കാവൽമാലാഖയോടുള്ള ജപം


എനിക്ക് അധികം വിശ്വാസവും സ്നേഹവുമുള്ള സഹായിയായ മാലാഖയേ! എന്റെ കാവലിനായി സർവ്വേശ്വരനാൽ അങ്ങ് നിയമിക്കപ്പെട്ടിരിക്കയാൽ, എന്നെ വിട്ടുപിരിയാതെ എല്ലായ്പ്പോഴും കാത്തുരക്ഷിച്ചു വരുന്നുവല്ലോ. ഇപ്രകാരമുള്ള അങ്ങേ സഹായത്തിനും മറ്റനേകം ഉപകാരങ്ങൾക്കും അങ്ങേക്ക് ഞാൻ എത്രയോ സ്തോത്രം ചെയ്യേണ്ടതാകുന്നു. ഞാൻ ഉറങ്ങുമ്പോൾ അങ്ങ് എന്നെ കാത്തുകൊള്ളുന്നു. ചഞ്ചലപ്പെടുമ്പോഴും ഞെരുക്കപ്പെടുമ്പോഴും അങ്ങ് എന്നെ ആശ്വസിപ്പിക്കുന്നു.എനിക്ക് വരാവുന്ന ആപത്തുകളെ നീക്കുകയും മേലിൽ വരുവാനിരിക്കുന്ന കാര്യങ്ങളിൽ സൂക്ഷ്മതയുള്ളവനായി പാപത്തിന്റെ വഴി അടച്ച് നേർവഴിയേ  പോകുന്നതിന് എനിക്ക് നല്ല വിചാരം തന്നുകൊണ്ട് സർവ്വേശ്വരന്റെ കരുണ ലഭിക്കാനിടയാക്കണമേ.

ആമ്മേൻ.