രോഗശാന്തി തട്ടിപ്പുകൾ

പ്രാർത്ഥന കൊണ്ട് രോഗം മാറുമോ? നമുക്കു വേണ്ടി മറ്റൊരാൾ പ്രാർഥിച്ചാൽ നമുക്കു  സൗഖ്യം കിട്ടുമോ? ചില വ്യക്തികൾ തലയിൽ കൈവച്ചു  പ്രാർഥിച്ചപ്പോൾ  രോഗം മാറി  എന്നൊക്കെ പറയുന്നതു  സത്യമാണോ? രോഗശാന്തിശുശ്രൂഷ എന്നു  പറയുന്നതേ തട്ടിപ്പല്ലേ? കുറേപ്പേർക്കു  പണം ഉണ്ടാക്കാനുള്ള  എളുപ്പവഴി മാത്രമല്ലേ കരിസ്മാറ്റിക് ശുശ്രൂഷകൾ?

സംശയങ്ങൾ അനവധിയാണ്.  നിർഭാഗ്യവശാൽ ഇതൊന്നും അക്രൈസ്തവരുടെ  സംശയങ്ങളല്ല. പിതാവിൻറെയും പുത്രൻറെയും പരിശുദ്ധാത്മാവിൻറെയും നാമത്തിൽ ജ്ഞാനസ്നാനം സ്വീകരിച്ച്, ക്രിസ്തീയകുടുംബങ്ങളിൽ ജീവിച്ച്, വിശ്വാസപരിശീലനം നേടിയ അനേകർ  ഈ സംശയങ്ങളും മനസ്സിൽ കൊണ്ടുനടക്കുന്നുണ്ട് എന്നതാണു  സത്യം. അവരുടെ സംശയങ്ങളെ ബലപ്പെടുത്താൻ തക്കവിധത്തിൽ എപ്പോഴെങ്കിലും  ലഭിക്കുന്ന ചൂടുള്ള വാർത്തകൾ ഉടനടി സംപ്രേക്ഷണം ചെയ്യാൻ കാത്തിരിക്കുന്ന  സാമൂഹ്യമാധ്യമങ്ങളും കൂടിയാകുമ്പോൾ വിശ്വാസി അല്പവിശ്വാസിയും, അല്പവിശ്വാസി അവിശ്വാസിയും ആയി മാറുന്നതിൽ  അത്ഭുതമില്ല. 

ഇതു  പറയാൻ കാരണം ഈയടുത്ത നാളുകളിൽ ഏതോ ഒരു വചനപ്രഘോഷകൻ നടത്തുന്ന രോഗശാന്തിശുശ്രൂഷകൾ തട്ടിപ്പാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകളാണ്.   ഏതെങ്കിലും  ഒരു വ്യക്തി സുവിശേഷപ്രഘോഷണം ആദായമാർഗമായി കണ്ടു   രോഗശാന്തിശുശ്രൂഷയുടെ പേരിൽ തട്ടിപ്പു നടത്തുന്നുണ്ടെങ്കിൽ തീർച്ചയായും അത്തരക്കാർക്കെതിരെ നടപടിയെടുക്കണം. അവർ സേവിക്കുന്നത് യേശുക്രിസ്തുവിനെയല്ല, തങ്ങളുടെ തന്നെ ഉദരങ്ങളെയാണ്.

എന്നാൽ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുനന്നവരുടെ യഥാർത്ഥ ഉദ്ദേശം നാം തിരിച്ചറിയണം. അത്, തെറ്റു ചെയ്തു എന്ന് അവർ ആരോപിക്കുന്ന വ്യക്തിയെ നിയമത്തിൻറെ മുൻപിൽ കൊണ്ടുവരിക എന്നതല്ല, മറിച്ചു  ക്രൈസ്തവസഭകളിൽ നടക്കുന്ന കരിസ്മാറ്റിക് ശുശ്രൂഷകളെ  ആകെ താറടിച്ചുകാണിക്കുകയും അവിടെ സംഭവിക്കുന്ന രോഗശാന്തി അടക്കമുള്ള ആയിരക്കണക്കായ ദൈവിക ഇടപെടലുകളെ എല്ലാം നിഷേധിക്കുകയും ചെയ്യുക എന്നതാണ്. നുണ നൂറു തവണ ആവർത്തിച്ചു പറഞ്ഞ് അതു സത്യമാണെന്ന പ്രതീതി ജനിപ്പിക്കുന്ന ഗീബൽസിൻറെ തന്ത്രം തന്നെയാണ് ഇവർ ഉപയോഗിക്കുന്നത്. 

ഏതെങ്കിലും ഒരു വ്യക്തി സുവിശേഷപ്രഘോഷണത്തിലോ  രോഗഗശാന്തിശുശ്രൂഷയിലോ  തട്ടിപ്പു നടത്തുന്നുണ്ടോ എന്നതല്ല നമ്മുടെ ചിന്താവിഷയം. പ്രാർത്ഥനയിലൂടെ രോഗസൗഖ്യം  ലഭിക്കുമോ എന്നതാണ്. സുവിശേഷങ്ങൾ വളരെ  വ്യക്തമായി പറയുന്നു. കർത്താവീശോമിശിഹാ അനേകർക്കു  രോഗസൗഖ്യം നൽകിയിരുന്നുവെന്ന്.  അവിടുത്തെ  വായിൽ നിന്നു പുറപ്പെടുന്ന വചനത്തിൻറെ ശക്തി ഒന്നുകൊണ്ടു മാത്രമായിരുന്നു രോഗപീഡകൾ വിട്ടുമാറിയത്.   ജീവനുള്ള ദൈവത്തിൻറെ  അധരത്തിൽ നിന്നു  പുറപ്പെടുന്ന വചനത്തിനു  രോഗസൗഖ്യം നല്കാൻ  കഴിയും എന്നതിൽ സംശയമില്ലല്ലോ.

രോഗസൗഖ്യം നല്കാൻ കർത്താവ് വ്യത്യസ്തങ്ങളായ മാർഗങ്ങൾ  സ്വീകരിച്ചിരുന്നു. കുഷ്ഠരോഗിയെ സുഖപ്പെടുത്തിയതു  കൈ നീട്ടി അവനെ സ്പർശിച്ചുകൊണ്ടാണ് (മത്തായി  8:4). ശതാധിപൻറെ ഭൃത്യനാകട്ടെ, ദൂരെ നിന്ന് അവൻറെ യജമാനൻ വിശ്വാസം ഏറ്റുപറഞ്ഞപ്പോൾ  യേശു സൗഖ്യം  കൊടുത്തു (മത്തായി 8:5-13). കർത്താവ് ആ ശതാധിപൻറെ വീട്ടിൽ പോയി രോഗസൗഖ്യം നല്കാൻ തയ്യാറായിരുന്നു. എന്നാൽ അതിൻറെ ആവശ്യകത ഇല്ലാതാക്കും വിധത്തിലുള്ള  അവൻറെ വിശ്വാസമാണു  ഭൃത്യന് ഉടനടി സൗഖ്യം നൽകിയത്. പത്രോസിൻറെ അമ്മായിയമ്മയ്ക്കു സൗഖ്യം കിട്ടിയത് ഈശോയുടെ  സ്പർശനത്തിലൂടെയാണ് (മത്തായി  8:15). സൗഖ്യം ആഗ്രഹിച്ചുവന്ന തളർവാത  രോഗിയ്ക്കാകട്ടെ അവിടുന്ന് ആദ്യം പാപമോചനവും തുടർന്നു  രോഗസൗഖ്യവും നൽകുന്നു (മത്തായി  9:1-7). 

എന്നാൽ രക്തസ്രാവക്കാരിയ്ക്ക് ഇതൊന്നും വേണ്ടിവന്നില്ല. അവൾ ആരും അറിയാതെ പോയി യേശുവിൻറെ വസ്ത്രത്തിൻറെ  വിളുമ്പിൽ സ്പർശിച്ചതേയുള്ളൂ. അവൾക്കു സൗഖ്യം കിട്ടി (മത്തായി  9 : 20-22). ഭരണാധിപൻറെ മരിച്ചുപോയ മകളെ അവിടുന്ന് ഉയിർപ്പിച്ചതു   കൈയ്ക്കു പിടിച്ച് എഴുന്നേല്പിച്ചുകൊണ്ടാണ് (മത്തായി 9:25). അന്ധർക്കു കാഴ്ച നൽകിയതാകട്ടെ  വചനം കൊണ്ടും സ്പർശനം കൊണ്ടുമാണ്  (മത്തായി 9:29). കൈ ശോഷിച്ച മനുഷ്യനു  സൗഖ്യം  കിട്ടിയതു   കർത്താവിൻറെ വചനം അനുസരിച്ചു  കൈ നീട്ടിയപ്പോഴാണ് ( മത്തായി  12:13). വിശ്വാസവും അതിലേറെ എളിമയും  കൊണ്ടായിരുന്നു കാനാൻകാരി സ്ത്രീ തൻറെ മകൾക്കു വേണ്ടി  യേശുവിൽ നിന്നു  സൗഖ്യം  പിടിച്ചുവാങ്ങിയത് (മത്തായി 15:21-28). അപസ്മാരരോഗിയ്ക്കു  സൗഖ്യം   കിട്ടിയത് യേശു പിശാചിനെ  ശാസിച്ചു  ബഹിഷ്കരിച്ചപ്പോഴാണ് (മത്തായി 17:18). യേശു ഉള്ളലിഞ്ഞ്  രണ്ട് അന്ധന്മാരെ സ്പർശിച്ചപ്പോൾ  അവർക്കു  കാഴ്ച വീണ്ടുകിട്ടി(മത്തായി 20:34). 

എന്നാൽ ബധിരനു സൗഖ്യം  കൊടുക്കാൻ യേശു  അവൻറെ ചെവിയിൽ വിരലിടുകയും, തുപ്പലു കൊണ്ടു നാവിൽ സ്പർശിക്കുകയും,  എഫാത്താ – തുറക്കപ്പെടട്ടെ- എന്നു  പറയുകയും ചെയ്യേണ്ടിവന്നു  (മർക്കോസ് 7:33-35). ബേത് സൈദായിലെ   അന്ധനാകട്ടെ സൗഖ്യം  നൽകുന്നതിനു  മുൻപ് യേശു ആദ്യം ചെയ്തത് അവനെ ഗ്രാമത്തിൽ നിന്നു പുറത്തേക്കു കൊണ്ടുപോകുകയാണ്.  അതിനു ശേഷം  കണ്ണുകളിൽ തുപ്പുകയും കൈകൾ വയ്ക്കുകയും ചെയ്തപ്പോൾ അവനു കാഴ്ച തിരിച്ചുകിട്ടി (മർക്കോസ് 8:22-25). നായിനിലെ വിധവയുടെ മകനെയും (ലൂക്കാ 7: 14) ലാസറിനെയും (യോഹ. 11:43) യേശു ഉയിർപ്പിച്ചത് ഒരിക്കലും പരാജയപ്പെട്ടിട്ടില്ലാത്ത തൻറെ വചനം അയച്ചുകൊണ്ടാണ്. കൂനുള്ള സ്ത്രീയ്ക്ക് സൗഖ്യം ലഭിച്ചതു  കർത്താവിൻറെ വചനവും  സ്പർശനവും കൊണ്ടായിരുന്നു (ലൂക്കാ 13:12-13). അതായതു  രോഗശാന്തി നല്കാൻ വിവിധങ്ങളായ മാർഗങ്ങൾ കർത്താവ് ഉപയോഗിച്ചിരുന്നു.

രോഗശാന്തി നൽകാനുള്ള  അധികാരം  തൻറെ ജീവിതകാലത്തുതന്നെ യേശു  അപ്പസ്തോലന്മാർക്കു  പകർന്നു നൽകുന്നതായി ഒന്നിലേറെ തവണ സുവിശേഷങ്ങളിൽ പരാമർശമുണ്ട്.  (മത്തായി 10:1, 10:8, ലൂക്കാ 10:9). സ്വർഗ്ഗാരോഹണത്തിനു മുൻപായി  ഈ അധികാരം  അവർക്ക് ലോകാവസാനം വരെ എന്നെന്നേക്കുമായി നിലനിൽക്കും വിധം പകർന്നുകൊടുത്തിട്ടാണ് അവിടുന്ന് സ്വർഗത്തിലേക്ക് ആരോഹണം ചെയ്തത്. ‘വിശ്വസിക്കുന്നവരോടുകൂടി ഈ അടയാളങ്ങൾ  ഉണ്ടായിരിക്കും. അവർ എൻറെ നാമത്തിൽ പിശാചുക്കളെ ബഹിഷ്കരിക്കും. പുതിയ ഭാഷകൾ സംസാരിക്കും. അവർ സർപ്പങ്ങളെ കൈയിലെടുക്കും. മാരകമായ എന്തുകുടിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല.  അവർ രോഗികളുടെ മേൽ കൈകൾ വയ്ക്കും; അവർ  സുഖം പ്രാപിക്കുകയൂം ചെയ്യും ( മർക്കോസ്  16:17-18). 

അതായത് യേശുവിൻറെ  സുവിശേഷത്തിൽ വിശ്വസിക്കുന്നവർക്ക് അത്ഭുതങ്ങളും രോഗശാന്തിയും നൽകാനുള്ള  അധികാരം  അവിടുന്ന് അനുവദിച്ചിട്ടുണ്ട്.  മർക്കോസിൻറെ സുവിശേഷം അവസാനിക്കുന്നതുതന്നെ  ഇപ്രകാരം കർത്താവ് നൽകിയ അധികാരം ശിഷ്യന്മാർ ഫലപ്രദമായി ഉപയോഗിച്ചിരുന്നു എന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ്. ‘അവർ എല്ലായിടത്തും പോയി പ്രസംഗിച്ചു. കർത്താവ് അവരോടുകൂടെ പ്രവർത്തിക്കുകയും അടയാളങ്ങൾ കൊണ്ടു വചനം സ്ഥിരീകരിക്കുകയും ചെയ്തു 

(മർക്കോസ്  16:20).  നമ്മുടെ കടമ സുവിശേഷം പ്രസംഗിക്കുക എന്നതാണ്. നമുക്കു  പ്രവർത്തിക്കാൻ ഒന്നുമില്ല, കാരണം  പ്രവർത്തനം നടത്തുന്നതു  കർത്താവാണ്. മനുഷ്യൻ സുവിശേഷം പ്രസംഗിക്കുമ്പോൾ ദൈവം അടയാളങ്ങൾ പ്രവർത്തിക്കുന്നു.  പ്രാർത്ഥന കൊണ്ടു  രോഗം മാറുന്നതിൻറെ കാരണം രോഗിയുടെ ആത്മവിശ്വാസം വർധിക്കുന്നതാണെന്നൊക്കെ പറഞ്ഞു ദൈവിക ഇടപെടലിനെ തള്ളിക്കളയുന്നവർക്കുള്ള മറുപടി ഈ വചനത്തിൽ തന്നെയുണ്ട്. 

പത്രോസ്  മുടന്തനു  സൗഖ്യം കൊടുത്തതു ത്  നസറായനായ യേശുക്രിസ്തുവിൻറെ നാമത്തിൽ എഴുന്നേറ്റു നടക്കുക  എന്നു  പറഞ്ഞുകൊണ്ട് അവൻറെ കൈയ്ക്കു  പിടിച്ച് അവനെ എഴുന്നേല്പിച്ചപ്പോഴാണ് (അപ്പ. 3:7). തെരുവിലൂടെ കടന്നുപോകുന്ന പത്രോസിൻറെ  നിഴൽ ശരീരത്തിൽ വീണാൽ സൗഖ്യം ലഭിക്കും എന്ന് വിശ്വസിച്ചവർക്കും സൗഖ്യം ലഭിച്ചു ( അപ്പ.  5:15). പൗലോസ് മുടന്തന് സൗഖ്യം കൊടുത്തത്  എഴുന്നേറ്റു കാലുറപ്പിച്ചു നിൽക്കുക എന്ന ആജ്ഞാവചനം കൊണ്ടാണ് (അപ്പ. 14:10). പുബ്ലിയൂസിൻറെ പിതാവിനാകട്ടെ  പൗലോസിൻറെ കൈവയ്പു പ്രാർഥനയിലൂടെയാണ്  സൗഖ്യം ലഭിച്ചത്.  പൗലോസിൻറെ സ്പർശനമേറ്റ തൂ തൂവാലകളും അംഗവസ്ത്രങ്ങളും രോഗശാന്തിയ്ക്കു കാരണമായി എന്നു സാക്ഷ്യപ്പെടുത്തുന്നതു  വിശുദ്ധഗ്രന്ഥം തന്നെയാണ്.

ഏതു  മാർഗത്തിൽ കൂടി  രോഗസൗഖ്യം നൽകണമെന്നു  തീരുമാനിക്കുന്നതു  പത്രോസോ പൗലോസോ   ആയിരുന്നില്ല, പരിശുദ്ധാത്മാവായിരുന്നു. ഇന്നും അത് അങ്ങനെ തന്നെയാണ്. രോഗശാന്തിവരം ലഭിച്ചിട്ടുള്ള  വചനപ്രഘോഷകർ പ്രസംഗിക്കുമ്പോൾ  രോഗസൗഖ്യം  സംഭവിക്കുന്നു. ദിവ്യകാരുണ്യ ആരാധന നടത്തുമ്പോഴോ പരിശുദ്ധകുർബാന അർപ്പിക്കുമ്പോഴോ  രോഗസൗഖ്യം സംഭവിക്കുന്നു. തലയിൽ കൈവച്ച് പ്രാർത്ഥിക്കുമ്പോൾ സൗഖ്യം സംഭവിക്കുന്നു. ചിലപ്പോൾ ഇതൊന്നുമില്ലാതെ  അവരുടെ പ്രാർത്ഥന കൊണ്ടു മാത്രം    വിദൂരങ്ങളിലായിരിക്കുന്ന രോഗികൾക്ക്  അത്ഭുതരോഗശാന്തി ലഭിക്കുന്നു.

ഏതു  മാർഗത്തിലൂടെയാണ് സൗഖ്യം കൊടുക്കേണ്ടതെന്നു തീരുമാനിക്കുന്നത്  ഒരിക്കലും വചനപ്രഘോഷകനല്ല, പരിശുദ്ധാത്മാവാണ്. 

ചുറ്റും  നോക്കുക. കണ്ണു  തുറന്നു കാണുക. ഇന്നും ജീവിക്കുന്ന യേശുവിൻറെ  നാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തികളും സംഭവിക്കുന്നതു കാണുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക.   ഏതെങ്കിലും ഒരു വ്യക്തി രോഗശാന്തിവരത്തെ  ധനലാഭത്തിനുള്ള മാർഗമാക്കി  ഉപയോഗിക്കുന്നുണ്ടെകിൽ ആ വ്യക്തിയിൽ നിന്നും ശുശ്രൂഷയിൽ നിന്നും അകന്നു നിൽക്കുക എന്നതാണു  കരണീയം. ഒരു വ്യക്തിക്കെതിരെ ആരോപണമുയരുമ്പോൾ  ആരോപണമുയർത്തുനന്നവരുടെ ലക്‌ഷ്യം   ആ വ്യക്തിയല്ല, മറിച്ച്, യേശുക്രിസ്തുവും അവിടുത്തെ സുവിശേഷവുമാണെന്ന വസ്തുത എന്നും മനസ്സിൽ ഉണ്ടായിരിക്കട്ടെ.