പ്രവാസകാലത്തെ കച്ചവടം

 ‘ഞാൻ സകല മർത്ത്യരുടെയും ദൈവമായ കർത്താവാണ്. എനിക്ക് അസാധ്യമായി എന്തെങ്കിലുമുണ്ടോ?’ (ജെറ  32:27). ഈ വചനം നമുക്ക് സുപരിചിതമാണ്. എന്നാൽ അതിൻറെ സന്ദർഭം പലരും ശ്രദ്ധിച്ചിട്ടുണ്ടാകില്ല.

ജെറുസലേമിനെയും യൂദാ, ബഞ്ചമിൻ ദേശങ്ങളെയും പിടിച്ചടക്കാനായി കല്ദായരാജാവായ നബുക്കദ്‌ നേസർ  ഉപരോധമേർപ്പെടുത്തിയിരിക്കുന്ന കാലം. ജെറമിയപ്രവാചകൻ  ജനത്തിൻറെ പാപത്തെക്കുറിച്ചും  അനുതപിച്ചു  തിരിച്ചുവന്നില്ലെങ്കിൽ അവർക്കു നേരിടാനിരിക്കുന്ന ശിക്ഷയെക്കുറിച്ചും നിരന്തരം പ്രവചനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ  കല്ദായർ വന്നു  ജെറുസലേം നഗരവും ദേശം മുഴുവനും കീഴടക്കുമെന്നും  ഇസ്രായേൽ ജനം  എഴുപതു വർഷം നീളുന്ന ബാബിലോൺ പ്രവാസത്തിലേക്കു നയിക്കപ്പെടുമെന്നും  ജെറമിയാ വ്യക്തമായി പ്രവചിച്ചു. അതു   ജനത്തിനു മാത്രമല്ല, പ്രഭുക്കന്മാർക്കും രാജാവിനും  ഇഷ്ടപ്പെടുന്ന പ്രവചനമായിരുന്നില്ല.  അവർക്കിഷ്ടം  വ്യർത്ഥമായ പ്രത്യാശ ജനത്തിനു  നൽകുന്ന (ജെറ.28:15)  ഹനനിയായെപ്പോലുള്ള വ്യാജപ്രവാചകന്മാരെയായിരുന്നു.

സ്വാഭാവികമായും ജെറമിയാ  അവരുടെ കണ്ണിലെ കരടായി മാറി. അവർ ജെറമിയായെ കാരാഗൃഹത്തിലടച്ചു.  കാരാഗൃഹത്തിലായിരിക്കുമ്പോൾതന്നെ  കർത്താവ് ജെറമിയായ്ക്കു  വളരെ വിചിത്രമെന്നു തോന്നാവുന്ന ഒരു  നിർദേശം കൊടുത്തു. ബെഞ്ചമിൻ ദേശത്തു  ജെറമിയായുടെ പിതൃസഹോദരപുത്രൻറെ    സ്ഥലം വാങ്ങണം എന്നതായിരുന്നു അത്.  ഓർക്കണം, ദേശം മുഴുവൻ  ശത്രുക്കൾ കീഴടക്കി നശിപ്പിക്കുമെന്നും  ജനം  പ്രവാസത്തിലേക്കു പോകുമെന്നും അത് ഉടനെ  തന്നെ സംഭവിക്കുമെന്നും  ഏറ്റവും  നന്നായി അറിയാവുന്ന വ്യക്തിയായിരുന്നു ജെറമിയാ. ആ മനുഷ്യനോടാണു  കർത്താവ് പറയുന്നത്, നീ ഇവിടെ ഇനിയും വില കൊടുത്തു  സ്ഥലം  വാങ്ങുക എന്ന്! 

കർത്താവിൻറെ വചനം  അനുസരിച്ചു  ജെറമിയാ കാരാഗൃഹത്തിൽ വച്ചുതന്നെ പതിനേഴു ഷെക്കൽ  വെള്ളി തൂക്കിക്കൊടുത്ത് ആധാരം എഴുതിച്ചു സാക്ഷികളെക്കൊണ്ട്  ഒപ്പിടുവിച്ചു സ്ഥലം വാങ്ങി. ആധാരവും അതിൻറെ  പകർപ്പും  ഏറിയകാലം  ഭദ്രമായി  സൂക്ഷിക്കാനായി ബാരൂക്കിൻറെ കൈയിൽ ഏല്പിക്കുകയും ചെയ്തു (ജെറ.  32:6-14).  ജെറമിയായ്ക്ക് കർത്താവിൻറെ വചനത്തിൽ ഒരു സംശയവും ഉണ്ടായിരുന്നില്ല. കാരണം അവിടുന്ന് പറഞ്ഞിരുന്നു; ‘  ഈ ദേശത്തു  വീടുകളും  വയലുകളും മുന്തിരിത്തോട്ടങ്ങളും ഇനിയും ക്രയവിക്രയം ചെയ്യുമെന്ന് ഇസ്രായേലിൻറെ ദൈവമായ,  സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു’ (ജെറ.  32:15).

കേരളത്തിലെ ക്രിസ്ത്യാനികൾക്കിതു പ്രവാസകാലമാണ്. ബാബിലോൺ എന്നല്ല, മഹാബാബിലോൺ  എന്നുതന്നെ വിളിക്കപ്പെടാവുന്ന  ദേശങ്ങളിലേക്ക് (വെളി 18:2) പ്രവാസികളായി  പോകാൻ അവർ സ്വയം സന്നദ്ധരാകുന്നു.  അപ്പോൾ  ദൈവത്തിൻറെ  സ്വന്തം നാട്ടിൽ, ‘നഗരങ്ങൾ  ജനവാസമില്ലാതെയും ഭവനങ്ങൾ ആൾപ്പാർപ്പില്ലാതെയും ശൂന്യമായി , ദേശം മുഴുവൻ വിജനമായിത്തീരുന്നു. ദേശത്തിൻറെ മധ്യത്തിൽ  നിർജനപ്രദേശങ്ങൾ  ധാരാളമായി ഉണ്ടാകുന്നു.  കർത്താവ് ജനത്തെ വിദൂരത്തേക്ക് ഓടിക്കുന്നു!’ (ഏശയ്യാ  6:11-12).

അത് അങ്ങനെയേ സംഭവിക്കൂ. കാരണം  നമുക്കായി ദൈവം ഈ കാലത്ത് അയച്ചുതന്ന പ്രവാചകന്മാരെ നാം  ശ്രദ്ധിച്ചില്ല.   ‘സമാധാനം, ഭദ്രത എന്നൊക്കെ പറയുകയും’  (1 തെസ. 5:3) വ്യർത്ഥമായ പ്രത്യാശ നൽകി നമ്മെ വഞ്ചിക്കുകയും ചെയ്യുന്ന  വ്യാജപ്രവാചകരുടെ വാക്കുകളായിരുന്നു നമുക്കു പഥ്യം.  ശുഭമായ ഭാവിയും പ്രത്യാശയും നൽകുന്ന പദ്ധതി ഒരുക്കി നമുക്കായി കാത്തിരുന്ന ദൈവത്തെ (ജെറ 29:11) നാം  അനുസരിച്ചില്ല.  അതുകൊണ്ടു  പ്രവാസം നമുക്കു  വിധികല്പിതമാണെന്നു കരുതി സമാധാനിക്കുകയല്ലാതെ  മറ്റു വഴിയില്ല. 

എങ്കിലും  പ്രവാസത്തിനായി ഉഴിഞ്ഞിട്ടിരിക്കുന്ന ദൈവത്തിൻറെ സ്വന്തം  നാട്ടിൽ വീണ്ടും  വില കൊടുത്തു സ്ഥലം വാങ്ങുന്നതു   ബുദ്ധിയാണോ? ഒരിക്കലുമല്ല. പക്ഷേ ജെറമിയാ  ബെഞ്ചമിൻ ദേശത്തു സ്ഥലം  വാങ്ങി. കാരണം ജെറമിയാ ബുദ്ധിമാനായിരുന്നില്ല, വെറുമൊരു  വിശ്വാസി ആയിരുന്നു. ഇന്നും വിശ്വാസികൾ  ഈ ദേശത്തു  നിലവും  സ്ഥലങ്ങളും വാങ്ങുന്നു. അവിടെ കൃഷി ചെയ്യുന്നു.  വീടു പണിത് അതിൽ വസിക്കുന്നു. തോട്ടങ്ങൾ നട്ടുപിടിപ്പിച്ച്  ഫലങ്ങൾ അനുഭവിക്കുന്നു. വിവാഹം കഴിച്ച് സന്താനങ്ങൾക്കു  ജന്മം നൽകുന്നു. അവരുടെ പുത്രീപുത്രന്മാരെയും വിവാഹം കഴിപ്പിക്കുന്നു. അവരുടെ സംഖ്യ കുറഞ്ഞുപോകാതെ വർധിക്കുന്നു. പ്രവാസനാളുകളിൽ ദൈവം ജനത്തിനു നൽകിയ  നിർദേശവും ഇതുതന്നെയായിരുന്നു  (ജെറ. 29:5-7)  എന്നോർക്കുന്നതു നല്ലതാണ്. 

പട്ടാപ്പകൽ പ്രവാസത്തിനുള്ള ഭാണ്ഡം ഒരുക്കി  പുറത്തുവരികയും  സായംകാലത്ത്  സ്വന്തം കൈകൾ കൊണ്ടു  ഭിത്തി തുരക്കുകയും    ഭാണ്ഡം തോളിലേറ്റി ജനം കാൺകെത്തന്നെ ഇരുട്ടത്തു  പുറപ്പെടുകയും ചെയ്ത എസക്കിയേലിനെ (എസക്കി. 12:7)  ദൈവം ഇസ്രായേൽ ജനത്തിനു മുഴുവൻ ഒരടയാളമായി അയച്ചതായിരുന്നു (എസക്കി. 12:11).  എന്നാൽ ജനം ആ അടയാളവും മനസിലാക്കിയില്ല.

ഇന്നും അടയാളങ്ങൾക്കു പഞ്ഞമില്ല. പ്രവാചകന്മാരുടെ മുന്നറിയിപ്പുകൾക്കും പഞ്ഞമില്ല. എന്നാൽ ജനം  പ്രവാസത്തിലേക്കു സ്വയം നടന്നുനീങ്ങുകയാണ്.  ഇതിനിടയിലും ജെറമിയായെപ്പോലെ ചുരുക്കം ചിലർ  കർത്താവിൻറെ  വചനത്തിൽ ആശ്രയിച്ച്,  ലോകദൃഷ്ട്യാ ഭോഷത്തമെന്നു തോന്നുന്ന കാര്യങ്ങൾ ചെയ്യുന്നു.  അവരുടെ കണ്ണുകൾ പ്രവാസത്തിലല്ല, അതിനുമപ്പുറം വരാനിരിക്കുന്ന   ശുഭമായ ഭാവിയിലും  ദൈവം നൽകുന്ന പ്രത്യാശയിലുമാണ്. അവിടുന്ന്  സകല മർത്ത്യരുടെയും ദൈവമായ കർത്താവാണല്ലോ! അവിടുത്തേക്ക്  അസാധ്യമായി ഒന്നുമില്ലല്ലോ!

(www.divinemercychannel.com)