കർത്താവിൽ നിദ്ര പ്രാപിക്കുന്നവർ

ചരമവാർത്തകളിൽ  നാം പലപ്പോഴും കാണാറുള്ള പ്രയോഗമാണ് ‘ കർത്താവിൽ നിദ്ര പ്രാപിച്ചു’ എന്നത്.  എന്താണ് ഇതിൻറെ അർത്ഥം?   യേശുക്രിസ്തുവിലൂടെ,  ദൈവപിതാവുമായി  രമ്യതപ്പെട്ട്, തനിക്കു സ്വർഗത്തിലേക്കു  പ്രവേശനം ലഭിക്കുമെന്ന ഉറച്ച പ്രത്യാശയോടെ, സമാധാനത്തിൽ   മരണമടയുന്ന ഒരാളെക്കുറിച്ചാണു  കർത്താവിൽ നിദ്ര പ്രാപിച്ചു എന്നു  നാം പറയുന്നത്.  അങ്ങനെയുള്ളവരെ  ഭാഗ്യവാന്മാർ   എന്നും അവരുടെ മരണത്തെ  നന്മരണം എന്നും നാം  വിളിക്കുന്നു. തൻറെ വിശുദ്ധരുടെ മരണം ദൈവത്തിന് അമൂല്യമാണ്  എന്നു വിശുദ്ധഗ്രന്ഥം പറയുന്നത് ഇതുപോലുള്ള മനുഷ്യരുടെ മരണത്തെക്കുറിച്ചാണ്. മരണനിമിഷം വരെ ആരെയും ഭാഗ്യവാനെന്നു വിളിക്കരുതെന്നു  പറയുന്നതിൻറെ കാരണവും ഇതുതന്നെയാണ്.

ഒരു മനുഷ്യന്  ഈ ഭൂമിയിൽ വച്ചു  ലഭിക്കാവുന്ന ഏറ്റവും വലിയ  അനുഗ്രഹം എന്താണെന്നു  ചോദിച്ചാൽ  അതു  നല്ലമരണമല്ലാതെ മറ്റൊന്നുമല്ല. നമ്മിൽ നിക്ഷേപിച്ചിരിക്കുന്ന ആത്മാവിനെ  ദൈവം തിരിച്ചുവിളിക്കുന്ന  നിമിഷം എപ്പോഴാണെന്നു നമുക്കറിയില്ല. അതുകൊണ്ടാണു  സദാ ജാഗരൂകരായിരിക്കണം എന്നു  വിശുദ്ധ ഗ്രന്ഥം നമ്മെ ഓർമിപ്പിക്കുന്നത്. 

നല്ല മരണത്തിൻറെ മധ്യസ്ഥനായി നാം വണങ്ങുന്നതു  യൗസേപ്പിതാവിനെയാണ്.  അതിനു കാരണം  യൗസേപ്പിതാവിന്  ഒരു നല്ല മരണം  ലഭിച്ചു എന്നതുതന്നെയാണ്. ഇന്നു  നാം ചിന്തിക്കുന്നത് എങ്ങനെയാണ്  യൗസേപ്പിതാവ്   ഒരു നല്ല മരണത്തിനു യോഗ്യനായതെന്നാണ്.  സഭയുടെ സംരക്ഷകനായ വിശുദ്ധ യൗസേപ്പിതാവിനു  പ്രത്യേകമാംവിധം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന  ഒരു വർഷത്തിൻറെ  അവസാന നാളുകളിലേക്കു നാം പ്രവേശിച്ചുകഴിഞ്ഞ ഈ സമയത്ത്  യൗസേപ്പിതാവുമായുള്ള ബന്ധത്തിൽ നന്മരണത്തെക്കുറിച്ചു ചിന്തിക്കുന്നത് തീർച്ചയായും അനുഗ്രഹപ്രദമായിരിക്കും.

 ജീവിതമെന്ന നൈരന്തര്യത്തിൽ   ഒരു ഘട്ടത്തിൻറെ  അവസാനവും അടുത്ത ഘട്ടത്തിൻറെ  ആരംഭവുമാണു  മരണം എന്നു  നമുക്കറിയാം.  ഒരു വൃക്ഷം എങ്ങോട്ടു ചാഞ്ഞുനിൽക്കുന്നുവോ അങ്ങോട്ടുതന്നെ  മറിഞ്ഞുവീഴും എന്നതു  പ്രകൃതിനിയമമാണ്.  ഈ പ്രകൃതിനിയമത്തെ മറികടക്കാൻ ഒരേയൊരു വഴിയേയുള്ളൂ.   വെട്ടുമ്പോൾ എങ്ങോട്ടു വീഴണമെന്നു നാമാഗ്രഹിക്കുന്നുവോ അവിടെയുള്ള ഒരു വലിയ മരത്തിലേക്കോ കുറ്റിയിലേക്കോ  വീഴാൻ പോകുന്ന മരത്തെ   നേരത്തെതന്നെ വലിച്ചുകെട്ടുക എന്നതാണത്. 

മനുഷ്യരെ സംബന്ധിച്ചിടത്തോളം   ഒരുവൻ ജീവിതകാലത്ത്  എങ്ങോട്ടു ചാഞ്ഞുനിന്നുവോ അങ്ങോട്ടുതന്നെയായിരിക്കും മരിച്ചുവീഴുന്നതും എന്നതിൽ സംശയമില്ല.  പുണ്യത്തിലേക്കു ചാഞ്ഞു ജീവിച്ചവർ പുണ്യത്തിലും പാപത്തിലേക്കു ചാഞ്ഞു ജീവിച്ചവർ പാപത്തിലും മരിക്കുന്നു. ഈ പ്രകൃതിനിയമത്തെ മറികടക്കാനുള്ള  ഒരേയൊരു വഴിയും  ദൈവകൃപയാകുന്ന കയറുകൊണ്ടു  നമ്മെ ഓരോരുത്തരെയും ക്രിസ്തുവാകുന്ന  ഉറപ്പുള്ള  പാറമേൽ  നേരത്തെ തന്നെ ബലമായി  കെട്ടിയിടുക എന്നതാണ്. വിശുദ്ധരൊക്കെയും  ചെയ്തത് അതാണ്.  തങ്ങളുടെ  അഭയശിലയും കോട്ടയുമായവനിൽ നിന്ന് ഒരു  നിമിഷം പോലും വേർപെട്ടിരിക്കാൻ സാധിക്കാത്ത വിധം ക്രിസ്തുവുമായുള്ള അവരുടെ  ബന്ധം അത്ര ദൃഢമായിരുന്നു. 

അതുകൊണ്ട് എപ്പോൾ മരിച്ചാലും  തങ്ങളുടെ  ആത്മാവു സ്വർഗത്തിലേക്കു  പോകുമെന്ന് അവർക്കുറപ്പായിരുന്നു. നമ്മുടെ വിശ്വാസപരിശീലന ത്തിൻറെയും ഭക്താഭ്യാസങ്ങളുടെയും  ഒക്കെ  ഉദ്ദേശവും വിശുദ്ധരെപ്പോലെ,  ക്രിസ്തുവുമായി   നിത്യതയോളമെത്തുന്ന ഒരു ആത്മബന്ധത്തിലേക്കു നമ്മെ  കൊണ്ടുചെന്നെത്തിക്കുക എന്നതാണ്.

എന്തുകൊണ്ടാണ് യൗസേപ്പിതാവിനു  നല്ല മരണം ലഭിച്ചതെന്നു ചിന്തിക്കുന്നതിനു  മുന്നോടിയായി വിശുദ്ധ ഡോൺ ബോസ്‌കോയെക്കുറിച്ച്  രണ്ടു വാക്കു  പറയട്ടെ.  യൗസേപ്പിതാവും  ഡോൺ ബോസ്‌കോയും തമ്മിൽ എന്താണു ബന്ധമെന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത്. പറയാം. ഡോൺ ബോസ്കോയുടെ പ്രസിദ്ധമായ  ദർശനത്തെക്കുറിച്ച് നമുക്കറിയാമല്ലോ. പ്രക്ഷുബ്ധമായ സമുദ്രത്തിലൂടെയുള്ള യാത്രയ്ക്കിടയിൽ  ശത്രുക്കളുടെ ആക്രമണമേറ്റു തകരാൻ പോകുന്ന സഭാനൗകയെ കപ്പിത്താനായ മാർപ്പാപ്പ സുരക്ഷിതമായി  രണ്ടു  തൂണുകളുടെ  നടുവിലേക്കു  നയിച്ച് അവിടെ നങ്കൂരമിടുന്നതായിരുന്നു ആ ദർശനം.   കപ്പൽ  ആ രണ്ടു തൂണുകളുടെ ഇടയിൽ  നങ്കൂരമിട്ട നിമിഷത്തിൽ തന്നെ  സമുദ്രം ശാന്തമാവുകയും ശത്രുക്കൾ പരാജിതരാവുകയുംചെയ്തു.  ആ തൂണുകളിൽ  ഒന്നിൻറെ  മുകളിൽ ഒരു തിരുവോസ്തിയും  രണ്ടാമത്തേതിൻറെ മുകളിൽ പരിശുദ്ധ കന്യകയുടെ ഒരു  രൂപവും   സ്ഥാപിക്കപ്പെട്ടിരുന്നു.

സഭയ്ക്ക് അന്നും ഇന്നും  ഒരേയൊരു ശത്രുവേയുള്ളൂ. അതു സാത്താനെന്നും  പിശാചെന്നും   വിളിക്കപ്പെടുന്ന ആ പുരാതന സർപ്പം തന്നെയാണ്.  മനുഷ്യരുടെയും ഒരേയൊരു ശത്രു അവൻ  തന്നെയാണ്. യാത്രയുടെ അവസാനം  ശാന്തമായി സ്വർഗീയ തുറമുഖത്ത് അടുക്കേണ്ട   നമ്മുടെ ജീവിതയാനത്തെ  തകർക്കാനും  തിരിച്ചുവരാനാവാത്ത  ആഴങ്ങളിലേക്കു  നമ്മുടെ ആത്മാക്കളെ  കൊണ്ടുപോകാനുമുള്ള  അവൻറെ  ശ്രമം ഓരോ  മനുഷ്യൻറെയും  മരണനിമിഷം വരെ  തുടർന്നുകൊണ്ടേയിരിക്കും.  ഇവയിൽ നിന്നെല്ലാം രക്ഷപ്പെട്ട് , മനുഷ്യപുത്രൻറെ  മുൻപിൽ നിർമലഹൃദയരും  പ്രസന്നവദനരും  ആയി പ്രത്യക്ഷപ്പെടാൻ  നമ്മെ യോഗ്യരാക്കുന്നതു നന്മരണമാണ്. അതറിയാവുന്ന സാത്താൻ  തൻറെ  സർവശക്തിയും കൊണ്ടു  മരണാസന്നരെ ആക്രമിക്കും എന്നു  പല വിശുദ്ധർക്കും   വെളിപ്പെടുത്തിക്കിട്ടിയിട്ടുണ്ട്.

സഭയെ ശത്രുക്കളിൽ നിന്നു രക്ഷിക്കുന്ന ദിവ്യകാരുണ്യവും പരിശുദ്ധ അമ്മയോടുള്ള ഭക്തിയും തന്നെയാണു   മരണവേളയിൽ നമുക്കും  തുണയായിരിക്കേണ്ട രണ്ടു തൂണുകൾ.   ദിവ്യകാരുണ്യം തന്നെയായ ഈശോമിശിഹായുടെയും  പരിശുദ്ധ കന്യകാമറിയത്തിൻറെയും  കൂടെ അനേക വർഷങ്ങൾ ജീവിക്കുകയും  അവരുടെ  ശുശ്രൂഷകൾ സ്വീകരിച്ചു  സമാധാനത്തിൽ  മരിക്കുകയും ചെയ്ത  യൗസേപ്പിതാവിനേക്കാൾ,  നന്മരണത്തിൻറെ മധ്യസ്ഥനായിരിക്കാൻ കൂടുതൽ യോഗ്യതയുള്ള  മറ്റൊരാളെ കണ്ടെത്താൻ  നമുക്കു കഴിയില്ലല്ലോ.

ഈശോയുടെ തിരുഹൃദയത്തിനും പരിശുദ്ധ കന്യകയുടെ  വിമലഹൃദയത്തിനും നമ്മെ  നിരന്തരം പ്രതിഷ്ഠിക്കേണ്ടതിൻറെ  ആവശ്യകത ഇനിയും എടുത്തുപറയണമോ!  നിത്യസഹായമാതാവിനോടുള്ള നൊവേനയിലും  യൗസേപ്പിതാവിനോടുള്ള നൊവേനയിലും  ഒരു പ്രധാന നിയോഗം  നല്ലമരണത്തിനുള്ള കൃപ  ലഭിക്കുക എന്നതാണ്. യോഗ്യതയോടെയുള്ള ദിവ്യകാരുണ്യസ്വീകരണവും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം യാചിച്ചുകൊണ്ടുള്ള ജപമാല പ്രാർത്ഥനയും വഴി  ഈശോയുടെയും മാതാവിൻറെയും   സംരക്ഷണത്തിനു  നടുവിൽ  സുരക്ഷിതരായി  ജീവിക്കാനും നമ്മുടെ  ജീവിതത്തിൻറെ അന്ത്യനിമിഷങ്ങളിൽ  പ്രത്യാശയോടെയും   സമാധാനത്തോടെയും  നിത്യതയിലേക്കു  കടന്നുപോകാനുമുള്ള  അനുഗ്രഹം  നമുക്കു  നേടിയെടുക്കാം.

നമുക്കു പ്രാർത്ഥിക്കാം.

 ‘ഓ കുരിശിൽ തൂങ്ങി മരിച്ച കരുണാസമ്പന്നനായ  എൻറെ ഈശോയെ, എൻറെ  മരണസമയത്ത്   എന്നെ  ഓർക്കണമേ. കുന്തത്താൽ കുത്തിതുറക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ, എൻറെ ജീവിതത്തിൻറെ  അവസാനനിമിഷങ്ങളിൽ   എനിക്ക്‌ അഭയമായിരിക്കണമേ. ഈശോയുടെ തിരുഹൃദയത്തിൽ നിന്നു കാരുണ്യസ്രോതസായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ, എൻറെ മരണസമയത്ത് ഞാൻ അങ്ങിൽ  ശരണപ്പെടുന്നു. മരണവേദന അനുഭവിച്ച ഈശോയേ, കരുണയുടെ നിദാനമേ, എൻറെ  മരണസമയത്തു  ദൈവകോപത്തെ തടഞ്ഞുനിർത്തണമേ’ ( വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി  813).

‘ അനന്തരം സ്വർഗത്തിൽ നിന്നു പറയുന്ന ഒരു സ്വരം ഞാൻ കേട്ടു: എഴുതുക, ഇപ്പോൾ മുതൽ കർത്താവിൽ മൃതിയടയുന്നവർ അനുഗൃഹീതരാണ്. അതെ, തീർച്ചയായും അവർ തങ്ങളുടെ അധ്വാനങ്ങളിൽ നിന്ന് വിരമിച്ചു സ്വസ്ഥരാകും.  അവരുടെ പ്രവൃത്തികൾ  അവരെ അനുഗമിക്കുന്നു എന്ന് ആത്മാവ് അരുളിച്ചെയ്യുന്നു’ ( വെളി  14:13).

ഒരു  നല്ല മരണത്തേക്കാൾ  വലിയ മറ്റൊരനുഗ്രഹവും ഈ നാളുകളിൽ നമുക്കു പ്രതീക്ഷിക്കാനില്ല.  വെളിപാടുപുസ്തകത്തിൽ ഒരിടത്ത് ഇങ്ങനെയും  എഴുതിയിട്ടുണ്ട്.  ‘ആ  നാളുകളിൽ മനുഷ്യർ  മരണത്തെ  തേടും; പക്ഷേ, കണ്ടെത്തുകയില്ല.  അവർ  മരിക്കാൻ   ആഗ്രഹിക്കും; എന്നാൽ മരണം അവരിൽ നിന്ന് ഓടിയകലും’ ( വെളി 9:6).

‘ഈശോ മറിയം യൗസേപ്പേ! എൻറെ ആത്മാവിനു കൂട്ടായിരിക്കണമേ’ എന്നും  ‘പിതാവേ, അവിടുത്തെ തൃക്കരങ്ങളിൽ എൻറെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു’ എന്നും പ്രാർത്ഥിച്ചുകൊണ്ട്  അനുഗൃഹീതരായി  കർത്താവിൽ മൃതിയടയാനുള്ള   അനുഗ്രഹം നമുക്കോരോരുത്തർക്കും   ലഭിക്കുമാറാകട്ടെ.