വിശുദ്ധവും അശുദ്ധവും തമ്മിലുള്ള അന്തരം മറ്റാരും മനസിലാക്കിയില്ലെങ്കിലും ക്രിസ്ത്യാനി മനസിലാക്കണം. കാരണം അത് അവൻറെ നിത്യജീവനെ ബാധിക്കുന്ന കാര്യമാണ്. നീതിയും അനീതിയും തമ്മിലും, പ്രകാശവും അന്ധകാരവും തമ്മിലും ഒരു ബന്ധവുമില്ലാത്തതുപോലെ തന്നെ ( 2 കൊറി 6:14) വിശുദ്ധിയ്ക്കും അശുദ്ധിയ്ക്കും തമ്മിൽ പൊതുവായി ഒന്നുമില്ല. സകലവിശുദ്ധിയുടെയും ഉറവിടം പിതാവായ ദൈവമാണ്. സകല അശുദ്ധിയുടെയും ഉറവിടം നുണയുടെ പിതാവായ സാത്താനും.
അശുദ്ധി പ്രവർത്തിക്കുന്നവരുടെ പിതാവും പിശാചാണെന്ന് (യോഹ. 8:44) ഈശോ തന്നെ പറഞ്ഞിട്ടുണ്ടല്ലോ. വിശുദ്ധവും അശുദ്ധവും തമ്മിലുള്ള വ്യത്യാസം വളരെ കൃത്യമായി അറിഞ്ഞിരുന്ന പൗലോസ് ശ്ലീഹാ നമ്മെ ഉദ്ബോധിപ്പി[പ്പിക്കുന്നു. ‘ആകയാൽ, നിങ്ങൾ അവരെ വിട്ട് ഇറങ്ങിവരുകയും അവരിൽ നിന്നു വേർപിരിയുകയും ചെയ്യുവിൻ എന്നു കർത്താവ് അരുളിച്ചെയ്യുന്നു. അശുദ്ധമായതൊന്നും നിങ്ങൾ തൊടുകയുമരുത്; അപ്പോൾ ഞാൻ നിങ്ങളെ സ്വീകരിക്കും. ഞാൻ നിങ്ങൾക്കു പിതാവും നിങ്ങൾ എനിക്കു പുത്രന്മാരും പുത്രികളും ആയിരിക്കും എന്നു സർവശക്തനായ കർത്താവ് അരുളിച്ചെയ്യുന്നു’ ( 2 കൊറി 6:17-18).
വിശുദ്ധമായവയെ അശുദ്ധമാക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവനാണു പിശാച്. അതുകൊണ്ടാണ് അവൻ പരമപരിശുദ്ധമായ പരിശുദ്ധകുർബാനയെ അവഹേളിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കാത്തത്. ദൈവപുത്രൻറെ ശരീരവും രക്തവും തന്നെയായ പരിശുദ്ധ കുർബാനയുടെ മഹത്വം അവനോളം അറിയുന്നവർ ആരുമില്ല. പാപം മൂലം മൃതരായ മനുഷ്യരുടെ ആത്മാക്കൾക്കു നിത്യജീവനിലേക്കുള്ള വാതിലായി വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള പരിശുദ്ധ കുർബാന സ്വീകരിക്കുന്നവരുടെ ശരീരങ്ങൾ സ്വർഗത്തിനു പ്രതിഷ്ഠിതമാണെന്നും അവനു നന്നായറിയാം.
‘നിങ്ങളിൽ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിൻറെ ആലയമാണു നിങ്ങളുടെ ശരീരമെന്നു നിങ്ങൾക്ക് അറിഞ്ഞുകൂടേ?’ ( 1 കൊറി 6:19) എന്നു ചോദിച്ചുകൊണ്ടു ക്രിസ്ത്യാനിയുടെ ശരീരത്തിൻറെ പവിത്രതയെക്കുറിച്ച് പൗലോസ് ശ്ലീഹാ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. നമ്മുടെ ശരീരങ്ങളുടെ ഈ അതിസ്വാഭാവികവിശുദ്ധി നമ്മുടെ കഴിവോ പ്രയത്നമോ കൊണ്ടു ലഭിച്ചതല്ല, മറിച്ച് യേശുക്രിസ്തുവിൻറെ കാൽവരി ബലിയുടെയും അവിടുന്ന് നമ്മുടെ മേൽ അയച്ച പരിശുദ്ധാത്മാവിൻറെയും ഫലമാണ്. ചുരുക്കിപ്പറഞ്ഞാൽ ‘നാം എന്തായിരിക്കുന്നുവോ അതു ദൈവകൃപയാലാണ് ( 1 കൊറി 15:10). ‘ നിങ്ങൾ നിങ്ങളുടെ സ്വന്തമല്ല, നിങ്ങൾ വിലയ്ക്ക് വാങ്ങപ്പെട്ടവരാണ്, ആകയാൽ നിങ്ങളുടെ ശരീരത്തിൽ ദൈവത്തെ മഹത്വപ്പെടുത്തുവിൻ’ (1 കൊറി. 6:20).
അൽപകാലം മുൻപ് മണ്ണു കൊണ്ടു നിർമിക്കപ്പെട്ടവനും,, അൽപകാലം കഴിയുമ്പോൾ, തനിക്കു കടമായി ലഭിച്ച ആത്മാവിനെ ദാതാവ് ആവശ്യപ്പെടുമ്പോൾ തിരിച്ചേൽപിച്ചു മണ്ണിലേക്കു മടങ്ങേണ്ടവനുമായ മനുഷ്യൻറെ ( ജ്ഞാനം 15:8 ) ശരീരത്തിൽ പരിശുദ്ധാത്മാവ് വസിക്കുന്ന ആ ചെറിയ കാലഘട്ടത്തിൽ ആ ശരീരത്തെ അവഹേളിക്കുന്നതിലും അശുദ്ധമാക്കുന്നതിലും പിശാച് വലിയ സന്തോഷം കണ്ടെത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ വേണം നമ്മെ ജഡികപാപങ്ങളിൽ വീഴിക്കാനുള്ള സാത്താൻറെ തന്ത്രങ്ങളെ നാം മനസിലാക്കേണ്ടത്. അവൻറെ ആവശ്യം പരിശുദ്ധകുർബാന സ്വീകരിച്ചതും പരിശുദ്ധാത്മാവിൻറെ ആലയമായി പ്രതിഷ്ഠിക്കപ്പെട്ടതുമായ ക്രിസ്ത്യാനിയുടെ ശരീരത്തെ അശുദ്ധി കൊണ്ടു നിറയ്ക്കുക എന്നതാണ്.
അന്തിമനാളുകളിൽ ലോകം മുഴുവനെയും ഒരു മഹാപ്രളയം പോലെ കീഴടക്കുന്ന അശുദ്ധപാപങ്ങളുടെ പ്രതീകമായി വെളിപാടു പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന മഹാബാബിലോണിൻറെ ‘ ദുർവൃത്തിയുടെ വീഞ്ഞു കുടിച്ച് ഭൂവാസികൾ ഉന്മത്തരായി (വെളി 17:2). എന്നാണു വിശുദ്ധഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നത്. ‘വേശ്യാവൃത്തിയുടെ അശുദ്ധികളും മ്ലേച്ഛതകളും കൊണ്ടു നിറഞ്ഞ പൊൻചഷകം കൈയിലേന്തിയ ‘ (വെളി 17:4) അവൾ പിശാചുക്കളുടെ വാസസ്ഥലവും എല്ലാ അശുദ്ധാത്മാക്കളുടെയും സങ്കേതവും അശുദ്ധവും ബീഭത്സവുമായ സകല പക്ഷികളുടെയും താവളവുമാണ് (വെളി 18:2). ഈ അശുദ്ധി ക്രിസ്ത്യാനിയുടെ വിശുദ്ധശരീരങ്ങളിലേക്കു കൂടി പകരാനാണ് ഈ നാളുകളിൽ സാത്താൻറെ ശ്രമം.
സാത്താൻറെ സന്തതികൾ ക്രിസ്ത്യാനിയുടെ ശരീരത്തിൽ കണ്ണുവയ്ക്കുന്നുണ്ടെങ്കിൽ ഓർത്തുകൊള്ളുക, അവരുടെ ഉദ്ദേശം നമ്മുടെ നന്മയല്ല, നമ്മുടെ ശരീരങ്ങളെയും അതിൽ വസിക്കുന്ന പരിശുദ്ധാത്മാവിനെയും അവഹേളിക്കുക എന്നതാണ്. അതുകൊണ്ടാണ് അവർ ക്രിസ്ത്യൻ ചെറുപ്പക്കാരെ കൃത്യമായി ലക്ഷ്യം വച്ചുകൊണ്ട് കെണികൾ ഒരുക്കുന്നത്. അവരുടെ ലക്ഷ്യം പ്രണയമോ സൗഹൃദമോ അല്ല; ഒരിക്കൽ ക്രിസ്തുവിൻറെ ശരീരം പോലെയുള്ള തിരുശരീരങ്ങൾ ആയിത്തീരേണ്ടതും അതിൻറെ അച്ചാരമായി പരിശുദ്ധാത്മാവിനെ സ്വീകരിച്ചവയുമായ ക്രിസ്ത്യാനിയുടെ ശരീരങ്ങളെ അശുദ്ധമാക്കുക എന്നതാണ്. പരിശുദ്ധാത്മാവിൻറെ ആലയമായ ക്രിസ്ത്യാനിയുടെ ശരീരങ്ങൾ അശുദ്ധമാക്കപ്പെട്ടാൽ ദൈവത്തിനു വേദനിക്കുമെന്ന് അവനറിയാം. ദൈവത്തെ വേദനിപ്പിക്കുന്നതിൽപ്പരം ഒരു സന്തോഷം അവനു കിട്ടാനില്ല. ദൈവത്തിൻറെയും അതുവഴി നമ്മുടെയും നിതാന്തശത്രുവായ ആ പുരാതനസർപ്പത്തിനു സന്തോഷം നൽകുന്നതിനു വേണ്ടിയാണോ നാം നമ്മുടെ ശരീരങ്ങളെ പരിശുദ്ധകുർബാനയും മറ്റു കൂദാശകളും കൊണ്ടു പരിപോഷിപ്പിക്കുന്നത് എന്നു ചിന്തിക്കുക.
യേശുക്രിസ്തുവിൻറെ ദൈവത്വത്തെ നിഷേധിക്കുന്നവർക്ക് അവിടുത്തെ തിരുരക്തത്തിൻറെ വിലയോ തിരുശരീരത്തിൻറെ മഹത്വമോ അറിയില്ല. പരിശുദ്ധാത്മാവ് ആരെന്നും അവർക്കറിയില്ല. എന്നാൽ അവർക്ക് ഒന്നറിയാം. ക്രിസ്ത്യാനിയുടെ ശരീരം വിശുദ്ധമാണ്! അതിനെ അശുദ്ധമാക്കണമെന്ന തങ്ങളുടെ പിതാവിൻറെ കൽപന അവർ അക്ഷരം പ്രതി അനുസരിക്കുന്നു എന്നു മാത്രം. നിത്യവെളിച്ചമായ യേശുക്രിസ്തുവിൻറെ പ്രകാശത്തിനു നേരെ കണ്ണടച്ചുകൊണ്ട് അന്ധകാരത്തിൻറെ കറുത്ത മൂടുപടങ്ങൾക്കുള്ളിലേക്ക് ഈയാംപാറ്റകളെപ്പോലെ പറന്നുവീഴുന്ന നമ്മുടെ ചെറുപ്പക്കാരെ ഓർത്തു കണ്ണീരൊഴുക്കണം. അവർക്കു വേണ്ടി പ്രാർഥിക്കണം. നീതിസൂര്യനായ ക്രിസ്തുവിനെ നിഷേധിക്കുന്ന അവരുടെ യാത്ര തിരിച്ചുവരവിന് ഒരു സാധ്യതയുമില്ലാത്ത തമോഗർത്തങ്ങളിലേക്കാണെന്ന് അവർക്കറിയില്ലെങ്കിലും നമുക്കറിയാമല്ലോ. കൃപയുടെ ആത്മാവിനെ അവമാനിക്കുന്നവർ അതിനു വലിയ വില കൊടുക്കേണ്ടിവരും എന്ന കാര്യവും ചോരത്തിളപ്പിൽ അവർ മറന്നുപോയിട്ടുണ്ടാകും. അവരെയും നമ്മെയും ഓർമ്മിപ്പിക്കാനായി ഹെബ്രായലേഖകൻ ഇപ്രകാരം എഴുതിയിരിക്കുന്നു. ‘ദൈവപുത്രനെ പുച്ഛിച്ചുതള്ളുകയും തന്നെ ശുദ്ധീകരിച്ച പുതിയ ഉടമ്പടിയുടെ രക്തത്തെ അശുദ്ധമാക്കുകയും കൃപയുടെ ആത്മാവിനെ അവമാനിക്കുകയും ചെയ്തവനു ലഭിക്കുന്ന ശിക്ഷ എത്ര കഠോരമായിരിക്കുമെന്നാണു നിങ്ങൾ വിചാരിക്കുന്നത്?’ (ഹെബ്രാ. 10:29).
നശ്വരതയിൽ വിതയ്ക്കപ്പെടുകയും അനശ്വരതയിൽ ഉയിർപ്പിക്കപ്പെടുകയും ചെയ്യാനുള്ളതാണു നമ്മുടെ ശരീരങ്ങൾ (1 കൊറി 15:42). അവമാനത്തിലും ബലഹീനതയിലും വിതയ്ക്കപ്പെട്ട്, മഹിമയിലും ശക്തിയിലും ഉയിർപ്പിക്കപ്പെടാനുള്ള (1 കൊറി 15:42) നമ്മുടെ ശരീരങ്ങളുടെ വിശുദ്ധിയെ നഷ്ടപ്പെടുത്തുന്ന ഏതൊരു പ്രവൃത്തിയിൽ നിന്നും – അതു സൗഹൃദമായിക്കൊള്ളട്ടെ, പ്രണയമായിക്കൊള്ളട്ടെ- വിട്ടുനിൽക്കാനുള്ള കൃപയും നമ്മുടെ ശരീരങ്ങളെ അശുദ്ധമാക്കാനായി സാത്താൻ ഒരുക്കിവച്ചിരിക്കുന്ന കെണികളെ തിരിച്ചറിയാനുള്ള ജ്ഞാനവും നമ്മുടെ മക്കൾക്കു ലഭിക്കണമേ എന്നു പ്രാർഥിക്കാം.