ഏശയ്യാ പ്രവാചകൻ കർത്താവിനോടു ചോദിച്ചതാണിത്. ആ സന്ദർഭം നമുക്കറിയാം. ദൈവാലയത്തിൽ കർത്താവിന്റെ മഹത്വം പ്രത്യക്ഷപ്പെട്ടപ്പോൾ ഭയന്നുവിറച്ച ഏശയ്യാ തൻറെ അയോഗ്യതയെക്കുറിച്ച് ബോധവാനാകുന്നു. അത് ഏറ്റുപറയുമ്പോൾ ഒരു ദൂതൻ ബലിപീഠത്തിൽ നിന്നെടുത്ത തീക്കനൽ കൊണ്ട് ഏശയ്യായെ ശുദ്ധീകരിച്ചതിനുശേഷം വലിയൊരു പ്രവാചകദൗത്യം അവനെ എല്പിക്കുകയാണ്.
ആ പ്രവചനദൗത്യത്തിന്റെ ഫലം എന്തായിരിക്കുമെന്ന് കർത്താവ് നേരത്തെതന്നെ അറിഞ്ഞിരുന്നു. ‘പോവുക, ഈ ജനത്തോടു പറയുക, നിങ്ങൾ വീണ്ടും വീണ്ടും കേൾക്കും. മനസിലാക്കുകയില്ല; നിങ്ങൾ വീണ്ടും വീണ്ടും കാണും, ഗ്രഹിക്കുകയില്ല. അവർ കണ്ണുകൊണ്ടു കാണുകയും ചെവി കൊണ്ടു കേൾക്കുകയും ഹൃദയം കൊണ്ടു ഗ്രഹിക്കുകയും അങ്ങനെ മാനസാന്തരപ്പെട്ടു സൗഖ്യം പ്രാപിക്കുകയും ചെയ്യാതിരിക്കേണ്ടതിന് അവരുടെ ഹൃദയങ്ങളെ കഠിനമാക്കുകയും ചെവികളെ മന്ദീഭവിപ്പിക്കുകയും കണ്ണുകളെ അന്ധമാക്കുകയും ചെയ്യുക’ (ഏശയ്യാ 6: 9-10).
അപ്പോഴാണ് ഏശയ്യാ ചോദിക്കുന്നത്; ‘കർത്താവേ, ഇത് എത്ര നാളത്തേക്ക്?’ (ഏശയ്യാ 6:11).
കർത്താവിന്റെ മറുപടി കൃത്യമായിരുന്നു. ‘നഗരങ്ങൾ ജനവാസമില്ലാതെയും ഭവനങ്ങൾ ആൾപ്പാർപ്പില്ലാതെയും ശൂന്യമായി, ദേശം മുഴുവൻ വിജനമായിത്തിരുന്നതുവരെ. കർത്താവ് ജനത്തെ വിദൂരത്തേക്ക് ഓടിക്കുകയും ദേശത്തിന്റെ മധ്യത്തിൽ നിർജന പ്രദേശങ്ങൾ ധാരാളമാവുകയും ചെയ്യുന്നതുവരെ. അതിൽ ഒരു ദശംശമെങ്കിലും അവശേഷിച്ചാൽ അവ വീണ്ടും അഗ്നിക്കിരയാകും. ടർപെൻറ്റൈൻ വൃക്ഷമോ കരുവേലകമോ വെട്ടിയാൽ അതിന്റെ കുറ്റി നിൽക്കുന്നതുപോലെ അത് അവശേഷിക്കും. ഈ കുറ്റി ഒരു വിശുദ്ധ ബീജം ആയിരിക്കും (എശയ്യാ 6:11-13).
ബാബിലോൺ പ്രവാസകാലത്ത് ഈ പ്രവചനം അക്ഷരാർത്ഥത്തിൽ നിറവേറി എന്നു നമുക്കറിയാം. അന്ന് യൂദയായിലേലും ജെറുസലേമിലെയും ഭവനങ്ങൾ ആൾപ്പാർപ്പില്ലാതെ ശൂന്യമായി. നഗരങ്ങളിൽ ജനവാസം ഇല്ലാതെയായി. ദേശം മുഴുവൻ വിജനമായി. കർത്താവ് തൻറെ ജനത്തെ വിദൂരത്തേക്ക് ഓടിച്ചു. ദേശത്തിന്റെ മധ്യത്തിൽ, അതേ ദേശത്തിന്റെ മധ്യത്തിൽ തന്നെ, അനേകം പ്രദേശങ്ങൾ നിർജനമാവുകയും ചെയ്തു.
എന്തായിരുന്നു ആ പ്രവാസത്തിന്റെ കാരണം? കർത്താവ് അഭിഷേകം ചെയ്തയച്ച പ്രവാചകന്മാരെ കേൾക്കാൻ ദൈവജനം വിസമ്മതിച്ചതു തന്നെ!
ചരിത്രം ആവർത്തിക്കപ്പെടുന്നു. അന്ന് യൂദയായിലും ജെറുസലേമിലും. ഇന്ന് കേരളത്തിലും അതുതന്നെ സംഭവിക്കുന്നു!
കഴിഞ്ഞ എത്രയോ പതിറ്റാണ്ടുകളായി വചനം പെരുമഴ പോലെ പെയ്തിറങ്ങിയ ദേശമാണു കേരളം. അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ട് ദൈവം വചനത്തെ സ്ഥിരീകരിക്കുകയും ചെയ്തു. എന്നിട്ടും നാം കർത്താവിന്റെ വചനം കേൾക്കാൻ വിസമ്മതിച്ചു.
ഇതാ, ഒരിക്കൽ ക്രിസ്തീയമായിരുന്ന നമ്മുടെ നഗരങ്ങളിൽ ജനവാസം കുറഞ്ഞുവരുന്നു. ക്രൈസ്തവരുടെ ഭവനങ്ങൾ ആൾപ്പാർപ്പില്ലാതെ ശൂന്യമായിക്കിടക്കുന്നു. നമ്മുടെ മക്കൾ ലോകത്തിലെ നാനാഭാഗങ്ങളിലേക്കും ചിതറിക്കപ്പെടുന്നു. ദേശത്തിന്റെ മധ്യത്തിൽ, അതേ, ഒരിക്കൽ ക്രൈസ്തവർ നിർണായകശക്തിയായിരുന്ന, കേരളത്തിന്റെ മധ്യത്തിൽ തന്നെ, നിർജനപ്രദേശങ്ങൾ ധാരാളമായി ഉടലെടുക്കുന്നു!
അവശേഷിക്കുന്നവരാകട്ടെ അനിവാര്യമായ ദുരന്തം ഏറ്റുവാങ്ങാൻ മാനസികമായിപ്പോലും തയാറെടുക്കുന്നില്ല. ആത്മീയ ഒരുക്കത്തിന്റെ കാര്യം പറയാനുമില്ല.
കർത്താവ് വിദൂരത്തേക്ക് ഓടിച്ച നമ്മുടെ മക്കൾ ‘ വിദേശത്തു ഞങ്ങൾ എങ്ങനെ കർത്താവിന്റെ ഗാനം ആലപിക്കും'(സങ്കീ 137:4) എന്നു വിലപിക്കുന്നു. ബാബിലോൺ നദികളുടെ തീരത്തിരുന്നു സീയോനെയോർത്തു കരഞ്ഞ (സങ്കീ 137:1) ഇസ്രായേൽക്കാരെപ്പോലെ
നമ്മുടെ മക്കളും എവിടെയൊക്കെയോ ഇരുന്ന് ഒരിക്കൽ ജനനിബിഡമായിരുന്നതും ഇപ്പോൾ ഏകന്തവുമായിരിക്കുന്നതും (വിലാ. 1:1) തങ്ങൾ വിട്ടുപോന്നതുമായ ദൈവത്തിന്റെ സ്വന്തം നാടിനെ ഓർത്തു വിലപിക്കുന്നു.
ഇനിയുള്ള പ്രതീക്ഷ ന്യായവിധിയുടെ തീക്കാറ്റിനെ (എശയ്യാ 3:4) അതിജീവിക്കുന്ന ഒരു അവശിഷ്ടഭാഗം ആയിരിക്കും. ആ കുറ്റി ഒരു വിശുദ്ധബീജം ആയിരിക്കുമെന്ന് (ഏശയ്യാ 6:13) കർത്താവിൽ പ്രത്യാശിച്ചുകൊണ്ട് നമുക്കു കേരളത്തിനുവേണ്ടി പ്രാർത്ഥിക്കാം.