കൃപയാലേ, കൃപയാലേ…..

‘ഞാൻ എന്തായിരിക്കുന്നുവോ അത് ദൈവകൃപയാലാണ്’ ( 1 കൊറി  15:10).

മൂന്നാം സ്വർഗം വരെ ഉയർത്തപ്പെട്ട ഒരു മനുഷ്യൻ (2 കൊറി 12:2) തന്നേക്കുറിച്ചുതന്നെ നൽകുന്ന സാക്ഷ്യമാണിത്.  ഹെബ്രായരിൽ നിന്ന് ജനിച്ച ഹെബ്രായനും,  നിയമപ്രകാരം ഫരിസേയനും, നീതിയുടെ കാര്യത്തിൽ നിയമത്തിൻറെ മുൻപിൽ കുറ്റമില്ലാത്തവനുമായിരുന്ന  (ഫിലിപ്പി 3:5-6)   പൗലോസാണത്.  ‘വിജാതീയരുടെയും രാജാക്കന്മാരുടെയും ഇസ്രായേൽ മക്കളുടെയും മുൻപിൽ എൻറെ നാമം വഹിക്കാൻ തെരഞ്ഞെടുക്കപ്പെട്ട പാത്രമാണ് അവൻ’  ( അപ്പ.9:15) എന്നു സാക്ഷാൽ യേശുക്രിസ്തു ആരെക്കുറിച്ചു  പറഞ്ഞുവോ ആ പൗലോസ് ശ്ലീഹാ പറയുകയാണ്, തൻറെ ജീവിതത്തിൽ നടന്നതെല്ലാം  ദൈവകൃപയുടെ പ്രവൃത്തികളായിരുന്നു എന്ന്. 

കൃപയുടെ തണലിൽ വസിക്കുമ്പോൾ  കിട്ടുന്ന ഏറ്റവും വലിയ ഗുണം  പാപത്തിനു നമ്മുടെ മേൽ അധികാരമുണ്ടായിരിക്കില്ല എന്നതാണ്.  ‘പാപം നിങ്ങളുടെ മേൽ  ഭരണം  നടത്തുകയില്ല. കാരണം  നിങ്ങൾ   നിയമത്തിനു കീഴിലലല്ല, കൃപയ്ക്കു കീഴിലാണ്’ ( റോമാ 6:14).

കൃപയ്‌ക്കു  കീഴിലാണു  ജീവിക്കുന്നതെങ്കിലും നാം വസിക്കുന്നത് പാപം നിറഞ്ഞ ഭൂമിയിലാണല്ലോ.  ഈ ലോകത്തിൽ അനുദിനം  വർധിച്ചുവരുന്ന  പാപത്തിൻറെ മഹാപ്രളയത്തിൽ  ഒഴുകിപ്പോകാതെ  നമ്മെ സംരക്ഷിച്ചു നിർത്തുന്നതു  ദൈവകൃപ ഒന്നു മാത്രമാണ്.  ഒരു ഉത്തമക്രിസ്തീയജീവിതം നയിക്കുക എന്നത്    മുൻ കാലങ്ങളിലേക്കാൾ ബുദ്ധിമുട്ടേറിയതായി അനുഭവപ്പെടുമ്പോൾ  നമുക്ക് ആശ്വാസം നൽകുന്നതിനായാണു   തിരുവചനത്തിൽ ഇങ്ങനെയും   എഴുതിവച്ചിരിക്കുന്നത് .  ‘എന്നാൽ പാപം വർധിച്ചിടത്തു  കൃപ അതിലേറെ വർധിച്ചു’ ( റോമാ 5:20).

ഈ കൃപ നമുക്കു കൈവരുന്നത് യേശുക്രിസ്തുവിലൂടെയാണ്.  ‘യേശുക്രിസ്തുവിൽ നമുക്കു   കൈവന്ന ദൈവകൃപയാലാണല്ലോ’ (2 കൊറി 1:4) മൺപാത്രത്തിലെ നിധി പോലെ  (2 കൊറി  4:7)   സൂക്ഷിച്ചുമാത്രം കൈകാര്യം ചെയ്യേണ്ട   സുവിശേഷ ശുശ്രൂഷയെ ക്രിസ്തു  നമുക്ക് ഏല്പിച്ചുതന്നിരിക്കുന്നത്.  കൃപയുടെ ഉറവിടം യേശുക്രിസ്തു മാത്രമാണ്.  അതു മനസിലാക്കിക്കൊണ്ടാണു    ക്രിസ്തുവിൻറെ പ്രധാപുരോഹിതശുശ്രൂഷയെക്കുറിച്ചു  സവിസ്തരം  പ്രതിപാദിക്കുന്ന  ഹെബ്രായലേഖകൻ ഇപ്രകാരം എഴുതുന്നത്;  ‘അതിനാൽ, വേണ്ട സമയത്തു  കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്കു പ്രത്യാശയോടെ കൃപാവരത്തിൻറെ സിംഹാസനത്തെ സമീപിക്കാം’ (ഹെബ്രാ.  4:16).

ഈ കൃപയുടെ സുവിശേഷമാണ്  അപ്പസ്തോലന്മാർ   പ്രസംഗിച്ചത്. ‘ ദൈവത്തിൻറെ കൃപയുടെ സുവിശേഷത്തിനു സാക്ഷ്യം  നല്കാൻ  കർത്താവായ യേശുക്രിസ്തുവിൽ നിന്നു ഞാൻ സ്വീകരിച്ചിട്ടുള്ള ദൗത്യം’ ( അപ്പ. 20:24) എന്നാണു തൻറെ ശുശ്രൂഷയെപ്പറ്റി  അപ്പസ്തോലൻ പറയുന്നത്.   സുവിശേഷം പ്രസംഗിക്കപ്പെട്ടയിടങ്ങളിലെല്ലാം  കൃപയുടെ പ്രവൃത്തികൾ അത്ഭുതകരമാം  വിധം  ദൃശ്യമായിരുന്നു.  അന്ത്യോക്യാ  സന്ദർശിക്കാൻ ചെന്ന ബർണബാസിനെക്കുറിച്ചു  പറയുന്നത്, ‘ അവൻ ചെന്നു 

ദൈവത്തിൻറെ കൃപാവരം ദർശിച്ചു സന്തുഷ്ടനായി’ (അപ്പ. 11:23) എന്നാണ്. അന്ത്യോക്യയിലെ സഭയോട് അവർക്കു പറയാനുണ്ടായിരുന്നതും  കൃപയിൽ നിലനിൽക്കണം എന്നു  മാത്രമായിരുന്നു. ‘ അവരാകട്ടെ ( പൗലോസും  ബർണബാസും)  അവരോടു സംസാരിക്കുകയും ദൈവകൃപയിൽ നിലനിൽക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തു’ (അപ്പ. 13:43).

കർത്താവിൻറെ വചനങ്ങൾ കൃപയുടെ നീർച്ചാലുകളാണ്. വചനം പ്രസംഗിക്കപ്പെടുമ്പോൾ കൃപ വർഷിക്കപ്പെടും  എന്നതു  നമ്മുടെ അനുഭവമാണല്ലോ. ‘അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിക്കാൻ അവർക്ക് അനുഗ്രഹം നൽകിക്കൊണ്ടു   കർത്താവ് തൻറെ കൃപയുടെ വചനത്തിനു സാക്ഷ്യം നൽകി’ ( അപ്പ 14:3) എന്നു  നാം വായിക്കുന്നുണ്ട്.

നാം ശക്തി സ്വീകരിക്കേണ്ടത് ഈ ദൈവകൃപയിൽ നിന്നാണെന്നു    പൗലോസ്   തിമോത്തിയോസിനെ ഓർമ്മിപ്പിക്കുന്നു. ‘എൻറെ മകനേ, നീ യേശുകിസ്തുവിൻറെ കൃപാവരത്തിൽ നിന്നു ശക്തി സ്വീകരിക്കുക’ ( 2 തിമോ. 2:1).

കൃപയാണു  നമ്മെ രക്ഷയിലേക്കു നയിക്കുന്നത്. ‘ കൃപയാൽ നിങ്ങൾ രക്ഷിക്കപ്പെട്ടു’ ( എഫേ. 2:5) എന്നെഴുതിയ  പൗലോസ് ശ്ലീഹാ തുടർന്നെഴുതുന്നത് ആ കൃപ ലഭിക്കാനുള്ള വഴിയെക്കുറിച്ചാണ്. അതാകട്ടെ വിശ്വാസം തന്നെയാണ്.  ‘വിശ്വാസം വഴി കൃപയാലാണു  നിങ്ങൾ രക്ഷിക്കപ്പെട്ടത്’ ( എഫേ  2:8). മറ്റൊരു വിധത്തിൽ പറഞ്ഞാൽ  കൃപയുള്ളിടത്തു   വിശ്വാസം  ഉണ്ടാകും.  വിശ്വാസമുള്ളിടത്ത്  സ്നേഹവും ഉണ്ടാകും. ‘കർത്താവിൻറെ കൃപ  യേശുക്രിസ്തുവിലുള്ള  വിശ്വാസത്തോടും സ്നേഹത്തോടുമൊപ്പം എന്നിലേക്കു കവിഞ്ഞൊഴുകി’ (1 തിമോ. 1:14) എന്നെഴുതിയത്  ‘ എൻറെ കൃപ നിനക്കു  മതി’ ( 2 കൊറി 12:9) എന്ന് യേശുക്രിസ്തു ആരോടു  പറഞ്ഞുവോ ആ പൗലോസ് തന്നെയാണ്. 

നമുക്കും ആ കൃപ മതി.  തന്നെ  സദാ അലട്ടിക്കൊണ്ടിരുന്ന ‘പിശാചിൻറെ ദൂതൻ’ ( 2 കൊറി 12:7) തന്നെ വിട്ടുപോകാനായി  മൂന്നുവട്ടം പ്രാർത്ഥിച്ച പൗലോസ് ശ്ലീഹായ്ക്ക്  കർത്താവ് കൊടുത്ത മറുപടി  ‘നിനക്ക് എൻറെ  കൃപ മതി ‘  എന്നായിരുന്നു. അതിനുള്ള കാരണവും കർത്താവു പറയുന്നുണ്ട് . ‘എന്തെന്നാൽ ബലഹീനതയിലാണ് എൻറെ ശക്തി പൂർണമായി പ്രകടമാകുന്നത്’ ( 2  കൊറി  12:9). കർത്താവിൻറെ കൃപ  ഒന്നുകൊണ്ടുമാത്രം വീണുടഞ്ഞുപോകാതെ   പിടിച്ചുനിൽക്കുന്ന ബലഹീനപാത്രങ്ങളായ നമുക്കും അവിടുത്തെ കൃപയ്ക്കു നന്ദി പറഞ്ഞുകൊണ്ട്  പാടാം.

‘ ബലഹീനതയിൽ ബലമേകി,ബലവാനായവൻ നടത്തിടുന്നു.

കൃപയാലേ, കൃപയാലേ,  കൃപയാലനുദിനവും …