കർത്താവിനെ ഭയപ്പെടുകയും അവിടുത്തെ വഴികളിൽ നടക്കുകയും ചെയ്യുന്നവൻ ഭാഗ്യവാൻ (സങ്കീ 128:1). ഇപ്രകാരം കർത്താവിനെ ഭയപ്പെട്ട് അവിടുത്തെ വഴികളിൽ നടക്കുന്നവർക്കുള്ള അനുഗ്രഹങ്ങളും സങ്കീർത്തകൻ വിവരിക്കുന്നുണ്ട്. അവൻ തൻറെ അധ്വാനഫലം അനുഭവിക്കും. അവൻ സന്തുഷ്ടനായിരിക്കും. അവനു നന്മ ഭവിക്കും. അവൻറെ ഭാര്യ ഭവനത്തിൽ ഫലസമൃദ്ധമായ മുന്തിരി പോലെയും അവൻറെ മക്കൾ മേശയ്ക്കുചുറ്റും ഒലിവുതൈകൾ പോലെയും ആയിരിക്കും.
ഇത്രയ്ക്കും മഹത്തായ അനുഗ്രഹങ്ങൾ വാഗ്ദാനമായി ലഭിച്ചിട്ടും അതു വേണ്ടെന്നുവയ്ക്കുന്നവരുണ്ടോ? ഉണ്ട് എന്നതാണു സങ്കടകരമായ കാര്യം. കർത്താവിനെ ഭയപ്പെടുകയും അവിടുത്തെ വഴികളിൽ നടക്കുകയും ചെയ്യുക എന്ന നിബന്ധന ബുദ്ധിമുട്ടായി തോന്നുമ്പോൾ അവർ യോനായെപ്പോലെ നിനെവേയ്ക്കു പകരം താർഷീഷ് തെരഞ്ഞെടുക്കും. ആ യാത്ര അപകടത്തിൽ ചെന്നെത്തുന്നതുവരെ അവർക്കു സുബോധം ഉദിക്കുകയില്ല. ആ യാത്രയിൽ കഷ്ടതയുടെ അപ്പവും ക്ലേശത്തിൻറെ ജലവും മാത്രം ഓഹരിയായി കിട്ടുന്ന ഇടങ്ങളിലൂടെ സഞ്ചരിച്ച് അവസാനം അവർ വീണ്ടും കർത്താവിൻറെ വഴികളിലേക്കു തിരിച്ചെത്തുമ്പോഴേയ്ക്കും അവരുടെ അധ്വാനഫലം അന്യർ അനുഭവിച്ചുകഴിഞ്ഞിരിക്കും. അവരുടെ സന്തോഷം അസ്തമിച്ചുകഴിഞ്ഞിരിക്കും. അവർക്കു നന്മയായതൊന്നും ഭവിക്കുകയില്ല. അവരുടെ ഭാര്യമാർ ഫലം ചൂടാത്ത മുന്തിരികളായിരിക്കും. വല്ലപ്പോഴും ഒന്നോ രണ്ടോ ഫലങ്ങൾ ലഭിച്ചാൽ തന്നെ ‘ അത് അന്യർ വിഴുങ്ങും’ ( ഹോസിയ 8:7). ധാന്യം വിതച്ചിട്ടും മുള്ളു കൊയ്യുക എന്നതായിരിക്കും അവരുടെ വിധി ( ജെറ 12:13). കഠിനാധ്വാനം ചെയ്തിട്ടും ഫലമൊന്നും ഉണ്ടാകാതെ വരുമ്പോൾ കർത്താവിൻറെ ഉഗ്രകോപം നിമിത്തം അവർ തങ്ങളുടെ വിളവിനെക്കുറിച്ച് ലജ്ജിക്കും ( ജെറ 12:13).
പിതാവിൻറെ മേശയ്ക്കുചുറ്റും ഒലിവുതൈകൾ പോലെ ആയിരിക്കേണ്ട മക്കൾ അന്യദേശങ്ങളിൽ ആർക്കൊക്കെയോ അടിമവേല ചെയ്യാൻ വിധിക്കപ്പെടുന്നു. ‘രാജാവോ പ്രവാചകനോ നായകനോ ദഹനബലിയോ മറ്റു ബലികളോ അർച്ചനയോ ധൂപമോ ഇല്ലാത്ത ദേശങ്ങളിൽ’ (ദാനി 3:15) അലഞ്ഞുതിരിഞ്ഞുനടന്നു മനമിടിയുമ്പോൾ അവർ തങ്ങൾ വിട്ടുപോന്ന സ്വന്തം ദേശത്തെ ഓർത്തു കണ്ണീരൊഴുക്കുന്നു. ബാബിലോൺ നദികളുടെ തീരത്തിരുന്നു സീയോനെയോർത്തു കരഞ്ഞ ഇസ്രായേൽ മക്കളെപ്പോലെ അവരും ചോദിക്കുന്നു; ‘വിദേശത്തു ഞങ്ങൾ എങ്ങനെ കർത്താവിൻറെ ഗാനം ആലപിക്കും?’ (സങ്കീ 137:1-4).
എവിടെയാണു നമുക്കു കാലിടറിയത്? അതു കർത്താവിൻറെ വഴികൾ നാം ഉപേക്ഷിച്ചപ്പോൾ തന്നെയാണ്. ദൈവം മനുഷ്യനു നൽകിയ പ്രഥമവും പ്രധാനവുമായ അനുഗ്രഹം നാം വേണ്ടെന്നുവച്ചു. തൻറെ ഛായയിൽ മനുഷ്യനെ സൃഷ്ടിച്ചു എന്ന വചനത്തിനുശേഷം ഉൽപത്തിപുസ്തകത്തിൽ നാം ഇങ്ങനെ വായിക്കുന്നു. ‘ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: സന്താനപുഷ്ടിയുള്ളവരായി പെരുകുവിൻ.’ ( ഉൽ 1: 28). ഈ അനുഗ്രഹം വേണ്ടെന്നുവച്ചതിൻറെ ഫലമാണ് ഇന്നു കേരളത്തിലെ ക്രിസ്ത്യാനികൾ അനുഭവിക്കുന്നത് എന്നു പറയുമ്പോൾ വേദനയുണ്ട്. എങ്കിലും സത്യം അതാണ്. ഒരിക്കൽ ക്രൈസ്തവഭൂരിപക്ഷമുണ്ടായിരുന്ന പ്രദേശങ്ങളിൽ ഇന്നു ക്രിസ്ത്യാനികൾ ന്യൂനപക്ഷം ആയി മാറിക്കൊണ്ടിരിക്കുന്നു. പത്തനംതിട്ടയിലും കോട്ടയത്തും എറണാകുളത്തും ഒക്കെ ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെ കണക്കെടുക്കുന്നത് ക്രിസ്ത്യാനികൾ ആരുമല്ല, അവരുടെ വസ്തുവകകൾ സ്വന്തമാക്കാൻ കരുക്കൾ നീക്കുന്നവരാണ്.
ഇത് ഇനിയും തുടരുക തന്നെ ചെയ്യും. ഏശയ്യാ ചോദിക്കുന്നു. ‘കർത്താവേ, ഇത് എത്ര നാളത്തേക്ക്? അവിടുന്ന് അരുളിച്ചെയ്തു: നഗരങ്ങൾ ജനവാസമില്ലാതെയും ഭവനങ്ങൾ ആൾപ്പാർപ്പില്ലാതെയും ശൂന്യമായി, ദേശം മുഴുവൻ വിജനമായിത്തീരുന്നതുവരെ. കർത്താവ് ജനത്തെ വിദൂരത്തേക്ക് ഓടിക്കുകയും ദേശത്തിൻറെ മധ്യത്തിൽ നിർജനപ്രദേശങ്ങൾ ധാരാളമാവുകയും ചെയ്യുന്നതുവരെ.’ (ഏശയ്യാ 6:11-12). ദൈവത്തിൻറെ സ്വന്തം നാടായ കേരളത്തിൻറെ മധ്യത്തിൽ നിന്ന്, ഒരിക്കൽ ക്രൈസ്തവവിശ്വാസം പുഷ്ടിപ്പെട്ടുനിന്ന ഇടങ്ങളിൽ നിന്നുതന്നെ, കർത്താവ് ജനത്തെ വിദൂരത്തേക്ക് ഓടിക്കുന്നു. അവിടെ നിർജനപ്രദേശങ്ങൾ ധാരാളമാകുന്നു! എന്നിട്ടും ഹനനിയായെപ്പോലെ വ്യർഥമായ പ്രത്യാശ നാം ഇപ്പോഴും ജനത്തിനു നൽകിക്കൊണ്ടിരിക്കുന്നു! (ജെറ 28:15). സത്യം പറഞ്ഞ ജെറമിയയുടെ വാക്കുകളേക്കാൾ അന്നും ഇന്നും ജനത്തിനിഷ്ടം വ്യാജം പ്രവചിച്ച ഹനനിയായുടെ വാക്കുകളാണല്ലോ.
അങ്ങനെയൊരു ജനത്തെക്കുറിച്ചു വിശുദ്ധഗ്രന്ഥം പറയുന്നു; ‘കടന്നുപോകുന്നവരെല്ലാം നിന്നെ നോക്കി കൈകൊട്ടുന്നു. അവർ ജെറുസലേംപുത്രിയെ നോക്കി ചൂളമടിക്കുകയും തലയാട്ടുകയും ചെയ്യുന്നു….. നിൻെറ സകലശത്രുക്കളും നിന്നെ നിന്ദിക്കുന്നു. അവർ ചൂളമടിക്കുകയും പല്ലിറുമ്മുകയും ചെയ്യുന്നു. നമ്മൾ അവളെ തകർത്തു. ഇതാണു നമ്മൾ ആശിച്ചിരുന്ന ദിവസം. ഇപ്പോൾ അതു വന്നുചേർന്നു. നാം അതുകാണുന്നു എന്ന് അവർ അട്ടഹസിക്കുന്നു’ (വിലാ. 2:15-16).
അവർ അട്ടഹസിക്കുന്നതിൻറെ സ്വരം കേൾക്കുന്നില്ലേ? ഉണ്ടെങ്കിൽ ‘ദൈവത്തിൽ നിന്ന് അകലാൻ കാണിച്ചതിൻറെ പത്തിരട്ടി തീക്ഷ്ണതയോടെ തിരിച്ചുവന്ന് അവിടുത്തെ തേടുവിൻ’ ( ബാറൂക്ക് 4:28). അതുമാത്രമാണ് നമ്മുടെ മുൻപിലുള്ള ഏകവഴി. നമ്മുടെ കർത്താവായ ദൈവത്തെ ഉപേക്ഷിക്കുന്നത് എത്ര ദോഷകരവും കയ്പ് നിറഞ്ഞതുമാണെന്നു നാം അനുഭവിച്ചറിഞ്ഞുകൊണ്ടിരിക്കുന്ന (ജെറ. 2:19) ഈ നാളുകളിൽ നമുക്കു ദൈവത്തിൻറെ വഴികളിലേക്കു തിരിച്ചുവരാം. ഫലം കായ്ക്കാത്ത മുന്തിരിവള്ളികളും മേശയ്ക്കരികിൽ നിന്നു നിന്ന് അകന്നുപോകുന്ന ഒലിവുതൈകളും നിറഞ്ഞ തരിശുഭൂമിയല്ലല്ലോ കർത്താവിനു നമ്മെക്കുറിച്ചുള്ള സ്വപ്നം.
