മുദ്ര പതിക്കും കാലം

നാല്പതുവർഷങ്ങൾക്കു മുൻപ്, പരിശുദ്ധ അമ്മ  സ്റ്റെഫാനോ  ഗോബി എന്ന ഇറ്റാലിയൻ വൈദികനു  കൊടുത്ത സന്ദേശത്തിൽ നിന്ന് ഒരു ഭാഗം എടുത്തെഴുതട്ടെ.

‘എൻറെ  കരുണാർദ്രമായ കണ്ണുകളിൽ നിന്നു  കണ്ണുനീർക്കണങ്ങൾ  ധാരാളമായി നിപതിക്കുന്നതു   നിങ്ങൾ കാണും.  എൻറെ വിമലഹൃദയത്തിൻറെ സ്പന്ദനം  കൂടുതൽ ആകുലവും  വ്യസനകരവുമായിത്തീരുന്നത് നിങ്ങൾ കേൾക്കും.  എന്തെന്നാൽ,  മുൻപൊരിക്കലും കേട്ടിട്ടില്ലാത്തവിധം ശത്രുവിനാൽ അത്രയധികം  ആക്രമിക്കപ്പെടുകയും  സ്വന്തം മക്കളാൽ  അത്രയധികം ഒറ്റിക്കൊടുക്കപ്പെടുകയും  ചെയ്യുന്ന സഭയുടെ  ഹൃദയത്തിൻറെ സ്പന്ദനം എൻറെ മാതൃഹൃദയത്തിൽ  നിങ്ങൾക്ക് അനുഭവപ്പെടും……. ജീവൻറെ കാര്യത്തിലാണെങ്കിലും സ്വാതന്ത്ര്യത്തിൻറെ കാര്യത്തിലാണെങ്കിലും  അഭൂതപൂർവമാം  വിധം അപകടത്തിലായിരിക്കുന്ന  നിങ്ങളുടെ  മാതൃഭൂമിയുടെ ഹൃദയത്തിൻറെ  സ്പന്ദനം………. ….ഭീകരപരീക്ഷണങ്ങളുടെ   വേദനാജനകമായ നിമിഷങ്ങൾ അനുഭവിക്കാൻ പോകുന്ന  പാവപ്പെട്ട  മനുഷ്യവർഗത്തിൻറെ  ഹൃദയസ്പന്ദനം ……. അവ   എൻറെ ഹൃദയത്തിൽ നിങ്ങൾക്ക് അനുഭവവേദ്യമാകും.  ഗുരുതരവും   വേദനാനിർഭരവുമായ സംഭവങ്ങളുടെ  പടിവാതിൽക്കലാണു  നിങ്ങൾ.  നിങ്ങളുടെ വ്യഗ്രതയും ഉൽക്കണ്ഠയും  വിസ്മയവും ഇപ്പോൾ എൻറെ ഹൃദയത്തിൽ പ്രതിഫലിക്കപ്പെടുന്നു’ ( നമ്മുടെ  ദിവ്യനാഥ വൈദികരോടു സംസാരിക്കുന്നു’ : സന്ദേശം  239 / 31 ഡിസംബർ 1981)

ഒരു വർഷം കഴിഞ്ഞ് 1982  ഡിസംബർ 8 ന്  അമ്മ ഇങ്ങനെ പറഞ്ഞു.

‘കലങ്ങിയ നാളുകളിൽ ജീവിക്കുന്നവരാണു  നിങ്ങൾ. കാരണം എല്ലായിടത്തും  ഒത്തുതീർപ്പുകൾ ഉണ്ടാക്കുന്നതിനുള്ള സംരംഭങ്ങൾ ഇക്കാലത്തു നടന്നുവരുന്നു.  ദൈവവും സാത്താനും തമ്മിൽ, നന്മയും തിന്മയും തമ്മിൽ, യേശുവിൻറെ അരൂപിയും ലോകത്തിൻറെ അരൂപിയും തമ്മിൽ………. സർവത്ര കണ്ടുവരുന്ന ഈ ആശയക്കുഴപ്പത്തിൽ  എൻറെ സഭയിൽ പോലും അസത്യാരൂപി –  ദൈവപുത്രനായ യേശുക്രിസ്തുവിൻറേതല്ലാത്ത  ഒരരൂപി –   തന്നെത്തന്നെ പ്രഘോഷിക്കുവാൻ ശ്രമിക്കുന്നു.  അദൃശ്യമായ വിഷവായുവിനെ സംവഹിക്കുന മേഘത്തെപ്പോലെ അസത്യാരൂപി  ദൈവത്തിൻറെ കാര്യങ്ങളെ  ലോകത്തിൻറെ കാര്യങ്ങളുമായി  കൂട്ടിക്കുഴച്ചുകൊണ്ട് എങ്ങും വിഹരിക്കുകയും ദൈവവചനം ഉൾക്കൊള്ളുന്ന   സ്വതസിദ്ധമായ  സ്വർഗീയശക്തിയെ ദൈവവചനത്തിൽ നിന്ന്  ഉന്മൂലനം ചെയ്യുവാൻ ശ്രമിക്കുകയും ചെയ്യുന്നു. തദ്വാരാ, സുവിശേഷം പ്രസംഗിക്കുമ്പോൾ  അതിനു  സുവിശേഷശക്തി നഷ്ടപ്പെടുന്നു’  (സന്ദേശം 254).

പത്തുവർഷങ്ങൾക്കു ശേഷം  അമ്മ മനുഷ്യകുലത്തിനായി കൊടുത്ത സന്ദേശം  ഇതായിരുന്നു.

‘ഈ കാലഘട്ടത്തിൻറെ അന്ത്യത്തിൻറെയും യേശുവിൻറെ മഹത്വപൂർണമായ  ആഗമനത്തിൻറെയും    സമയം സമീപിച്ചിരിക്കുന്നു എന്ന കാര്യം  നിങ്ങളോടു  ഞാൻ അനേകം തവണ പറഞ്ഞുകഴിഞ്ഞു. അവൻറെ മഹത്വപൂർണമായ   ആഗമനം സമീപിച്ചിരിക്കുന്നു എന്ന സത്യം  ചൂണ്ടിക്കാട്ടുന്ന വിശുദ്ധഗ്രന്ഥത്തിലെ  അടയാളങ്ങളെ  മനസിലാക്കാൻ  ഞാൻ നിങ്ങളെ സഹായിക്കും.  സുവിശേഷങ്ങളിലും   പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ ലേഖനങ്ങളിലും അടയാളങ്ങളെക്കുറിച്ചു   വ്യക്തമായ പ്രതിപാദനമുണ്ട്. ഈ വർഷങ്ങളിൽ ആ അടയാളങ്ങളെല്ലാം  യാഥാർഥ്യമായിക്കൊണ്ടിരിക്കുകയാണ്.

– വിശ്വാസത്തെയും മതത്തെയും ഉപേക്ഷിക്കുവാൻ തക്ക  രീതിയിലുള്ള  തെറ്റായ പ്രബോധനങ്ങളാണ് ഒന്നാമത്തെ അടയാളം.

– സഹോദരൻറെ വധവും  യുദ്ധങ്ങളുടെ പൊട്ടിപ്പുറപ്പെടലുമാണ്  രണ്ടാമത്തെ അടയാളം. മാരകരോഗങ്ങളും ക്ഷാമം, വെള്ളപ്പൊക്കം, ഭൂകമ്പം, തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളും   ക്രമാതീതമായി  വർധിക്കും.

– സുവിശേഷത്തോടും യേശുവിനോടും വിശ്വസ്തത  പുലർത്തുന്നവരും സത്യവിശ്വാസത്തിൽ നിലനിൽക്കുന്നവരുമായ വ്യക്തികൾക്കു നേരിടേണ്ടിവരുന്ന രക്തക്ഷരൂക്ഷിതമായ  മതപീഡനമാണു  മൂന്നാമത്തെ അടയാളം.

– വിശുദ്ധവസ്തുക്കളോടുള്ള  അവഹേളനമാണു  നാലാമത്തെ അടയാളം.

-ആകാശത്തു  പ്രത്യക്ഷപ്പെടുന്ന അസാധാരണ പ്രതിഭാസങ്ങളാണ് അഞ്ചാമത്തെ അടയാളം.

നാല്പതുവർഷങ്ങൾക്കിപ്പുറം  നിന്നു  പരിശുദ്ധകന്യകയുടെ  വാക്കുകൾ വീണ്ടും  ധ്യാനിക്കുമ്പോൾ നമ്മുടെ മനസിലേക്കു കടന്നുവരേണ്ടതു  പരിശുദ്ധ അമ്മ രണ്ടാം വരവിൻറെ അമ്മയാണെന്ന ചിന്തയാണ്. തൻറെ പ്രിയപുത്രൻറെ  മഹത്വപൂർണമായ  രണ്ടാം വരവിനു ലോകത്തെ ഒരുക്കാനുള്ള തിടുക്കത്തിലാണ് അമ്മ. എന്നാൽ എത്ര  മക്കൾ അമ്മയുടെ വാക്കുകൾക്കു  ചെവി കൊടുക്കുന്നുണ്ട്?

സ്വന്തം മക്കളാൽ ഒറ്റുകൊടുക്കപ്പെടുന്ന തിരുസഭയും തെരുവുവിവാദങ്ങളിലേക്കു  വലിച്ചിഴയ്ക്കപ്പെട്ട് അവഹേളിക്കപ്പെടുന്ന കൂദാശകളും  അനുദിനം വർധമാനമായിക്കൊണ്ടിരിക്കുന്ന വിശ്വാസത്യാഗവും ലോകത്തോടുളള എളുപ്പമുള്ള ഒത്തുതീർപ്പുകൾക്കു  വഴങ്ങി  സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തുന്ന മനുഷ്യരും!  നാല്പതുവർഷം മുൻപ് അമ്മ പറഞ്ഞതിനേക്കാൾ എത്രയോ ഭീകരമാണു  നാം ജീവിക്കുന്ന ഇന്നത്തെ ലോകം!

പ്രാർത്ഥനയുടെയും  പരിഹാരത്തിൻറെയും  മാനസാന്തരത്തിൻറെയും  നാല്പതുവർഷങ്ങൾ  ആണോ കടന്നുപോയത്?  ആത്മശോധന ചെയ്യേണ്ട മണിക്കൂറുകളാണിത്. 

സഹോദരൻറെ രക്തം ചൊരിയാൻ  ഒരു മടിയുമില്ലാത്ത  ഒരു തലമുറയിൽ, യുദ്ധങ്ങളും യുദ്ധശ്രുതികളും  പതിവുവാർത്തകളാവുകയും  മാരകരോഗങ്ങൾ ലോകത്തെ ഭീതിയിലാഴ്ത്തുകയും    ക്ഷാമവും  പ്രകൃതിക്ഷോഭങ്ങളും  വർധിക്കുകയും വിശ്വാസം നഷ്ടപ്പെടുകയും അനേകരുടെ സ്നേഹം തണുത്തുപോകുകയും ചെയ്യുമ്പോൾ   വിദ്വേഷശൈത്യത്തിൻറെ  കൂരിരുട്ടിനു  നടുവിൽ മഹത്വപ്രതാപങ്ങളോടെ  എഴുന്നള്ളിവരാനിരിക്കുന്ന  യേശുക്രിസ്തുവിനെ കാത്തിരിക്കുന്നവർ എത്രപേരുണ്ട് എന്നതാണ് ചോദ്യം.

,മനുഷ്യപുത്രൻ വരുമ്പോൾ   ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ എന്നു ചോദിച്ചതു  മനുഷ്യപുത്രനും ദൈവപുത്രനും ആയവൻ തന്നെയാണ്.   അവൻറെ  വിലാപം നമ്മെയോർത്താവാതിരിക്കട്ടെ എന്നു  പ്രാർത്ഥിക്കാം.

എന്നാൽ നാം വിലപിക്കേണ്ടിയിരിക്കുന്നു. അതു  കർത്താവിനെയോർത്തല്ല. നമ്മുടെയും നമ്മുടെ മക്കളെയും ഓർത്താണ്. പച്ചത്തടിയായ യേശുക്രിസ്തുവിനോട് അവർ അങ്ങനെയൊക്കെ ചെയ്തുവെങ്കിൽ ഉണക്കമരങ്ങളായ നമ്മുടെ അവസ്ഥ എന്തായിരിക്കും?

നാം വിലപിക്കേണ്ടത്  ജീവനുള്ള ദൈവത്തിൻറെ മുദ്ര നമ്മുടെ നെറ്റിയിൽ പതിക്കപ്പെടാൻ വേണ്ടിയാണ്. അതിനുള്ള വ്യവസ്ഥയായി ദൈവം എസക്കിയേൽ പ്രവാചകനിലൂടെ   വെളിപ്പെടുത്തുന്നത് ഇപ്രകാരമാണ്. 

‘ജെറുസലേം പട്ടണത്തിലൂടെ കടന്നുപോവുക. ആ നഗരത്തിൽ നടമാടുന്ന മ്ലേച്ഛതകളെയോർത്തു  കരയുകയും നെടുവീർപ്പിടുകയും ചെയ്യുന്നവരുടെ നെറ്റിയിൽ അടയാളമിടുക. അവിടുന്ന് മറ്റുള്ളവരോട് ഞാൻ കേൾക്കേ  ആജ്ഞാപിച്ചു; അവൻറെ പിന്നാലെ പട്ടണത്തിൽ സഞ്ചരിച്ചു  സംഹാരം തുടങ്ങുവിൻ. നിങ്ങളുടെ കണ്ണിൽ അലിവുണ്ടാകരുത്; കരുണ  കാണിക്കരുത്. വൃദ്ധരെയും യുവാക്കളെയും യുവതികളെയും പൈതങ്ങളെയും സ്ത്രീകളെയും നിശ്ശേഷം വധിക്കുവിൻ.  എന്നാൽ അടയാളമുള്ളവരെ യാരെയും തൊടരുത്. എൻറെ വിശുദ്ധമന്ദിരത്തിൽ തന്നെ ആരംഭിക്കുവിൻ’ ( എസക്കി 9:4-6).

അതേ, ദൈവത്തിൻറെ  ശിക്ഷാവിധി ആരംഭിക്കുന്നത് അവിടുത്തെ വിശുദ്ധമന്ദിരത്തിൽ തന്നെയായിരിക്കും. ആദ്യത്തെ മാർപ്പാപ്പയും അസന്നിഗ്ധമായി ഇക്കാര്യം പ്രസ്താവിച്ചിട്ടുണ്ടല്ലോ. ‘എന്തെന്നാൽ വിധിയുടെ സമയം  സമാഗതമായിരിക്കുന്നു. ദൈവത്തിൻറെ ഭവനത്തിലായിരിക്കും അതാരംഭിക്കുക. അതു  നമ്മിലാണ് ആരംഭിക്കുന്നതെങ്കിൽ, ദൈവത്തിൻറെ സുവിശേഷം അനുസരിക്കാത്തവരുടെ  അവസാനം എന്തായിരിക്കും! നീതിമാൻ  കഷ്ടിച്ചുമാത്രം  രക്ഷപ്പെടുന്നുവെങ്കിൽ, ദുഷ്ടൻറെയും പാപിയുടെയും സ്ഥിതി എന്തായിരിക്കും! (1 പത്രോസ്  4:17-18)

ദൈവത്തിൻറെ ഭവനത്തിൽ  അവിടുത്തെ തെരഞ്ഞെടുക്കപ്പെട്ടവരുടെ നെറ്റിത്തടത്തിൽ   ദൈവം  തൻറെ  സംരക്ഷണത്തിൻറെ മുദ്ര  പതിക്കുന്ന കാലത്താണു  നാം ജീവിക്കുന്നത് എന്ന് എത്രപേർ തിരിച്ചറിഞ്ഞിട്ടുണ്ട്? ദൈവത്തിൻറെ ഭവനത്തിലേക്കു  തന്നെയാണു   സംഹാരദൂതൻറെ  ഖഡ്‌ഗം  ആദ്യം കടന്നുവരുന്നത്  എന്ന് എത്രപേർ മനസിലാക്കിയിട്ടുണ്ട്?

‘വേറൊരു ദൂതൻ  ജീവിക്കുന്ന ദൈവത്തിൻറെ മുദ്രയുമായി  ഉയർന്നുവരുന്നതു  ഞാൻ കണ്ടു. കരയ്ക്കും കടലിനും നാശം ചെയ്യാൻ അധികാരം നൽകപ്പെട്ട ആ നാലു ദൂതന്മാരോട് അവൻ ഉറച്ച സ്വരത്തിൽ വിളിച്ചുപറഞ്ഞു. ഞങ്ങൾ നമ്മുടെ ദൈവത്തിൻറെ ദാസരുടെ നെറ്റിത്തടത്തിൽ മുദ്ര കുത്തിത്തിരുവോളം നിങ്ങൾ കരയോ കടലോ വൃക്ഷങ്ങളോ  നശിപ്പിക്കരുത്’ ( വെളി  7:2-3). യോഹന്നാൻ ശ്ലീഹായ്ക്കു കിട്ടിയ വെളിപാട് തുടരുകയാണ്:  ‘നെറ്റിയിൽ ദൈവത്തിൻറെ മുദ്രയില്ലാത്ത മനുഷ്യരെയല്ലാതെ മറ്റാരെയും, ഭൂമിയിലെ പുല്ലിനെയോ പച്ചച്ചെടികളെയോ വൃക്ഷങ്ങളെയോ  ഉപദ്രവിക്കരുതെന്ന് അവയോടു കല്പിച്ചു ……. ആ നാളുകളിൽ  മനുഷ്യർ മരണത്തെ തേടും; പക്ഷെ കണ്ടെത്തുകയില്ല. അവർ മരിക്കാൻ ആഗ്രഹിക്കും; എന്നാൽ മരണം അവരിൽ നിന്ന് ഓടിയകലും( വെളി  9:4-6). മരിക്കാൻ ആഗ്രഹിച്ചാൽ പോലും   അതു സാധിക്കാത്ത ഒരു കാലം! അത് എന്താണെന്നു തിരിച്ചറിയാനുള്ള  ജ്ഞാനത്തിനായി പരിശുദ്ധാത്മാവിനോടു  പ്രാർത്ഥിക്കുക.

സംഹാരദൂതനിൽ നിന്നു  രക്ഷപ്പെടാനുള്ള ഒരേയൊരു വഴിയായി എസക്കിയേലും യോഹന്നാൻ ശ്ലീഹായും പറയുന്നതു  നെറ്റിയിൽ നമ്മുടെ ദൈവത്തിൻറെ മുദ്ര പതിക്കുക എന്നതാണ്.എസക്കിയേൽ പ്രവചനത്തിലും വെളിപാടിൻറെ  പുസ്തകത്തിലും  ഇതിനെക്കുറിച്ച് വിവരിക്കുന്നത്  ഒൻപതാം അധ്യായം  4 മുതൽ 6 വരെയുള്ള വചനങ്ങളിലാണ്.  അതു  യാദൃച്ഛികമല്ലെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.

നമുക്കു  രക്ഷപെട്ടേ  തീരൂ. അതിനായി  ദൈവത്തിൻറെ  സംരക്ഷണത്തിൻറെ മുദ്ര നമ്മുടെ  നെറ്റിയിൽ പതിക്കുക തന്നെ  വേണം. അതിനായി നാം  ചെയ്യേണ്ടത് ഇത്രമാത്രം.  പുതിയ ഇസ്രായേലിൽ – ജറുസലേമിൽ- നടമാടുന്ന മ്ലേച്ഛതകളെയോർത്തു  കരയുകയും നെടുവീർപ്പിടുകയും ചെയ്യുക! സഭയിലെ പ്രശ്നങ്ങളെക്കുറിച്ച് വാട്ട്സ് ആപ്പിലും  ഫേസ് ബുക്കിലും പോസ്റ്റിടാനും  ചേരി തിരിഞ്ഞു  വാദപ്രതിവാദങ്ങൾ നടത്താനും  മിടുക്കരാണു  നമ്മൾ.  സഭയോടു സ്നേഹമില്ലാത്തവർക്കും അതു  ചെയ്യാനാകും. എന്നാൽ  സഭയെയോർത്തു  കരയാനും നെടുവീർപ്പിടാനും കഴിയണമെങ്കിൽ സഭയെ  സ്നേഹിക്കണം.  യേശുവിൻറെ അരൂപിയ്ക്കു നേരെ എതിരായ അസത്യാരൂപി സഭയിലും പിടിമുറുക്കുമെന്ന മാതാവിൻറെ വെളിപ്പെടുത്തൽ,  അവസാന നാളുകളിൽ  വലിയ വിശ്വാസത്യാഗം ഉണ്ടാകുമെന്ന വിശുദ്ധഗ്രന്ഥ പ്രവചനങ്ങളോടും  അനേകം വിശുദ്ധർക്കും മിസ്റ്റിക്കുകൾക്കും  ലഭിച്ചിട്ടുള്ള  ദർശനങ്ങളോടും ചേർത്തുവായിക്കുമ്പോൾ, നമുക്കു മനസിലാകുന്ന കാര്യം  എഴുതപ്പെട്ടിരിക്കുന്നവയെല്ലാം  നിറവേറുന്ന ഒരു തലമുറയിൽ ജീവിക്കാൻ വിധിക്കപ്പെട്ടവരാണു  നാം എന്നതാണ്.  സഭയെ ഓർത്തു കരയുക, നെടുവീർപ്പിടുക, പ്രാർത്ഥിക്കുക. അതാണു നാം ചെയ്യേണ്ടത്.  

സഭയെ സ്നേഹിക്കാനുള്ള കൃപയ്ക്കായി നമുക്കു പ്രാർത്ഥിക്കാം.  നമ്മുടെ കണ്ണുകളിൽ നിന്നു  സഭയ്ക്കു  വേണ്ടി രാവും പകലും  മഹാപ്രവാഹം പോലെ  കണ്ണുനീർ  ഒഴുകട്ടെ.അനേകരുടെ കണ്ണുനീരുകൊണ്ട് സഭ വീണ്ടും വിശുദ്ധീകരിക്കപ്പെടട്ടെ.  

യുഗാന്ത്യകാലത്തു നമ്മെ നയിക്കാനായി നിയോഗിക്കപ്പെട്ടിരിക്കുന്ന പരിശുദ്ധ കന്യകാമറിയത്തിൻറെ കൊടിക്കീഴിൽ  നമുക്ക് അണിനിരക്കാം. സുവിശേഷത്തോടും യേശുക്രിസ്തുവിനോടും വിശ്വസ്തത പുലർത്തുന്നു എന്ന ഒറ്റക്കാരണത്താൽ കഠിന പീഡനങ്ങൾക്ക്  വിധിക്കപ്പെടുമ്പോൾ  ക്ഷമയോടെ  പിടിച്ചുനിൽക്കാൻ അമ്മ നമ്മെ സഹായിക്കും.   ജീവിക്കുന്ന ദൈവത്തിൻറെ  മുദ്ര നമ്മുടെ നെറ്റിത്തടത്തിൽ പതിക്കപ്പെടാനായി,   ജീവനുള്ള ദൈവത്തെ സ്വന്തം ഉദരത്തിൽ വഹിച്ച പരിശുദ്ധ ദൈവമാതാവിൻറെ മാധ്യസ്ഥം നമുക്ക് യാചിക്കാം.

നമുക്കു പ്രാർത്ഥിക്കാം:  ക്രിസ്ത്യാനികളുടെ സഹായമേ, ഞങ്ങൾക്കുവേണ്ടി  പ്രാർത്ഥിക്കണമേ.