ദൈവകൃപയിലേക്കും അതുവഴി രക്ഷയിലേക്കും കടന്നുവരുന്നതിൽ നിന്ന് ഒരുവനെ തടയുന്നതെന്താണ്? ഇതു നാം ഗൗരവത്തോടെ ചിന്തിക്കേണ്ട ഒരു വിഷയമാണ്. കാരണം നമുക്കു ലഭിക്കേണ്ട കൃപയെ തടഞ്ഞുനിർത്തുന്നത് എന്താണെന്ന് അറിഞ്ഞാൽ മാത്രമേ അതിനുള്ള പ്രതിവിധി ചെയ്യാൻ നമുക്കു സാധിക്കുകയുള്ളൂ.
കൃപ ലഭിക്കാനുള്ള ഏറ്റവും വലിയ തടസം ഹൃദയകാഠിന്യമാണ്. പൗലോസ് ശ്ലീഹാ എഫേസോസുകാർക്ക് എഴുതിയ ലേഖനത്തിൽ ഇങ്ങനെ പറയുന്നു. ‘ ഹൃദയകാഠിന്യം നിമിത്തം അജ്ഞത ബാധിച്ച അവർ ബുദ്ധിയിൽ അന്ധകാരം നിറഞ്ഞ് ദൈവത്തിൻറെ ജീവനിൽ നിന്ന് അകറ്റപ്പെട്ടിരിക്കുന്നു ( എഫേ 4:18). ഹൃദയകാഠിന്യം ദൈവികകാര്യങ്ങളിലുള്ള അജ്ഞതയിലേക്കും അതു മാനുഷികബുദ്ധിയിലുള്ള അന്ധകാരത്തിലേക്കും നയിക്കുന്നു. ബുദ്ധിയിൽ അന്ധകാരം നിറഞ്ഞ മനുഷ്യനു ദൈവികജീവൻ എന്നത് അഭിലഷണീയമായി തോന്നില്ല. ‘ഈ ലോകത്തിൻറെ ദേവൻ അവിശ്വാസികളായ അവരുടെ മനസിനെ അന്ധമാക്കിയിരിക്കുന്നു. തന്നിമിത്തം ദൈവത്തിൻറെ പ്രതിരൂപമായ ക്രിസ്തുവിൻറെ മഹത്വമേറിയ സുവിശേഷത്തിൻറെ പ്രകാശം അവർക്കു ദൃശ്യമല്ല ( 2 കൊറി 4:4). അതായതു ഹൃദയകാഠിന്യം പോലെ തന്നെ അവിശ്വാസവും നമ്മുടെ ബുദ്ധിയെ അന്ധമാക്കും.
ഫറവോയ്ക്ക് സംഭവിച്ചതും അതായിരുന്നു. പുറപ്പാടിൻറെ പുസ്തകം നാലു മുതൽ പതിനാലു വരെയുള്ള അധ്യായങ്ങളിൽ ഫറവോ കഠിനഹൃദയനായിത്തീർന്നു എന്ന് അനേകം തവണ പറയുന്നുണ്ട്. കർത്താവിൻറെ കല്പനയനുസരിച്ച് ഇസ്രായേൽക്കാരെ വിട്ടയക്കണമെന്നു മോശയും അഹറോനും ഫറവോയോടു പറഞ്ഞപ്പോൾ അവൻറെ പ്രതികരണം തന്നെ ‘ആരാണീ കർത്താവ്? അവൻറെ വാക്കു കേട്ടു ഞാൻ എന്തിന് ഇസ്രായേൽക്കാരെ വിട്ടയക്കണം? ഞാൻ കർത്താവിനെ അറിയുന്നില്ല’ ( പുറ 5:2) എന്നായിരുന്നു. മോശ ദൈവത്തിൽ നിന്നുമുള്ള പത്ത് അത്ഭുതങ്ങൾ കാണിച്ചിട്ടും ഫറവോയുടെ ഹൃദയം ഒന്നിനൊന്നു കഠിനമായതേയുള്ളൂ. സത്യദൈവത്തിൽ വിശ്വസിക്കാൻ മടികാണിച്ച ആ മനുഷ്യൻറെ ഹൃദയം ഇളകാൻ ഈജിപ്തിലെ ആദ്യജാതർ എല്ലാം വധിക്കപ്പെടേണ്ടിവന്നു. എന്നിട്ടുപോലും ദൈവത്തെ അംഗീകരിക്കാൻ തയ്യാറാകാതിരുന്ന ഫറവോയുടെ സൈന്യം ചെങ്കടലിൻറെ ആഴങ്ങളിൽ നശിച്ചുപോകുകയും ചെയ്തു.
എന്തുകൊണ്ടാണു മോശയിലൂടെ വെളിപ്പെട്ട അഭിഷേകം തിരിച്ചറിയാൻ ഫറവോയ്ക്കു കഴിയാതെ പോയത്? അതിൻറെ ഉത്തരം പൗലോസ് ശ്ലീഹാ പറയുന്നുണ്ട്. ‘ലൗകികമനുഷ്യനു ദൈവാത്മാവിൻറെ ദാനങ്ങൾ ഭോഷത്തമാകയാൽ അവൻ അതു സ്വീകരിക്കുന്നില്ല. ഈ ദാനങ്ങൾ ആത്മീയമായി വിവേചിക്കപ്പെടേണ്ടവയാകയാൽ അവ ഗ്രഹിക്കാനും അവനു സാധിക്കുന്നില്ല’ ( 1 കൊറി 2:14). നമ്മിലുള്ള ലൗകികമനുഷ്യനാണു കൃപയുടെ ഒഴുക്കിനെ തടയുന്നത്. ‘ജഡികതാല്പര്യങ്ങളിൽ മുഴുകിയിരിക്കുന്ന മനസ് ദൈവത്തിൻറെ ശത്രുവാണ്. അതു ദൈവത്തിൻറെ നിയമത്തിനു കീഴ്‌പ്പെടുന്നില്ല. കീഴ്‌പ്പെടാൻ അതിനു സാധിക്കുകയുമില്ല’ (റോമാ 8:7). ദൈവത്തിൻറെ നിയമത്തിനു കീഴ്‌പ്പെടില്ല എന്നു തീരുമാനിച്ചുറപ്പിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ ആത്മാവിലേക്കു കൃപ എങ്ങനെ ഒഴുകും? ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെങ്കിൽ (യാക്കോബ് 4:4) ലോകത്തോടു മൈത്രിയിലായിരിക്കുന്ന ഒരു വ്യക്തിയിലേക്കു ദൈവകൃപ എങ്ങനെ ഒഴുകും?
കൃപയൊഴുകാനുള്ള വലിയൊരു തടസം അവിശ്വാസമാണ്. ഇസ്രായേൽ ജനത്തിൻറെ അവിശ്വാസം മൂലമാണല്ലോ രണ്ടാഴ്ച കൊണ്ട് നടന്നെത്തേണ്ട വാഗ്ദത്തദേശത്ത് എത്താൻ അവർ നാല്പതു വർഷം എടുത്തത് . വിശ്വാസം ഉണ്ടായാൽ മാത്രം പോരാ, ആ വിശ്വാസം അചഞ്ചലവും ദൃഢവുമായിരിക്കണം. ‘സംശയമനസ്കനും എല്ലാ കാര്യങ്ങളിലും ചഞ്ചലപ്രകൃതിയുമായ ഒരുവന് എന്തെങ്കിലും കർത്താവിൽ നിന്നു ലഭിക്കുമെന്നു കരുതരുത്’ ( യാക്കോബ് 1:7-8).
കൃപയ്ക്കുള്ള മറ്റൊരു തടസമാണ് ഹൃദയത്തിൻറെ അശുദ്ധി. പണം കൊടുത്ത് അഭിഷേകം വാങ്ങാനെത്തിയ ശിമയോൻറെ ഹൃദയം ദൈവം പത്രോസിനു വെളിപ്പെടുത്തിക്കൊടുത്തു. ‘നിനക്ക് ഈ കാര്യത്തിൽ ഭാഗഭാഗിത്വമോ അവകാശമോ ഉണ്ടായിരിക്കുകയില്ല. കാരണം, നിൻറെ ഹൃദയം ദൈവസന്നിധിയിൽ ശുദ്ധമല്ല. …… നീ കടുത്ത വിദ്വേഷത്തിലും അനീതിയുടെ ബന്ധനത്തിലുമാണെന്നു ഞാൻ മനസിലാക്കുന്നു’ ( അപ്പ. 8:21-23).
അഹങ്കാരം ദൈവകൃപയുടെ ഒഴുക്കിനെ പൂർണമായും തടസപ്പെടുത്താൻ കഴിവുള്ള ഒന്നാണ്. ‘ ‘അഹങ്കാരീ, ഞാൻ നിനക്കെതിരാണെന്ന് അരുളിച്ചെയ്യുന്ന’ ( ജെറ 50:31). ‘ദൈവം അഹങ്കാരികളെ എതിർക്കുകയും എളിമയുള്ളവർക്കു കൃപ കൊടുക്കുകയും ചെയ്യുന്നു’ (യാക്കോബ് 4:6) എന്നും തിരുവചനം പറയുന്നു.
‘ധനമോഹം വിഗ്രഹാരാധന തന്നെയാണല്ലോ’ ( കൊളോ 3:5). ‘എല്ലാ തിന്മകളുടെയും അടിസ്ഥാനകാരണമായ’ (1 തിമോ 6:10) ധനം എന്ന വിഗ്രഹത്തെ ഉപേക്ഷിച്ചപ്പോഴാണ് സക്കേവൂസിലേക്കും അതുവഴി അവൻറെ ഭവനം മുഴുവനിലേക്കും രക്ഷ കടന്നുവന്നത്. ധാരാളം ധനമുണ്ടായിരുന്നതും ആ ധനത്തെ ഉപേക്ഷിക്കാൻ മടികാണിച്ചതുമായിരുന്നല്ലോ ധനികനായ യുവാവിനു യേശുക്രിസ്തു നൽകുന്ന സൗജന്യരക്ഷയിലേക്കു കടന്നുവരാനുള്ള ഒരേയൊരു തടസം ( മത്തായി 19:16-22). ആ യുവാവ് തിരിച്ചുപോയതിനുശേഷമാണ് കർത്താവ് ഇങ്ങനെ പറഞ്ഞത്; ‘ധനവാനു സ്വർഗരാജ്യത്തിൽ പ്രവേശിക്കുക ദുഷ്കരമാണ്’ (മത്തായി 19:23).
സ്വർഗരാജ്യത്തിലേക്കുള്ള വഴിയിൽ പ്രവേശിച്ചിട്ടും ലോകാസക്തി മൂലം തിരിച്ചുപോയ ഒരാളെക്കുറിച്ചു പൗലോസ് അപ്പസ്തോലൻ എഴുതിയിട്ടുണ്ട്. ‘ഈ ലോകത്തോടുള്ള ആസക്തി മൂലം ദേമാസ് എന്നെ വിട്ടു തെസലോനിക്കയിലേക്കു പോയിരിക്കുന്നു (2 തിമോ. 4:10).കലപ്പയിൽ കൈവച്ചിട്ടു തിരിഞ്ഞുനോക്കുന്നവൻ കൃപയും രക്ഷയും പ്രതീക്ഷിക്കുന്നതിൽ അർഥമില്ല.
കൃപയുടെ ഒഴുക്കിനെ പൂർണമായും തടസപ്പെടുത്താൻ കഴിയുന്ന ഒന്നാണ് ഒരു വ്യക്തിയിലുള്ള പൈശാചിക സ്വാധീനങ്ങൾ. അവർക്കു വേണ്ടതു പൂർണമായ വിടുതൽ ( deliverance) ആണ്. യേശു തന്നെയും അനേകം പേർക്ക് അശുദ്ധാത്മാക്കളിൽ നിന്നു വിടുതൽ നല്കിയതായി നാം വായിക്കുന്നുണ്ടല്ലോ.
കൃപയും നിത്യരക്ഷയും ദൈവത്തിൻറെ ദാനമാണ്, നമ്മുടെ അവകാശമല്ല. നമ്മുടെ കുറവുകൾ പരിഗണിക്കുമ്പോൾ ആ ദാനങ്ങൾ സ്വീകരിക്കാൻ നാം യോഗ്യരുമല്ല. എങ്കിലും കാരുണ്യവാനായ ദൈവം അയോഗ്യരായ നമ്മുടെ പാപങ്ങൾ ക്ഷമിച്ച്, നമ്മെ അവിടുത്തെ രാജ്യത്തിലേക്ക് ക്ഷണിച്ചിരിക്കുന്നു. ദൈവം നമ്മോടു ക്ഷമിച്ചതുപോലെ നാമും മറ്റുളളവരോട് ക്ഷമിക്കുന്നില്ലെങ്കിൽ ദൈവത്തിൻറെ കൃപയും അവിടുന്ന് നൽകുന്ന നിത്യരക്ഷയും സ്വന്തമാക്കാൻ നമുക്കു കഴിയാതെ പോകും.
കൃപയുടെ നീർച്ചാലുകൾ നമ്മുടെ ഹൃദയത്തിലേക്ക് ഒഴുകിയിറങ്ങാനും അതുവഴി നാം നിത്യരക്ഷ നേടാനും തടസമായി നിൽക്കുന്നവ എന്തൊക്കെയാണെന്നു തിരിച്ചറിഞ്ഞ് അവ പരിഹരിക്കാനുള്ള അനുഗ്രഹത്തിനു വേണ്ടി നമുക്കു പ്രാർഥിക്കാം.