നിൻ കരുണയാൽ എന്നെ കഴുകേണമേ

ഡിവൈൻ മേഴ്‌സി ചാനൽ എല്ലാ പ്രിയപ്പെട്ടവർക്കും  അനുഗ്രഹപ്രദമായ ദൈവകരുണയുടെ തിരുനാൾ ആശംസിക്കുന്നു.  ഈ ദിവസങ്ങളിൽ നാം  ദൈവകരുണയുടെ തിരുനാളിന് ഒരുക്കമായുള്ള നൊവേനയിലൂടെ കടന്നുപോകുമ്പോൾ   നമ്മെയും നമ്മുടെ പ്രിയപ്പെട്ടവരെയും  തൻറെ കരുണക്കടലിൽ മുക്കിയെടുക്കാനായി തൻറെ  അടുക്കലേക്കു കൊണ്ടുവരാനാണു  ദൈവം  ആഹ്വാനം  ചെയ്യുന്നത്.

കരുണയുടെ തിരുനാൾ അനുഗ്രഹങ്ങളുടെ തിരുനാളാണ്.  പൂർണ്ണമായ പാപപ്പൊറുതിയും ദണ്ഡവിമോചനവും നേടിയെടുക്കാനുള്ള  അസുലഭാവസരവും ആണത്.  ദൈവകരുണയുടെ തിരുനാൾ യോഗ്യമാം  വിധം ആചരിക്കുന്നവർക്കായി  വളരെ വലിയ  സ്വർഗീയ ദാനങ്ങൾ  ഒരുക്കി കരുണയുടെ ഈശോ കാത്തിരിക്കുന്നു.

നമുക്കറിയാവുന്നതുപോലെ വിശുദ്ധ ഫൗസ്റ്റീനയിലൂടെയാണു   ദൈവകരുണയെക്കുറിച്ചുള്ള സന്ദേശങ്ങൾ ഈശോ   വെളിപ്പെടുത്തിത്തന്നിരിക്കുന്നത്. ദൈവകരുണയുടെ തിരുനാൾ ദിനത്തിൽ  കുമ്പസാരിച്ച് പരിശുദ്ധ കുർബാന സ്വീകരിക്കുന്നവർക്കു   പൂർണമായ പാപപ്പൊറുതി കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു (വിശുദ്ധ ഫൗസ്റ്റീനയുടെ  ഡയറി 1109).   ഈ  ദിവസം  ജീവൻറെ സ്രോതസിനെ സമീപിക്കുന്നവർക്ക് പാപങ്ങളിൽ  നിന്നു മോചനവും  ശിക്ഷയിൽ നിന്നു വിടുതലും ലഭിക്കും (ഡയറി  300). ഈ ദിവസം കുമ്പസാരിച്ച് പരിശുദ്ധ കുർബാന സ്വീകരിക്കുന്നവർക്കു   പൂർണമായ പാപമോചനവും  ശിക്ഷയിൽ നിന്ന് ഇളവും ലഭിക്കും (ഡയറി  699).

മൂന്നു  തവണയും  ഈശോ  ആവർത്തിച്ചു പറയുന്നത്  പാപങ്ങളുടെ മോചനവും ശിക്ഷയിൽ നിന്നുള്ള വിടുതലുമാണ്.  നമ്മുടെ പാപങ്ങൾക്കു പരിഹാരമായിട്ടാണ് ഈശോ കുരിശിൽ മരിച്ചത്.  നമ്മുടെ പാപങ്ങൾക്കു പരിഹാരം കുരിശിൽ അർപ്പിക്കപ്പെട്ട അവിടുത്തെ തിരുശരീരവും തിരുരക്തവുമാണല്ലോ.  നാം അർഹിക്കുന്ന ശിക്ഷയിൽ നിന്നു  നമ്മെ രക്ഷിക്കുന്നതും യേശുക്രിസ്തുവിൻറെ പീഡാസഹനത്തിൻറെയും കുരിശുമരണത്തിൻറെയും  യോഗ്യതകളാണ്. നമ്മുടെ അകൃത്യങ്ങൾ കർത്താവ് അവൻറെ മേൽ  ചുമത്തി (ഏശയ്യാ 53:6) എന്ന തിരുവചനത്തിൽ   എല്ലാം അടങ്ങിയിരിക്കുന്നു. അവൻറെ മേലുള്ള ശിക്ഷ നമുക്കു രക്ഷ  നൽകി (ഏശയ്യാ 53:5) എന്നു പറഞ്ഞുകൊണ്ട്  എങ്ങനെയാണു   നാം അർഹിക്കുന്ന ശിക്ഷ  നമുക്കു  വേണ്ടി ഏറ്റെടുത്തുകൊണ്ട്   ഈശോ നമ്മെ മോചിപ്പിച്ചത് എന്നു വിശുദ്ധ ഗ്രന്ഥം വിശദീകരിക്കുന്നു.

നമ്മുടെ  പാപങ്ങൾക്കുവേണ്ടി ഏല്പിച്ചു കൊടുക്കപ്പെടുകയും നമ്മെ നീതീകരിക്കാനായി  ഉയിർത്തെഴുന്നേൽക്കുകയും ചെയ്ത  കർത്താവിൻറെ  പീഡാസഹനത്തിൻറെയും കുരിശുമരണത്തിൻറെയും സംസ്കാരത്തിൻറെയും ഉത്ഥാനത്തിൻറെയും   അനുസ്മരണവും ആഘോഷവുമായ പരിശുദ്ധ കുർബാനയുടെയും   അതു യോഗ്യതയോടെ ഉൾക്കൊള്ളാൻ  നമ്മെ യോഗ്യരാക്കുന്ന  കുമ്പസാരത്തിൻറെയും പ്രാധാന്യം ദൈവകരുണയുടെ തിരുനാളിനോടനുബന്ധിച്ച്  ഈശോ എടുത്തുപറയുന്നുണ്ട്. പരിശുദ്ധ കുർബാനയിൽ ഈശോയുടെ ശരീരവും രക്തവും  ആത്മാവും ദൈവത്വവും സത്യമായും സന്നിഹിതമാണ്. അതുകൊണ്ടാണു  കുർബാന സ്വീകരണം നമുക്കു   പാപപ്പൊറുതിയും പാപകടങ്ങളിൽനിന്നുള്ള മോചനവും   നൽകുവാൻ ശക്തമാകുന്നത്.

പരിശുദ്ധ കുർബാനയിൽ നാം  യഥാർഥത്തിൽ  സമർപ്പിക്കുന്ന   ഈശോയുടെ  തിരുശരീരവും തിരുരക്തവും  ആത്മാവും ദൈവത്വവും തന്നെയാണു   കരുണയുടെ  ജപമാല  ചൊല്ലുമ്പോഴൊക്കെയും  നാം  ആത്‌മീയമായി ദൈവത്തിനു കാഴ്ച  വയ്ക്കുന്നതും. പരിശുദ്ധ കുർബാനയിൽ  സംപ്രീതനായി നമ്മുടെ കടങ്ങൾ ഇളച്ചുതരുന്ന പിതാവായ ദൈവം അതേ കാര്യങ്ങൾ  ആത്മീയമായി  സമർപ്പിക്കുമ്പോളും നമ്മിൽ സംപ്രീതനാകും  എന്ന ഉറപ്പാണു  കരുണയുടെ ജപമാലയിലൂടെയും കരുണയുടെ തിരുനാളിലൂടെയും ഈശോ   നമുക്കു  നല്കാൻ ആഗ്രഹിക്കുന്നത്.

പരിശുദ്ധ കുർബാനസ്ഥാപനത്തിൻറെ ഓർമ്മയാചരിക്കുന്ന പെസഹായും കർത്താവിൻറെ പീഡാസഹനത്തിൻറെയും കുരിശുമരണത്തിൻറെയും  സംസ്കാരത്തിൻറെയും ഓർമയാചരിക്കുന്ന ദുഖ വെള്ളിയും  കർത്താവ്   വിശ്രമിച്ച സാബത്തായ ദുഖശനിയും കടന്ന് ഉയിർപ്പിൻറെ   മഹാസന്തോഷവും പങ്കിട്ടതിനുശേഷം ദൈവകരുണയുടെ തിരുനാൾ ആചരിക്കാനാണു    തിരുസഭ  നമ്മോട് ആവശ്യപ്പെടുന്നത്.  വലിയനോമ്പും വിശുദ്ധവാരത്തിലെ പ്രത്യേകമായ ആത്മീയ ഒരുക്കങ്ങളും   എല്ലാം ദൈവകരുണയുടെ തിരുനാളിനും കൂടിയുള്ള  ഒരുക്കങ്ങളായി നാം കാണണം.  അങ്ങനെ ഒരുക്കത്തോടെ  ദൈവകരുണയുടെ തിരുനാളിനെ സമീപിക്കുന്നവർക്കായി ദണ്ഡ വിമോചനത്തിൻറെ  വാതിലുകൾ സഭ തുറന്നിട്ടിരിക്കുന്നു.

ദൈവകരുണയുടെ തിരുനാളിൽ പൂർണമായ അനുതാപത്തോടെ കുമ്പസാരിച്ച്‌  മാരകപാപത്തിലും ലഘുപാപത്തിലും നിന്നു വിടുതൽ നേടി,  പരിശുദ്ധ കുർബാന സ്വീകരിക്കുകയും  ഒരു ദൈവാലയത്തിലോ ചാപ്പലിലോ നടക്കുന്ന ദൈവകരുണയുടെ  പ്രാർഥനയിലോ ഭക്താഭ്യാസങ്ങളിലോ പങ്കെടുക്കുകയും ചെയ്തുകൊണ്ട്   നമുക്ക് ദണ്ഡവിമോചനം  സ്വന്തമാക്കാം.    അല്ലെങ്കിൽ ദിവ്യകാരുണ്യനാഥൻറെ മുൻപിൽ  കുറച്ചുസമയം  ചെലവഴിക്കുകയും     കരുണയുടെ ഈശോയോടുള്ള പ്രാർഥനകൾ ( ഉദാ: ഈശോയേ, ഞാൻ അങ്ങയിൽ  ശരണപ്പെടുന്നു)  ചൊല്ലുകയും ചെയ്യാം.  കൂടാതെ മാർപ്പാപ്പയുടെ  നിയോഗാർത്ഥമുള്ള പ്രാർഥനകളും  ചൊല്ലേണ്ടതാണ്.

ദൈവകരുണയുടെ തിരുനാൾ ദിവസം  നാം ഓർക്കേണ്ട വലിയൊരു വചനം കർത്താവ് പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്. ‘നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ’ ( ലൂക്കാ 6:36). കരുണ  ഒരിക്കലും  ഒരവകാശമല്ല, മറിച്ച് ഔദാര്യമാണ്. ദൈവത്തിൽ നിന്നു നിന്നു കരുണ ആഗ്രഹിക്കുന്നവർ   മറ്റുള്ളവരോടു കരുണ കാണിക്കാനും  കടപ്പെട്ടിരിക്കുന്നു. ഈ തിരിച്ചറിവോടെ കാരുണ്യപ്രവൃത്തികൾ ചെയ്‌തുകൊണ്ടും ദണ്ഡവിമോചനത്തിൻറെ വ്യവസ്ഥകൾ നിറവേറ്റിക്കൊണ്ടും  നമുക്ക് ദൈവകരുണയുടെ തിരുനാൾ ദിനത്തിൽ ആത്മവിശ്വാസത്തോടെ   കരുണയുടെ സിംഹാസനത്തെ സമീപിക്കാം.