‘സ്വർഗത്തിൽ വാഴുന്നവനേ, അങ്ങയിലേക്കു ഞാൻ കണ്ണുകൾ ഉയർത്തുന്നു. ദാസന്മാരുടെ കണ്ണുകൾ യജമാനൻറെ കൈയിലേക്കെന്നപോലെ, ദാസിയുടെ കണ്ണുകൾ സ്വാമിനിയുടെ കൈയിലേക്കെന്നപോലെ, ഞങ്ങളുടെ ദൈവമായ കർത്താവിനു ഞങ്ങളുടെ മേൽ കരുണ തോന്നുവോളം ഞങ്ങളുടെ കണ്ണുകൾ അവിടുത്തെ നോക്കിയിരിക്കുന്നു. ഞങ്ങളോടു കരുണ തോന്നണമേ! കർത്താവേ, ഞങ്ങളോടു കരുണ തോന്നണമേ! (സങ്കീ. 123:1-3).
ദൈവത്തോടു കരുണ യാചിക്കുന്നവർ ചെയ്തിരുന്നത് അതാണ്. കർത്താവിനു അവരോടു കരുണ തോന്നുവോളം അവർ കർത്താവിൽ നിന്നു കണ്ണുകൾ പിൻവലിച്ചില്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ തങ്ങൾ വിളിച്ചപേക്ഷിക്കുമ്പോൾ ആ നിമിഷം തന്നെ ദൈവം കരുണ കാണിക്കും എന്ന അമിത വിശ്വാസമൊന്നും അവർക്കുണ്ടായിരുന്നില്ല. ദൈവത്തിന് ഒരു സമയമുണ്ട്. ആ സമയത്ത് അവിടുന്ന് കരുണ കാണിക്കും. അതു വരെ പ്രാർഥനകൾ തുടരുക എന്നതു മാത്രമാണ് നമുക്കു ചെയ്യാനുള്ളത്.
വിശുദ്ധ ഫൗസ്റ്റീനയ്ക്ക് ഈശോ നൽകിയ വെളിപ്പെടുത്തലുകൾക്കുശേഷം നാം ദൈവകരുണയെക്കുറിച്ച് കൂടുതൽ ആഴത്തിൽ ധ്യാനിക്കാൻ തുടങ്ങിയിട്ടുണ്ട് എന്നതു സത്യമാണ്. കരുണ ദൈവത്തിൻറെ സ്വഭാവം തന്നെയാണ്. മനുഷ്യൻറെ സൃഷ്ടി മുതൽ അവൻറെ പതനവും വീണ്ടെടുപ്പിനുള്ള വാഗ്ദാനവും രക്ഷകൻറെ മനുഷ്യാവതാരവും കാൽവരി ബലിയും തുടങ്ങി ‘യുഗങ്ങളുടെ അന്തിമഘട്ടം വന്നെത്തിനിൽക്കുന്ന’ ( 1 കൊറി 10:11) നമ്മുടെ ഈ നാളുകളിലും ഇനിയങ്ങോട്ട് യുഗാന്ത്യം വരെയും ദൈവത്തിൻറെ പ്രവൃത്തികളെ നിയന്ത്രിക്കുന്ന ഏറ്റവും പ്രധാന ഘടകം അവിടുത്തെ കരുണ തന്നെയാണ്.
ദൈവകരുണ സ്വീകരിക്കുന്നതിനു നമുക്കു തടസമായി നിൽക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം ഒരുപക്ഷേ നമ്മുടെ ഹൃദയകാഠിന്യമായിരിക്കും. തഴക്കം വന്ന പാപവഴികളിൽ നിന്ന് മാറിനടക്കാനുള്ള മടി, തിരുത്തലുകൾ സ്വീകരിക്കാനുള്ള വിമുഖത, അനുതപിക്കാനുള്ള സമയം കടന്നുപോകുന്നതറിയാതെ പാപത്തിൽ തുടരുന്നത്, ചെയ്തുപോയ പാപങ്ങൾക്കു പരിഹാരം ചെയ്യാനുള്ള അവസരങ്ങൾ നഷ്ടപ്പെടുത്തുന്നത് എന്നിവയെല്ലാം ഹൃദയകാഠിന്യത്തിൻറെ ഫലമാണ്.
കർത്താവിൻറെ കുരിശിനോടു വളരെ അടുത്തു നിന്നു എന്നത് ഒരിക്കലൂം നമുക്കു നീതീകരണത്തിനുള്ള കാരണമാകില്ല എന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. കുരിശിൻറെ അടുത്തു നിന്നവർ എല്ലാവരും രക്ഷപ്പെട്ടില്ല എന്നതിനു വിശുദ്ധഗ്രന്ഥം തന്നെയാണു സാക്ഷി. യേശുവിനോടുകൂടി കുരിശിൽ തറയ്ക്കപ്പെട്ടിരുന്ന രണ്ടു കള്ളന്മാരിൽ ഒരുവൻ കർത്താവിനോടൊപ്പം പറുദീസയിലേക്കു പോയപ്പോൾ അപരന് ആ ഭാഗ്യം ലഭിച്ചില്ല. അവർ ഇരുവരും കുരിശിനോടു വളരെ അടുത്തായിരുന്നു എന്നോർക്കണം. സകല മനുഷ്യർക്കും വേണ്ടിയുള്ള പെസഹാക്കുഞ്ഞാടായ യേശുക്രിസ്തു ബലിയർപ്പിക്കപ്പെട്ട കുരിശുമരത്തിനു തൊട്ടടുത്തു നിന്നവരിൽ ഒരാൾക്കു കരുണ ലഭിച്ചു. രണ്ടാമത്തെയാൾക്ക് കരുണ ലഭിക്കാത്തതായിരുന്നില്ല പ്രശ്നം. മറിച്ച് അവൻ ‘ദൈവത്തിൻറെ നീതിയുക്തമായ വിധി വെളിപ്പെടുന്ന ക്രോധത്തിൻറെ ദിനത്തിലേക്ക് തൻറെ കഠിനവും അനുതാപരഹിതവുമായ ഹൃദയം നിമിത്തം തനിക്കുതന്നെ ക്രോധം സംഭരിച്ചുവയ്ക്കുകയായിരുന്നു’ (റോമാ 1:9). മരണമെത്തുന്ന നേരത്തുപോലും അനുതപിക്കാനുള്ള ക്ഷണം നിരസിക്കണമെങ്കിൽ ആ മനുഷ്യൻറെ ഹൃദയകാഠിന്യം എത്രയധികമായിരുന്നു എന്നു ചിന്തിക്കണം.
ഇടതുവശത്തെ കള്ളൻറെ കഥ ബൈബിളിൽ വായിച്ചുപോകുന്ന അനേകം സംഭവങ്ങളിൽ ഒന്നു മാത്രമായി നാം നിസാരവൽക്കരിക്കുന്നു എന്നതാണു ദുരന്തം. അതു നമുക്കൊക്കെ ബാധകമാണ് എന്ന കാര്യം നാം മറന്നുപോകുന്നു. ദൈവം തൻറെ കരുണയുടെ വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുന്നു. ആ വാതിലിലൂടെ ദൈവകരുണ ഒഴുകിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ആ ദൈവകരുണ നമ്മുടെ ഹൃദയത്തിൽ പ്രവേശിച്ചില്ലെങ്കിൽ എന്തു ഫലം? ‘ഇതാ ഞാൻ വാതിലിൽ മുട്ടുന്നു. ആരെങ്കിലും എൻറെ സ്വരം കേട്ടു വാതിൽ തുറന്നുതന്നാൽ ഞാൻ അവൻറെ അടുത്തേക്കു വരും’ (വെളി 3:19-20) എന്നത് കർത്താവ് ഇന്നും ആവർത്തിക്കുന്ന വാക്കുകളാണ്.
കർത്താവ് വാതിലിൽ മുട്ടുന്നത് തൻറെ കരുണയുടെ സമ്മാനം നമുക്കു നൽകാനാണ്. അതിൻറെ ഉദ്ദേശമാകട്ടെ നമ്മെ അനുതാപത്തിലേക്കു നയിക്കുകയും. ‘നിന്നെ അനുതാപത്തിലേക്കു നയിക്കുകയാണു ദൈവത്തിൻറെ കരുണയുടെ ലക്ഷ്യമെന്നു നീ അറിയുന്നില്ലേ?’ (റോമാ 2:4). ദൈവകരുണയുടെ മഹാപ്രവാഹം കടന്നുവരാൻ അനുവദിക്കാത്ത വിധം നമ്മുടെ ഹൃദയങ്ങൾ കഠിനമായിപ്പോകാൻ ഇടയാകരുതേ എന്നു പ്രാർഥിക്കാം. നമ്മുടെ ദൈവമായ കർത്താവിനു നമ്മോടു കരുണ തോന്നുവോളം അവിടുത്തെ തന്നെ നോക്കിയിരിക്കാനുള്ള കൃപയ്ക്കുവേണ്ടിയും നമുക്കു പ്രാർഥിക്കാം.