ബാലപാഠങ്ങൾ

നമുക്ക് ഹെബ്രായലേഖനത്തിൽ നിന്ന്  ഒരു ഭാഗം വായിച്ചുകൊണ്ടു തുടങ്ങാം. ‘ അതിനാൽ ക്രിസ്തുവിൻറെ വചനത്തിൻറെ പ്രഥമപാഠങ്ങൾ  പിന്നിട്ടു നമുക്കു പക്വതയിലേക്കു വളരാം. നിർജീവപ്രവൃത്തികളിൽ നിന്നുള്ള തിരിച്ചുവരവ്, ദൈവത്തിലുള്ള വിശ്വാസം, ജ്ഞാനസ്നാനത്തെ സംബന്ധിക്കുന്ന പ്രബോധനം, കൈവയ്‌പ്, മരിച്ചവരുടെ ഉയിർപ്പ്, നിത്യവിധി ഇവയ്ക്കു  വീണ്ടും ഒരടിസ്ഥാനം ഇടേണ്ടതില്ല’ ( ഹെബ്രാ: 6:1-2). അതിൻറെ കാരണം  ആരും പറയാതെ തന്നെ നമുക്കറിയാം.  ഈ പറഞ്ഞ കാര്യങ്ങളെല്ലാം  ക്രിസ്തീയവിശ്വാസത്തിൻറെ ബാലപാഠങ്ങളാണ്.  ഈ വിഷയങ്ങളിൽ എന്തെങ്കിലും  സംശയം ഇപ്പോഴും അവശേഷിക്കുന്നുവെങ്കിൽ അതിൻറെയർത്ഥം നമ്മൾ യഥാർത്ഥത്തിൽ ക്രിസ്ത്യാനികളല്ല  എന്നുമാത്രമാണ്. 

ജ്ഞാനസ്നാനം, അനുതാപം, വിശ്വാസം, കൈവയ്‌പ്, മരിച്ചവരുടെ ഉയിർപ്പ്, നിത്യവിധി ഇവയെക്കുറിച്ചെല്ലാമുള്ള സഭയുടെ ആധികാരിക പ്രബോധനങ്ങൾ  ക്രൈസ്തവവിശ്വാസത്തിൻറെ മൂലക്കല്ലാണ്.  ഇതിൽ ഏതെങ്കിലും ഒന്നിൽ പാളിച്ച പറ്റിയാൽ അതു  നമ്മുടെ വിശ്വാസത്തെ മുഴുവൻ ബാധിക്കും. അതുകൊണ്ടാണ് ഇവയെല്ലാം  ബാലപാഠങ്ങളാണെന്നു   പറയുന്നത്.  ഒന്നും ഒന്നും കൂട്ടിയാൽ  രണ്ടാണ്   എന്നതിൽ ഉറപ്പില്ലാത്ത ഒരാൾ എങ്ങനെയാണു  ഗണിതശാസ്ത്രത്തിൽ ഉന്നതവിദ്യാഭ്യാസത്തിനു പുറപ്പെടുന്നത്? അതു പോലെ തന്നെ ക്രിസ്തീയവിശ്വാസത്തിൽ വളരണമെന്ന്  ആഗ്രഹിക്കുന്ന ഏതൊരാളും ക്രിസ്തുവിൻറെ  വചനത്തിൻറെ പ്രഥമ പാഠങ്ങളിൽ  ഉറപ്പുള്ളവരായിരിക്കണം.

എന്നിട്ടും നാം എന്താണു  കാണുന്നത്?  അനേകം പേർ  ക്രിസ്തീയവിശ്വാസത്തിൻറെ അടിസ്ഥാനതത്വങ്ങളിൽ വിശ്വസിക്കാതെയോ  അല്ലെങ്കിൽ അവയെക്കുറിച്ച് ആഴമായ ബോധ്യമില്ലതെയോ ക്രിസ്ത്യാനികൾ എന്ന പേരും ചുമന്നു  ജീവിക്കുന്നു. ഇതു     ക്രിസ്ത്യാനി എന്ന നിലയിലുള്ള നമ്മുടെ നിലനിൽപിനെയും അതിനേക്കാളുപരി നമ്മുടെ  ആത്മരക്ഷയെത്തന്നെയും   അപകടപ്പെടുത്തുന്ന തരത്തിൽ അതിശീഘ്രം വ്യാപിക്കുന്ന  വിശ്വാസത്യാഗവുമായി  ചേർത്തുവച്ചു  മനസിലാക്കേണ്ട ഒരു പ്രതിഭാസമാണ്. വിശ്വാസത്തിൻറെ  ബാലപാഠങ്ങളിലുള്ള ഈ സംശയവും  ആശയക്കുഴപ്പവും  ഏറ്റവുമധികം പ്രതിഫലിക്കുന്ന ഒരു മേഖലയാണ്  മരിച്ചവരുടെ  ഉയിർപ്പ്. നമ്മുടെ വിശ്വാസത്തിൻറെ പ്രഥമപാഠം  എന്നു ഹെബ്രായലേഖകൻ  വിശേഷിപ്പിച്ചിട്ടും, സഭ ഇക്കാര്യത്തിൽ  കൃത്യവും ആധികാരികവും അർഥശങ്കയ്ക്കിടയില്ലാത്തതുമായ  പ്രബോധനം നൽകിയിട്ടും, ഇപ്പോഴും അനേകം ‘സംശയിക്കുന്ന തോമസുമാരെ’ നമുക്ക് കാണാൻ കഴിയും.  മരിച്ചവർ ഉയിർക്കുമെന്ന കാര്യത്തിൽ തന്നെയായിരുന്നു തോമാശ്ലീഹായുടെ സംശയവും എന്നതും നമുക്ക് ഓർമ്മിക്കണം. നമുക്കും അവനോടുകൂടെ പോയി മരിക്കാം എന്നുവരെ പറഞ്ഞ തോമാശ്ലീഹാ പക്ഷേ  മരണത്തിനപ്പുറം ഉയിർപ്പുണ്ടെന്നും മരിച്ചവരിൽ നിന്നുള്ള ആദ്യജാതനായി  യേശു ഉത്ഥാനം ചെയ്തുവെന്നും വിശ്വസിക്കാൻ  തെളിവ് ആവശ്യപ്പെട്ടു. എന്നാൽ  തോമാശ്ലീഹായുടെ മക്കളെന്നു മേനി പറയുന്ന നമുക്ക്  ഇനിയും അങ്ങനെയൊരു തെളിവു  കിട്ടാൻ പോകുന്നില്ല എന്നറിഞ്ഞിരിക്കുക.  കണ്ടും തൊട്ടും വിശ്വസിക്കാൻ പാകത്തിൽ ഉത്ഥിതനായ ക്രിസ്തുവിനെപ്പോലെ മറ്റൊരാൾ  ഇനി  വരാനില്ല.  ക്രിസ്തുവിനു ശേഷം നമുക്ക് ആശ്രയിക്കാവുന്നതു  നമ്മുടെ വിശ്വാസത്തെ മാത്രമാണ്. അതാകട്ടെ ദുർബലവും!

മരിച്ചവരുടെ ഉയിർപ്പ് എന്നതു  കേവലസത്യമാണ്. അതിനു തെളിവ് ആവശ്യപ്പെടുന്നതു  തന്നെ അബദ്ധമാണ്.  തെളിവ് ഇല്ലാത്തതുകൊണ്ടല്ല, ആ സത്യം സ്വീകരിക്കാൻ പാകത്തിൽ നമ്മുടെ മനസിനു  തുറവിയില്ലാത്തുകൊണ്ടാണു  നമുക്കു തെളിവുകൾ വെളിപ്പെട്ടുകിട്ടാത്തത്. നാം മർക്കടമുഷ്ടിയോടെ  നമ്മുടെ സംശയപ്രകൃതത്തിൽ തന്നെ  തുടരുകയാണെങ്കിൽ എവിടെയും എത്തില്ല. യാക്കോബ് ശ്ലീഹാ  പറയുന്നുണ്ടല്ലോ. ‘സംശയമനസ്കനും  എല്ലാ കാര്യങ്ങളിലും ചഞ്ചലപ്രകൃതിയുമായ ഒരുവന്  എന്തെങ്കിലും കർത്താവിൽ നിന്നു ലഭിക്കുമെന്നു  കരുതരുത്’ ( യാക്കോബ് 1:7-8).

 സംശയപ്രകൃതമുള്ളവർക്കല്ല, മറിച്ച്  ‘വചനം കേട്ട്, ഉത്കൃഷ്ടവും നിർമലവുമായ ഹൃദയത്തിൽ അതു  സംഗ്രഹിച്ചു ക്ഷമയോടെ ഫലം പുറപ്പെടുവിക്കുന്നവർക്കു’  ( ലൂക്കാ 8:15) വേണ്ടിയുള്ളതാണു   ദൈവത്തിൻറെ വചനം. വിശ്വാസിയുടെ ഹൃദയത്തിൽ അവിശ്വാസത്തിൻറെ വിത്തു  വിതയ്ക്കുന്നത്  സാത്താൻ തന്നെയാണ്. മനുഷ്യാത്മാക്കളുടെ അന്തിമനിയന്ത്രണത്തിനായുള്ള ഘോരയുദ്ധത്തിൽ  ഏർപ്പെട്ടിരിക്കുന്ന  അവൻ  ദൈവമക്കളെ   വഞ്ചിക്കാൻ  സംശയം എന്ന ഈ രഹസ്യ ആയുധം  ഉപയോഗിക്കുന്നു. പലപ്പോഴും പിശാച്  നമ്മോടു നേരിട്ടുള്ള ഒരു ഏറ്റുമുട്ടലിനു തുനിയാറില്ല. ക്ഷമ എന്നതു  പിശാചിൻറെ  വലിയൊരു ഗുണമാണ്.  ഒരു പക്ഷേ, നമ്മെക്കാളെല്ലാം അധികമായി ഈ ‘പുണ്യം’ അഭ്യസിക്കുന്നവനാണു  പിശാച്. അവസാനത്തെ  കൊയ്ത്തിൻറെ സമയം വരെ കാത്തിരിക്കാൻ  അവൻ തയ്യാറാണ്. എന്നാൽ  ആ കൊയ്ത്തിൽ തനിക്കു  നല്ലൊരു വിളവു  കിട്ടാൻ വേണ്ട വിത്ത് അവൻ ഇപ്പോൾ തന്നെ വിതച്ചുകഴിഞ്ഞിരിക്കുന്നു.  താൻ  മനുഷ്യഹൃദയങ്ങളിൽ വിതച്ച സംശയത്തിൻറെയും അവിശ്വാസത്തിൻറെയും വിത്തു  കാലക്രമത്തിൽ വളന്നു വലിയൊരു  വൃക്ഷമാകുമെന്ന്  ഉറപ്പായും അവനറിയാം.

ദൈവവും മനുഷ്യനുമായുള്ള ബന്ധത്തിൽ  സാത്താന് ഒറ്റക്കാര്യത്തിൽ മാത്രമേ എതിർപ്പുണ്ടായിരുന്നുള്ളൂ. അതു  മറ്റൊന്നുമല്ല, മനുഷ്യവംശത്തിനായി  ദൈവം ഒരുക്കിവച്ചിരിക്കുന്ന നിത്യസൗഭാഗ്യം തന്നെയാണ്. തൻറെ അഹങ്കാരം കൊണ്ടും അനുസരണക്കേടു കൊണ്ടും താൻ  നഷ്ടമാക്കിയ  സ്വർഗീയസൗഭാഗ്യം തന്നെക്കാൾ താഴ്ന്നവർ എന്ന് അവൻ കരുതുന്ന മനുഷ്യർക്കു  ദൈവം  വാഗ്ദാനം ചെയ്തു  എന്നതാണ് അവനെ  അസ്വസ്ഥനാക്കുന്നത്.

നാം നമ്മുടെ  നിത്യസമ്മാനം  കൈവശപ്പെടുത്തുന്നതു  മരണത്തിനുശേഷമുള്ള ഉത്ഥാനവേളയിലാണല്ലോ. നിത്യമഹത്വത്തിൻറെ  രാജ്യത്തിലേക്കു  പ്രവേശിക്കണമെങ്കിൽ നമ്മുടെ ശരീരങ്ങളുടെ  സ്വാഭാവികമരണവും  അതിനുശേഷമുള്ള അതിസ്വാഭാവികമായ  ഉയിർപ്പും സംഭവിക്കണം. ഈ ഒരു പ്രത്യാശയാണു  നമ്മെ കർത്താവായ യേശുക്രിസ്തുവിനോടു  ബന്ധിപ്പിക്കുന്ന കണ്ണി. അവനാണല്ലോ  ലോകചരിത്രത്തിൽ ഇന്നേവരെ  മരിച്ചവരിൽ  നിന്ന് ഉയിർത്തെഴുന്നേറ്റ ഒരേയൊരു വ്യക്തി! പുനരുത്ഥാനവും  ജീവനും താൻ തന്നെയാണെന്നും തന്നിൽ  വിശ്വസിക്കുന്നവർ നിത്യജീവൻ അവകാശമാക്കും എന്നുമുള്ള  വാഗ്ദാനവും അവൻറേതുതന്നെ. നിത്യജീവനെക്കുറിച്ചുള്ള  ഈ  പ്രഥമപാഠം ലാസറിനെ ഉയിർപ്പിക്കുന്നതിനു മുൻപ് യേശു മർത്തായെ  പഠിപ്പിക്കുന്നതും നാം വായിച്ചിട്ടുണ്ട്. ‘യേശു അവളോടു പറഞ്ഞു; ഞാനാണു  പുനരുത്ഥാനവും ജീവനും. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.  അങ്ങനെ ജീവിക്കുകയും എന്നിൽ വിശ്വസിക്കുകയും ചെയ്യുന്നവൻ ഒരിക്കലും മരിക്കുകയില്ല’ ( യോഹ. 11:25-26).

മരിച്ചവരുടെ ഉയിർപ്പിലുള്ള  നമ്മുടെ വിശ്വാസത്തിൻറെ അടിസ്ഥാനം  നമ്മുടെ കർത്താവിൻറെ തന്നെ വാക്കുകളാണ്. മരണത്തിനു ശേഷം  ജീവിതമുണ്ടെന്നതിനു   തെളിവുകളൊന്നും  നമുക്ക് ആവശ്യമില്ല. യേശുക്രിസ്തു മരിച്ചവരിൽ നിന്ന് ഉത്ഥാനം ചെയ്തുവെങ്കിൽ   അവിടുന്ന് നമ്മെയും മരിച്ചവരിൽനിന്ന് ഉയിർപ്പിക്കും.   മരിച്ചവരുടെ ഉത്ഥാനത്തെ  സംശയത്തോടെ വീക്ഷിക്കുന്നവരുടെ പ്രശ്നം ഒന്നുമാത്രമാണ്.  യേശുക്രിസ്തു  മരിച്ചവരിൽ നിന്ന് ഉയിർത്തു എന്നും അവർ   വിശ്വസിക്കുന്നില്ല.   യേശുക്രിസ്തുവിൻറെ ഉയിർപ്പിൽ വിശ്വസിക്കാത്ത ഒരുവന് എങ്ങനെയാണു  തൻറെ തന്നെ ഉയിർപ്പിൽ വിശ്വസിക്കാൻ കഴിയുക?

ക്രിസ്തീയവിശ്വാസത്തിൻറെ ബാലപാഠങ്ങൾ എന്നു  തന്നെ പറയാവുന്ന മരിച്ചവരുടെ ഉയിർപ്പിനെക്കുറിച്ചുള്ള  തിരുവചനഭാഗങ്ങളും  സഭാപ്രബോധനങ്ങളും  ഇന്ന്    ആശയക്കുഴപ്പങ്ങൾക്കോ സംശയങ്ങൾക്കോ കാരണമായിട്ടുണ്ടെങ്കിൽ അതിൻറെയർത്ഥം   കർത്താവിൻറെ ഉയിർപ്പിലുള്ള നമ്മുടെ വിശ്വാസക്കുറവിനെ ഫലപ്രദമായി ഉപയോഗിച്ചുകൊണ്ട്, മരണത്തിനപ്പുറം   ഒന്നുമില്ല  എന്ന പച്ചക്കള്ളം നമ്മുടെ മനസിലേക്കു കുത്തിവയ്ക്കാൻ  പിശാചിനു കഴിഞ്ഞു എന്നതാണ്.  സത്യത്തെ  കുറച്ചുകാലത്തേയ്ക്കു മറച്ചുവയ്ക്കാനോ മൂടിവയ്ക്കാനോ സാധിച്ചേക്കാം.  എന്നാൽ ഒരിക്കലും സത്യത്തെ നിഷേധിക്കാൻ  കഴിയില്ല.  നിർഭാഗ്യവശാൽ  സംശയാലുക്കളുടെ മുൻപിൽ   സത്യം ഉദിച്ചുവരുമ്പോഴേക്കും   തീരുമാനമെടുക്കാനുള്ള അവരുടെ സ്വാതന്ത്ര്യത്തിൻറെ  സമയം  അസ്തമിച്ചുപോകുമോ  എന്നു ഭയപ്പെടണം.

മരണത്തിനപ്പുറം ജീവിതമില്ലെങ്കിൽ നമ്മുടെ വിശ്വാസം  വ്യർത്ഥമാണെന്നു പൗലോസ് ശ്ലീഹാ പറയുന്നു. ‘മരിച്ചവർക്കു പുനരുത്ഥാനം ഇല്ലെങ്കിൽ ക്രിസ്തുവും ഉയിർപ്പിക്കപ്പെട്ടിട്ടില്ല. ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം  വ്യർഥമാണ്.  നിങ്ങളുടെ വിശ്വാസവും വ്യർഥം.’ (1 കൊറി  15:13-14). ഈ അടിസ്ഥാനതത്വത്തിലുള്ള  അവിശ്വാസം  സുവിശേഷപ്രഘോഷണ മേഖലയിൽ എന്നല്ല നമ്മുടെ ആത്മീയജീവിതത്തിൽ  നമ്മൾ ചെയ്യുന്ന എല്ലാ  പ്രവൃത്തികളെയും ഫലശൂന്യമാക്കിക്കളയും എന്നു  നിസംശയം  പറയാം.

 മരിച്ചവരുടെ ഉയിർപ്പിനെ മാറ്റിനിർത്തിക്കൊണ്ടുള്ള ഒരു സുവിശേഷമാണു  നമ്മൾ പ്രഘോഷിക്കുന്നതെങ്കിൽ  നമ്മൾ ജീവിക്കുന്നത് ഈ  ലോകത്തിനുവേണ്ടി മാത്രമാണ്.  അത്തരം മനുഷ്യരെക്കുറിച്ചു  പറയാനുള്ള വാക്കുകൾ തെരഞ്ഞെടുക്കുമ്പോൾ   അപ്പസ്തോലൻ  യാതൊരു ദാക്ഷിണ്യവും  കാണിക്കുന്നില്ല.  ‘ഈ ജീവിതത്തിനു വേണ്ടി മാത്രം ക്രിസ്തുവിൽ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കിൽ നമ്മൾ എല്ലാ മനുഷ്യരെയുംകാൾ നിർഭാഗ്യരാണ്’ (1 കൊറി 15:19).

പ്രിയൂയപ്പെട്ട ക്രിസ്ത്യാനീ, ഇത് നമ്മുടെ വിശ്വാസത്തിൻറെ ബാലപാഠമാണ്. ഇതിനെക്കുറിച്ചു  വീണ്ടും  വീണ്ടും  ക്രിസ്ത്യാനികളെ  ഓർമ്മപ്പെടുത്തേണ്ടിവരിക എന്നതു  സങ്കടകരമാണ്. എന്നാൽ അതു തന്നെ ചെയ്യേണ്ടിവരുന്നു. അതിൻറെ കാരണം   ദൈവത്താൽ വെളിപ്പെടുത്തപ്പെട്ട സത്യത്തിനു പകരം എന്തു   വ്യാജവും വിശ്വസിക്കാൻ  തക്കവിധത്തിൽ ഈ ലോകത്തിൻറെ അരൂപി  അവരുടെ  മനസുകളെ  കീഴ്‌പ്പെടുത്തിക്കഴിഞ്ഞു എന്നതാണ്.

ആദിമസഭയിൽ മരിച്ചവരുടെ  പുനരുത്ഥാനത്തെക്കുറിച്ചുള്ള വിശ്വാസം വളരെ ശക്തമായിരുന്നു.  കൊറിന്തോസിലെ സഭയ്‌ക്കെഴുതിയ ലേഖനത്തിൽ  മരിച്ചവർക്കുവേണ്ടി ജ്ഞാനസ്നാനം സ്വീകരിക്കുന്ന പതിവിനെക്കുറിച്ചു  പൗലോസ് ശ്ലീഹാ  പരാമശിക്കുന്നുണ്ടല്ലോ. ‘അല്ലെങ്കിൽ മരിച്ചവർക്കുവേണ്ടി 

 ജ്ഞാനസ്നാനം സ്വീകരിക്കുന്നതുകൊണ്ട്  എന്താണർത്ഥമാക്കുന്നത്? മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നില്ലെങ്കിൽ  മരിച്ചവർക്കുവേണ്ടി എന്തിനു ജ്ഞാനസ്നാനം സ്വീകരിക്കണം?’ (1 കൊറി 15: 29).  ഇനി മരിച്ചവർക്കു   പുനരുത്ഥാനമില്ല എന്ന പ്രസ്താവന  വാദത്തിനു വേണ്ടി സമ്മതിച്ചാൽ തന്നെ   അതിൻറെയർത്ഥം നാം നിരീശ്വരവാദികളിൽ നിന്നോ ഭൗതികവാദികളിൽ നിന്നോ ഒട്ടും വ്യത്യസ്തരല്ല എന്നതാണ്. അത്തരക്കാർക്ക്  ജീവിതം എന്നത് ഈ ലോകത്തിൽ ഒതുങ്ങിനിൽക്കുന്ന ഒന്നാണ്. ഇന്ദ്രിയസുഖങ്ങളെയാണ് അവർ മറ്റെന്തിനേക്കാളും  വിലമതിക്കുന്നത്. ഐഹിക സുഖങ്ങൾക്കു  പ്രാധാന്യം നൽകുന്ന    ഇത്തരം അബദ്ധസുവിശേഷപ്രഘോഷണങ്ങളുടെ  കുഴിയിൽ  വീഴാനുള്ള അപകടസാധ്യതയെക്കുറിച്ചു  പൗലോസ് ശ്ലീഹാ   നമുക്കു  മുന്നറിയിപ്പു നൽകുന്നുണ്ട്. ‘മരിച്ചവർക്കു പുനരുത്ഥാനമില്ലെങ്കിൽ  നമുക്കു തിന്നുകയും  കുടിക്കുകയും ചെയ്യാം. എന്തെന്നാൽ നാളെ നമ്മൾ മരിച്ചുപോകും. നിങ്ങൾ വഞ്ചിതരാകരുത്’ (1 കൊറി 15:32)

വിശുദ്ധലിഖിതങ്ങളെക്കുറിച്ചും  ദൈവത്തിൻറെ ശക്തിയെക്കുറിച്ചുമുള്ള യഥാർത്ഥമായ ജ്ഞാനം ഇല്ലാത്തതാണ്  ഒരുവൻ മരിച്ചവരുടെ പുനരുത്ഥാനത്തിൻറെ സാധ്യതയെ  സംശയിക്കാനുള്ള  മൂലകാരണം. പുനരുത്ഥാനത്തിൽ വിശ്വസിക്കാതിരുന്ന  സദുക്കായരോട് യേശു തന്നെ ഇക്കാര്യം  പറയുന്നുണ്ട്. ‘ വിശുദ്ധ ലിഖിതങ്ങളോ ദൈവത്തിൻറെ ശക്തിയോ അറിയാത്തതുകൊണ്ടല്ലേ, നിങ്ങൾക്കു തെറ്റു  പറ്റുന്നത്?’  (മർക്കോസ് 12:24). വിശുദ്ധഗ്രന്ഥത്തിലൂടെ ഒരു തവണയെങ്കിലും കടന്നുപോയിട്ടുള്ള  ഒരാൾക്കു  മരിച്ചവരുടെ  പുനരുത്ഥാനത്തിലുള്ള തൻറെ  വിശ്വാസം  ഉറപ്പായും പ്രഖ്യാപിക്കാൻ സാധിക്കണം  എന്നതാണ് യേശു ഇങ്ങനെ പറയുന്നതിൻറെ ആന്തരാർത്ഥം. കാരണം അത് അത്രമേൽ ലളിതവും  നിഷേധി ക്കാനാവാത്തതുമായ കേവലസത്യമാണ്. യേശു എങ്ങനെയാണ് ഈ വിഷയത്തിലുള്ള  തെറ്റിദ്ധാരണകൾക്കു  മറുപടി  കൊടുക്കുന്നതെന്നു   കാണുക. ‘മരിച്ചവർ ഉയിർത്തെഴുന്നേൽക്കുന്നതിനെക്കുറിച്ച്, ദൈവം  മുൾപ്പടർപ്പിൽ നിന്നു  മോശയോട്  അരുളിച്ചെയ്തത്  എന്താണെന്നു  മോശയുടെ പുസ്തകത്തിൽ നിങ്ങൾ വായിച്ചിട്ടില്ലേ?  അവിടുന്ന് പറഞ്ഞു; ഞാൻ അബ്രാഹത്തിൻറെ  ദൈവവും  ഇസഹാക്കിൻറെ ദൈവവും     യാക്കോബിൻറെ ദൈവവും  ആണ്.  അവിടുന്ന് മരിച്ചവരുടെയല്ല, ജീവിക്കുന്നവരുടെ ദൈവമാണ്. നിങ്ങൾക്കു  വലിയ തെറ്റു  പറ്റിയിരിക്കുന്നു’ (മർക്കോസ്  12:26-27).

അതേ, നാം വിശ്വസിക്കുന്നത്  ജീവിക്കുന്നവരുടെ ദൈവമായിരിക്കാൻ   ഇഷ്ടപ്പെടുന്ന ഒരു  ദൈവത്തിലാണ്. അങ്ങനെയൊരു ദൈവം തൻറെ പ്രിയമക്കൾ അവരുടെ മരണനിമിഷത്തിൽ  ശൂന്യതയിൽ ലയിച്ച് ഇല്ലാതാകാൻ അനുവദിക്കുമെന്നു നിങ്ങൾ കരുതുന്നുണ്ടോ?  ഒരിക്കലുമില്ല.  എന്നേയ്ക്കും നിലനിൽക്കുന്ന അനശ്വരരാജ്യത്തിലെ ജീവിതത്തിൻറെ  മുന്നോടി മാത്രമാണ്, ഈ മായാപ്രപഞ്ചത്തിലെ  നമ്മുടെ നശ്വരമായ ജീവിതം. അനശ്വരതയുടെ വിത്തുകൾ ദൈവം നമ്മുടെ  മനുഷ്യശരീരത്തിൽ  ആദിയിൽ തന്നെ വിതച്ചിട്ടുണ്ട്.   അതിൻറെ വിളവെടുക്കുന്ന സമയവും അവിടുന്ന്   നിശ്ചയിച്ചിട്ടുണ്ട്. മരണത്തിനുശേഷം നാം  നിത്യതയിലേക്കു   പ്രവേശിക്കുന്ന ആ  സുന്ദരമുഹൂർത്തത്തിലാണ്  ഇതു സംഭവിക്കുന്നത്.  ‘നശ്വരതയിൽ വിതയ്ക്കപ്പെടുന്നു; അനശ്വരതയിൽ ഉയിർപ്പിക്കപ്പെടുന്നു. അവമാനത്തിൽ വിതയ്ക്കപ്പെടുന്നു; മഹിമയിൽ ഉയിർപ്പിക്കപ്പെടുന്നു. ബലഹീനതയിൽ വിതയ്ക്കപ്പെടുന്നു; ശക്തിയിൽ ഉയിർപ്പിക്കപ്പെടുന്നു. വിതയ്ക്കപ്പെടുന്നതു ഭൗതികശരീരം; പുനർജീവിക്കുന്നത്  ആത്മീയശരീരം. ഭൗതികശരീരമുണ്ടെങ്കിൽ ആത്മീയശരീരവുമുണ്ട്’ (1 കൊറി  15:42-44). മരിച്ചവരുടെ പുനരുത്ഥാനത്തെ സംബന്ധിച്ച ക്രിസ്തീയവിശ്വാസത്തിൻറെ രത്നച്ചുരുക്കം അപ്പസ്തോലൻറെ ഈ വാക്കുകളിൽ നമുക്കു  കാണാം.

നിങ്ങൾ  വിതയ്ക്കുന്നതു തന്നെ നിങ്ങൾ കൊയ്യും. ആത്മാവിനു വേണ്ടി  നല്ല  വിത്തു  വിതച്ചാൽ  ആത്മാവിൽ  ശ്രേഷ്ഠമായ വിളവു കൊയ്‌തെടുക്കാം.  ഈ മർത്യശരീരം  മഹിമയിൽ  ഉയിർപ്പിക്കപ്പെടാനുള്ളതാണെന്ന ചിന്ത  എപ്പോഴും നമ്മുടെ മനസിലുണ്ടാകണം. അതാകട്ടെ നമ്മുടെ  യോഗ്യതകൊണ്ടല്ല  സാധിതമാകുന്നത്, പിന്നെയോ   ഉത്ഥിതനായ  കർത്താവിലുള്ള നമ്മുടെ വിശ്വാസമാണു  നമ്മെ ഉയിർപ്പിക്കുന്നത്. കർത്താവിൽ ഉയിർപ്പിക്കപ്പെടണമെങ്കിൽ ആദ്യമേ നാം കർത്താവിൽ മരിക്കണം.    ‘യേശു മരിക്കുകയും വീണ്ടും ഉയിർക്കുകയും ചെയ്തു എന്നു  നാം വിശ്വസിക്കുന്നതുപോലെ, യേശുവിൽ നിദ്ര പ്രാപിച്ചവരെ  ദൈവം അവനോടു കൂടെ ഉയിർപ്പിക്കും’ (1 തെസ 4:14). ക്രിസ്ത്യാനിയുടെ മരണത്തെ  ‘കർത്താവിൽ നിദ്ര പ്രാപിച്ചു’ എന്നു  പറയുന്നതു  വെറുതെയല്ല എന്ന് ഓർത്തിരിക്കുക. കണ്ണു കണ്ടിട്ടില്ലാത്തതും കാതു കേട്ടിട്ടില്ലാത്തതും ഹൃദയം ആസ്വദിച്ചിട്ടില്ലാത്തതുമായ  ഒരു പുതിയ പ്രഭാതത്തിലേക്കു നമ്മുടെ മിഴികൾ തുറക്കുന്നതിനു മുൻപുള്ള ഒരു  കൊച്ചുമയക്കം മാത്രമാണു  മരണം.

എന്നാൽ മരണത്തിനപ്പുറമുള്ള ജീവിതത്തെക്കുറിച്ചു  നമുക്കു നേരിട്ടുള്ള അറിവൊന്നും ഇല്ല.  പക്ഷേ ഉത്ഥിതനായ  ക്രിസ്തുവിനെ നേരിട്ടു  കണ്ടവരുണ്ട്. ഉത്ഥാനത്തിനു ശേഷം  ക്രിസ്തു അവർക്കു പ്രത്യക്ഷപ്പെട്ടപ്പോൾ അവരുടെ   പ്രതികരണം എങ്ങനെയായിരുന്നു എന്നു   ചിന്തിക്കുന്നതു  നല്ലതാണ്. 

കല്ലറയ്ക്കു മുൻപിൽ കരഞ്ഞുകൊണ്ടു നിന്ന മഗ്ദലേനമറിയത്തിൻറെ ചിത്രം നമുക്കു  സുപരിചിതമാണ്.  (യോഹ.  20:11). കർത്താവിൻറെ  മൃതദേഹം വിട്ടുകിട്ടാൻ വേണ്ടിയാണ് അവൾ  യാചിച്ചുകൊണ്ടിരുന്നത്. മറിയത്തിനു തന്നോടുള്ള ഭക്തിയുടെ ആഴം നന്നായി അറിയാമായിരുന്ന  യേശു തൻറെ പ്രിയപ്പെട്ട ശിഷ്യന്മാർക്കു  പ്രത്യക്ഷപ്പെടുന്നതിനു മുൻപുതന്നെ  മറിയത്തിനു  ദർശനഭാഗ്യം നൽകി എന്നതിൽ അത്ഭുതമില്ല. എന്നാൽ നമ്മെ അത്ഭുതപ്പെടുത്തുന്ന കാര്യം   യേശു  തൻറെ മുൻപിൽ പ്രത്യക്ഷപ്പെട്ടപ്പോൾ  അവനെ  തിരിച്ചറിയാൻ മറിയത്തിനു  കഴിഞ്ഞില്ല എന്നതാണ്. യേശുവിനെ അടുത്തനുഗമിച്ചിരുന്ന  മഗ്ദലേന മറിയത്തിന്  അവനെ നേരിട്ടുകണ്ടിട്ടും  തിരിച്ചറിയാൻ   കഴിഞ്ഞില്ല എന്നത്  അത്ഭുതകരമല്ലേ? 

 ഈ ചോദ്യത്തിനുള്ള ഉത്തരം നമുക്കു കിട്ടുന്നത് എമ്മാവൂസിലേക്കുള്ള യാത്രയിലാണ്.   ജറുസലേമിൽ നിന്ന് എമ്മാവൂസിലേക്കു യാത്രപുറപ്പെട്ട   രണ്ടു ശിഷ്യന്മാർക്കു വഴിയിൽ വച്ചു കിട്ടിയ അപരിചിതനായ  സഹയാത്രികനായിരുന്നു ക്രിസ്തു. ആ യാത്രയിൽ അവർ  ദീർഘനേരം സംഭാഷണത്തിലേർപ്പെടുകയും അതിൻറെ ഒടുവിൽ  ക്രിസ്തു അവരോടൊപ്പം അവരുടെ ഭവനത്തിൽ പ്രവേശിക്കുകയും ചെയ്തു. എന്നിട്ടും അവർക്ക് അവനെ തിരിച്ചറിയാൻ കഴിഞ്ഞില്ല!   അവൻ  ‘അപ്പമെടുത്ത്,  ആശിർവദിച്ച്, മുറിച്ച്, അവർക്കു കൊടുത്തപ്പോൾ’ (ലൂക്കാ 24:30) മാത്രമാണ് അവർക്ക് അവനെ   തിരിച്ചറിയാൻ സാധിച്ചത്. 

ഉടനെ തന്നെ  ജെറുസലേമിലേക്കു തിരിച്ചുപോയ അവർ മറ്റു ശിഷ്യന്മാരോടു  തങ്ങളുടെ  അനുഭവം വിവരിച്ചു കൊണ്ടിരുന്നപ്പോൾ തന്നെ   യേശു അവരുടെ മധ്യേ വന്നു  നിന്നിട്ടു പറഞ്ഞു; ‘നിങ്ങൾക്കു  സമാധാനം!’ (ലൂക്കാ 24:36). എന്നാൽ   തങ്ങളോടു  സമാധാനം ആശംസിച്ച വ്യക്തി ആരെന്നു തിരിച്ചറിയാൻ അവരിൽ ആർക്കും കഴിഞ്ഞില്ല. സുവിശേഷകൻ എഴുതിയിരിക്കുന്നു; ‘അവർ  ഭയന്നുവിറച്ചു. ഭൂതത്തെയാണു  കാണുന്നത് എന്ന് അവർ വിചാരിച്ചു’   (ലൂക്കാ 24:36-37). തികച്ചും വിചിത്രമായിത്തോന്നുന്നില്ലേ?   തങ്ങൾക്കു സമാധാനം ആശംസിച്ചവൻ സമാധാനത്തിൻറെ രാജാവായ  യേശുക്രിസ്തു തന്നെയാണെന്നു  മനസിലാക്കാൻ അവർക്കു കഴിഞ്ഞില്ല.   അവരെ വിശ്വസിപ്പിക്കാൻ കർത്താവിന് അല്പം ബുദ്ധിമുട്ടേണ്ടിവന്നു എന്നും  നാം മനസിലാക്കണം.

അടുത്ത  കണ്ടുമുട്ടൽ  തിബേരിയാസ് കടൽക്കരയിൽ വച്ചാണ്.  ഒരു രാത്രി മുഴുവനും  അധ്വാനിച്ചിട്ടും വെറും  കൈയോടെ  തിരിച്ചുവരുന്ന  ശിഷ്യന്മാരെയും കാത്ത്  യേശു അവിടെയുണ്ടായിരുന്നു.  പകൽവെളിച്ചത്തിൽ തങ്ങളുടെ ഗുരുവിൻറെ ശബ്ദം കേട്ടിട്ടുപോലും,   മൂന്നരവർഷം  ഊണിലും ഉറക്കത്തിലും തങ്ങളോടൊപ്പമുണ്ടായിരുന്ന  യേശുവാണ് അതെന്ന് അവർക്കു മനസിലായില്ല! അതു  തങ്ങളുടെ ഗുരുവും കർത്താവുമാണെന്നു  മനസിലാക്കാൻ അവർക്കു  വല നിറയാൻ പാകത്തിൽ  മൽസ്യം  വന്നുകയറുന്ന  ഒരത്ഭുതം കൂടി സംഭവിക്കേണ്ടിയിരുന്നു!

എന്തുകൊണ്ടാണ് ഉത്ഥാനത്തിനുശേഷം യേശുവിനെ കണ്ടവർക്കാർക്കും  അവനെ തിരിച്ചറിയാൻ കഴിയാതെ പോയത്? കാരണം  ഉത്ഥാനം ചെയ്ത ശരീരം  നമ്മുടെ മർത്യശരീരം പോലെയല്ല എന്നതുതന്നെ. പൗലോസ് ശ്ലീഹാ വിശദീകരിക്കുന്നു; ‘സ്വർഗീയശരീരങ്ങളുണ്ട്. ഭൗമികശരീരങ്ങളുണ്ട്; സ്വർഗീയശരീരങ്ങളുടെ തേജസ് ഒന്ന്, ഭൗമികശരീരങ്ങളുടെ തേജസ്  മറ്റൊന്ന്’ (1 കൊറി 15:40). ഉത്ഥിതശരീരം ഭൗതികശരീരം  പോലെയല്ല. എന്തുകൊണ്ട് അതു  തിരിച്ചറിയാൻ നമുക്കു  കഴിയുന്നില്ല എന്നു  ചോദിച്ചാൽ  സ്വർഗീയശരീരങ്ങളെ   കാണണമെങ്കിൽ നമ്മുടെ ദൃഷ്ടി എപ്പോഴും  സ്വർഗത്തിലേക്കു   തിരിഞ്ഞിരിക്കണം എന്നു  മാത്രമേ  മറുപടി പറയാനുള്ളൂ.   കണ്ണുകൾ ലൗകികവസ്തുക്കളിൽ ഉടക്കിക്കിടക്കുന്നിടത്തോളം കാലം നമുക്കു സ്വർഗീയദൃശ്യങ്ങൾ കാണാൻ കഴിയില്ല. മരിച്ചവരുടെ  പുനരുത്ഥാനത്തെ സംശയിക്കുന്നവർക്കു സംഭവിക്കുന്നതും ഇതു  തന്നെയാണ്. അവരുടെ കണ്ണുകൾ മരണത്തിൽ അവസാനിക്കുന്ന ഒരു ശരീരത്തിൽ ഉടക്കി നിൽക്കുകയാണ്. ഈ ശരീരം  നശ്വരമായ ഒരുടുപ്പു മാത്രമാണെന്നും  മരണത്തിനു ശേഷം പുനരുത്ഥാനവേളയിൽ  ഈ   നശ്വരശരീരം  മഹത്വത്തിൽ  പുതിയൊരു രൂപമെടുക്കുമെന്നും  അതു  ‘സ്വർഗീയൻറെ സാദൃശ്യം’ ( 1 കൊറി  15:49) ആയിരിക്കുമെന്നും  പറഞ്ഞാൽ അവർക്കു മനസിലാകില്ല.

 അന്ത്യവിധിയെക്കുറിച്ചു  പരാമർശിക്കുന്ന വേളയിൽ വിശുദ്ധഗ്രന്ഥം  മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു   കൂടുതൽ ഉൾക്കാഴ്ചകൾ തരുന്നുണ്ട്. ‘മരിച്ചവരെല്ലാവരും, വലിയവരും ചെറിയവരും, സിംഹാസനത്തിനു മുൻപിൽ നിൽക്കുന്നത് ഞാൻ കണ്ടു. ഗ്രന്ഥങ്ങൾ  തുറക്കപ്പെട്ടു. മറ്റൊരു ഗ്രന്ഥവും തുറക്കപ്പെട്ടു. അതു  ജീവൻറെ ഗ്രന്ഥമാണ്. ഗ്രന്ഥങ്ങളിലെഴുതപ്പെട്ടിരിക്കുന്ന പ്രവൃത്തികൾക്കനുസൃതം മരിച്ചവർ വിധിക്കപ്പെട്ടു. തന്നിലുണ്ടായിരുന്ന മൃതരെ   സമുദ്രം വിട്ടുകൊടുത്തു. മരണവും പാതാളവും  തങ്ങളിലുണ്ടായിരുന്നവരെയും  വിട്ടുകൊടുത്തു. അവരെല്ലാവരും താന്താങ്ങളുടെ  പ്രവൃത്തികൾക്കനുസൃതം വിധിക്കപ്പെട്ടു’ (വെളി 20:12-13).  ദൈവത്തിൻറെ ന്യായാസനത്തിനു മുൻപിൽ ഹാജരാക്കപ്പെടാനും വിധിക്കപ്പെടാനുമായി  തന്നിലുള്ള മൃതരെ  സമുദ്രം വിട്ടുകൊടുത്തു.  അതുപോലെ തന്നെ    തങ്ങളുടെ പക്കലുള്ള  മൃതരെ  ദൈവസന്നിധിയിൽ ഹാജരാക്കപ്പെടാനുള്ള  കല്പന  പുറപ്പെടുമ്പോൾ മരണവും പാതാളവും  അതുതന്നെ ചെയ്യേണ്ടിവരും.

നശിപ്പിക്കപ്പെടേണ്ട അവസാനത്തെ  ശത്രു മരണമാണ്.  ‘മരണമെന്ന അവസാന ശത്രുവും നശിപ്പിക്കപ്പെട്ടിരിക്കുന്നു’ (1 കൊറി  15:26) എന്ന തിരുവചനം  അതിൻറെ പൂർണമായ അർത്ഥത്തിൽ നിറവേറപ്പെടുന്നതു   തെരഞ്ഞെടുക്കപ്പെട്ടവർ ദൈവത്തോടൊപ്പം  നിത്യമായ ജീവിതത്തിലേക്കു  പ്രവേശിക്കുമ്പോഴാണ്. നാം ഈ അവസ്ഥയെ എല്ലാറ്റിൻറെയും  സമാപ്തി – സമയത്തിൻറെയും ചരിത്രത്തിൻറെയും  സമാപ്തി – എന്നു  വിളിക്കുന്നു. എന്തെന്നാൽ    ചരിത്രത്തിലൂടെയുള്ള നമ്മുടെ  പ്രയാണം  എവിടെ നിന്ന് ആരംഭിച്ചുവോ, അവിടേയ്ക്കു തന്നെ ഈ നിമിഷത്തിൽ  നാം  തിരികെച്ചെല്ലുന്നു. 

ജ്ഞാനത്തിൻറെ  പുസ്തകത്തിൽ നാം ഇങ്ങനെ വായിക്കുന്നു; ‘ദൈവം  മനുഷ്യനെ അനശ്വരതയ്ക്കു വേണ്ടി സൃഷ്ടിച്ചു.  തൻറെ അനന്തതയുടെ സാദൃശ്യത്തിൽ നിർമിച്ചു.  പിശാചിൻറെ അസൂയ നിമിത്തം മരണം ലോകത്തിൽ പ്രവേശിച്ചു. അവൻറെ പക്ഷക്കാർ അതനുഭവിക്കുന്നു’ (ജ്ഞാനം 2:23-24).  മനുഷ്യർക്കുവേണ്ടിയുള്ള  ദൈവത്തിൻറെ പദ്ധതിയെ   യാതൊരു തടസ്സവുമില്ലാതെ  യാത്ര ചെയ്യാവുന്നതും  അനന്തത മുതൽ അനന്തത വരെ നീളുന്നതുമായ ഒരു നേർരേഖയായി സങ്കൽപിക്കുക. മനുഷ്യൻറെ പതനം മുതൽ അന്ത്യവിധി വരെയുള്ള കാലം ഈ നേർരേഖയിൽ എവിടെയോ ഒരിടത്തു  നാമെല്ലാവരും  നിർബന്ധമായും കടന്നുപോകേണ്ട ഒരു  കുടുക്കായും (loop) സങ്കൽപിക്കുക. നമ്മുടെ യാത്രയിൽ ഏതോ ഒരു നിമിഷത്തിൽ നാം നേർരേഖയിലുള്ള പ്രയാണം ഉപേക്ഷിച്ച് ഈ കുടുക്കിലേക്ക് പ്രവേശിക്കുന്നു. നമുക്കു  നിർണ്ണയിക്കപ്പെട്ടിരിക്കുന്ന ദിനങ്ങളും വർഷങ്ങളും  അവസാനിക്കുമ്പോൾ  നാം ആ കുടുക്കിൽ നിന്നു പുറത്തുവന്ന്, നാം എവിടെ വച്ചാണോ  നേർരേഖയിൽ  നിന്നു വ്യതിചലിച്ചത്, അതേ  സ്ഥലത്തു തന്നെ  വീണ്ടും  തിരിച്ചു കയറുകയും  നമ്മുടെ  പ്രയാണം തുടരുകയും ചെയ്യുന്നു. 

എന്നാൽ   ഈ ലോകത്തിലെ ജീവിതം എന്ന വൈതരണി കടക്കാൻ നമുക്ക് ഒരു ശരീരം കൂടിയേ തീരൂ. ഒരിക്കൽ ആ  ആവശ്യം നിറവേറ്റിക്കഴിഞ്ഞാൽ പിന്നെ  ഈ ഭൗതികശരീരം കൊണ്ടു  നമുക്ക് ഒരുപയോഗവുമില്ല.   കാരണം അനന്തതയിലേക്കു  നീളുന്ന ആ യാത്രയിൽ നമുക്കു  ചുമക്കാവുന്ന  ഒരു ഭാരമല്ല ഈ മർത്യശരീരം. അതുകൊണ്ടു  മരണവേളയിൽ ഈ ശരീരം ഉപേക്ഷിക്കുക  എന്നതു  തികച്ചും യുക്തിസഹവുമാണ്.  കരയിലോ വെള്ളത്തിലോ ഓടുന്ന വാഹനങ്ങൾ കൊണ്ടു  ബഹിരാകാശത്തേയ്ക്കുള്ള യാത്ര  സാധ്യമല്ലാത്തതുപോലെ തന്നെ,  ഈ ഭൂമിയിലെ  യാത്രയ്ക്കായി മാത്രം രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്ന നമ്മുടെ മർത്യശരീരങ്ങൾ  മരണത്തിനപ്പുറമുള്ള യാത്രയ്ക്കും  ഉപകരിക്കില്ല.  അതിനായി നമുക്കു  പുതിയൊരു ശരീരം കിട്ടിയേ തീരൂ.  അപ്പസ്തോലൻ  ഇങ്ങനെ  ഉപസംഹരിക്കുന്നു; ‘സഹോദരരേ, ശരീരത്തിനോ രക്തത്തിനോ ദൈവരാജ്യം അവകാശപ്പെടുത്തുക  സാധ്യമല്ലെന്നും നശ്വരമായത് അനശ്വരമായതിനെ അവകാശപ്പെടുത്തുകയില്ലെന്നും  ഞാൻ പറയുന്നു’ (1 കൊറി  15:50).

അനശ്വരമായ  ഒരു രാജ്യത്തിൽ നിത്യജീവൻ ആസ്വദിക്കണമെങ്കിൽ നമുക്ക്  അഴിഞ്ഞുപോകാത്ത ഒരു  ശരീരം ലഭിക്കണം. അതു ലഭിക്കുന്നതു  നമ്മുടെ  പുനരുത്ഥാനവേളയിലാണ്.

പ്രിയപ്പെട്ട ക്രിസ്ത്യാനീ, ഇതു നമ്മുടെ വിശാസത്തിൻറെ ബാലപാഠമാണ്.  ഒരുനാൾ നമ്മുടെ ശരീരങ്ങളുടെ  ഉയിർപ്പു സംഭവിക്കുക തന്നെ  ചെയ്യും. ആ ദിവസം നാം കരുതുന്നതിനേക്കാൾ വളരെ അടുത്താണു താനും. എന്നാൽ  നിത്യതയിലുള്ള നമ്മുടെ ഭാഗധേയം  എന്തായിരിക്കുമെന്നു  നിശ്ചയിക്കപ്പെടുന്നത്  ഈ ഭൗമികജീവിതത്തിൽ നാം വിതയ്ക്കുകയും  വളമിട്ടു  വെള്ളമൊഴിച്ചു വളർത്തുകയും ചെയ്യുന്നത്  ഏതു തരം വിത്താണ്  എന്നതിനെ  ആശ്രയിച്ചിരിക്കുന്നു.  ആത്മാവിനായി നിത്യജീവൻ കൊയ്തെടുക്കാൻ പാകത്തിൽ വിതയ്ക്കുന്ന ആത്മാവിൻറെ വിത്തുകളോ അതോ ജഡത്തിനായി  നിത്യമരണം കൊയ്തെടുക്കാക്കാനായി വിതയ്ക്കുന്ന ജഡത്തിൻറെ വിത്തുകളോ?

ഇവിടെയാണു  നമ്മുടെ ശരീരങ്ങളെ  വിശുദ്ധമായി സൂക്ഷിക്കേണ്ടതിൻറെ ആവശ്യകത. വിശുദ്ധ പൗലോസ്  റോമാക്കാർക്കെഴുതിയ ലേഖനത്തിൽ നിന്ന്  ഒരു വചനം എടുത്തെഴുതട്ടെ;  ‘ആകയാൽ സഹോദരരേ, ദൈവത്തിൻറെ കാരുണ്യം അനുസ്മരിച്ചുകൊണ്ടു  ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു; നിങ്ങളുടെ ശരീരങ്ങളെ  വിശുദ്ധവും   ദൈവത്തിനു പ്രീതികരവുമായ  സജീവബലിയായി  സമർപ്പിക്കുവിൻ.  ഇതായിരിക്കണം നിങ്ങളുടെ യഥാർത്ഥമായ ആരാധന’ (റോമാ  12:1). കാരണം മറ്റൊന്നുമല്ല. ഈ ശരീരം  ഒരിക്കൽ ഉയിർപ്പിക്കപ്പെടേണ്ടതാണ്!

നമുക്കു പ്രാർഥിക്കാം :  മരിച്ചവർക്കു ജീവനും അസ്തിത്വമില്ലാത്തവയ്ക്ക്  അസ്തിത്വവും നൽകുന്ന നിത്യനായ പിതാവേ, ഒരിക്കൽ ഞങ്ങളുടെ ശരീരങ്ങളും ഉയിർപ്പിക്കപ്പെടുമെന്ന വിശ്വാസത്തിൽ ജീവിക്കാനുള്ള കൃപ ഞങ്ങൾക്കു നൽകണമേ. ഞങ്ങളുടെ  ശരീരങ്ങളെ അങ്ങേയ്ക്കു പ്രീതികരമായ ഒരു സജീവബലിയായി സമർപ്പിക്കാൻ ഈ വിശ്വാസം ഞങ്ങളെ  സഹായിക്കുകയും ചെയ്യുമാറാകട്ടെ. ആമേൻ.