ദൈവകരുണ, ദൈവദാനം

വിശുദ്ധഗ്രന്ഥം തുടങ്ങുന്നതുതന്നെ പിതാവായ ദൈവത്തിൻറെ   അളവറ്റ കരുണയുടെ കഥ പറഞ്ഞുകൊണ്ടാണ്.  മനുഷ്യന് നിത്യകാലം  ഏദൻ തോട്ടത്തിൽ ജീവിക്കാം എന്നുള്ള   വാഗ്ദാനത്തിനപ്പുറം ദൈവത്തിൻറെ കരുണയ്ക്ക് മറ്റെന്തു തെളിവാണ്  വേണ്ടത്!  ഏദൻ തോട്ടത്തിൽ  ദൈവം ആദത്തോടും ഹവ്വയോടും ഒപ്പം  നടക്കാൻ  തയ്യാറായിരുന്നു.  ആദവും ഹവ്വയും ആ  ദൈവികദാനം സ്വീകരിച്ചുവെങ്കിലും നിർഭാഗ്യവശാൽ  ഏറെത്താമസിയാതെ  തങ്ങൾ അതിനു യോഗ്യരല്ലെന്നു  സ്വന്തം പ്രവൃത്തികൾ  കൊണ്ടുതന്നെ തെളിയിച്ചു. അവർക്കുവേണ്ടി മാത്രമായി താൻ  സൃഷ്ടിച്ച     ഇടത്തുനിന്ന് അവരെ ഇറക്കിവിടുകയല്ലാതെ  മറ്റൊന്നും ചെയ്യാൻ ദൈവത്തിനു  കഴിയുമായിരുന്നില്ല.

ആദ്യത്തെ ദാനം  പാഴാക്കിക്കളഞ്ഞ ആദിമാതാപിതാക്കൾക്കു  ദൈവം പിന്നെയും ഒരു വാഗ്ദാനം കൊടുത്തു.  എന്നാൽ അത് ആയിരക്കണക്കിനു  വർഷങ്ങൾക്കു  ശേഷം മാത്രം നിറവേറപ്പെടാനുള്ളതായിരുന്നു. പറുദീസ  നഷ്ടപ്പെട്ട മനുഷ്യനെ അവൻ നിപതിച്ച അവസ്ഥയിൽ നിന്നു  വീണ്ടടുക്കാനുള്ള  രക്ഷകനായി അവതരിച്ച യേശുക്രിസ്തു  അതുവരെ നിലനിന്ന ലിഖിതനിയമങ്ങളെ  ദൈവകരുണ എന്ന ഒരു ഘടകം കൂടി കൂട്ടിച്ചേർത്തുകൊണ്ടു  തിരുത്തിയെഴുതി. അങ്ങനെ കരുണ ദൈവപുത്രൻറെ മുഖമുദ്രയായി മാറുകയും ചെയ്തു.  സ്വർഗ്ഗസ്ഥനായ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ ദൈവത്തിൻറെ മക്കളും കരുണയുള്ളവരായിരിക്കണം എന്ന് അവിടുന്ന് പഠിപ്പിക്കുകയും ചെയ്തു.  ‘നിങ്ങളുടെ  പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും  കരുണയുള്ളവരായിരിക്കുവിൻ’ (ലൂക്കാ  6:36).

കരുണ ദൈവത്തിൻറെ സ്വഭാവം തന്നെയാണെന്ന് യേശു പഠിപ്പിച്ചു. ദൈവകരുണയിൽ ആശ്രയിക്കുന്നവർ ഒരിക്കലും നഷ്ടപ്പെട്ടുപോകില്ല എന്നും അവിടുന്ന് പറഞ്ഞു.  ‘എൻറെ അടുക്കൽ വരുന്നവനെ ഞാൻ ഒരിക്കലും തള്ളിക്കളയുകയുമില്ല’ (യോഹ 6:37). എന്നാൽ ദൈവകരുണ   ആഗ്രഹിക്കുന്നവൻ മറ്റുള്ളവരോടും കരുണ കാണിക്കാൻ കടപ്പെട്ടിരിക്കുന്നു. ‘കരുണയുള്ളവർ ഭാഗ്യവാന്മാർ. അവർക്കു  കരുണ ലഭിക്കും’  (മത്തായി 5:7). ബലിയെക്കാൾ ശ്രേഷ്ഠമാണു  കരുണ എന്നു പറയാൻ  യേശുവിന് ഒരു മടിയുമുണ്ടായിരുന്നില്ല. ‘ ബലിയല്ല, കരുണയാണു  ഞാൻ ആഗ്രഹിക്കുന്നത് എന്നതിൻറെ അർഥം  നിങ്ങൾ പോയി പഠിക്കുക’ (മത്തായി 9:13)

ഈ ദുഖവെള്ളിയാഴ്ച, ദൈവകരുണയുടെ തിരുനാളിനുള്ള ഏറ്റവും അടുത്ത ഒരുക്കത്തിലേക്കു  നാം കടക്കുകയാണ്.  ദൈവകരുണയുടെ  ജപമാല നമുക്കെല്ലാം സുപരിചിതമാണ്.  അതു  നമ്മുടെ  അനുദിന പ്രാർഥനകളുടെ ഒരു ഭാഗമായിക്കഴിഞ്ഞു.  എന്നാൽ ദൈവകരുണയുടെ തിരുനാളിന് ഒരുക്കമായുള്ള  നൊവേന പ്രാർഥനയെക്കുറിച്ചു   പലർക്കും അറിയില്ല. അറിയുന്നവർ പലരും അതു  ചൊല്ലുന്നുമില്ല എന്നതു  ദുഖകരമായ  വസ്തുതയാണ്.

ദുഖവെള്ളിയാഴ്ച മുതലുള്ള ഒൻപതു ദിവസങ്ങളിൽ ദൈവകരുണയുടെ   തിരുനാളിന് ഒരുക്കമായുള്ള നൊവേന പ്രാർഥനയിൽ  നമുക്ക് ഒരുമിച്ചുചേരാം.  ഒന്നാം ദിവസത്തെ പ്രാർഥനകൾ താഴെക്കൊടുക്കുന്നു.

ദൈവകരുണയുടെ നൊവേന – ഒന്നാം ദിവസം 

ധ്യാനം:  ഇന്ന് മനുഷ്യകുലത്തെ മുഴുവനും പ്രത്യേകിച്ച്, എല്ലാ പാപികളെയും എൻറെ അടുക്കൽ കൊണ്ടുവരിക. അവരെ എൻറെ കരുണക്കടലിൽ മുക്കിയെടുക്കുക. അങ്ങനെ ആത്മാക്കളുടെ നഷ്ടം  മൂലം ഞാൻ അനുഭവിക്കുന്ന വേദനാജനകമായ ദുഖത്തിൽ  എന്നെ നീ ആശ്വസിപ്പിക്കും.

പ്രാർഥന:  ഏറ്റവും കരുണയുള്ള ഈശോയേ, ഞങ്ങളോട് അനുകമ്പ തോന്നാതിരിക്കാൻ അങ്ങേയ്ക്കു സാധ്യമല്ലല്ലോ. ഞങ്ങളോടു  ക്ഷമിക്കണമേ. ഞങ്ങളുടെ പാപങ്ങളെ അങ്ങു നോക്കരുതേ. അങ്ങയുടെ അളവില്ലാത്ത നന്മയിൽ ആശ്രയിച്ച്  ഞങ്ങൾ അങ്ങയിൽ  ശരണപ്പെടുന്നു. അങ്ങയുടെ കരുണാർദ്ര ഹൃദയത്തിൽ   ഞങ്ങളെയെല്ലാം സ്വീകരിക്കണമേ. അങ്ങയിൽ  നിന്ന് അകന്നുപോകാൻ ഞങ്ങളെ അനുവദിക്കരുതേ. പിതാവിനോടും പരിശുദ്ധാത്മാവിനോടും അങ്ങയെ ഒന്നിപ്പിക്കുന്ന സ്നേഹത്തെപ്രതി ഞങ്ങൾ അങ്ങയോട് യാചിക്കുന്നു.

നിത്യപിതാവേ, ഏറ്റം അനുകമ്പയുള്ള ഈശോയുടെ തിരുഹൃദയത്തിൽ വസിക്കുന്ന മനുഷ്യകുലം മുഴുവനിലും പ്രത്യേകിച്ച്  കഠിനപാപികളിലും  അങ്ങയുടെ കരുണാകടാക്ഷം   പതിക്കണമേ.  ഈശോമിശിഹായുടെ   ദാരുണമായ  പീഡാസഹനത്തെക്കുറിച്ച്  ഞങ്ങളുടെമേൽ കരുണയായിരിക്കണമേ. അങ്ങയുടെ  കാരുണ്യത്തിൻറെ സർവശക്തിയെ  ഇപ്പോഴും എന്നേക്കും ഏവരും പുകഴ്ത്തട്ടെ. ആമേൻ.

ദൈവകരുണയുടെ ജപമാലയും  ലുത്തിനിയയും   സമാപനപ്രാർഥനയും ചൊല്ലി  നൊവേന അവസാനിപ്പിക്കുക.

സമാപന പ്രാർഥന: ദൈവമേ, അങ്ങയുടെ കരുണ അനന്തവും അങ്ങയുടെ ദയ വറ്റാത്തതുമാണല്ലോ. ദയാപൂർവം ഞങ്ങളെ നോക്കണമേ. ഞങ്ങളുടെമേൽ അങ്ങയുടെ കരുണ വർധിപ്പിക്കണമേ. അങ്ങനെ ഞങ്ങളുടെ വലിയ പരീക്ഷകളിൽ മനം മടുക്കാതെ  അങ്ങയുടെ  തിരുമനസു തന്നെയായ  കാരുണ്യത്തിനു ഞങ്ങൾ  വിധേയരാകട്ടെ. കാരുണ്യത്തിൻറെ രാജാവും  അങ്ങയോടും പരിശുദ്ധാത്മാവിനോടും കൂടെ വസിക്കുന്നവനുമായ  ഞങ്ങളുടെ  കർത്താവായ  ഈശോ  ഞങ്ങൾക്കു കാരുണ്യം പകർന്നുതരട്ടെ. എപ്പോഴും എന്നേയ്ക്കും ആമേൻ. 

ദൈവത്തിൽ നിന്നു  കരുണയും പാപമോചനവും ആവശ്യമില്ലാത്തവരയി ആരുമില്ലല്ലോ. നാം ജീവിക്കുന്ന കാലഘട്ടമാകട്ടെ, ദൈവകരുണയ്ക്കു  വേണ്ടിയുള്ള പ്രാർഥന  ഏറ്റവും ആവശ്യമായിരിക്കുന്ന  ഒന്നാണു  താനും. ‘അതിനാൽ വേണ്ട സമയത്തു   കരുണയും  കൃപാവരവും  ലഭിക്കുന്നതിനായി  നമുക്കു പ്രത്യാശയോടെ കൃപാവരത്തിൻറെ സിംഹാസനത്തെ സമീപിക്കാം’ (ഹെബ്രാ. 4:16).