ദൈവാരാധനയ്ക്കു സംഗീതം ഉപയോഗിക്കുന്ന രീതി ഏതാണ്ടെല്ലാ മതങ്ങളിലും നമുക്കു കാണാൻ കഴിയും. ഗാനരൂപത്തിലുള്ള സങ്കീർത്തനങ്ങൾ ഉറക്കെപ്പാടുന്ന പതിവ് യഹൂദരുടെയിടയിൽ വ്യാപകമായിരുന്നു. വിശുദ്ധഗ്രന്ഥത്തിലെ ആദ്യത്തെ ഗാനരൂപത്തിലുള്ള കീർത്തനം മോശയും ഇസ്രായേൽക്കാരും ചെങ്കടൽ കടന്നതിനുശേഷം ആലപിച്ചതാണ്. അതിൻറെ തുടക്കം തന്നെ ‘കർത്താവിനെ ഞാൻ പാടി സ്തുതിക്കും’ (പുറ. 15:1) എന്നാണ്. ഇസ്രയേലിനു മോശ കൊടുത്ത അന്തിമനിർദേശങ്ങൾ സമാപിക്കുന്നതും സുദീർഘമായ ഒരു കീർത്തനത്തോടെയാണ്. ‘ആകാശങ്ങളേ ചെവിക്കൊൾക’ എന്നു തുടങ്ങുന്ന ആ കീർത്തനത്തിൻറെ നല്ലൊരു ഭാഗം ഏകസത്യദൈവമായ കർത്താവിനെ മഹത്വപ്പെടുത്തുന്ന വരികളാണ്. ദൈവത്തെ ഉപേക്ഷിച്ചുകളഞ്ഞ ജനത്തിൻറെ പാപവും അതിൻറെ പരിണതഫലങ്ങളും വിഗ്രഹാരാധനയുടെ ഭോഷത്തവും ഒക്കെ വിവരിക്കുന്ന മോശയുടെ കീർത്തനം അവസാനിക്കുന്നതു ദൈവം തൻറെ ജനത്തിൻറെ ദേശത്തുനിന്നു പാപക്കറ നീക്കിക്കളയുമെന്ന പ്രവചനത്തോടെയാണ് ( നിയമാ. 32:1-43).
ശത്രുക്കളെ നശിപ്പിച്ചതിനു ശേഷം ദബോറായും ബാറക്കും പാടിയ കീർത്തനത്തിൻറെ തുടക്കം തന്നെ ഇങ്ങനെയാണ്. ‘നേതാക്കന്മാർ ഇസ്രയേലിനെ നയിച്ചതിനും ജനം സന്തോഷത്തോടെ തങ്ങളെത്തന്നെ സമർപ്പിച്ചതിനും കർത്താവിനെ വാഴ്ത്തുവിൻ’ (ന്യായാ 5:1). തങ്ങളുടെ കൈകളിലൂടെ ദൈവം പ്രവർത്തിച്ച അത്ഭുതങ്ങൾ ഏറ്റുപറഞ്ഞുകൊണ്ടും ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടുമുള്ള വരികളാണു തുടർന്നുവരുന്നത്. ശത്രുഭയത്തിൽ നിന്നു തന്നെ രക്ഷിച്ച ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടു ദാവീദ് പാടിയ കീർത്തനത്തിൻറെ ആദ്യവരി ഇങ്ങനെയാണ്. ‘കർത്താവല്ലോ ഉന്നതശിലയും ദുർഗവും വിമോചകനും എൻറെ ദൈവവും എനിക്ക് അഭയം തരുന്ന പാറയും പരിചയും രക്ഷാശൃംഗവും അഭയ കേന്ദ്രവും എൻറെ രക്ഷകനും’ (2 സാമു 22:2-3 ).
പിന്നെ നാം കാണുന്നതു തോബിത്തിൻറെ കീർത്തനമാണ്. അതിൻറെയും തുടക്കം ‘നിത്യനായ ദൈവം വാഴ്ത്തപ്പെട്ടവൻ, അവിടുത്തെ രാജ്യം അനുഗൃഹീതം’ (തോബിത് 13:1) എന്നു പറഞ്ഞുകൊണ്ടാണ്. ഇനി യൂദിത്തിൻറെ കീർത്തനഗാനത്തിൻറെ തുടക്കം നോക്കുക. ‘എൻറെ ദൈവത്തിനു തംബുരു മീട്ടി ഒരു ഗാനമാരംഭിക്കുവിൻ. എൻറെ നാഥനു കൈത്താളം കൊട്ടി ഒരു നവകീർത്തനം ആലപിക്കുവിൻ ( യൂദിത്ത് 16:1). തീജ്വാലകളുടെ നടുവിൽ വച്ചു മൂന്നു യുവാക്കൾ ആലപിച്ച കീർത്തനവും ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടുള്ളതാണ്. ‘കർത്താവേ, ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമേ, അവിടുന്ന് വാഴ്ത്തപ്പെട്ടവനാണ്; അവിടുന്നു സ്‌തുത്യർഹനാണ്. അങ്ങയുടെ നാമം എന്നേക്കും മഹത്വപ്പെടട്ടെ (ദാനിയേൽ 3:3 ). തീച്ചൂളയിൽ നിന്നു കർത്താവ് അവരെ രക്ഷിച്ചപ്പോൾ അവർ പാടിയ കീർത്തനവും ദൈവത്തെ മഹത്വപ്പെടുത്താനായിരുന്നു (ദാനി 3:29).
ഇതാണു പഴയനിയമത്തിലെ സംഗീതപാരമ്പര്യം. നാം അതിൻറെ പിന്തുടർച്ചക്കാരാണല്ലോ. അപ്പോൾ ക്രിസ്ത്യാനികളുടെ ദൈവാലയസംഗീതവും പ്രാഥമികമായി ദൈവത്തെ മഹത്വപ്പെടുത്താനും അവിടുത്തേക്കു നന്ദി പറയാനും സുവിശേഷ മൂല്യങ്ങളെ പ്രഘോഷിക്കാനും ശ്രോതാക്കളെ മാനസാന്തരത്തിലേക്കു നയിക്കാനും വേണ്ടിയാണ് ഉപയോഗിക്കേണ്ടത്. ഈ പശ്ചാത്തലത്തിൽ വേണം നാം നമ്മുടെ ആരാധനാഗീതങ്ങളെ വിലയിരുത്താൻ.
പരിശുദ്ധ കുർബാനയിൽ പ്രവേശനഗാനം മുതൽ അവസാനത്തെ ആശിർവാദ പ്രാർത്ഥന വരെ അനേകം ഗാനങ്ങൾ നാം ഉപയോഗിക്കുന്നുണ്ട്. അവയിൽ ചിലതെങ്കിലും ദൈവാലയസംഗീതത്തിൻറെ പരിധികൾ വിട്ടുപോകുന്നുണ്ട് എന്നതു വേദനാജനകമാണ്. ചിലപ്പോൾ അവയിലെ വാക്കുകളാകാം, ചിലപ്പോൾ ആശയമാകാം. ചിലപ്പോൾ പശ്ചാത്തല സംഗീതമാകാം, ചിലപ്പോൾ പാടുന്നവരുടെ അശ്രദ്ധയോ അലംഭാവമോ ആകാം. കാരണം എന്തുതന്നെയായാലും വിശാസികളെ ഒരു ഉയർന്ന ദൈവികാനുഭവത്തിലേക്കു നയിക്കാത്ത ഏതൊരു സംഗീതവും ദൈവാലയസംഗീതം എന്ന പേരിന് അർഹമല്ല. പ്രശസ്തമായ സിനിമാഗാനങ്ങളുടെ ഈണത്തിൽ ഭക്തിഗാനങ്ങൾ വാർത്തെടുക്കുന്നത് ഒട്ടും ആശാസ്യമല്ല. അതുപോലെ തന്നെ ശാസ്ത്രീയസംഗിതത്തിൻറെ ചുവടുപിടിച്ച് രൂപപ്പെടുത്തേണ്ട ഒന്നല്ല ദൈവാലയസംഗീതം. എന്തുകൊണ്ടെന്നാൽ നമുക്കു മുൻപരിചയമുള്ള ഒരു ഗാനത്തിൻറെ അതേ ട്യൂണിൽ പുതിയൊരു ഗാനം കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം വരുന്നത് പഴയ പാട്ടായിരിക്കും; അത് സിനിമാപ്പാട്ടായാലും ശാസ്ത്രീയ സംഗീതമായാലും വ്യത്യാസമില്ല.
രണ്ടാമത്തെ കാര്യം സംഗീതോപകരണങ്ങളുടെ അമിതോപയോഗവും അവയ്ക്കു കൊടുക്കുന്ന അമിതപ്രാധാന്യവുമാണ്. കിന്നരവും കൈത്താളവും ഒക്കെ ഉപയോഗിച്ച് ദൈവത്തെ ആരാധിക്കുന്നതിനെക്കുറിച്ചു വിശുദ്ധ ഗ്രന്ഥത്തിൽ പരാമർശമുണ്ട്. എന്നാൽ അവിടെയൊക്കെയും ഗാനത്തിൻറെ വരികൾക്കാണു പ്രാധാന്യം. സംഗീതോപകരണങ്ങൾ ഗാനാലാപനത്തെ സഹായിക്കാനാണ്. അതായതു ഗാനത്തിൻറെ ആശയം വേണ്ട വിധത്തിൽ ശ്രോതാക്കളിലേക്ക് എത്തിക്കുന്നതിനുള്ള പശ്ചാത്തലമൊരുക്കുക എന്നതാണു സംഗീതോപകരണങ്ങളുടെ കടമ. എന്നാൽ ഇപ്പോൾ കീബോർഡിനു പ്രാധാന്യം കൂടുകയും ആലാപനത്തിനു പ്രാധാന്യം കുറയുകയും ചെയ്യുന്ന ദുസ്ഥിതിയാണു നാം കാണുന്നത്.
പല ദൈവാലയങ്ങളിലെയും ഗാനാലാപനം അസഹനീയമായ ശബ്ദം കൊണ്ടു നമ്മുടെ ക്ഷമ പരീക്ഷിക്കുന്നവയാണ്. പാട്ടിൻറെ ശബ്ദം അല്പം കുറച്ചുവച്ചാലും വിശാസികൾക്കു കേൾക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല. അതോ കൂടുതൽ ഉറക്കെ പാടിയാൽ ദൈവം കേൾക്കുമെന്നുള്ള മിഥ്യാധാരണ ഇപ്പോഴുമുണ്ടോ? പ്രാർത്ഥനയിലെ അതിഭാഷണം വിജാതീയരുടെ രീതിയാണെന്നും അതു നാം അനുകരിക്കാൻ പാടില്ല എന്നും പഠിപ്പിച്ചതു കർത്താവ് തന്നെയാണല്ലോ (മത്തായി 6:7). ആരാധനാഗീതങ്ങൾ തെരഞ്ഞെടുക്കുന്നതിൽ വികാരിയച്ചന് ഒരു പങ്കുമില്ലെന്നു തോന്നിപ്പോകും ചില ദൈവാലയങ്ങളിലെ പാട്ടുകൾ കേട്ടാൽ. ആത്മീയമായി ഒരുൽക്കർഷവും പ്രദാനം ചെയ്യാത്തതും എന്നാൽ കേൾവിക്കിമ്പമുള്ളതുമായ വാക്കുകൾ ചേർത്തിണക്കി ഗാനങ്ങൾ സൃഷ്ടിക്കുന്നതിൽ വിരുതരായവരുടെ എണ്ണം വർധിക്കുന്നു എന്നതു ഖേദകരമാണ്.
നാം കാലങ്ങളായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പല ഗാനങ്ങളും ചെറിയ മാറ്റങ്ങൾ വരുത്തിയാൽ കൂടുതൽ ഭക്തിദ്യോദകവും ക്രിസ്തീയവിശ്വാസത്തോടു കൂടുതൽ അടുത്തു നിൽക്കുന്നതുമാകും. ഉദാഹരണത്തിന് ‘ഒരു ദൈവം തൻറെ ജനത്തിൻറെ കൂടെ പാർക്കാനിറങ്ങിവന്നു’ എന്നു കേൾക്കുമ്പോൾ പല ദൈവങ്ങളുണ്ടോ എന്ന ചോദ്യം മനസിലുയരുന്നുവെങ്കിൽ കുറ്റപ്പെടുത്താമോ? ഒരു ദൈവം എന്നതിനു പകരം ദൈവം എന്നാക്കിയാലും അതേ ഈണത്തിലും താളത്തിലും ഈ പാട്ടു പാടാൻ സാധിക്കും. ചില ഗാനങ്ങളിൽ യേശുദേവൻ എന്നുപയോഗിക്കുന്നതു ശ്രദ്ധിച്ചിട്ടുണ്ട്. യേശു ഒരു ദേവനാണോ, അതോ ‘ഉന്നതനായ ദൈവവും എല്ലാ ദേവന്മാർക്കും അധിപനായ രാജാവും’ (സങ്കീ 95:3) ആണോ?
‘നാമം ചൊല്ലും നാവുകളിൽ’ എന്നുതുടങ്ങുന്ന ഒരു പാട്ടു കേൾക്കുമ്പോൾ നമ്മുടെ മനസിലേക്കു പെട്ടെന്നു കടന്നുവരുന്ന ചിത്രം നമ്മുടെ ഹൈന്ദവസഹോദരങ്ങളുടെ ഭവനങ്ങളിൽ നടക്കുന്ന സായാഹ്ന പ്രാർത്ഥനയല്ലേ? അതിനു കാരണം നാമം ചൊല്ലൽ എന്ന പ്രയോഗം ഹൈന്ദവഭവനങ്ങളിലെ പ്രാർത്ഥനയ്‌ക്കല്ലാതെ മറ്റൊന്നിനും മലയാളഭാഷയിൽ ഉപയോഗിക്കുന്നില്ല എന്നതാണ്. ഗാനരചയിതാവിൻറെ ഉദ്ദേശം യേശുവിൻറെ നാമം ഏറ്റുപറയുന്നതിനെക്കുറിച്ചു സൂചിപ്പിക്കാനാണെങ്കിലും ആ ഉദ്ദേശം അതേപടി ശ്രോതാക്കളിലേക്ക് എത്തുന്നില്ല എന്നതാണ് സത്യം.
സെബാസ്ത്യാനോസ് പുണ്യവാളനെക്കുറിച്ചുള്ള ‘വിശുദ്ധനായ സെബാസ്ത്യാനോസേ’ എന്ന ഗാനത്തിലാകട്ടെ ഗൗരവതരമായ വിശ്വാസപ്രശ്നങ്ങൾ കാണാൻ കഴിയും. ഉദാഹരണം ഒന്നിലധികമുണ്ട്. ‘പാപികൾ ഞങ്ങളെ പരിശുദ്ധരാക്കാൻ പണ്ടു നർബോനയിൽ ജനിച്ചവനേ’. സെബാസ്ത്യാനോസ് ഭൂമിയിൽ ജനിച്ചതു നമ്മെ പരിശുദ്ധരാക്കാൻ വേണ്ടിയായിരുന്നോ? ‘പാവങ്ങൾ ഞങ്ങൾക്കു സ്വർഗരാജ്യം തരാൻ പീഡനമേറ്റു തളർന്നവനേ’, സെബാസ്ത്യാനോസിൻറെ പീഡകൾ നമ്മെ സ്വർഗരാജ്യത്തിലേക്കു കൊണ്ടുപോകുമോ? ‘അംഗങ്ങളൊക്കെയും ഞങ്ങളെ രക്ഷിക്കാൻ അമ്പുകൾ കൊണ്ടു മുറിഞ്ഞവനേ’.സെബാസ്ത്യാനോസ് അമ്പേറ്റു കൊല്ലപ്പെട്ടതു നമ്മുടെ രക്ഷയ്ക്ക് ഏതെങ്കിലും വിധത്തിൽ കാരണമാകുന്നുണ്ടോ?
അവിശ്വാസികളായിരുന്ന വയലാർ രചിക്കുകയും ദേവരാജൻ സംഗീതം കൊടുക്കുകയും ചെയ്ത ഈ ഗാനം പാടിയതു ക്രിസ്തീയവിശ്വാസം ഉപേക്ഷിച്ച യേശുദാസാണ്. അതുകൊണ്ട് അവരെ കുറ്റം പറയുന്നതിൽ അർഥമില്ല. മാത്രവുമല്ല അത് ഒരു സിനിമയ്ക്കുവേണ്ടി സന്ദർഭം അനുസരിച്ച് എഴുതിയ ഒരു ഗാനം മാത്രമാണ്. എന്നാൽ അത് ഒരാവർത്തി പോലും വായിച്ചുനോക്കാതെയും അതിൻറെ അർഥം ഗ്രഹിക്കാതെയും ദൈവാലയങ്ങളിൽ ഉപയോഗിക്കുന്ന നമ്മളാണു തെറ്റുകാർ.
ആധുനിക ഭാഷയിലേക്കു ദൈവാലയസംഗീതം പുരോഗമിച്ചപ്പോൾ അനേകം അപകടങ്ങൾ അറിയാതെയാണെങ്കിലും നമ്മുടെ ആരാധനാഗീതങ്ങളിൽ കടന്നുകൂടിയിട്ടുണ്ട്. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഈ പ്രവണത കൂടുതൽ ദൃശ്യമാകുന്നതു കത്തോലിക്കാ സഭയിൽ ആണെന്നതാണ്. യാക്കോബായ, ഓർത്തഡോക്സ്, മാർത്തോമാ സഭകളുടെ പുതിയ ഗാനങ്ങളും ഒരു പരിധി വരെ അവരുടെ ആരാധനാഗാനങ്ങളുടെ മൂലരൂപത്തോട് ഇപ്പോഴും ചേർന്നുനിൽക്കുന്നുണ്ട്. ഉദാഹരണത്തിനു മാരാമൺ കൺവെൻഷന് ഓരോ വർഷവും പുതിയ പാട്ടുകൾ ഇറക്കാറുണ്ട്. അവയൊക്കെയും ദൈവാരാധന, ദൈവമഹത്വം, സുവിശേഷവചനം, പാപമോചനം, വിടുതൽ, പരിശുദ്ധാത്മാഭിഷേകം, കർത്താവിൻറെ രണ്ടാം വരവ് എന്നിങ്ങനെയുള്ള അടിസ്ഥാന ക്രിസ്തീയവിശ്വാസ സത്യങ്ങളുടെ ഗാനാവിഷ്കാരമാണ്. അവയിലെ പദപ്രയോഗവും ആലാപനശൈലിയും ഒക്കെ കത്തോലിക്കാസഭയുമായി താരതമ്യപ്പെടുത്തുമ്പോൾ അരനൂറ്റാണ്ടെങ്കിലും പുറകിലാണ്. എന്നാൽ അവ അവയുടെ ദൗത്യം നിറവേറ്റുന്നതിൽ വിജയിക്കുന്നു എന്നതിൽ സംശയമില്ല. നമ്മുടെ ചില ഗാനരചയിതാക്കളുടെയെങ്കിലും ശ്രദ്ധ അടിസ്ഥാനകാര്യങ്ങളിൽ നിന്നു മാറി ഉപരിപ്ലവമായ ശബ്ദഘോഷങ്ങളിലേക്കു തിരിഞ്ഞിരിക്കുന്നു എന്നതു ദൗർഭാഗ്യകരമാണ്.
ഇനി പലപ്പോഴും ശ്രദ്ധിച്ചിട്ടുള്ള ഒരു പ്രവണത പാട്ടിൻറെ വരികൾക്കിടയിൽ ആവശ്യത്തിലധികം ഇടവേള കൊടുക്കുന്നതാണ്. ആ ഇടവേളകൾ കീബോർഡ് വായിക്കുന്നവരുടെ വൈദഗ്ധ്യം പ്രകടിപ്പിക്കാനുള്ള അവസരമായി മാറുന്നു. ഭക്തിസാന്ദ്രമായി ആലപിച്ചുകൊണ്ടിരിക്കുന്ന ഒരു പാട്ട് ഇടയ്ക്കുവച്ച് മുറിഞ്ഞുപോകുമ്പോൾ കൂടെ പാടുന്ന വിശ്വാസികൾക്ക് അതിൻറെ ഫീൽ നഷ്ടപ്പെടുന്ന കാര്യം കീബോർഡ് വായിക്കുന്നവർ അറിയുന്നില്ലേ?. ഓശാനഗീതത്തിൽ ‘മണ്ണും വിണ്ണും നിറയുന്നു, മന്നവനവനുടെ മഹിമകളാൽ’ എന്ന വരികൾ ഒരുമിച്ച് പാടിയാലല്ലേ അർഥം മനസിലാവുകയുള്ളു. എന്നാൽ ചിലയിടങ്ങളിൽ മണ്ണും വിണ്ണും നിറയുന്നു എന്നതിനു ശേഷം ഒരിടവേള കൊടുത്തിട്ടാണ് അടുത്ത വരി പാടുന്നത്! കീബോർഡിൻറെ ഉപയോഗം പരമാവധി കുറയ്ക്കുക എന്ന ഒരു ചിട്ട ദൈവാലയത്തിൽ നിഷ്കർഷിക്കാൻ സമയമായി എന്ന് പറയാതിരിക്കാൻ വയ്യ.
ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ. പരിശുദ്ധ കുർബാന സ്വീകരണസമയത്തു സത്യത്തിൽ പാട്ടു പാടേണ്ട ആവശ്യമുണ്ടോ? ഹൃദയത്തിൽ സ്വീകരിച്ച ഈശോയുടെ കൂടെ കുറച്ചുനേരമെങ്കിലും കണ്ണടച്ചു ശാന്തമായിരിക്കാൻ ഉപയോഗിക്കേണ്ട സമയമല്ലേ അത്? ആ സമയത്തുള്ള ഗാനാലാപനം നമ്മുടെ ശ്രദ്ധ വ്യതിചലിപ്പിക്കാൻ കാരണമാകുന്നു എന്ന ആശങ്ക അനേകർ പങ്കുവച്ചിട്ടുള്ളതാണ്. ഇക്കാര്യത്തെക്കുറിച്ചു സഭാധികാരികൾ ശ്രദ്ധിച്ചാൽ നന്നായിരിക്കും. കുർബാന സ്വീകരണത്തിനിടയിൽ കേട്ട ഒരു പാട്ടിൽ പരിശുദ്ധ കുർബാന കൈയിൽ ആണു സ്വീകരിക്കേണ്ടത് എന്ന ആശയം ധ്വനിപ്പിക്കുന്ന വരികൾ ഉണ്ടായിരുന്നതായും ഓർക്കുന്നു.
ഇനി പറയാനുള്ളതു ഗായകസംഘത്തെക്കുറിച്ചാണ്. ദൈവാലയത്തിൽ വൈദികനും അൾത്താര ശുശ്രൂഷികളും കഴിഞ്ഞാൽ പ്രാമുഖ്യം അർഹിക്കുന്നതു ഗായകസംഘമാണ് . അവരുടെ സ്ഥാനം അൾത്താരയ്ക്കടുത്തായതുകൊണ്ടു വിശ്വാസികൾ അവരെ കൂടുതൽ ശ്രദ്ധിക്കുന്നതും സ്വാഭാവികം. അതിനാൽ അവർ ദൈവാലയത്തിനു യോജിച്ച രീതിയിലുള്ള വസ്ത്രം ധരിച്ചുവരണമെന്നും മറ്റുള്ളവർക്ക് ഉതപ്പു കൊടുക്കാത്ത തരത്തിൽ ദൈവാലയത്തിൽ വർത്തിക്കണമെന്നും സഭ ആഗ്രഹിക്കുന്നു. ചില ദൈവാലയങ്ങളിലെയെങ്കിലും ഗായകസംഘാംഗങ്ങളുടെ വേഷഭൂഷാദികളും പെരുമാറ്റവും ദൈവാലയത്തിൻറെ വിശുദ്ധിയ്ക്ക് ഒട്ടും ചേർന്നതല്ല എന്നു വേദനയോടെ പറയട്ടെ.
ക്രൈസ്തവദൈവാലയത്തിലെ സംഗീതം സ്വർഗത്തിൽ ദൈവത്തെ മഹത്വപ്പെടുത്തുന്ന സംഗീതത്തിൻറെ മുന്നാസ്വാദനം മാത്രമായിരിക്കണം എന്ന കാര്യം നാം ഒരിക്കലും മറക്കാതിരിക്കുക.
ഹല്ലേലുയ, ഹല്ലേലുയ, ഹല്ലേലൂയ.