ഇത് അവസാന മണിക്കൂറാണ്. എന്നാൽ അതിൻ്റെ തിടുക്കം ബഹുഭൂരിപക്ഷം പേരിലും കാണുന്നില്ല എന്നതാണു ദുഖകരമായ സത്യം. നമ്മുടെ യജമാനനായ കർത്താവീശോമിശിഹാ, താൻ വീണ്ടും വരും എന്നു പറഞ്ഞേൽപിച്ചിട്ടു പോയത്, അവിടുന്നു തിരികെ വരുമ്പോൾ നാം ഒരുങ്ങിയിരിക്കാൻ വേണ്ടിയാണ്. എന്നാൽ നാമോ, സുവിശേഷത്തിൽ പറയുന്ന ദുഷ്ടനായ ഭൃത്യനെപ്പോലെ, യജമാനൻ വരാൻ താമസിക്കും എന്നു കരുതി സുഖലോലുപതയിലും മദ്യലഹരിയിലും ദിവസങ്ങൾ ചെലവഴിക്കുന്നു. വിതയ്ക്കാത്തിടത്തു നിന്നു കൊയ്യുകയും വിതറാത്തിടത്തു നിന്നു ശേഖരിക്കുകയും ചെയ്യുന്നവനെന്നു ( മത്തായി 25:24) നേരത്തെ തന്നെ അറിയാവുന്ന യജമാനൻ വരുമ്പോൾ ഇരട്ടിയായി തിരികെക്കൊടുക്കേണ്ട താലന്ത് കുഴിച്ചിട്ടതെവിടെ എന്നുപോലും മറന്ന്, യജമാനൻറെ മുൻപിൽ തല താഴ്ത്തി നിൽക്കേണ്ട അവസ്ഥയെക്കുറിച്ചു ചിന്തിച്ചുനോക്കുക.
കർത്താവു വരുന്നതു നമ്മെ ഏൽപിച്ച താലന്തുകളുടെ കണക്കു ചോദിക്കാൻ വേണ്ടിയാണ്. അവിടുന്ന് വരുന്നതു തൻറെ ഭവനത്തിലുള്ളവർക്ക് കൃത്യസമയത്തു ഭക്ഷണം കൊടുക്കാൻ കടപ്പെട്ടവർ അതു കൊടുക്കുന്നുണ്ടോ എന്നു പരിശോധിക്കാനാണ്. പകലിനു പന്ത്രണ്ടു മണിക്കൂറാണല്ലോ. അതിൽ പതിനൊന്നാം മണിക്കൂറിലും ചന്തസ്ഥലത്തുവന്ന്, അവിടെ വേലചെയ്യാതെ അലസരായി നിന്നവരെ കൊണ്ടുപോയി മുന്തിരിത്തോട്ടത്തിൽ ജോലിയ്ക്കു നിയോഗിച്ചവനാണു കർത്താവ്. പന്ത്രണ്ടാം മണിക്കൂറിൽ അവിടുന്നു വീണ്ടും വേലക്കാരെ തിരഞ്ഞു വരുന്നതായി കാണുന്നില്ല. കാരണം അവസാനത്തെ മണിക്കൂറിൻറെ ആരംഭത്തിൽ, തൻറെ സ്വർഗാരോഹണ വേളയിലും അതിനു മുൻപുമായി തനിക്കു പറയാനുള്ളതെല്ലാം അവിടുന്നു പറഞ്ഞുകഴിഞ്ഞിരുന്നു.
എങ്കിലും നമുക്കു സംശയമാണ്. ഇത് അവസാനത്തെ മണിക്കർ തന്നെയാണോ? ലോകം പഴയതുപോലെ തന്നെ ഇപ്പോഴും മുന്നോട്ടു പോകുന്നല്ലോ? കർത്താവിൻറെ പുനരാഗമനം സംഭവിക്കുമോ? അതു വെറും പ്രതീകാത്മകമായ ഒന്നല്ലേ ? ഇനി കർത്താവു വീണ്ടും വരുമെന്നു വിശ്വസിക്കുന്നരിൽ തന്നെ അനേകർ ചിന്തിക്കുന്നത് ഇപ്രകാരമാണ്. കർത്താവു വരുമെങ്കിൽ തന്നെ അത് ഇപ്പോഴായിരിക്കില്ല, ഇനിയും അനേക വർഷങ്ങൾക്കുശേഷമായിരിക്കും. ലോകം മുഴുവൻ സുവിശേഷം എത്തണ്ടേ? വ്യാജപ്രവാചകൻ വരണ്ടേ? എതിർക്രിസ്തു പ്രത്യക്ഷപ്പെടേണ്ടേ? യുഗാന്ത്യത്തിൻറെ അടയാളങ്ങൾ ദൃശ്യമാകണ്ടേ? ഇതൊന്നും സംഭവിച്ചിട്ടില്ല, അല്ലെങ്കിൽ ഉടനെയൊന്നും സംഭവിക്കില്ല എന്ന് അവർ കരുതുന്നു.
അജ്ഞാനത്തേക്കാൾ കൂടുതൽ അബദ്ധം അർധജ്ഞാനമാണ്. കാരണം അജ്ഞാനിയ്ക്കു സത്യം വെളിപ്പെടുത്തിക്കിട്ടിയാൽ അത് അംഗീകരിക്കാൻ മടിയില്ല. എന്നാൽ ജ്ഞാനമുണ്ടെന്നു സ്വയം കരുതുന്ന നമുക്ക് – ക്രിസ്ത്യാനികൾക്ക് പൊതുവെയും കത്തോലിക്കർക്ക് പ്രത്യേകിച്ചും- ബുദ്ധിയിൽ അന്ധകാരം നിറയുകയാൽ സത്യം മുന്നിൽ വന്നു നിൽക്കുമ്പോഴും അതു മനസിലാക്കാൻ കഴിയുന്നില്ല. അവർ പീലാത്തോസിനെപ്പോലെ ‘എന്താണു സത്യം’ എന്നു ചോദിച്ചിട്ടു മറുപടി കേൾക്കാൻ നിൽക്കാതെ തിരികെപ്പോകുന്നു.
ഇത് അവസാന മണിക്കൂറാണെന്നു യോഹന്നാൻ ശ്ലീഹാ എഴുതിവച്ചിട്ടു രണ്ടായിരത്തോളം വർഷമാകുന്നു. ‘ ‘കുഞ്ഞുങ്ങളേ, ഇത് അവസാന മണിക്കൂറാണ്. അന്തിക്രിസ്തു വരുന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇപ്പോൾ തന്നെ അനേകം വ്യാജക്രിസ്തുമാർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് അവസാനമണിക്കൂറാണെന്ന് അതിൽ നിന്നു നമുക്കറിയാം’ (1 യോഹ 2:18). ‘വിധിയുടെ സമയം സമാഗതമായിരിക്കുന്നു’ എന്നും’ ദൈവത്തിൻറെ ഭവനത്തിലായിരിക്കും അത് ആരംഭിക്കുക’ എന്നും പത്രോസ് ശ്ലീഹായും തൻറെ ഒന്നാം ലേഖനത്തിൽ എഴുതുന്നുണ്ട് (1 പത്രോസ് 4:17). ‘സകലത്തിൻറെയും അവസാനം സമീപിച്ചിരിക്കുന്നു’ (1 പത്രോസ് 4:7) എന്നു പറയുന്ന പത്രോസ് ശ്ലീഹാ ‘ആകാശം തീയിൽ വെന്തു നശിക്കുകയും മൂലപദാർത്ഥങ്ങൾ വെന്തുരുകുകയും ചെയ്യുന്ന ദൈവത്തിൻറെ ആഗമനദിവസത്തെ പ്രതീക്ഷിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുവിൻ’ ( 2 പത്രോസ് 3:12) എന്നു വിശ്വാസികളെ ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നുണ്ട്.
പൗലോസ് ശ്ലീഹാ തെസലോനിക്കക്കാർക്കുള്ള ലേഖനത്തിലൂടെ നമ്മെ അനുസ്മരിപ്പിക്കുന്നത്, യുഗാന്ത്യത്തിൽ പൂർണ്ണ ശക്തിയാർജിക്കാനിരിക്കുന്ന അരാജകത്വത്തിൻറെ അജ്ഞാത ശക്തി അക്കാലത്തുതന്നെ പ്രവർത്തിച്ചുകൊണ്ടാണിരുന്നത് എന്നാണ്. സമയമാകുമ്പോൾ മാത്രം വെളിപ്പെടേണ്ടതിനായി, ഇപ്പോൾ ദൈവികപദ്ധതിയാൽ അവൻ തടഞ്ഞുനിർത്തപ്പെട്ടിരിക്കുകയാണ് എന്നും അവനെ തടഞ്ഞുനിർത്തിയിരിക്കുന്നവൻ വഴി മാറിയാൽ അവൻ പ്രത്യക്ഷപ്പെടും എന്നും കൂടി പറഞ്ഞുകൊണ്ട് എതിർക്രിസ്തുവിൻറെ ആഗമനം ഏതു നിമിഷവും സംഭവിക്കാം എന്ന മുന്നറിയിപ്പും ശ്ലീഹാ നൽകുന്നുണ്ട്. അവനെ തടഞ്ഞു നിർത്തിയിരിക്കുന്നവൻ വഴി മാറുക എന്ന ഒറ്റക്കാര്യത്തെ ആശ്രയിച്ചാണു ഭാവിസംഭവങ്ങൾ. എന്താണ് അവനെ തടഞ്ഞു നിർത്തിയിരിക്കുന്നത് എന്നു മനസിലാക്കാനുള്ള ജ്ഞാനത്തിനായി നമുക്കു പ്രാർത്ഥിക്കാം.
കർത്താവിൻറെ രണ്ടാം വരവ് തങ്ങളുടെ വളരെ പെട്ടെന്നു തന്നെ സംഭവിക്കും എന്ന വിശ്വാസം അപ്പസ്തോലന്മാരും പുലർത്തിയിരുന്നു എന്നാണ് ഇതിൽ നിന്നു മനസിലാകുന്നത്. എന്നാൽ രണ്ടായിരം വർഷമായിട്ടും അവസാന മണിക്കൂറിൻറെ അന്ത്യത്തിൽ നാം എത്തിയിട്ടില്ലല്ലോ എന്നു പറഞ്ഞുകൊണ്ടു
നമ്മെ പരിഹസിക്കുന്നവരെ നാം കണ്ടുമുട്ടാറുണ്ട്. ഈ പരിഹാസം ഇന്നെന്നപോലെ അന്നും ഉണ്ടായിരുന്നു. അതുകൊണ്ടാണല്ലോ ആദ്യത്തെ മാർപ്പാപ്പയായ പത്രോസ് ശ്ലീഹാ ഇപ്രകാരം എഴുതിവച്ചത്. ‘ആദ്യം തന്നെ നിങ്ങൾ ഇതു മനസിലാക്കണം: അധമവികാരങ്ങൾക്ക് അടിമപ്പെട്ടു ജീവിക്കുന്ന നിന്ദകർ നിങ്ങളെ പരിഹസിച്ചുകൊണ്ട് അവസാനനാളുകളിൽ പ്രത്യക്ഷപ്പെടും. അവർ പറയും; അവൻറെ പ്രത്യാഗമനത്തെക്കുറിച്ചുള്ള വാഗ്ദാനം എവിടെ? എന്തെന്നാൽ, പിതാക്കന്മാർ നിദ്ര പ്രാപിച്ച നാൾ മുതൽ സകലകാര്യങ്ങളും സൃഷ്ടിയുടെ ആരംഭത്തിലുണ്ടായിരുന്ന സ്ഥിതിയിൽ തന്നെ തുടരുന്നല്ലോ’ ( 2 പത്രോസ് 3:3-4). മനുഷ്യൻറെ കാലഗണനയല്ല ദൈവത്തിൻറേതെന്ന മറുപടിയാണ് പത്രോസ് ഇത്തരം പരിഹാസകരായ നിന്ദകർക്ക് കൊടുക്കുന്നത്. കർത്താവിൻറെ തിരിച്ചുവരവു താമസിക്കുന്നുവെങ്കിൽ അതിൻറെ കാരണം അപ്പസ്തോലൻ പറയുന്നത് ഇങ്ങനെയാണ്. ‘കാലവിളംബത്തെക്കുറിച്ചു ചിലർ വിചാരിക്കുന്നതുപോലെ, കർത്താവു തൻറെ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ താമസം വരുത്തുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും അനുതപിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നതുകൊണ്ട്, നിങ്ങളോടു ദീർഘക്ഷമ കാണിക്കുന്നുവെന്നേയുള്ളു’ ( 2 പത്രോസ് 3:9).
അനുതപിക്കുന്നവർക്കു തിരിച്ചുവരാനായി ദൈവപിതാവു കാത്തിരിക്കുകയാണ്. കരുണയുടെ വാതിൽ തുറന്നിട്ടിരിക്കുന്നു എന്നു വിശുദ്ധ ഫൗസ്റ്റീനയ്ക്കു കിട്ടിയ വെളിപ്പെടുത്തലുകൾ എല്ലാം ഈ പശ്ചാത്തലത്തിൽ വേണം നാം മനസിലാക്കാൻ. കർത്താവിൻറെ സ്വർഗാരോഹണത്തോടെ അവസാനത്തെ മണിക്കൂർ തുടങ്ങിക്കഴിഞ്ഞു എന്നതാണു സത്യം. അത് എപ്പോൾ അവസാനിക്കും എന്നതു കർത്താവു നമുക്കു വെളിപ്പെടുത്തിത്തന്നിട്ടില്ല എന്നു മാത്രം. സഭ ഇപ്രകാരം പഠിപ്പിക്കുന്നു. ‘സ്വർഗാരോഹണത്തോടെ ദൈവത്തിൻറെ പദ്ധതി അതിൻറെ പൂർത്തീകരണത്തിലേക്കു പ്രവേശിച്ചു. നമ്മൾ അവസാന മണിക്കൂറിൽ എത്തിക്കഴിഞ്ഞു. യുഗങ്ങളുടെ അവസാനം നമ്മെ സമീപിച്ചിരിക്കുന്നു. ലോകത്തിൻറെ നവീകരണം പിൻവലിക്കാനാവാത്ത വിധം തുടങ്ങിക്കഴിഞ്ഞു’ ( CCC 670).
മാനുഷികമായി ചിന്തിക്കുമ്പോൾ മനസിലാക്കാൻ ബുദ്ധിമുട്ടുള്ളത്ര ദൈർഘ്യമേറിയ അവസാന മണിക്കൂറിൻറെ നിമിഷങ്ങളിലാണു നാം ജീവിക്കുന്നത്. നമ്മുടെ പ്രതീക്ഷ കർത്താവ് ഉടനെ തിരിച്ചുവരും എന്നതുതന്നെയാണ്. കാരണം നമ്മുടെ പ്രതീക്ഷ അവൻറെ വാഗ്ദാനത്തിലാണ്. അവിടുത്ത വാഗ്ദാനമാകട്ടെ ‘നീതി നിവസിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയുമാണ്’ (2 പത്രോസ് 3:13). പുലരിയാകാൻ കാത്തിരിക്കുന്ന കാവൽക്കാരെപ്പോലെ പുതിയ ഇസ്രായേലായ സഭ കർത്താവിനെ കാത്തിരിക്കുന്നു.
എന്നാൽ പുതുയുഗത്തിലേക്കുള്ള ഈ പുലരി എപ്പോഴാണു സംഭവിക്കുന്നത്? സഭ ഇപ്രകാരം പഠിപ്പിക്കുന്നു: ‘സ്വർഗാരോഹണത്തിനുശേഷം ക്രിസ്തുവിൻറെ മഹത്വപൂർണമായ ആഗമനം “പിതാവു സ്വന്തം അധികാരത്തിൽ നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള സമയമോ കാലമോ നിങ്ങൾ അറിയേണ്ട കാര്യമല്ല” എങ്കിലും ആസന്നമായിരുന്നു. യുഗാന്ത്യത്തിലുള്ള ആഗമനവും അതിനുമുൻപുണ്ടാകാനിരിക്കുന്ന അന്തിമപരീക്ഷയും താമസിച്ചേക്കാമെങ്കിലും ഏതു നിമിഷത്തിലും ഇതു നിറവേറിയേക്കാം’ ( CCC 673). ‘മഹത്വപൂർണ്ണനായ മിശിഹായുടെ വരവു ചരിത്രത്തിൻറെ ഓരോ നിമിഷത്തിലും മാറ്റിവയ്ക്കപ്പെടുന്നു’ ( CCC 674 ) എന്നും സഭ പഠിപ്പിക്കുന്നു.
ഇതിനേക്കാൾ മനോഹരമായി യുഗാന്ത്യത്തെക്കുറിച്ച് എങ്ങനെയാണു പറയാൻ കഴിയുക! ഏതു നിമിഷവും നിറവേറിയേക്കാം എന്നും ചരിത്രത്തിലെ ഓരോ നിമിഷത്തിലും മാറ്റിവയ്ക്കപ്പെടുകയാണെന്നും പറയുന്ന ആ മഹാസംഭവം – കർത്താവായ യേശുക്രിസ്തുവിൻറെ മഹത്വപൂർണമായ ദ്വിതീയാഗമനം-
അവിടുന്നു തിരുമനസാകുന്നുവെങ്കിൽ അടുത്ത നിമിഷത്തിൽ തന്നെ സംഭവിക്കാവുന്നതേയുള്ളു എന്ന കൃത്യമായ പ്രബോധനം സഭ നമുക്കു നൽകിക്കഴിഞ്ഞു. കർത്താവും അതു തന്നെയാണു നമ്മെ പഠിപ്പിക്കുന്നത്. കള്ളൻ രാത്രിയിൽ എപ്പോഴാണു വരുന്നതെന്നറിയായ്കയാൽ എപ്പോഴും ജാഗ്രത പാലിക്കുന്ന വീട്ടുടമസ്ഥനെപ്പോലെയും മണവാളൻ എപ്പോൾ വന്നാലും സ്വീകരിക്കാൻ തയ്യാറായി വിളക്കിൽ എണ്ണ നിറച്ചു കാത്തിരിക്കുന്ന കന്യകകളെപ്പോലെയും ആയിരിക്കാനാണ് അവിടുന്ന് ഉപദേശിക്കുന്നത്. നിങ്ങൾ പ്രതീക്ഷിക്കാത്ത മണിക്കൂറിലായിരിക്കും മനുഷ്യപുത്രൻ വരുന്നത് ( മത്തായി 24:44) എന്ന് അവിടുന്ന് വ്യക്തമായി മുന്നറിയിപ്പു തരുന്നുണ്ട്.
എന്നാൽ ഇതേ കർത്താവു തന്നെ യുഗാന്ത്യവും തൻറെ മഹത്വപൂർണമായ രണ്ടാം വരവും സംഭവിക്കുന്നതിനു തൊട്ടു മുൻപായി സംഭവിക്കേണ്ട അനേകം അടയാളങ്ങളെക്കുറിച്ചു വിശദമായി തന്നെ ശിഷ്യന്മാരെ പഠിപ്പിക്കുന്നുണ്ട്. മത്തായിയുടെ സുവിശേഷം അധ്യായം 24, മാർക്കോസ് സുവിശേഷം അധ്യായം 13, ലൂക്കാ സുവിശേഷം അധ്യായം 21 എന്നിവ മനസിരുത്തി വായിച്ചു ധ്യാനിച്ചാൽ യുഗാന്ത്യത്തിൻറെ അടയാളങ്ങൾ എന്തെല്ലാമാണെന്നു മനസിലാകും. അതിനേക്കാൾ പ്രധാനപ്പെട്ട കാര്യം നമുക്കുചുറ്റും സംഭവിക്കുന്ന കാര്യങ്ങളെ തിരുവചനത്തിൻറെ വെളിച്ചത്തിൽ വിശകലനം ചെയ്താൽ തെളിഞ്ഞുകിട്ടുന്ന വസ്തുത അവിടുന്നു പ്രവചിച്ച കാര്യങ്ങൾ ഏതാണ്ടെല്ലാം തന്നെ നിറവേറിക്കഴിയുകയോ നിറവേറിക്കൊണ്ടിരിക്കുകയോ ആണെന്നാണ്. അതിൻറെയർത്ഥം നാം അവസാനമണിക്കൂറിൻറെ അവസാന നിമിഷങ്ങളിൽ ആണു ജീവിക്കുന്നത് എന്നത്രേ.
ഈ രണ്ടാം വരവിൻറെ സുവിശേഷം വേണ്ട വിധം പ്രഘോഷിക്ക പ്പെടുന്നുണ്ടോ? തീർച്ചയായും പരിശുദ്ധാത്മനിറവുള്ള അനേകം മെത്രാന്മാരും വൈദികരും ധ്യാനഗുരുക്കന്മാരും അൽമായ പ്രേഷിതരും കർത്താവിൻറെ രണ്ടാം വരവു തൊട്ടു മുൻപിലെത്തിയെന്ന് ഉറക്കെ വിളിച്ചുപറയുന്നുണ്ട്. കേൾക്കാൻ ചെവിയുള്ളവർ കേൾക്കുന്നുമുണ്ട്.
എന്നാൽ വലിയൊരു വിഭാഗം ക്രിസ്ത്യാനികൾ തങ്ങളുടെ തൊട്ടുമുൻപിലെത്തിനിൽക്കുന്ന യുഗാന്ത്യം എന്ന മഹാസംഭവത്തെക്കുറിച്ച് അജ്ഞരായോ നിസംഗരായോ കഴിയുന്നു. അതിന് ഒരു കാരണം അവരുടെ തന്നെ വിശ്വാസരാഹിത്യമാണ്. മോശയും പ്രവാചകന്മാരും പറഞ്ഞതു കേൾക്കാൻ മടിക്കുന്ന സഹോദരന്മാർക്കു സാക്ഷ്യം നല്കാൻ വേണ്ടി ലാസറിനെ ഭൂമിയിലേക്കയയ്ക്കാൻ അബ്രാഹത്തോടപേക്ഷിക്കുന്ന ധനവാനെപ്പോലെ അവർ ഇനിയും സ്വർഗത്തിൽ നിന്നുള്ള അടയാളങ്ങൾ കാത്തിരിക്കുകയാണ്. അല്ലയോ, ക്രിസ്ത്യാനീ, ഇനിയും നിനക്കെന്തിനാണ് അടയാളങ്ങൾ? ചുറ്റുപാടും ഒന്നു കണ്ണയച്ചുനോക്കുക. ഇനിയും ‘നാലുമാസമാകുമ്പോൾ കൊയ്ത്തിനു പാകമാകും’ എന്നു പറയേണ്ട സമയം എപ്പോഴേ കഴിഞ്ഞു എന്ന് മനസിലാക്കുക. ഇപ്പോൾ തന്നെ വിളവു കൊയ്ത്തിനു പാകമായിക്കിടക്കുകയാണ്.’
‘ദൈവാലയത്തിൽ നിന്നു മറ്റൊരു ദൂതൻ പുറത്തുവന്നു മേഘത്തിന്മേൽ ഇരിക്കുന്നവനോട് ഉച്ചസ്വരത്തിൽ വിളിച്ചുപറഞ്ഞു; അരിവാൾ എടുത്തു കൊയ്യുക. കൊയ്ത്തിനു കാലമായി. ഭൂമിയിലെ വിളവ് പാകമായിക്കഴിഞ്ഞു. അപ്പോൾ മേഘത്തിൽ ഇരിക്കുന്നവൻ തൻറെ അരിവാൾ ഭൂമിയിലേക്കെറിയുകയും ഭൂമി കൊയ്യപ്പെടുകയും ചെയ്തു’ ( വെളി : 14:15-16). കൊയ്ത്തിനുള്ള ആഹ്വാനം മുഴങ്ങുമ്പോൾ അതു കേൾക്കാതിരിക്കാൻ മാത്രം ചെവി അടച്ചുകളയുമോ നാം എന്നു ഭയപ്പെടേണ്ടിയിരിക്കുന്നു.
കുഞ്ഞുങ്ങളേ, ഇത് അവസാനമണിക്കൂറാണ് എന്ന് ആരെങ്കിലും പറയുമ്പോൾ അതങ്ങനെയല്ല, ഇനിയും ഒരുപാടുകാലം ശേഷിച്ചിട്ടുണ്ട്; അനുതപിക്കാൻ ഇനിയും സമയം കിട്ടും, ഇപ്പോൾ നമുക്കു തിന്നുകുടിച്ച് ആഹ്ളാദിക്കാം എന്നു ചിന്തിക്കുന്നവർക്ക് അതിനുള്ള സമയം കിട്ടുമോ? അവസാനത്തെ ബസിൽ കയറി രക്ഷപ്പെടാം എന്നു കരുതുന്നവർ അവസാനത്തെ ബസു വന്നില്ലെങ്കിൽ എന്തുചെയ്യും?
രണ്ടാം വരവിനെക്കുറിച്ചു തിരുവചനത്തിനും സഭാപ്രബോധനങ്ങൾക്കും അനുസൃതമായ സത്യപ്രബോധനം നൽകുന്നവർ ഉണ്ട് എന്നതുപോലെ നാം മനസിലാക്കേണ്ട കാര്യമാണ്, രണ്ടാം വരവിനെക്കുറിച്ചു തെറ്റായ ബോധ്യങ്ങൾ ജനങ്ങൾക്കു നൽകുന്ന വ്യാജപ്രബോധകരും ഉണ്ടെന്നത്. അവർ സത്യത്തിനു നേരെ ചെവിയടച്ചു കെട്ടുകഥകളിലേക്കു ശ്രദ്ധ തിരിക്കും ( 2 തിമോ. 4:4). ഉത്തമമായ പ്രബോധനത്തിൽ ജനം സഹിഷ്ണുത കാണിക്കാത്ത നാളുകളിൽ – ഈ നാളുകളിൽ തന്നെ – അവർ ‘കേൾവിയ്ക്ക് ഇമ്പമുള്ളവയിൽ ആവേശം കൊള്ളുകയാൽ തങ്ങളുടെ അഭിരുചിയ്ക്കു ചേർന്ന പ്രബോധകരെ വിളിച്ചുകൂട്ടും’ (2 തിമോ 4:3).
കർത്താവിൻറെ രണ്ടാം വരവിനെ സൂചിപ്പിക്കുന്ന അടയാളങ്ങളാണു ലോകത്തെങ്ങും സംഭവിക്കുന്ന മഹാമാരികളും പ്രകൃതിക്ഷോഭങ്ങളും ക്ഷാമവും ഭൂകമ്പങ്ങളും ജനം ജനത്തിനെതിരെ തിരിയുന്നതും അധർമ്മം വർധിക്കുന്നതും അനേകരുടെ സ്നേഹം തണുത്തുപോകുന്നതും വഴി തെറ്റിക്കുന്ന പ്രബോധനങ്ങൾ പരക്കുന്നതും മൂന്നുപേർ രണ്ടുപേർക്കെതിരെയും രണ്ടുപേർ മൂന്നുപേർക്കെതിരെയും ഭിന്നിക്കുന്നതും സഹോദരൻ സഹോദരനെ ഒറ്റിക്കൊടുക്കുന്നതും മക്കൾ മാതാപിതാക്കളെ ദ്വേഷിക്കുന്നതും യുദ്ധങ്ങളും യുദ്ധവാർത്തകളും വിശ്വാസത്യാഗവും പീഡനവും വ്യാജപ്രവാചകരുടെ ഉദയവും വ്യാജ അത്ഭുതങ്ങളും ദൈവാലയത്തിനുള്ളിൽ സഥാപിക്കപ്പെടുന്ന അശുദ്ധിയും നിരന്തരദഹനബലിയായ പരിശുദ്ധ കുർബാന അമർത്തലാക്കപ്പെടുന്നതും ഒക്കെ. ഇതു തുറന്നു പറയുന്നതാണ് ഉത്തമമായ പ്രബോധനം.
എന്നാൽ ഈ ഉത്തമമായ പ്രബോധനം കേൾക്കാൻ ജനങ്ങൾക്കു താല്പര്യമില്ലാത്ത നാളുകൾ വന്നുകഴിഞ്ഞു. അവർക്കു കേൾവിയ്ക്ക് ഇമ്പമുള്ളതാനാവശ്യം. അതാകട്ടെ സമൃദ്ധിയുടെയും സമ്പത്തിൻറെയും സുവിശേഷമാണ്. സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും സുവിശേഷമാണ്. പേരിനും പെരുമയ്ക്കും വേണ്ടിയുള്ള സുവിശേഷമാണ്. അവിടെ ക്രിസ്തുവിനു രണ്ടാം സ്ഥാനമെങ്കിലും ഉണ്ടാവുമോ എന്നു സംശയം. എല്ലാറ്റിനും മുൻപിൽ തന്നെത്തന്നെ പ്രതിഷ്ഠിക്കുകയും ഓരോ വ്യക്തിയും ഓരോ വിഗ്രഹമായി മാറുകയും ചെയ്യുമ്പോൾ ഉത്തമമായ പ്രബോധനം കേൾക്കേണ്ട നമ്മുടെ ചെവികൾ അടഞ്ഞുപോകുന്നതു നാം അറിയുന്നില്ല.
തൻറെ ഭവനത്തിലുള്ളവർക്കു കൃത്യസമയത്തു ഭക്ഷണം കൊടുക്കാൻ യജമാനൻ നിയോഗിച്ച വിശ്വസ്തനും വിവേകിയുമായ ഭൃത്യന്മാർ ( മത്തായി 24:45) ആകേണ്ടവരാണു നാം. നമ്മുടെ യജമാനൻ സ്വർഗസ്ഥനായ പിതാവാണെങ്കിൽ ദൈവത്തിൻറെ ഭവനത്തിലുള്ളവർക്കു കൃത്യസമയത്തു കൊടുക്കേണ്ട ഭക്ഷണം എന്നതു നേരായ ആത്മീയഉപദേശങ്ങളും ഉത്തമമായ പ്രബോധനങ്ങളും തന്നെയല്ലേ? അതു കൊടുക്കണമെങ്കിൽ തൻറെ യജമാനൻ ഏതു നിമിഷവും മടങ്ങിവരും എന്ന ബോധ്യം ഹൃദയത്തിൽ ഉണ്ടാകണ്ടേ? അല്ലെങ്കിൽ സംഭവിക്കുന്നതെന്താണെന്നു വിശുദ്ധഗ്രന്ഥം പറയുന്നതു നോക്കുക; ‘ എന്നാൽ ദുഷ്ടനായ ഭൃത്യൻ എൻറെ യജമാനൻ താമസിച്ചേ വരൂ എന്നു പറഞ്ഞു തൻറെ സഹഭൃത്യന്മാരെ മർദിക്കാനും മദ്യപന്മാരോടുകൂടെ ഭക്ഷിക്കാനും പാനം ചെയ്യാനും തുടങ്ങിയാൽ പ്രതീക്ഷിക്കാത്ത ദിവസത്തിലും അറിയാത്ത മണിക്കൂറിലും യജമാനൻ വന്ന്, അവനെ ശിക്ഷിക്കുകയും കപടനാട്യക്കാരുടെ കൂട്ടത്തിൽ തള്ളുകയും ചെയ്യും. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും’ (മത്തായി 24:48-51).
എന്തായിരുന്നു ഈ ദുഷ്ടനായ ഭൃത്യനു പറ്റിയ തെറ്റ്? തൻറെ യജമാനൻ താമസിച്ചേ വരികയുള്ളു എന്നു കരുതി. അത്ര തന്നെ! ഇന്നത്തെക്കാലത്ത് കർത്താവിൻറെ ഭൃതന്മാർ എന്നു സ്വയം കരുതുന്ന അനേകർക്കു പറ്റുന്ന അബദ്ധവും കർത്താവ് ഇപ്പോഴെങ്ങും മടങ്ങിവരില്ല എന്ന ചിന്തയാണ്. അതുകൊണ്ട് അവർ പത്രോസിനെപ്പോലെ വീണ്ടും പഴയ വലയുമെടുത്തു മീൻ പിടിക്കാനിറങ്ങുന്നു. രാത്രി മുഴുവൻ, അന്ധകാരത്തിൽ അദ്ധ്വാനിക്കുന്നു. ഒന്നും കിട്ടാതെ തിരിച്ചുവരുന്നു.
കർത്താവു താമസിച്ചേ വരികയുള്ളൂ എന്നു പറയുന്ന ഏതൊരു പ്രബോധനത്തെയും സൂക്ഷിച്ചുകൊള്ളുക. ഏതെങ്കിലും പ്രത്യേക വർഷത്തിൽ കർത്താവു തിരികെ വരും എന്ന പ്രതീതി ജനിപ്പിക്കുന്ന രീതിയിലുള്ള
അബദ്ധപ്രബോധനങ്ങളിൽ നിന്നു വിട്ടുമാറുക. കർത്താവു പറയുന്നു, ഞാൻ കള്ളനെപ്പോലെ വരും. സഭ പഠിപ്പിക്കുന്നു. കർത്താവിൻറെ വരവ് ഓരോ നിമിഷവും മാറ്റിവയ്ക്കപ്പെടുന്നു. കർത്താവ് ഈ നിമിഷം വരേണ്ടതായിരുന്നു. എന്നാൽ കുറച്ചുപേർ കൂടി മാനസാന്തരപ്പെടട്ടെ എന്നു കരുതി അവിടുന്നു തൻറെ വരവ് അടുത്ത നിമിഷത്തേക്കു മാറ്റിവയ്ക്കുകയാണ്. അതു നമ്മോടുള്ള അവിടുത്തെ കരുണയുടെ നിദർശനമാണ്. അതു ദൈവകരുണയാണെന്നു മനസിലാക്കാതെ ‘തിന്നും കുടിച്ചും വിവാഹം ചെയ്തും ചെയ്തുകൊടുത്തും’ ( മത്തായി 24:38) ജീവിക്കാമെന്നു കരുതുന്നുവെങ്കിൽ നോഹയുടെ കാലത്തു സംഭവിച്ചതു തന്നെയായിരിക്കും സംഭവിക്കാൻ പോകുന്നത്. ‘ ജലപ്രളയം വന്നു സംഹരിക്കുന്നതുവരെ അവർ അറിഞ്ഞില്ല’ (മത്തായി 24:39).
കർത്താവു തൻറെ വരവ് ഓരോ നിമിഷവും മാറ്റിവയ്ക്കുന്നതു നാം ബിസിനസ് മെച്ചപ്പെടുത്തട്ടെ, പ്രൊമോഷൻ വാങ്ങട്ടെ, പുതിയ കാർ വാങ്ങട്ടെ, വീട് പണിയട്ടെ, മക്കളെ അമേരിക്കയിലും കാനഡയിലും ഇംഗ്ലണ്ടിലും വിട്ടു പഠിപ്പിക്കട്ടെ എന്നൊന്നും കരുതിയിട്ടല്ല. മാറ്റിവയ്ക്കപ്പെടുന്ന ഓരോ നിമിഷവും അനുതാപത്തിനായി നീട്ടിക്കിട്ടുന്ന സമയമാണ്. ആ സമയത്തു നാം വീണ്ടും ലോകദൃഷ്ടിയിൽ വലിയവരാകാൻ ശ്രമിക്കുകയൂം ഭൗതികനേട്ടങ്ങളുടെ പിറകെ പായുകയും ചെയ്താൽ പൗലോസ് ശ്ലീഹാ എവിടെ വച്ചെങ്കിലും നമ്മെ പിടികൂടും. എന്നിട്ടു പറയും. ‘ നിങ്ങൾ എല്ലാ മനുഷ്യരെയുംകാൾ നിർഭാഗ്യരാണ് ‘ ( 1 കൊറി 15:19).
ആകയാൽ നമുക്കു ജാഗ്രതയുള്ളവരായിരിക്കാം. കർത്താവു വരുന്നത് അഞ്ചോ പത്തോ നൂറോ ആയിരമോ വർഷങ്ങൾക്കപ്പുറമല്ല, അടുത്ത നിമിഷത്തിലാണ് എന്ന ഓർമ്മ എപ്പോഴും നമ്മെ ഭരിക്കണം. രണ്ടായിരം വർഷമായി ക്രിസ്ത്യാനികൾ ജീവിച്ചുപോന്നത് തൊട്ടടുത്ത നിമിഷത്തിൽ സംഭവിച്ചേക്കാവുന്ന മിശിഹായുടെ പുനരാഗമനവും പ്രതീക്ഷിച്ചായിരുന്നുവല്ലോ. അതു നീട്ടിവയ്ക്കുന്നെങ്കിൽ അത് അവിടുത്തെ കരുണ മാത്രമാണ്. കരുണയുടെ വാതിൽ അടയുന്ന ഒരു നാൾ വരുമെന്നു കർത്താവു തന്നെ വിശുദ്ധ ഫൗസ്റ്റീനയ്ക്കു വെളിപ്പെടുത്തി ക്കൊടുത്തിട്ടുണ്ടല്ലോ. ദുഷ്ടനായ ഭൃത്യനും വിളക്കിൽ എണ്ണ കരുതാത്ത കന്യകമാരും ഒക്കെ കരുണയ്ക്കായി അപേക്ഷിച്ചിട്ടുണ്ടാകണം; പക്ഷേ അതു വാതിൽ അടഞ്ഞതിനുശേഷമായിരുന്നല്ലോ.
കർത്താവിൻറെ ദ്വിതീയാഗമനം ഉടനെയില്ല എന്നു പറയുന്ന ഏതൊരാളും ചെയ്യുന്നത് അറിയാതെയാണെങ്കിലും രണ്ടാം വരവിനു ഒരു സമയം സ്വയം നിശ്ചയിക്കുകയാണ്. അത്തരം പ്രവണത ശരിയല്ല എന്നു കർത്താവു പറയുന്നു. സഭയും അതുതന്നെയാണ് പഠിപ്പിക്കുന്നത്. ഇനി കർത്താവു പറഞ്ഞ അടയാളങ്ങൾ കണക്കിലെടുത്താൽ അവിടുത്തെ വരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അടുത്ത നിമിഷത്തിൽ വേണമെങ്കിലും സംഭവിക്കാം എന്നു മനസ്സിലാക്കാവുന്നതേയുള്ളൂ. കണ്ണും ചെവിയുമുണ്ടായിട്ടും ആ അടയാളങ്ങൾ മനസിലാക്കാൻ കഴിയാതെ പോയി എന്നു വിലപിക്കാൻ നമുക്ക് ഇടവരാതിരിക്കട്ടെ.
ഈ നാളുകളിൽ കർത്താവു നമ്മെ വിളിക്കുന്നത് ഇതുവരെ തുടർന്നുപോന്ന സുഖജീവിതം തുടരാനല്ല, മറിച്ചു കഷ്ടതയുടെ അപ്പവും ക്ലേശത്തിൻറെ ജലവും കഴിക്കേണ്ടി വരുന്ന മഹാപീഡനത്തിൻറെ നാളുകളിലേക്ക് നമ്മെത്തന്നെ ഒരുക്കാനാണ്. പ്രായശ്ചിത്തത്തിൻറെയും പരിഹാരത്തിൻറെയും ജീവിതം നയിക്കാൻ വേണ്ടിയാണ്. ലോകത്തിലും സഭയിലും സംഭവിക്കുന്ന അടയാളങ്ങൾ ശ്രദ്ധിച്ചു മനസിലാക്കി അവയെക്കുറിച്ചു ധ്യാനിക്കേണ്ട നാളുകളാണിത്. കാരണം ‘ഇപ്പോൾ രക്ഷ നമ്മൾ ആരും പ്രതീക്ഷിച്ചിരുന്നതിനേക്കാൾ കൂടുതൽ അടുത്തെത്തിയിരുന്നു. രാത്രി കഴിയാറായി; പകൽ സമീപിച്ചിരിക്കുന്നു’ ( റോമാ 13:11-12).
പകൽ സമീപിച്ചിരിക്കുന്ന ഈ സമയത്തും തലയിൽ പുതപ്പിട്ടു മൂടി നേരം വെളുക്കാൻ ഇനിയും സമയമുണ്ടെന്നു സ്വയം വിശ്വസിപ്പിക്കാൻ എളുപ്പമാണ്. എന്നാൽ നീതിസൂര്യനായ കർത്താവു വരേണ്ട സമയത്തു വരിക തന്നെ ചെയ്യും. അവിടുന്നു വാതിലിൽ മുട്ടുമ്പോൾ (വെളി 3:19) തുറന്നുകൊടുക്കാൻ പാകത്തിൽ മനസും ഹൃദയവും ഒരുക്കിവയ്ക്കുന്നവൻ ഭാഗ്യവാൻ.
ഈ അവസാന മണിക്കൂറിലെ അവസാന നിമിഷങ്ങളിൽ നമുക്കു പ്രാർത്ഥിക്കാം:
മാറാനാത്താ, കർത്താവേ വരണമേ.