രൂപം മാറുന്ന അപ്പം

ഒരു പരിശുദ്ധ കുർബാന അർപ്പിക്കുന്നതുകൊണ്ട് നമുക്കു  കിട്ടുന്ന ഫലം എന്താണ്?  പരിശുദ്ധ കുർബാന നിത്യജീവൻറെ അപ്പമാണെന്നും  അതു ഭക്ഷിക്കുന്നവർ  മരിക്കുകയില്ലെന്നും കർത്താവ് അരുളിച്ചെയ്തിട്ടുണ്ട്.  അതു പാപമോചനത്തിനായി നല്കപ്പെട്ടതാണെന്നും   അവിടുന്ന് പറഞ്ഞിട്ടുണ്ട്. അതായതു  പരിശുദ്ധ കുർബാന സ്വീകരിക്കുന്നതിൻറെ ഫലമായി നമുക്കു ലഭിക്കുന്നതു   പാപമോചനവും നിത്യജീവനുമാണ്.

എന്നാൽ ഇതു മാത്രമാണോ പരിശുദ്ധ കുർബാനയുടെ ഫലം? അങ്ങനെയാണെങ്കിൽ കുർബാന സ്വീകരിക്കുന്ന എല്ലാവരും സ്വർഗത്തിൽ എത്തുമെന്ന് ഉറപ്പാണല്ലോ.  പക്ഷേ അങ്ങനെയൊരു സാധ്യതയെക്കുറിച്ചു  വിശുദ്ധഗ്രന്ഥം സൂചിപ്പിക്കുന്നതേ  ഇല്ല. അതിൻറെയർത്ഥം കുർബാനസ്വീകരണത്തിനു  മറ്റു ചില ഫലങ്ങൾ കൂടിയുണ്ടെന്നാണ്.

ജ്ഞാനത്തിൻറെ പുസ്തകത്തിൽ  ഇങ്ങനെ പറയുന്നു. ‘അങ്ങയുടെ ജനത്തിനു ദൈവദൂതന്മാരുടെ അപ്പം അങ്ങ് നൽകി’ (ജ്ഞാനം 16:20).  നമ്മുടെ  അധ്വാനം കൂടാതെ തന്നെയാണ്  (ജ്ഞാനം 16:20) ഈ അപ്പം  നമുക്കു ലഭിക്കുന്നത്. ഓരോരുത്തർക്കും ആസ്വാദ്യമായ തരത്തിൽ പാകപ്പെടുത്തിയ അപ്പമാണത് (ജ്ഞാനം 1620). ഇവിടെ മുതൽ നാം കൂടുതൽ ശ്രദ്ധയോടെ ധ്യാനിക്കണം. കാരണം മാനുഷികമായ  രീതിയിൽ ചിന്തിച്ചാൽ ഒരു ഭക്ഷണം  അതു  കഴിക്കുന്ന എല്ലാവർക്കും  ഒരുപോലെ ആസ്വാദ്യമായിക്കൊള്ളണമെന്നില്ല.  എന്നാൽ ദൈവം പറയുന്നതു   സ്വർഗത്തിൽ നിന്ന്  അവിടുന്നു  നൽകുന്ന ഈ അപ്പം (ജ്ഞാനം 16:20) ഓരോരുത്തർക്കും ആസ്വാദ്യമായ തരത്തിൽ  പ്രത്യേകമായി പാകപ്പെടുത്തിയതാണെന്നാണ്.

ദിവ്യകാരുണ്യം   ‘നമ്മുടെ ദൃഷ്ടിയിൽ വിസ്മയാവഹമായിരിക്കുന്നു’ (സങ്കീ 118:23). എന്നാൽ അതിൽ വിസ്മയിക്കാൻ ഒന്നുമില്ല. കാരണം ‘അതു കർത്താവിൻറെ പ്രവൃത്തിയാണ്’  (സങ്കീ 118:23) എന്നതു തന്നെ. പച്ചവെള്ളത്തെ വീഞ്ഞാക്കി മാറ്റാനും  വീഞ്ഞിനെ രക്തമാക്കി മാറ്റാനും കഴിയുന്നവന്  ഒരു ഗോതമ്പപ്പത്തെ ഭക്ഷിക്കുന്നവരുടെ രുചിയ്‌ക്കൊത്തു  രൂപാന്തരപ്പെടുത്താൻ കഴിയില്ലേ!  കഴിയും എന്നാണു തിരുവചനം പറയുന്നത്.  ‘ഭക്ഷിക്കുന്നവൻറെ രുചിയ്‌ക്കൊത്ത്  അതു  രൂപാന്തരപ്പെട്ടു’ (ജ്ഞാനം  16:21).

എലിയാ പ്രവാചകൻ ആ അപ്പം   ഭക്ഷിച്ചപ്പോൾ   കർത്താവിൻറെ സന്നിധിയിലേക്കുള്ള  നാൽപതു ദിവസത്തെ യാത്രയ്ക്കു  ശക്തി നൽകുന്നതായി അതു  രൂപാന്തരപ്പെട്ടു.   എമ്മാവൂസിലേക്കു പോയ ശിഷ്യന്മാർക്കാകട്ടെ  കുർബാനയപ്പം അവരുടെ കണ്ണു  തുറക്കാനുള്ള ഔഷധമായി രൂപാന്തരപ്പെട്ടു.  തിബേരിയാസിൻറെ തീരത്തു വച്ചു   കർത്താവിൽ നിന്നു കുർബാന സ്വീകരിച്ച പത്രോസിനു    താൻ  ഒരിക്കൽ  തള്ളിപ്പറഞ്ഞ  യേശുവിനെ   സ്നേഹിക്കുന്നു എന്നു മൂന്നുവട്ടം പറയാനുള്ള   വിശ്വാസം കൊടുക്കാനാണ്  അത്  ഉപകരിച്ചത്. 

ഭക്ഷണം മടുത്തു എന്നു പറയുന്ന ഒരേയൊരു ജീവി മനുഷ്യനാണ്. ഭക്ഷണം വിലകെട്ടതായി തോന്നുന്നതും മനുഷ്യനു  മാത്രമാണ്. സ്വർഗത്തിൽ  നിന്നു ദൈവം ഓരോ ദിവസവും നൽകികൊണ്ടിരുന്ന മന്ന കുറച്ചുകാലം കഴിച്ചപ്പോൾ ഇസ്രായേൽക്കാർ  പിറുപിറുത്തത്  ‘വിലകെട്ട ഈ അപ്പം തിന്നു  ഞങ്ങൾ മടുത്തു’ (സംഖ്യ  21:5) എന്നായിരുന്നു.  സ്വർഗീയദാനത്തെ വിലകെട്ട അപ്പമായി കണ്ട അവർക്ക് ആഗ്നേയസർപ്പങ്ങളുടെ ദംശനം ഏൽക്കേണ്ടി വന്നു.  സ്വർഗത്തിൽ നിന്നുള്ള അപ്പം അഗ്നിയാണ്, തീക്കട്ട തന്നെയാണ്. അതിനു രണ്ടു ഗുണങ്ങൾ ഉണ്ട്.  അതിനെ  നിന്ദിച്ചവർക്ക്   ആഗ്നേയ സർപ്പമായും  അതിൻറെ  മുൻപിൽ സ്വയം എളിമപ്പെടുത്തുന്നവർക്കു   വിശുദ്ധീകരിക്കുന്ന തീക്കട്ടയായും അതു  രൂപാന്തരപ്പെടുന്നു.  സെറാഫുകളിലൊന്നു  ബലിപീഠത്തിൽ നിന്നു  കൊടിൽ കൊണ്ട് എടുത്ത ഒരു തീക്കനലുമായി വന്ന്  ഏശയ്യായുടെ അധരങ്ങളെ സ്പർശിച്ചിട്ടു പറഞ്ഞത്  ‘നിൻറെ മാലിന്യം നീക്കപ്പെട്ടു. നിൻറെ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു  (ഏശയ്യാ 6:7) എന്നാണ്. 

കുർബാനയെപ്പോലെ തന്നെ കുർബാനയെക്കുറിച്ചുള്ള ഈശോയുടെ പ്രബോധനവും  കേൾക്കുന്നവൻറെ രുചിയ്‌ക്കൊത്ത് രൂപാന്തരപ്പെടുന്നു.  ഹൃദയം കഠിനമായവർക്ക് ആ വചനവും കഠിനമായി അനുഭവപ്പെട്ടു  (യോഹ. 6:60). പിതാവിൽ നിന്നു  വരം  ലഭിക്കാത്തവർക്ക്  അത് യേശുവിനെ എന്നെന്നേക്കുമായി വിട്ടുപോകാനുള്ള അവസരമായി മാറി (യോഹ. 6:66). എന്നാൽ പിതാവിൽ നിന്നു വരം ലഭിക്കാഞ്ഞിട്ടും ഒരുവൻ യേശുവിനെ വിട്ടുപോയില്ല.  തന്നെ വിട്ടുപോകാനുള്ള അവസരം  നൽകിയിട്ടും വിട്ടുപോകാത്ത യൂദാസിനെക്കുറിച്ച്  യേശു അപ്പോൾ തന്നെ പറഞ്ഞത് ഇങ്ങനെയാണ്.  ‘നിങ്ങളിൽ ഒരുവൻ പിശാചാണ്’ (യോഹ 6:70). അവൻ ജനിക്കാതിരുന്നെങ്കിൽ അവനു കൂടുതൽ നന്നായിരുന്നു എന്നു  ഹൃദയവേദനയോടെ യേശു പറഞ്ഞത്, കുർബാനയായി സ്വയം മുറിച്ചുകൊടുത്തിട്ടും അതു മനസിലാക്കാൻ കഴിയാതെ പോകുന്ന യൂദാസിൻറെ ദുരന്തം മുൻകൂട്ടി അറിഞ്ഞിരുന്നതുകൊണ്ടാണ്. യൂദാസിൻറെ രുചിയ്‌ക്കൊത്തു  പരിശുദ്ധ കുർബാന വെറുമൊരു അപ്പക്കഷ്ണം മാത്രമായി  രൂപാന്തരപ്പെട്ടു. ‘ ആ അപ്പക്കഷ്ണം സ്വീകരിച്ച ഉടനെ അവൻ പുറത്തുപോയി. അപ്പോൾ രാത്രിയായിരുന്നു’ ( യോഹ. 13:30).

ഇനിയും ചിലർക്കു  പരിശുദ്ധ  കുർബാന  അർപ്പിച്ചപ്പോൾ  പ്രതിഫലമായി കിട്ടിയത്  രോഗങ്ങളും  ബലഹീനതകളും ആയിരുന്നു.  കോറിന്തോസുകാർക്കുള്ള ലേഖനത്തിൽ (1 കൊറി  11:27-30)  പൗലോസ് ശ്ലീഹാ പഠിപ്പിക്കുന്നത്  അയോഗ്യതയോടെ കർത്താവിൻറെ അപ്പം ഭക്ഷിക്കുകയും  പാത്രത്തിൽ നിന്നു പാനം  ചെയ്യുകയും ചെയ്യുന്നവർക്ക് അതു രോഗത്തിനും ദൗർബല്യത്തിനും മരണത്തിനുമുള്ള  കാരണമായി രൂപാന്തരപ്പെടും എന്നാണ്.

ഭക്ഷിക്കുന്നവൻറെ രുചിയ്‌ക്കൊത്ത് ദിവ്യകാരുണ്യം രൂപാന്തരപ്പെടും. എന്നാൽ  പരിശുദ്ധ കുർബാനയുടെ  യഥാർഥ രുചി ആസ്വദിക്കാൻ കഴിയണമെങ്കിൽ കർത്താവിൻറെ  സ്വരം കേട്ടു  ഹൃദയത്തിൻറെ വാതിൽ തുറന്നുകൊടുക്കുണം.  കാരണം അങ്ങനെയുള്ളവർക്കൊപ്പം താനും  ഭക്ഷണത്തിനിരിക്കും എന്നാണ് യേശുവിൻറെ വാഗ്ദാനം (വെളി  3:20).  പരിശുദ്ധ കുർബാന നിഗൂഢ  രഹസ്യമാണ്. അതിൻറെ  യഥാർഥ രുചി അറിയണമെങ്കിൽ  പരിശുദ്ധാത്മാവു തന്നെ നമ്മെ സഹായിക്കണം. വിജയം വരിക്കുന്നവനു   കൊടുക്കാനായി കർത്താവ് കാത്തുവച്ചിരിക്കുന്ന നിഗൂഢ മന്നയാണത് (വെളി 2:17) എന്നു  മനസ്സിലാക്കണമെങ്കിൽ  ആത്മാവു  സഭകളോടു  പറയുന്നതെന്തെന്നു കേൾക്കാൻ  ചെവി  കൊടുക്കണം (വെളി 2:17).

പരിശുദ്ധ കുർബാനയിൽ സത്യമായും എഴുന്നള്ളിയിരിക്കുന്ന ”കർത്താവ് എത്രയോ നല്ലവനാണെന്നു രുചിച്ചറിയുവാനുള്ള’ (സങ്കീ.34:8) കൃപയ്ക്കായി നമുക്കു പ്രാർഥിക്കാം.