ഭയത്തോടെ കരുണ കാണിക്കുക

കരുണ കാണിക്കാൻ നാം  ഭയപ്പെടണമോ? നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ  (ലൂക്കാ 6:36) എന്നു പറഞ്ഞ കർത്താവ് കരുണ കാണിക്കാൻ  യാതൊരു വ്യവസ്ഥകളും  നിർദേശിച്ചിട്ടില്ല. ഏഴ്‌ എഴുപതു പ്രാവശ്യം ക്ഷമിക്കാൻ പറഞ്ഞുകൊണ്ട്  ( മത്തായി 18:22 )കരുണയ്ക്ക് അതിർവരമ്പുകൾ  സൃഷ്ടിക്കരുതെന്നു  യേശു ശിഷ്യന്മാരെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

 എന്നാൽ  യൂദാസിൻറെ ലേഖനത്തിൽ നാം ഇങ്ങനെ  വായിക്കുന്നു. ‘ചഞ്ചലചിത്തരോട് അനുകമ്പ കാണിക്കുവിൻ. അഗ്നിയിൽ അകപ്പെട്ടവരെ  പിടിച്ചുകയറ്റുവിൻ. മാംസദാഹത്താൽ കളങ്കിതരായവരുടെ വസ്ത്രത്തെപ്പോലും വെറുത്തുകൊണ്ടു  ഭയത്തോടെ  അവരോടു കരുണ കാണിക്കുവിൻ’ (യൂദാസ്  22,23). ചഞ്ചലചിത്തരോടും അഗ്നിയിൽ അകപ്പെട്ടവരോടും കരുണ കാണിക്കുമ്പോൾ  ആവശ്യമില്ലാത്ത ഒരു മുൻകരുതൽ മാംസദാഹത്താൽ കളങ്കിതരായവരെ സമീപിക്കുമ്പോൾ വേണം എന്നാണു  തിരുവചനം പറയുന്നത്.  വിശുദ്ധിയ്‌ക്കെതിരെയുള്ള പാപത്തിൻറെ ഗൗരവം എത്രയധികമാണെന്ന് ഇതിൽ നിന്നു മനസിലാകും.   ഒരുവൻ ജഡികപാപത്തിൽ  ആയിരിക്കുന്ന അവസ്ഥയിൽ അവനോട് അടുത്ത് ഇടപെടുന്നത് അപകടകരമാണ്. കാരണം അവനിൽ പ്രവർത്തിക്കുന്ന വ്യഭിചാര ദുർഭൂതത്തിൻറെ അരൂപി  ( ഹോസിയ 5:4)  അവനെ സമീപിക്കുന്നവരെയും   കെണിയിൽ വീഴ്ത്താൻ ശ്രമിക്കും. 

ഈ ആത്മീയരഹസ്യം   അറിഞ്ഞിരുന്ന പൗലോസ് ശ്ലീഹാ  വിശ്വാസികളെ ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു.  ‘വ്യഭിചാരികളുമായി  സമ്പർക്കമരുതെന്നു  മറ്റൊരു ലേഖനത്തിൽ ഞാൻ എഴുതിയിരുന്നല്ലോ. ലോകത്തിലെ വ്യഭിചാരികളെയും അത്യാഗ്രഹികളെയും കള്ളന്മാരെയും  വിഗ്രഹാരാധകരെയും ഒന്നടങ്കമല്ല ഞാൻ വിവക്ഷിച്ചത്.  അങ്ങനെയായിരുന്നെങ്കിൽ നിങ്ങൾ  ലോകത്തിൽ നിന്നു  തന്നെ പുറത്തു പോകേണ്ടിവരുമായിരുന്നു. പ്രത്യുത, സഹോദരൻ എന്നു  വിളിക്കപ്പെടുന്നവൻ അസന്മാർഗിയോ  അത്യാഗ്രഹിയോ വിഗ്രഹാരാധകനോ പരദൂഷകനോ മദ്യപനോ കള്ളനോ ആണെന്നു  കണ്ടാൽ അവനുമായി സംസർഗം പാടില്ലെന്നാണു  ഞാൻ എഴുതിയത്. അവനുമൊരുമിച്ചു  ഭക്ഷണം കഴിക്കുക പോലുമരുത്’  (1 കൊറി  5:9-11).

നാം നമ്മുടെ ബന്ധങ്ങളിലും കൂട്ടുകെട്ടുകളിലും ഒക്കെ  വലിയ ശ്രദ്ധ കൊടുക്കണം എന്നു  സാരം.  ഞാൻ പാപം ചെയ്യുന്നില്ലായിരിക്കാം. എന്നാൽ എൻറെ ചങ്ങാത്തം ഒരു  പാപിയുമായിട്ടാണെങ്കിൽ  അത്  എൻറെ ആത്മരക്ഷയെ  പ്രതികൂലമായി ബാധിക്കും എന്നതിൽ സംശയമില്ല.  പാപിയോടു കരുണ കാണിക്കുന്നത് അവനുമായി ചങ്ങാത്തം കൂടിക്കൊണ്ടല്ല,  മറിച്ച് പാപമെന്തെന്നും   യേശുക്രിസ്തുവിൽ എങ്ങനെയാണു  നമുക്കു പാപമോചനം  ലഭിക്കുന്നതെന്നും അവനെ പറഞ്ഞു മനസിലാക്കിക്കൊടുത്തുകൊണ്ടാണ്.  ഒരു പാപിയോടു കാണിക്കാവുന്ന ഏറ്റവും വലിയ കരുണ അവൻറെ പാപാവസ്ഥയെക്കുറിച്ച്  അവനു ബോധ്യപ്പെടുത്തിക്കൊടുക്കുകയും,  അനുതപിക്കുമെങ്കിൽ  നമ്മുടെ കർത്താവായ യേശുക്രിസ്തു സകല മനുഷ്യർക്കും വേണ്ടി സാധിച്ചെടുത്ത രക്ഷയ്ക്ക് അവനും അർഹതയുണ്ടെന്ന്  അവനെ പറഞ്ഞു മനസിലാക്കുകയും  ചെയ്യുകയാണ്.

പാപിയെ അനുയാത്ര  (accompany) ചെയ്യുക എന്നൊക്കെയുള്ള ഓമനപ്പേരുകളിൽ  പാപത്തെ നിസാരവൽക്കരിക്കുന്ന ഒരു പ്രവണത  ഈ നാളുകളിൽ വളർന്നുവരുന്നുണ്ട് എന്നതു നാം മനസിലാക്കണം.     പാപിയോട്  അനുതാപത്തെക്കുറിച്ചു  പറയാതെ  അവനെ അനുയാത്ര ചെയ്യുന്നവൻ  അവൻ ചെന്നെത്തുന്ന ഇടത്തുതന്നെയായിരിക്കും ചെന്നെത്തുന്നതും എന്നതു മറക്കരുത്.

‘നിൽക്കുന്നു എന്നു  വിചാരിക്കുന്നവൻ  വീഴാതെ സൂക്ഷിച്ചുകൊള്ളട്ടെ”( 1 കൊറി 10:12) എന്ന തിരുവചനം എന്നത്തേക്കാളും ഏറെ പ്രസക്തമായ ഒരു കാലഘട്ടത്തിലാണു  നാം ജീവിക്കുന്നത്. അതുകൊണ്ടു  നമുക്കു   ചഞ്ചലചിത്തരോട് അനുകമ്പ കാണിക്കാം. പാപത്തിൻറെ അഗ്നിയിൽ അകപ്പെട്ടവരെ  പിടിച്ചുകയറ്റാം. മാംസദാഹത്താൽ കളങ്കിതരായവരോടു  വിവേകപൂർണമായ അകലം പാലിച്ചുകൊണ്ടുതന്നെ  അവരോടു കരുണ കാണിക്കാം.   നാം ആവശ്യമായ മുൻകരുതൽ എടുത്തേ തീരൂ.

യേശുവിൻറെ വസ്ത്രത്തിൻറെ വിളുമ്പിൽ തൊട്ട രക്തസ്രാവക്കാരിയ്ക്കു  സൗഖ്യം ലഭിച്ചു. കാരണം യേശു പരിശുദ്ധനായിരുന്നു.അവിടുത്തെ പരിശുദ്ധി അവിടുത്തെ വസ്ത്രത്തിന്മേലും  പകർന്നിരുന്നു.  പത്രോസ്  കടന്നുപോകുമ്പോൾ അവൻറെ നിഴലെങ്കിലും തങ്ങളുടെ മേൽ പതിക്കാനായി ജനങ്ങൾ വഴിവക്കിൽ കാത്തുനിന്നിരുന്നു ( അപ്പ. 5:15). കാരണം  പത്രോസ് വിശുദ്ധനായിരുന്നു. അവൻറെ വിശുദ്ധി അവൻറെ നിഴലിനെപ്പോലും വിശുദ്ധമാക്കി. പൗലോസിൻറെ ശരീരസ്പർശമേറ്റ  തൂവാലകളും അംഗവസ്ത്രങ്ങളും രോഗികളുടെ അടുത്തു കൊണ്ടുവന്നപ്പോൾ  രോഗം അവരെ വിട്ടുമാറുകയും  അശുദ്ധാത്മാക്കൾ അവരിൽ നിന്നു  പുറത്തുവരികയും ചെയ്തിരുന്നു’ (അപ്പ. 19:12).

വിശുദ്ധരിൽ നിന്നുള്ള വിശുദ്ധിയും സൗഖ്യവും  വിടുതലും വസ്ത്രങ്ങളിലൂടെ  പകരുമെങ്കിൽ  അശുദ്ധരിൽ നിന്നുള്ള അശുദ്ധിയും തീർച്ചയായും    പകരും.  അതുകൊണ്ട്   അശുദ്ധനായ ഒരുവൻറെ വസ്ത്രത്തെ  നാം തീർച്ചയായും ഭയപ്പെടുക തന്നെ വേണം.  അവനുമൊരുമിച്ച് ഭക്ഷണം കഴിക്കുക  പോലും അരുത് എന്നു  പറയുമ്പോൾ നമ്മുടെ  സാമൂഹ്യബന്ധങ്ങളിൽ നാം എത്ര മാത്രം ജാഗ്രത ഉള്ളവരായിരിക്കണം എന്നു ചിന്തിക്കുക.    ‘ നിങ്ങൾ അവരെ വിട്ട് ഇറങ്ങിവരികയും അവരിൽ നിന്നു വേർപിരിയുകയും ചെയ്യുവിൻ എന്നു  കർത്താവ് അരുളിച്ചെയ്യുന്നു.  അശുദ്ധമായതൊന്നും നിങ്ങൾ തൊടുകയുമരുത്’ (2 കൊറി  6:17).

നമുക്കു നമ്മുടെ ബന്ധങ്ങളെ ശോധന ചെയ്യാം. ഗൗരവമായ പാപാവസ്ഥയിൽ ആയിരിക്കുന്നവരെ അനുതാപത്തിലേക്കു നയിക്കാനായി വിവേകപൂർവം ഭയത്തോടെ അവരോട് ഇടപെടാനുള്ള കൃപയ്ക്കുവേണ്ടി   പ്രാർഥിക്കുകയും ചെയ്യാം..