഹിക്കുന്നതും വിശ്വാസികൾക്കു പങ്കുവച്ചുകൊടുക്കുന്നതും ‘നമ്മുടെ പാപങ്ങൾക്കുവേണ്ടി കുരിശിലേറ്റപ്പെടുകയും നമ്മെ നീതീകരിക്കാനായി ഉയിർത്തെഴുന്നേൽക്കുകയും ചെയ്ത’ കർത്താവീശോമിശിഹായുടെ തിരുശരീരവും തിരുരക്തവും തന്നെയാണ്.
ഇത്രമേൽ ശ്രേഷ്ഠമായ ഒരു കൂദാശ പരികർമം ചെയ്യപ്പെടുന്നു എന്ന ഒറ്റക്കാരണത്താൽ നമ്മുടെ ദൈവാലയങ്ങൾ വിശുദ്ധമാണ്. അതിൽ തന്നെ കൂദാശകർമ്മം നടത്തപ്പെടുന്ന മദ്ബഹ അതിവിശുദ്ധവുമാണ്. അവിടെ അനുഷ്‌ഠിക്കപ്പെടുന്നതു ‘ഭയഭക്തിജനകമായ രഹസ്യങ്ങൾ’ ആണെന്നും . ആ ബലി അർപ്പിക്കാൻ താനും തൻറെയൊപ്പമുള്ള ആരാധനസമൂഹവും അയോഗ്യരാണെന്നും കാർമികൻ ഒന്നലധികം തവണ കുർബാനയിൽ ഏറ്റുപറയുന്നുണ്ട്. ‘മനുഷ്യവംശത്തിനു മുഴുവൻ രക്ഷ നൽകിയ സമുന്നതവും ഭയഭക്തിജനകവും പരിശുദ്ധവും ദൈവികവുമായ ഈ രഹസ്യം എളിയവരും ബലഹീനരുമായ ഞങ്ങൾ നിൻറെ കൃപയാൽ അനുഷ്ഠിക്കുന്നു’ (മാർ തെയദോറിൻറെ കൂദാശാക്രമത്തിൽ നിന്ന്) എന്ന കാർമികൻറെ പ്രസ്താവനയും നമ്മുടെ അയോഗ്യതയുടെ ആവർത്തിച്ചുള്ള ഏറ്റുപറച്ചിലാണ്. ‘പരിശുദ്ധമായ ചിന്തകളോടെ അങ്ങയുടെ ബലിപീഠത്തിനു മുൻപിൽ നില്ക്കാൻ കർത്താവേ, ഞങ്ങളെ സഹായിക്കണമേ’ എന്നു സഭ പ്രാർത്ഥിക്കുന്നതു വിശുദ്ധമായ ബലിപീഠം സ്ഥാപിക്കപ്പെട്ടിരിക്കുന്ന ദൈവാലയത്തിൻറെ വിശുദ്ധിയ്ക്കു ചേരാത്ത ഒരു ചിന്ത പോലും നമ്മുടെ ഹൃദയങ്ങളിൽ ഉണ്ടാകരുത് എന്നു നമ്മെ ഓർമ്മിപ്പിക്കാനാണ്.
ക്രിസ്ത്യാനി വിളിക്കപ്പെട്ടിരിക്കുന്നതു വിശുദ്ധനാകാനാണ്. അതിനുള്ള വഴി വിശുദ്ധമായ ദൈവാലയത്തിലെ വിശുദ്ധമായ കർമങ്ങൾ വിശുദ്ധിയോടെ അനുഷ്‌ഠിക്കുക എന്നതാണ്. അതീവവിശുദ്ധിയോടെ മാത്രം ഒരുവനു സമീപിക്കാൻ അനുവാദമുള്ള ദൈവാലയങ്ങളിൽ നമ്മുടെ പെരുമാറ്റം എങ്ങനെയാണ് എന്ന് ആത്മശോധന ചെയ്യുന്നതു നല്ലതാണ്. ‘മാലാഖമാരുടെ ഗണം വലിയ ഭയത്തോടും വിറയലോടും കൂടെ കർത്താവിൻറെ നാമം പ്രകീർത്തിക്കുമ്പോൾ’ അവരുടെയൊപ്പം ചേർന്നു സ്തുതികൾ ഉയർത്തേണ്ട നമ്മുടെ ഹൃദയം എവിടെയാണ്? ‘പാപമോചനത്തിനായി കാരുണ്യപൂർവം നൽകപ്പെടുന്ന ജീവദായകമായ തീക്കട്ടയായ പരിശുദ്ധ കുർബാന’ നാം സ്വീകരിക്കുന്നതു ‘മനസാക്ഷിയുടെ നൈർമല്യത്തോടും വിശുദ്ധമായ ചിന്തകളോടും’ കൂടിയാണോ? വിശുദ്ധ മദ്ബഹയിൽ, നമ്മുടെ മുൻപിൽ ബലിയർപ്പിക്കപ്പെട്ട, ജീവനുള്ള ദൈവത്തിൻറെ കുഞ്ഞാടിനു മുൻപിൽ നിലകൊള്ളുന്ന സ്വർഗീയ സൈന്യങ്ങൾ ഭയഭക്തിയോടെ മാത്രം വീക്ഷിക്കുന്ന ഈ മഹാരഹസ്യം വെറും അപ്പവും വീഞ്ഞും മാത്രം ആയി നമുക്ക് അനുഭവപ്പെടുന്നുവെങ്കിൽ അതിൻറെയർത്ഥം ദൈവാലയവും ബലിപീഠവും ആഗ്രഹിക്കുന്ന വിശുദ്ധിയിലേക്കുയരാൻ നമുക്കു കഴിയുന്നില്ല എന്നതു മാത്രമാണ്.
എന്തുകൊണ്ടാണു പരിശുദ്ധ കുർബാന നമ്മുടെ ജീവിതത്തിൽ ഒരനുഭവമായി മാറാത്തത് എന്ന ചോദ്യത്തിൻറെ ഉത്തരം ‘പരിശുദ്ധ കുർബാന ജീവൻ മറഞ്ഞിരിക്കുന്ന വലിയൊരു രഹസ്യമാകുന്നു. അത് അർഹതയുള്ളവന് എല്ലാ നന്മകളും നൽകുകയും ചെയ്യുന്നു’ എന്ന ഏറ്റുപറച്ചിലിലുണ്ട്. നിങ്ങളുടെ മുത്തുകൾ പന്നികൾക്ക് ഇട്ടുകൊടുക്കരുത് എന്നു പറഞ്ഞതും കർത്താവു തന്നെയാണ്. വൈദികർ ‘മാലാഖമാരോടുകൂടെ ജീവൻറെ അച്ചാരം സംവഹിച്ചുകൊണ്ടു’ നമ്മുടെ മുന്നിലേക്കു വരുമ്പോൾ അതു സ്വീകരിക്കാനെന്നല്ല, അതിനു സാക്ഷിയാകാനെങ്കിലുമുള്ള യോഗ്യത നമുക്കുണ്ടോ എന്നു ചിന്തിക്കണം.
പാരമ്പര്യക്രിസ്ത്യാനികളായ നാം കുർബാന സ്വീകരിക്കാൻ ഒരു യോഗ്യതയും ഇല്ലാതിരിക്കെത്തന്നെ യാന്ത്രികമായി കൈ നീട്ടുന്നു. ഒരു മിഠായി വായിലിടുന്ന ലാഘവത്തോടെ തിരുവോസ്തി വായിലേക്കെറിഞ്ഞ്, കൈയിൽ ഒരു തരിയെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കിൽ അതും കുടഞ്ഞുകളഞ്ഞു തിരിച്ചുപോകുന്നു. മക്കബായരുടെ പുസ്തകത്തിൽ ഇങ്ങനെ എഴുതിവച്ചിരിക്കുന്നു. ‘ദൈവികനിയമങ്ങളോട് അനാദരം കാണിക്കുന്നതു നിസാരമല്ല. ഭാവി സംഭവങ്ങൾ ഈ വസ്തുത തെളിയിക്കും’ ( 2 മക്ക. 4:17). നമ്മുടെ കാലഘട്ടത്തിലെ സംഭവങ്ങൾ ഈ വസ്തുത തെളിയിച്ചുകഴിഞ്ഞുവല്ലോ. പുരോഹിതന്മാർക്കു ബലിപീഠശുശ്രൂഷയിൽ ശുഷ്‌കാന്തി നശിക്കുകയും അവർ ചക്രത്തളികയേറിനു സമയമായാലുടൻ, വിശുദ്ധമന്ദിരത്തെ അവഗണിക്കുകയും ബലിയർപ്പണത്തിൽ അനാസ്ഥ കാണിക്കുകയും ചെയ്തുകൊണ്ട്, പരിപാടികളിൽ സംബന്ധിക്കാൻ മത്സരരംഗത്തേക്കു കുതിക്കുകയും ചെയ്തിരുന്ന ഒരു പശ്ചാത്തലത്തിലാണ് ( 2 മക്ക 4:14) ഈ വചനം എഴുതപ്പെട്ടത് എന്നു നമുക്കറിയാം. ഇന്നു സാമാന്യജനത്തിൻറെ അവസ്ഥയും വ്യത്യസ്തമല്ല.
മദ്ബഹ ആർക്കും കയറിയിറങ്ങാവുന്ന ഒരിടമാണെന്ന ചിന്ത ഇന്നു വളരെ വ്യാപകമാണ്. വിശുദ്ധവും അശുദ്ധവും തമ്മിലുള്ള വ്യത്യാസം ജനങ്ങൾക്കു ബോധ്യപ്പെടുത്തിക്കൊടുക്കാൻ കടപ്പെട്ട വൈദികർ ഇക്കാര്യത്തിൽ കർശനനിയന്ത്രണം കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മദ്ബഹായിലൂടെ മൊബൈലിൽ സംസാരിച്ചുകൊണ്ടു നടക്കുന്ന ഒരു കന്യാസ്ത്രീയെ കാണാനുള്ള ഗതികേട് ഈയിടെയുണ്ടായി. അൾത്താരയിലൂടെ ഫോൺ ചെയ്തുകൊണ്ടു നടക്കുന്ന ഒരു കപ്യാരെയും കാണാനിടയായി. അനേകം കാര്യങ്ങളിൽ വ്യഗ്രത പൂണ്ടിരിക്കുന്ന അവർ തങ്ങൾ ആയിരിക്കുന്ന സ്ഥലം ഏതാണെന്നു പൂർണമായും വിസ്മരിച്ചുപോകുന്നു എന്നതാണു ദുഖകരം.
ദൈവസാന്നിധ്യം വെളിപ്പെട്ടപ്പോൾ ഏശയ്യാ പറഞ്ഞത് ‘എനിക്കു ദുരിതം, ഞാൻ അശുദ്ധമായ അധരങ്ങളുള്ളവനും അശുദ്ധമായ അധരങ്ങൾ ഉള്ളവരുടെ മദ്ധ്യേ വസിക്കുന്നവനുമാണ് . എന്തെന്നാൽ സൈന്യങ്ങളുടെ കർത്താവായ രാജാവിനെ എൻറെ നയനങ്ങൾ ദർശിച്ചിരിക്കുന്നു’ (ഏശയ്യാ 6:5) എന്നാണ്. ഏശയ്യായെപ്പോലെ ബലിപീഠത്തിൽ സൈന്യങ്ങളുടെ കർത്താവായ രാജാവിനെ ദർശിക്കാനുള്ള കൃപ ലഭിച്ചവർ ഭാഗ്യവാന്മാർ! അവർക്കു മാത്രമേ ബലിപീഠത്തിൻറെ യഥാർത്ഥ മഹത്വം എന്തെന്നു മനസിലാവുകയുള്ളൂ.
എഴുന്നള്ളിച്ചുവച്ചിരിക്കുന്ന പരിശുദ്ധ കുർബാനയുടെ മുൻപിൽ ഒരു വശത്തെ മെഴുകുതിരി മാറ്റിയതിനുശേഷം മറുവശത്തെ മെഴുകുതിരി മാറ്റാനായി പിറകിൽ സങ്കീർത്തിയിൽ കൂടി വരുന്ന ഒരു കന്യാസ്ത്രീയെ കണ്ടത് ഈ നാളുകളിൽ തന്നെയാണ്. സൈന്യങ്ങളുടെ കർത്താവായ രാജാവിനെ ആ തിരുവോസ്തിയിൽ കണ്ടതുകൊണ്ടാണു ദിവ്യകാരുണ്യത്തിനു മുൻപിലൂടെ മറുവശത്തേക്കു പോകാനുള്ള യോഗ്യത പോലും തനിക്കില്ല എന്നു വിശുദ്ധയായ ആ കന്യാസ്ത്രീ സ്വയം തീരുമാനിച്ചത്. ആയിരക്കണക്കിനാളുകൾ വന്നുപോകുന്ന കേരളത്തിലെ പ്രധാനപ്പെട്ട ഒരു ധ്യാനകേന്ദ്രത്തിലെ ചാപ്പലിൻറെ മദ്ബഹായിൽ കഴിഞ്ഞ ഒന്നര ദശാബ്ദത്തിനിടയിൽ കയറിയിട്ടുള്ള വ്യക്തികളുടെ എണ്ണം കൈവിരലിൽ എണ്ണാവുന്നതേയുള്ളൂ എന്നറിയുമ്പോൾ അവിടെ നിന്നൊഴുകുന്ന കൃപയുടെ കാരണം തിരക്കി വേറെയെവിടെയും പോകേണ്ടതില്ലല്ലോ.
എന്നാൽ നമുക്ക് ഇതെല്ലം നിസാരമാണ്. മലിനമായ ഭക്ഷണം ബലിപീഠത്തിൽ അർപ്പിച്ചുകൊണ്ടു തൻറെ ബലിപീഠത്തെ നിസാരമെന്നു കരുതിയ ഒരു ജനത്തെയോർത്ത് (മലാക്കി 1:7) കർത്താവ് വിലപിക്കുന്നുണ്ട്. അധരത്തിൽ ജ്ഞാനം സൂക്ഷിക്കുകയും ജനത്തിനു പ്രബോധനം നൽകുകയും ചെയ്യേണ്ട ( മലാക്കി 2:7) പുരോഹിതരിൽ ചിലരെങ്കിലും കർത്താവിൻറെ ബലിപീഠത്തെ നിസാരമായി കരുതുന്നു എന്നതും സത്യമാണ്. കർത്താവിൻറെ ബലിപീഠത്തെ നിസാരമായി കരുതുന്നതും അവിടെ അനുവദിക്കപ്പെട്ടിട്ടില്ലാത്ത കാര്യങ്ങൾ ചെയ്യുന്നതും തകർച്ചയുടെ ആരംഭമാണ് എന്ന് ഇനിയെപ്പോഴാണു നാം മനസിലാക്കുക?
ബലിപീഠത്തെ നിസാരമെന്നു കരുതിയതായിരുന്നു സാവൂൾ രാജാവിൻറെ പതനത്തിൻറെ തുടക്കം. (1 സാമു 13: 8-14 ). അവൻറെ പതനം പൂർത്തിയാകുന്നതും ബലിപീഠത്തോടുള്ള അവൻറെ അവഹേളനം മൂലമായിരുന്നു (1 സാമു 15:22-23). സോളമൻ രാജാവ് തന്നെ ശിക്ഷിക്കും എന്നുറപ്പായപ്പോൾ യോവാബ് ചെയ്തതു താൻ ഒരിക്കലും നിൽക്കാൻ പാടില്ലാതിരുന്ന ബലിപീഠത്തിൻറെ അടുത്തേക്കു പോകുകയായിരുന്നു. ആ ബലിപീഠത്തിൽ പിടിച്ചുനിൽക്കുമ്പോൾ തന്നെയായിരുന്നു അവൻ കൊല്ലപ്പെട്ടതും! (1 രാജാ 2:28-34). ഏലിയുടെ പുത്രന്മാർ തിരസ്കൃതരാകാനുള്ള കാരണവും കർത്താവിനർപ്പിക്കപ്പെടേണ്ട കാഴ്ചകളെ അശ്രദ്ധയോടെ വീക്ഷിച്ചതായിരുന്നു ( 1 സാമു 2:12-17, 27-36).
ബലിപീഠവും ദൈവാലയവും വിശുദ്ധമാണ്. അശുദ്ധർ അതിലൂടെ സഞ്ചരിക്കാൻ ദൈവം ആഗ്രഹിക്കുന്നില്ല. മദ്യപിച്ചും ലഹരി സാധനങ്ങൾ ഉപയോഗിച്ചും ദൈവാലയത്തിൽ വരുന്നവർ ഓർക്കാനായി ഒരു വചനം ലേവ്യരുടെ പുസ്തകത്തിൽ എഴുതിവെച്ചിട്ടുണ്ട്. ‘നീയും പുത്രന്മാരും സമാഗമകൂടാരത്തിലേക്കു പോകുമ്പോൾ വീഞ്ഞോ ലഹരി സാധനങ്ങളോ കുടിക്കരുത്. കുടിച്ചാൽ നിങ്ങൾ മരിക്കും’ (ലേവ്യർ 10:9). പല കുടുംബങ്ങളുടെയും തകർച്ചയ്ക്കു പിറകിൽ പൗരോഹിത്യത്തോടും ദൈവാലയത്തോടും ബലിപീഠത്തോടും അവർ കാണിച്ച നിന്ദനമോ അവഹേളനമോ ശ്രദ്ധക്കുറവോ ആണ് എന്ന സത്യം അവർ മനസിലാക്കുന്നുണ്ടാവില്ല.
യോഗ്യതയില്ലാതെ പരിശുദ്ധ കുർബാന സ്വീകരിക്കുന്നതു നമ്മുടെ ശരീരത്തിനും ആത്മാവിനും ദോഷം ചെയ്യും എന്നു വ്യക്തമായിത്തന്നെ പൗലോസ് ശ്ലീഹാ പഠിപ്പിക്കുന്നുണ്ട്. ( 1 കൊറി 11:27-30). മാലാഖമാരുടെ അപ്പം മനുഷ്യർക്കു നൽകിയപ്പോൾ യേശു ആഗ്രഹിച്ചത് അവർ അതു യോഗ്യതാപൂർവം സ്വീകരിക്കുകയും അതുവഴി നിത്യജീവൻ നേടുകയും ചെയ്യട്ടെ എന്നായിരുന്നു. ആർക്കും വിളമ്പിക്കൊടുക്കാവുന്ന ഒരപ്പമല്ല പരിശുദ്ധ കുർബാന. ആയിരുന്നുവെങ്കിൽ ദൈവം അത് ആദത്തിനും ഹവ്വയ്ക്കും കൊടുക്കുമായിരുന്നുവല്ലോ. തങ്ങളുടെ പാപാവസ്ഥയിൽ ജീവൻറെ വൃക്ഷത്തിൽ നിന്നു ഭക്ഷിക്കുകയും അതു വഴി നിത്യവിലാപത്തിൻറേതായ അമരത്വം – നരകം തന്നെ- അവർ നേടുകയും ചെയ്യാതിരിക്കേണ്ടതിനായി ദൈവം ചെയ്ത വലിയൊരു കാരുണ്യപ്രവൃത്തിയായിരുന്നു അവരെ ഏദൻ തോട്ടത്തിൽ നിന്നു പുറത്താക്കിയത് ( ഉൽ 3:22-24). ‘ഞങ്ങൾ ഭക്ഷിച്ച തിരുശരീരവും പാനം ചെയ്ത തിരുരക്തവും ഞങ്ങൾക്കു ശിക്ഷാവിധിയ്ക്കു കാരണമാകാതെ കടങ്ങളുടെ പൊറുതിയ്ക്കും പാപങ്ങളുടെ മോചനത്തിനും നിൻറെ സന്നിധിയിൽ സന്തുഷ്ടിയ്ക്കും നിദാനമാകട്ടെ’ എന്നു കാർമികൻ കുർബാനസ്വീകരണത്തിനു ശേഷം പ്രാർത്ഥിക്കുന്നതിൻറെ പിറകിലും ആരെങ്കിലും അയോഗ്യതയോടെ ജീവൻറെ വൃക്ഷമായ യേശുക്രിസ്തുവിൻറെ ശരീരത്തിലും രക്തത്തിലും പങ്കുപറ്റുന്നുണ്ടോ എന്നതിനെക്കുറിച്ചുള്ള ആകുലതയാണു പ്രകടമാകുന്നത്.
കുമ്പസാരിക്കാതെയും പാപങ്ങളോർത്ത് അനുതപിക്കാതെയും കുർബാന സ്വീകരണത്തിനണയുന്നവരുടെ എണ്ണം കൂടിവരുന്നതു വലിയൊരു അപകട സൂചനയാണ്. ‘ആരും തൻറെ ശരീരത്തിൻറെയും ആത്മാവിൻറെയും ശിക്ഷാവിധിയ്ക്കായി ഇതു ഭക്ഷിക്കാനും പാനം ചെയ്യാനും ഇടയാകാതിരിക്കട്ടെ’ എന്നു കുർബാന സ്വീകരണത്തിനു മുൻപായി കാർമികൻ പ്രാർത്ഥിക്കുന്നത് ആരാധനസമൂഹത്തിനുള്ള മുന്നറിയിപ്പു കൂടിയാണ്.
തൻറെ ബലിപീഠത്തിന്മേൽ മനുഷ്യൻറെ നഗ്നത കാണപ്പെടാൻ ദൈവം ആഗ്രഹിക്കുന്നില്ല. ‘എൻറെ ബലിപീഠത്തിന്മേൽ നിൻറെ നഗ്നത കാണപ്പെടാതിരിക്കാൻവേണ്ടി നീ അതിന്മേൽ ചവിട്ടുപടികളിലൂടെ കയറരുത്’ ( പുറ 20:26) എന്നാണു ദൈവം കൽപിച്ചത്. ദൈവാലയങ്ങൾ ശരീരപ്രദർശനത്തിനുള്ള വേദിയാക്കിമാറ്റുന്നവരെ ഓർത്തു ദൈവം ഇന്നും വിലപിക്കുന്നു.
ദൈവസാന്നിധ്യമുള്ള സ്ഥലം അന്നും ഇന്നും എന്നും വിശുദ്ധമാണ്. കത്തുന്ന മുൾപ്പടർപ്പിനടുത്തേക്കു പോകാനൊരുങ്ങിയ മോശയോടു കർത്താവ് കല്പിച്ചതു ചെരുപ്പുകൾ അഴിച്ചുമാറ്റാനായിരുന്നു. ‘എന്തുകൊണ്ടെന്നാൽ നീ നിൽക്കുന്ന സ്ഥലം പരിശുദ്ധമാണ്’ (പുറ. 3:5 ). തങ്ങൾ നിൽക്കുന്നയിടം പരിശുദ്ധമാണെന്നു തിരിച്ചറിയുന്ന ആരും ഒരിക്കലും ദൈവാലയത്തിനുള്ളിൽ ചെരുപ്പ് ഉപയോഗിക്കില്ല. ചെരുപ്പിട്ടുകൊണ്ടു ദൈവാലയത്തിൽ കയറുന്ന കത്തോലിക്കർ വേറെ ഏതെങ്കിലും മതസ്ഥരുടെ ആരാധനാലയങ്ങളിൽ ചെരുപ്പിട്ടു കയറാൻ ധൈര്യപ്പെടുമോ എന്നുകൂടി ചിന്തിക്കുന്നതു നല്ലതാണ്. . കേരളത്തിലെ പ്രശസ്തമായ ഒരു ബസിലിക്ക ദൈവാലയത്തിനുള്ളിൽ കയറുമ്പോൾ അവിടെ നമ്മെ എതിരേൽക്കുന്നതു തൂണുകൾക്കു ചുറ്റും സൂക്ഷിച്ചുവച്ചിട്ടുള്ള ചെരുപ്പുകളാണ്. താൻ കർത്താവിൻറെ ചെരുപ്പിൻറെ കെട്ട് അഴിക്കാൻ പോലും യോഗ്യനല്ല (ലൂക്കാ 3:16) എന്നു പറഞ്ഞ സ്നാപകനേക്കാൾ കൂടുതൽ യോഗ്യത നമുക്കുണ്ടെന്ന തോന്നൽ കൊണ്ടാണോ കർത്താവിൻറെ ബലിപീഠത്തിനു മുൻപിൽ തന്നെ നമ്മുടെ ചെരുപ്പുകളും നാം പ്രതിഷ്ഠിക്കുന്നത്?
പുറപ്പാട് പുസ്തകത്തിലെ ഇരുപത്തിയെട്ടാം അധ്യായം മുഴുവനും അഹറോൻറെ പുരോഹിതവസ്ത്രങ്ങൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചു ദൈവം നൽകുന്ന നിർദേശങ്ങളാണ്. അവയുടെ ഏറ്റവും ചെറിയ വിശദാംശങ്ങൾ വരെ നിർദേശിക്കുന്ന ദൈവം പാദരക്ഷകളുടെ കാര്യം പരാമർശിക്കുന്നതേയില്ല എന്നു നാം ഓർക്കണം.
ബലിപീഠത്തിനു സമീപം വരാനും ശുശ്രൂഷ ചെയ്യാനും ദൈവം തെരഞ്ഞെടുത്തവർക്കു മാത്രമേ അധികാരമുള്ളൂ. അതു മറന്നുപോയതാണു പുരോഹിതനായ അഹറോൻറെ മക്കളായ നാദാബിനും അബിഹുവിനും സംഭവിച്ച ദുരന്തം. കർത്താവ് കല്പിക്കാത്ത അഗ്നി ബലിപീഠത്തിൽ സമർപ്പിച്ച അവർ രണ്ടുപേരും മരണം കൊണ്ടാണു ശിക്ഷിക്കപ്പെട്ടത് ( ലേവ്യർ 10:1-2). മാലാഖമാർ പോലും കയറിച്ചെല്ലാൻ മടിക്കുന്ന ബലിപീഠത്തിനു മുൻപിലേക്കു യാതൊരു ഭയവുമില്ലാതെ കയറിച്ചെല്ലുന്നവർ അതിൻറെ പരിണതഫലങ്ങളെക്കുറിച്ചു ബോധവാന്മാരാണോ? വിശുദ്ധവും അശുദ്ധവും എന്തെന്നും, അനുവദിക്കപ്പെട്ടതും അനുവദിക്കപ്പെടാത്തതും എന്തെന്നും കൂടുതൽ അറിയുന്നതു പുരോഹിതർക്കാണ്. അതുകൊണ്ട് എസെക്കിയേൽ പ്രവാചകനിലൂടെ ദൈവം ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു. ‘വിശുദ്ധവും വിശുദ്ധമല്ലാത്തതും തമ്മിലുള്ള വ്യത്യാസം അവർ എൻറെ ജനത്തെ പഠിപ്പിക്കുകയും എപ്രകാരമാണ് അതു വേർതിരിച്ചറിയേണ്ടതെന്ന് അവർക്കു കാണിച്ചുകൊടുക്കുകയും വേണം’ (എസക്കി 44:23).
അതിവിശുദ്ധസ്ഥലമായ മദ്ബഹായിലേക്കു കടന്നുവരുന്ന ഏതൊരാളും തങ്ങളുടെ അയോഗ്യതകളെക്കുറിച്ചാണ് ആദ്യം ചിന്തിക്കേണ്ടത്. അവിടെ പ്രവേശിക്കാൻ താൻ യോഗ്യനല്ല എന്നു മനസാക്ഷി പറയുന്നുവെങ്കിൽ അവിടെ കയറാതിരിക്കുകയാണു ദൈവത്തിനു കൂടുതൽ പ്രീതികരം. ദൈവാലയശുശ്രൂഷികൾക്കാണെങ്കിലും ദൈവാലയം വൃത്തിയാക്കാൻ വരുന്നവർക്കാണെങ്കിലും ഇതു ബാധകമാണ്. ധൂപം അർപ്പിക്കാനായി ദൈവാലയത്തിനുള്ളിലേക്കു പോയ സഖറിയാ തിരിച്ചുവരാൻ വൈകിയിട്ടും ഇസ്രായേൽ ജനങ്ങളിൽ ആരും അവനെ തിരക്കി ഉള്ളിലേക്കു കടന്നുചെന്നില്ല (ലൂക്കാ 1:21). കാരണം ആ അതിവിശുദ്ധസ്ഥലത്തു കടന്നുചെല്ലാൻ തങ്ങൾ അയോഗ്യരാണെന്ന് അവർ അറിഞ്ഞിരുന്നു. ഈ അറിവു നഷ്ടപ്പെട്ടതാണു വിശുദ്ധസ്ഥലങ്ങളിൽ അശുദ്ധമായി പെരുമാറാൻ നമ്മെ പ്രേരിപ്പിക്കുന്നത്.
പ്രാർത്ഥനയും സ്തുതിപ്പും മാത്രം മുഴങ്ങേണ്ട ദൈവാലയങ്ങളിൽ മൊബൈൽ ഫോണിൻറെ മണിനാദം മുഴങ്ങാൻ തീർച്ചയായും കർത്താവ് ആഗ്രഹിക്കുന്നില്ല. ദൈവാലയം വിശുദ്ധമാണ് എന്ന ബോധ്യം നഷ്ടപ്പെടുമ്പോഴാണ് അവിടെയിരുന്നു മൊബൈലിൽ സംസാരിച്ചാലും കുഴപ്പമില്ല എന്നു ചിന്തിക്കുന്നത്. ചന്തസ്ഥലത്തെന്നതുപോലെ കാഴ്ചകൾ കാണാനായി കണ്ണുകളെ അലസമായി വിടാനുള്ള സ്ഥലവുമല്ല ദൈവാലയം. ഇതിനെല്ലാം വലിയ വില കൊടുക്കേണ്ടിവരും എന്നുമാത്രം ഓർമ്മിപ്പിക്കുന്നു. യൂദാസിനെക്കുറിച്ചു കർത്താവ് പറഞ്ഞത് അവൻ ജനിക്കാതിരുന്നെങ്കിൽ നന്നായിരുന്നു എന്നാണ്. ദൈവാലയത്തിനുള്ളിൽ അശുദ്ധിയോടെ പെരുമാറുന്നവർ ദൈവാലയത്തിൽ വരാതിരുന്നെങ്കിൽ എത്ര നന്നായിരുന്നു! സ്വന്തം പാപങ്ങളുടെ എണ്ണം തികയ്ക്കാനായിട്ടാണോ അവർ ദൈവാലയത്തിൽ വരുന്നത്?
ഒരു കാര്യം കൂടി പറഞ്ഞവസാനിപ്പിക്കട്ടെ. ദൈവാലയത്തിൻറെ വിശുദ്ധിയ്ക്കു നിരക്കാത്ത കാര്യങ്ങൾ എവിടെയെല്ലാം നടന്നിട്ടുണ്ടോ, അവിടെയെല്ലാം അതിനു കാരണക്കാരായവർ അതിൻറെ ശിക്ഷ ഏറ്റുവാങ്ങിയിട്ടുമുണ്ട്. ഉസിയാ രാജാവിൻറെ അനുഭവം നമ്മുടെ മുൻപിലുണ്ട്. ദൈവാലയത്തിൽ കർത്താവിനു ധൂപം അർപ്പിക്കാനുള്ള അനുവാദം പുരോഹിതന്മാർക്കു മാത്രമേ ഉള്ളൂ എന്ന് ഉസിയായ്‌ക്കറിയാമായിരുന്നു. എന്നിട്ടും അവൻ ധൂപം അർപ്പിക്കാനായി കർത്താവിൻറെ ആലയത്തിൽ പ്രവേശിച്ചപ്പോൾ പുരോഹിതനായ അസറിയ മറ്റ് എൺപതു പുരോഹിതന്മാരോടു കൂടെ ചെന്ന് അവനെ തടഞ്ഞുകൊണ്ടു പറഞ്ഞു. ഉസിയാ, നീയല്ല, കർത്താവിനു ധൂപം അർപ്പിക്കേണ്ടത്. അഹറോൻറെ പുത്രന്മാരും ധൂപാർപ്പണത്തിനു പ്രത്യേകം നിയോഗിക്കപ്പെട്ടവരുമായ പുരോഹിതന്മാരാണ്. വിശുദ്ധസ്ഥലത്തു നിന്നു പുറത്തുകടക്കൂ. നീ ചെയ്തതു തെറ്റാണ്. ഇതു ദൈവമായ കർത്താവിൻറെ മുൻപാകെ നിനക്കു മഹത്വം നൽകുകയില്ല’ (2 ദിന 26:16-18).കൈയിൽ ധൂപകലശവുമായി നിൽക്കുകയായിരുന്ന ഉസിയാ ഇതു കേട്ടപ്പോൾ പുരോഹിതന്മാരോടു കോപിച്ചു. എന്നാൽ ആ ക്ഷണത്തിൽ തന്നെ അവനു കുഷ്ഠം പിടിപെടുകയും അവനു രാജപദവി ഉപേക്ഷിക്കേണ്ടിവരികയും ചെയ്തു. കുഷ്ഠരോഗിയായതിനാൽ പിന്നീടൊരിക്കലൂം അവനു ജെറുസലേം ദൈവാലയത്തിൽ പ്രവേശിക്കാനും കഴിഞ്ഞില്ല. മാന്യമായ ഒരു ശവസംസ്‌കാരം പോലും ഉസിയായ്ക്കു നിഷേധിക്കപ്പെടാൻ കാരണം അവൻ വിശുദ്ധസ്ഥലത്തോടും ദൈവികസംവിധാനങ്ങളോടും കാണിച്ച അനാദരവായിരുന്നു.
ഉസിയായുടെ ചരിത്രം ഇപ്പോഴും ആവർത്തിക്കപ്പെടുന്നു. ജെറുസലേം ദൈവാലയം പോലെ ലോകത്തിൻറെ പലഭാഗങ്ങളിലുമുള്ള അനേകം ദൈവാലയങ്ങൾ ഇപ്പോഴും അശുദ്ധമാക്കപ്പെടുന്നു. വിശുദ്ധമായവ വിശുദ്ധിയോടെ ചെയ്യുന്നവർ വിശുദ്ധരാകുമെങ്കിൽ വിശുദ്ധമായവ അശുദ്ധിയോടെ ചെയ്യുന്നവർ അശുദ്ധരാകും എന്നുകൂടി അതിനർത്ഥമില്ലേ? അതുകൊണ്ട് നമുക്കു നമ്മുടെ വഴികൾ തിരുത്താം. ദൈവാലയത്തിനും ബലിപീഠത്തിനും പൗരോഹിത്യത്തിനും കൂദാശകൾക്കും അർഹിക്കുന്ന ബഹുമാനവും ആദരവും വണക്കവും കൊടുക്കാം. അതിനു സാധിക്കുന്നില്ലെങ്കിൽ അവിടേയ്ക്കു കടന്നുവരാതിരിക്കുകയെങ്കിലും ചെയ്യാം. ഒപ്പം സ്വന്തം ബലഹീനതയും യോഗ്യതക്കുറവും പരിഹരിച്ചുകിട്ടാനായി പരമപരിശുദ്ധനായ ദൈവത്തോടു പ്രാർത്ഥിക്കുകയും ചെയ്യാം.