കരുണയുടെ വാതിൽ

യേശുവിനെ കാണാൻ ആഗ്രഹിക്കുന്നവർ അവനെ തേടേണ്ടത് ലോകത്തിൻറെ  സുഖഭോഗങ്ങളിലോ ലൗകിക സന്തോഷങ്ങളിലോ അല്ല, മറിച്ച് സ്വന്തം ഇന്ദ്രിയയനിഗ്രഹത്തിലാണ് എന്നു  പറഞ്ഞതു  വിശുദ്ധ അൽഫോൻസ് ലിഗോരിയാണ്. അങ്ങനെ പറയുക മാത്രമല്ല, സ്വന്തം ജീവിതത്തിൽ അദ്ദേഹം അതു  പ്രാവർത്തികമാക്കുകയും ചെയ്തിരുന്നു. 

കഴിഞ്ഞകാലങ്ങളെ കുറിച്ചോർത്ത് ആകുലപ്പെടുന്നവരോടും ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്നവരോടും  അദ്ദേഹം പറഞ്ഞു.  ഭൂതകാലം കടന്നുപോയി.  അതിൽ നിങ്ങൾക്കൊന്നും ചെയ്യാനില്ല. ഭാവികാലം  ഇനിയും നിങ്ങളുടെ  കൈയിൽ എത്തിയിട്ടുമില്ല.   നന്മ ചെയ്യാനായി നിങ്ങൾക്ക് ആകെയുള്ളതു  വർത്തമാനകാലം മാത്രമാണ്.  ഇപ്പോൾ, ഈ നിമിഷം അതു ചെയ്യുക.

പ്രാർഥനയെക്കുറിച്ചു  വിശുദ്ധൻ ഇങ്ങനെ  പറഞ്ഞു.  പ്രാർത്ഥിക്കുന്നവർ  എല്ലാവരും രക്ഷപ്പെടും. പ്രാർത്ഥിക്കാത്തവർ ശിക്ഷിക്കപ്പെടും. എല്ലാ വിശുദ്ധരും  സ്വർഗ്ഗത്തിലെത്തിയതു  പ്രാർഥനയിലൂടെയാണ്. നരകത്തിലെത്തിയവരെല്ലാം  അവിടെയെത്താൻ കാരണം പ്രാർഥന ഇല്ലാത്തതുമാണ്.  അവിടെ അവരുടെ ഏറ്റവും വലിയ പീഡ  തങ്ങൾക്കു പ്രാർഥിക്കുവാൻ കഴിയുമായിരുന്നപ്പോൾ അതു  ചെയ്തില്ലല്ലോ എന്നും ഇപ്പോൾ പ്രാർഥിക്കാൻ  കഴിയില്ലല്ലോ എന്നതുമായിരിക്കും.

പ്രലോഭനങ്ങളെ തരണം ചെയ്യാനുള്ള വഴികളെക്കുറിച്ചു  ചോദിച്ചപ്പോൾ  അൽഫോൻസ് ലിഗോരി മൂന്നു വഴികൾ  പറഞ്ഞുകൊടുത്തു. ഒന്നാമത്തെ വഴി പ്രാർഥന, രണ്ടാമത്തെ വഴി  പ്രാർഥന, മൂന്നാമത്തെ വഴി പ്രാർഥന. ഇതു  പറഞ്ഞതിനുശേഷം അദ്ദേഹം ഇത്രയും കൂടി കൂട്ടിച്ചേർത്തു. ‘ഈ ചോദ്യം എന്നോട് ആയിരം തവണ ചോദിച്ചാൽ ആയിരം തവണയും എൻറെ മറുപടി ഇതുതന്നെയായിരിക്കും’.

സഹനത്തെ നേരിടാൻ രണ്ടു വഴികളുണ്ട് എന്നും വിശുദ്ധൻ പറഞ്ഞു. ഒന്നാമത്തെ വഴി ക്ഷമയോടെ  സഹിക്കുക  എന്നതാണ്. അപ്പോൾ  സഹനം ലഘുവായിത്തീരും. അതോടൊപ്പം  സഹിക്കുന്ന വ്യക്തി തൻറെ ആത്മാവിനെ രക്ഷിക്കുകയും ചെയ്യും. രണ്ടാമത്തെ  വഴി പിറുപിറുത്തുകൊണ്ടും  പരാതിപ്പെട്ടുകൊണ്ടും സഹിക്കുക എന്നതാണ്. അങ്ങനെ ചെയ്യുന്ന വ്യക്തിയുടെ സഹനത്തിൻറെ  ഭാരം  കൂടുതലായിരിക്കും എന്നു  മാത്രമല്ല അയാൾ തൻറെ ആത്മാവിനെ നഷ്ടപ്പെടുത്തുകയും ചെയ്യും.

തന്നെത്തന്നെ ആശ്രയിക്കുന്നവൻ  നഷ്ടപ്പെട്ടുപോകും. ദൈവത്തിൽ ആശ്രയിക്കുന്നവന് എന്തും ചെയ്യാനുള്ള  ശക്തി ലഭിക്കും   എന്ന് പറഞ്ഞതും അൽഫോൻസ് ലിഗോരിയാണ്.  ജപമാലയും ഉത്തരീയവും (വെന്തിങ്ങ) പ്രചരിപ്പിക്കുന്നതിലും അദ്ദേഹം ഏറെ ശ്രദ്ധിച്ചിരുന്നു.  എല്ലാദിവസവും ജപമാല ചൊല്ലുകയും ഉത്തരീയം ( വെന്തിങ്ങ) ധരിക്കുകയും അതോടൊപ്പം  കുറച്ചെന്തെങ്കിലും (പുണ്യപ്രവൃത്തികൾ) ചെയ്യുകയും  ചെയ്യുന്ന ഏതൊരാളും  നേരെ സ്വർഗത്തിലേക്കു  പോകും  എന്നു  പറയാൻ വിശുദ്ധനെ പ്രേരിപ്പിച്ചതു  പരിശുദ്ധ അമ്മയോടുള്ള തീക്ഷ്ണമായ ഭക്തിയാണ്.

പാപം, പുണ്യം,  നന്മ, തിന്മ, ജീവിതം, മരണം, അന്ത്യവിധി, സ്വർഗം, നരകം, വിശ്വാസം, പ്രത്യാശ, നിരാശ, മാതൃഭക്തി, ജപമാല, ഉത്തരീയം, പരിശുദ്ധ കുർബാന, കുമ്പസാരം, ദിവ്യകാരുണ്യ ആരാധന, ദൈവകരുണ എന്നിങ്ങനെ വിവിധങ്ങളായ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം ആധികാരികമായി പഠിപ്പിക്കുകയും എഴുതുകയും പ്രസംഗിക്കുകയും    ചെയ്തു.  വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ അനുദിനധ്യാനചിന്തകളിൽ പുണ്യജീവിതത്തിൻറെയും  പാപത്തിൽ നിന്ന് അകന്നു നിൽക്കേണ്ടതിൻറെയും  പ്രാധാന്യം അനേക തവണ ആവർത്തിക്കുന്നുണ്ട്. തൊണ്ണൂറ്റിയേഴ്  ലഘു അധ്യായങ്ങൾ മാത്രമുള്ള ഈ  വിശിഷ്ടഗ്രന്ഥം  മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി ഡിവൈൻ  മേഴ്‌സി  ചാനലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

മരണം, മരണനിമിഷങ്ങളിലെ ആത്മീയപീഡനം, അന്ത്യവിധി, സ്വർഗം, നരകം എന്നിവയെക്കുറിച്ചൊക്കെ ലളിതമായ ഭാഷയിൽ പ്രതിപാദിക്കുന്ന ഈ  അനുദിന ധ്യാനചിന്തകളുടെ  സാരാംശം ഇത്രമാത്രം. നമുക്കു   സാധിക്കുന്ന ഇപ്പോൾ, ഈ നിമിഷത്തിൽ തന്നെ ദൈവത്തിൻറെ  മഹാകരുണയിൽ ആശ്രയിക്കുക. അതുവഴി സ്വന്തം ആത്മാവിനെ രക്ഷിക്കുക.  അതിനേക്കാൾ പ്രധാനപ്പെട്ടതായി  മറ്റൊന്നുമില്ലല്ലോ.

നരകത്തിൽ എത്തിച്ചേരുന്നതു  രണ്ടു തരത്തിൽ പെട്ട മനുഷ്യരാണ്. ദൈവം കരുണ കാണിക്കുമല്ലോ എന്നോർത്തു  വീണ്ടും വീണ്ടും പാപം ചെയ്യുന്നവരും  ദൈവം കരുണ കാണിക്കില്ല എന്നോർത്ത് അനുതപിക്കാതിരിക്കുന്നവരും.  ദൈവകരുണയെക്കുറിച്ചുള്ള അജ്ഞത കൊണ്ടോ ദൈവകരുണയെ വിലകുറച്ചുകാണുന്നതുകൊണ്ടോ  നരകത്തിൽ വീഴാൻ സാധ്യതയുള്ളവരെക്കുറിച്ചു ഹൃദയത്തിൽ ഭാരപ്പെട്ടിരുന്ന വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ തിരുനാൾ  സഭ ആഘോഷിക്കുന്നത് ഓഗസ്റ്റ് ഒന്നിനാണ്.

നമുക്കു പ്രാർഥിക്കാം:  നല്ല ദൈവമേ, ഓരോ നിമിഷവും ഞങ്ങളുടെ ജീവിതാന്ത്യത്തെക്കുറിച്ചു   ചിന്തിച്ചുകൊണ്ട് പുണ്യജീവിതത്തിൽ സ്ഥിരതയോടെ നിൽക്കാനുള്ള കൃപ  ഞങ്ങൾക്കു  തരണമേ. ഈ ഭൂമിയിൽ അങ്ങു  ഞങ്ങൾക്ക് അനുവദിച്ചുതന്നിരിക്കുന്നതിൽ ഒരു നിമിഷംപോലും പാഴാക്കിക്കളയാതെ  നിത്യതയെ ലക്ഷ്യമാക്കി വേല ചെയ്യാൻ ഞങ്ങളെ പഠിപ്പിക്കുകയും ചെയ്യണമേ.  ആമേൻ.