ഉയർത്തിപ്പിടിച്ച കരങ്ങൾ

പകലന്തിയോളം കരങ്ങൾ ഉയർത്തിപ്പിടിച്ച ഒരാളെക്കുറിച്ചു   പുറപ്പാടിൻറെ  പുസ്തകത്തിൽ നാം വായിക്കുന്നുണ്ട്.   അമലേക്യരുമായുള്ള  യുദ്ധമാണു  സന്ദർഭം.  സൈന്യത്തെ യുദ്ധത്തിനയച്ച ശേഷം മോശ ദൈവത്തിൻറെ വടിയും കൈയിലെടുത്തുകൊണ്ടു   മലമുകളിലേക്കു  കയറിപ്പോയി.  സൈന്യത്തെ നയിക്കേണ്ട ഉത്തരവാദിത്വം ജോഷ്വയ്ക്കായിരുന്നു. മോശയുടെ കൂടെ അഹറോനും  ഹൂറും മാത്രം. മലമുകളിൽ ചെന്ന മോശ  കരങ്ങൾ  ഉയർത്തിപ്പിടിച്ചു പ്രാർത്ഥന തുടങ്ങി. മോശയുടെ കരം ഉയർന്നുനിന്നപ്പോഴെല്ലാം  താഴ്‌വരയിൽ  യുദ്ധം ചെയ്തുകൊണ്ടിരുന്ന  ഇസ്രായേൽക്കാർ  മുന്നേറിക്കൊണ്ടിരുന്നു.  മോശ കരങ്ങൾ താഴ്ത്തിയപ്പോൾ  അമലേക്യർക്കായിരുന്നു വിജയം. 

 ഏറെ നേരം  ഉയർത്തിപ്പിടിച്ചതിനാൽ മോശയുടെ കരങ്ങൾ  കുഴഞ്ഞു. അപകടം മനസിലാക്കിയ അഹറോനും ഹൂറും  മോശയെ ഒരു കല്ലിന്മേൽ ഇരുത്തിയതിനുശേഷം  ഇരുവശത്തുനിന്നും മോശയുടെ കരങ്ങൾ ഉയർത്തിത്തന്നെ  പിടിച്ചു.  സൂര്യാസ്തമയം വരെ മോശയുടെ   കരങ്ങൾ ഉയർന്നുതന്നെ നിന്നു (പുറ. 17:12). ഇസ്രായേൽക്കാർ  യുദ്ധത്തിൽ  വിജയിക്കുകയും ചെയ്തു. 

തൻറെ ജനത്തെ ശത്രുക്കളിൽ നിന്നു രക്ഷിക്കാനായി  എൺപതാം വയസിൽ ഒരു പകൽ മുഴുവൻ കരങ്ങൾ  ഉയർത്തിപ്പിടിച്ചു നിന്ന മോശ  നൂറ്റിഇരുപതാം വയസിൽ സ്വന്തം ജനത്തോടു വിടപറയുന്നതിനു മുൻപായി  ഒരു കാര്യം  പറഞ്ഞിരുന്നു. ‘നിൻറെ ദൈവമായ കർത്താവ് നിൻറെ സഹോദരങ്ങളുടെ ഇടയിൽ നിന്ന് എന്നെപ്പോലെയുള്ള ഒരു പ്രവാചകനെ  നിനക്കുവേണ്ടി അയയ്ക്കും. അവൻറെ വാക്കാണു  നീ ശ്രവിക്കേണ്ടത്’ (നിയമാ.  18:15).

ഒരിക്കൽ മരുഭൂമിയിൽ പിച്ചളസർപ്പത്തെ ഉയർത്തിയ മോശ പ്രവചിച്ചതു  പിന്നെയും പന്ത്രണ്ടു നൂറ്റാണ്ടുകൾക്കുശേഷം കുരിശിൽ ഉയർത്തപ്പെടാൻ പോകുന്ന  യേശുവിനെക്കുറിച്ചായിരുന്നു. ഏലിയായോടൊപ്പം താബോർ മലയിൽ വച്ചു   യേശുവിനെ കണ്ടപ്പോളും  അവരുടെ സംസാരവിഷയം അടുത്തുതന്നെ ജറുസലേമിൽ പൂർത്തിയാകേണ്ട   മനുഷ്യപുത്രൻറെ കടന്നുപോകലായിരുന്നുവല്ലോ (ലൂക്കാ 9:31). 

മോശയേപ്പോലെ യേശുവും സ്വന്തം ജനത്തിനുവേണ്ടി കരങ്ങൾ ഉയർത്തിപ്പിടിച്ചു.  മോശയ്ക്കു സ്വന്തം ജനമെന്നാൽ ഇസ്രായേൽക്കാരായിരുന്നു. എന്നാൽ  യേശുവിൻറെ സ്വന്തം ജനമെന്നതു   സകല മനുഷ്യരുമായിരുന്നു. ‘ഈ തൊഴുത്തിൽ പെടാത്ത മറ്റാടുകളും  എനിക്കുണ്ട്. അവയെയും ഞാൻ കൊണ്ടുവരേണ്ടിയിരിക്കുന്നു’ (യോഹ. 10:16) എന്നു  പറഞ്ഞ കർത്താവ് അവർക്കും നമുക്കും വേണ്ടി കൊടുത്ത മറുവില  സ്വന്തം  ജീവനായിരുന്നു.   വിരിച്ചുപിടിച്ച കരങ്ങളോടെ കുരിശിൽ കിടന്നുകൊണ്ട് അവിടുന്ന് പ്രാർഥിച്ചതു  നമ്മെ പിശാച് എന്ന ശത്രുവിൻറെ കരങ്ങളിൽ നിന്ന് എന്നേയ്ക്കുമായി   വിടുവിക്കാൻ വേണ്ടിയായിരുന്നു. മോശയെപ്പോലെ തളർന്നു വീഴാതിരിക്കാനായി യേശുവിൻറെ കരങ്ങൾ താങ്ങാൻ കാൽവരിയിൽ ആരുമുണ്ടായിരുന്നില്ല.  അഹറോനും ഹൂറും മോശയ്ക്കുവേണ്ടി നിറവേറ്റിയ ദൗത്യം യേശുവിനു വേണ്ടി കാൽവരിക്കുരിശിൽ  നിറവേറ്റിയത് രണ്ട് ഇരുമ്പാണികളായിരുന്നു.  തൻറെ മക്കൾ പിശാചിനെതിരെയുള്ള യുദ്ധം ജയിക്കുവോളം   താഴ്ന്നുപോകാതിരിക്കാനായി യേശുവിൻറെ  കരങ്ങൾ ഇരുമ്പാണികൾ കൊണ്ടു  കുരിശുമരത്തിൽ ചേർത്തുറപ്പിക്കണമെന്നതു  പിതാവിൻറെ ഹിതമായിരുന്നു. ‘അങ്ങയുടെ തിരുമനസു  സ്വർഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ’ എന്നു   പ്രാർഥിക്കുമ്പോൾ  കുരിശും സഹനവും എല്ലാം സ്വർഗസ്ഥനായ പിതാവിൻറെ തിരുമനസു തന്നെയാണ് എന്നു നാം ഓർക്കാറുണ്ടോ?

മോശയ്ക്കു  സൂര്യാസ്തമയസമയത്തെങ്കിലും കരങ്ങൾ താഴ്ത്താം എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു. യേശുവിനാകട്ടെ അങ്ങനെയൊരു ഭാഗ്യം ഉണ്ടായില്ല. തൻറെ പുത്രൻറെ   വിരിച്ചുപിടിച്ച കരങ്ങളുടെ മേൽ നട്ടുച്ചയ്ക്ക് ഇരുട്ടിൻറെ ഒരു തിരശീല വീഴ്ത്തുകയാണു  പിതാവായ ദൈവം ചെയ്തത്.  ‘ഒൻപതാം മണിക്കൂർ വരെ  ഭൂമി മുഴുവൻ അന്ധകാരം വ്യാപിച്ചു’ ( ലൂക്കാ  23:44).

അത് ആദ്യത്തെ ദുഖവെള്ളി.  കുരിശുമരണത്തിനുമപ്പുറം  ഉയിർപ്പിൻറെ ആഹ്‌ളാദം പങ്കുവയ്ക്കുമ്പോൾ നാം മറന്നുപോകരുതാത്ത ഒരു കാര്യമുണ്ട്. യേശുക്രിസ്തുവിൻറെ കരങ്ങൾ  ഇപ്പോഴും ഉയർന്നുതന്നെ നിൽക്കുന്നുണ്ട്. പിതാവായ ദൈവത്തിൻറെ മുൻപിൽ അവിടുന്ന് നമുക്കുവേണ്ടി മാധ്യസ്ഥം വഹിച്ചുകൊണ്ടിരിക്കുകയാണ്. യുഗാന്ത്യത്തിലെ അവസാനത്തെ സൂര്യാസ്തമയം വരെയും  യേശുക്രിസ്തുവിൻറെ കരങ്ങൾ ഉയർന്നുതന്നെ നിൽക്കും. കാരണം അവിടുത്തേക്ക് ഒരേയൊരു ആഗ്രഹമേയുള്ളു.  സ്വർഗത്തിൽ നിന്ന്, ദൈവസന്നിധിയിൽ നിന്ന്  ദൈവത്തിൻറെ തേജസോടെ  വിശുദ്ധനഗരിയായ ജറുസലേം  (വെളി  21:10-11) ഇറങ്ങിവരുമ്പോൾ അതിൽ പ്രവേശിക്കാൻ തൻറെ ജനം അർഹരാകണം. 

ക്രിസ്തുവിൻറെ മാധ്യസ്ഥം കുരിശിൽ അവസാനിക്കുന്നതല്ല. ഉയിർപ്പിനും സ്വർഗാരോഹണത്തിനും  ശേഷവും   

അവിടുന്ന് പിതാവിൻറെ സന്നിധിയിൽ നമുക്ക് ഉറപ്പുള്ള മധ്യസ്ഥനായി തുടരുന്നു.  ‘മരിച്ചവനെങ്കിലും ഉത്ഥാനം ചെയ്തവനും  ദൈവത്തിൻറെ വലതുഭാഗത്തിരുന്നു നമുക്കു  വേണ്ടി മാധ്യസ്ഥം വഹിക്കുന്നവനുമായ യേശുക്രിസ്തു’ (റോമാ 8:34) എന്നു   വിശുദ്ധ പൗലോസ് എഴുതിവച്ചിരിക്കുന്നത് അതുകൊണ്ടാണ്. ക്രിസ്തുവിൻറെ മാധ്യസ്ഥശുശ്രൂഷയെപ്പറ്റി ഹെബ്രായലേഖകനും എഴുതുന്നു; ‘ സ്വർഗത്തിൽ മഹിമയുടെ സിംഹാസനത്തിൻറെ വലതുഭാഗത്തിരിക്കുന്ന  ഒരു പ്രധാനപുരോഹിതൻ നമുക്കുണ്ട്’ (ഹെബ്രാ  8:1). ‘എന്നേയ്ക്കും ജീവിക്കുന്നവനായ അവൻ അവർക്കുവേണ്ടി മാധ്യസ്ഥം  വഹിക്കുന്നു’ (ഹെബ്രാ  7:25) എന്നു  പ്രസ്താവിച്ചുകൊണ്ടു  പിതാവിൻറെ സന്നിധിയിൽ ക്രിസ്തു  നമുക്കായി  യുഗാന്തം വരെ കൈകൾ ഉയർത്തിക്കൊണ്ടു തന്നെ നിൽക്കുകയാണ്   എന്ന സത്യം വിശുദ്ധഗ്രന്ഥം വീണ്ടും നമ്മെ ഓർമ്മിപ്പിക്കുന്നു.

നമുക്കുവേണ്ടി  ഇപ്പോഴും കൈകൾ വിരിച്ചുപിടിച്ചിരിക്കുന്ന കർത്താവീശോമിശിഹായെ നമുക്കു  സ്തുതിക്കാം.  ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയ.