വിശുദ്ധ ഗ്രന്ഥം ആകെയെടുത്താൽ അത് ദൈവത്തിൻറെഅമേയമായ കരുണയുടെയും സ്നേഹത്തിൻറെയും ചരിത്രമാണ് എന്നു നമുക്ക് മനസിലാകും. തന്നെക്കാളുപരി സാത്താനെ അനുസരിക്കുക വഴി തന്നിൽ നിന്ന് സ്വയം അകന്നുപോയ മനുഷ്യനു രക്ഷകനെ വാഗ്ദാനം ചെയ്തുകൊണ്ട് ദൈവം തൻറെ കരുണയുടെ സാഗരം മനുഷ്യർക്കായി തുറന്നുവയ്ക്കുകയാണ്. പാപത്തിൻറെ ഫലമായി അവർക്കനുഭവപ്പെട്ട സ്വന്തം നഗ്നത മറയ്ക്കാനായി തോലുകൊണ്ട് ഉടയാടയുണ്ടാക്കി അവരെ ധരിപ്പിച്ച ദൈവം വീണ്ടും തൻറെ കരുണ പ്രദർശിപ്പിച്ചു. പാപാവസ്ഥയിൽ ജീവൻറെ വൃക്ഷത്തിൽ നിന്ന് കൂടി ഭക്ഷിച്ച് നിത്യനാശത്തിലേക്ക് പോകാതിരിക്കാനായി ആദത്തെയും ഹവ്വയേയും ഏദൻ തോട്ടത്തിൽ നിന്ന് പുറത്താക്കിയതും ദൈവത്തിൻറെ കരുണയുടെ പ്രവൃത്തി തന്നെയായിരുന്നു.
കായേൻറെ മനസ് പാപത്തിലേക്കു ചാഞ്ഞിരിക്കുന്നു എന്നറിഞ്ഞ് അവനു മുന്നറിയിപ്പ് കൊടുക്കുന്ന ദൈവത്തെ നാം കണ്ടുമുട്ടുന്നുണ്ട്. പാപം ചെയ്ത കായേനെ ആരും കൊല്ലാതിരിക്കാനായി അവൻറെ മേൽ അടയാളം പതിക്കാനും അവിടുന്നു തയ്യാറായി. നോഹ, അബ്രാഹം, ലോത്ത്, ഇസഹാക്ക്, യാക്കോബ്, ദാവീദ് എന്നിങ്ങനെ ദൈവകരുണയുടെ സമുദ്രത്തിൽ നിന്ന് തങ്ങൾക്കാവുന്നതും തങ്ങൾക്കാവശ്യമുള്ളതും കോരിയെടുത്ത പൂർവപിതാക്കന്മാരുടെ ചരിത്രമാണ് പഴയനിയമം. ബേർഷേബാ മരുപ്രദേശത്ത് കുടിക്കാൻ വെള്ളമില്ലാതെ മരണം കാത്തുകിടന്ന ഹാഗാറിനെയും പുത്രൻ ഇസ്മായിലിനെയും മറ്റാരും കണ്ടില്ലെങ്കിലും ദൈവം കാണുക തന്നെ ചെയ്തു. പാപം ചെയ്ത് ദൈവത്തിൽ നിന്നകന്നു പോകുന്ന ഓരോ തവണയും ദൈവം തൻറെ അനന്തമായ കരുണയാൽ വീണ്ടെടുത്ത ഇസ്രായേൽക്കാരുടെ ചരിത്രവും നമുക്കറിയാം.
ഈ കാലങ്ങളിലൊന്നും ദൈവകരുണയ്ക്ക് ഒരു മുഖമുണ്ടായിരുന്നില്ല. അമൂർത്തമായ ദൈവകരുണയ്ക്ക്
മൂർത്തരൂപം കൈവന്നത് ബെത് ലഹേമിലെ കാലിത്തൊഴുത്തിലായിരുന്നു. ദൈവത്തിൻറെ കരുണ എന്തെന്നറിയണമെങ്കിൽ ബൈബിൾ മുഴുവൻ വായിച്ചുനോക്കേണ്ടതില്ല. യോഹന്നാൻറെ സുവിശേഷം എട്ടാം അധ്യായം പതിനൊന്നാം വചനം മാത്രംവായിച്ചാൽ മതി. തെളിവുസഹിതം പിടിക്കപ്പെട്ട വ്യഭിചാരിണിയായ സ്ത്രീയോട് കർത്താവ് പറഞ്ഞത് ‘ ഞാനും നിന്നെ വിധിക്കുന്നില്ല. പൊയ്ക്കൊള്ളുക. ഇനിമേൽ പാപം ചെയ്യരുത്’ എന്നായിരുന്നല്ലോ.
യേശുവിൻറെ കരുണയുടെ ആഴങ്ങൾ നമുക്കു മനസിലാക്കാവുന്നതിനേക്കാൾ എത്രയോ അധികമാണ്. അതു മനസിലാക്കാൻ കഴിയുന്നില്ല എന്ന മാനുഷികപരിമിതി ദൈവകരുണയെ നിസാരവൽക്കരിക്കാൻ, അല്ലെങ്കിൽ അതിനെ തിരസ്കരിക്കാൻ മനുഷ്യരെ പ്രേരിപ്പിക്കുന്നുവെങ്കിൽ ഒന്നേ ചെയ്യാനുള്ളൂ. മുട്ടിന്മേൽ വീണ് ദൈവത്തിൻറെ അതേ കരുണയ്ക്കുവേണ്ടിത്തന്നെ പ്രാർത്ഥിക്കുക. ‘ഞാൻ നിങ്ങളെ അനാഥരാക്കി വിടുകയില്ല’ (യോഹ. 14:18) എന്നോ ‘എന്നേയ്ക്കും നിങ്ങളോടുകൂടെയായിരിക്കാൻ മറ്റൊരു സഹായകനെ അവിടുന്നു നിങ്ങൾക്ക് തരും’ ( യോഹ.14:16) എന്നോ വേറെയാരെങ്കിലും എപ്പോഴെങ്കിലും നിങ്ങളോട് പറഞ്ഞിട്ടുണ്ടോ? തൻറെ ദ്വിതീയാഗമനം വരെ സംഭവിക്കാനുള്ള കാര്യങ്ങൾ എല്ലാം നമുക്കു പ്രവചനങ്ങളായി നേരത്തെതന്നെ ഏല്പിച്ചുതന്ന ദൈവത്തിൻറെ കരുണയെ നാം എന്തുകൊണ്ടാണു മനസിലാക്കാത്തത്?
‘എന്തെന്നാൽ, അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി, തൻറെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു’ ( യോഹ. 3:16) എന്ന് വിശുദ്ധഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഇന്നും യേശുവിൽ വിശ്വസിക്കുന്ന ഒരുവൻ പോലും നശിച്ചു പോവുകയില്ല. ദൈവത്തിൻറെ കരുണയ്ക്കു പരിധി നിശ്ചയിക്കുന്നതാണു മനുഷ്യൻ ചെയ്യുന്ന ഏറ്റവും വലിയ ഭോഷത്തം. തനിക്കു ദൈവത്തിൻറെ കരുണ ലഭിക്കില്ല എന്ന് ഏതെങ്കിലുമൊരു ദുർബലനിമിഷത്തിൽ ചിന്തിച്ചുപോയ മനുഷ്യരുടെ ദുരന്തങ്ങൾ നമുക്കറിയാം.
അവസാന നാളുകളിൽ വിശ്വാസത്തിൻറെ അവസാനത്തെ നാളം പോലും കെടുത്തിക്കളയാൻ തക്കവിധത്തിൽ വിശ്വാസത്യാഗത്തിൻറെ കൊടുങ്കാറ്റ് ആഞ്ഞടിക്കുമ്പോൾ, പാറമേൽ പണിതതെന്നു പലരും സ്വയം കരുതുന്ന വിശ്വാസഗോപുരങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നുവീഴുമ്പോൾ, നമുക്ക് ആശ്രയിക്കാനുള്ളത് ദൈവകരുണ ഒന്നു മാത്രമാണ്. എന്നാൽ പിശാച് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന കാര്യം ദൈവത്തിൻറെ കരുണയെക്കുറിച്ചു മനുഷ്യർ അറിയരുതെന്നാണ്. പാപം ചെയ്യുന്നതുവരെ നമ്മുടെ കൂടെ നിന്ന് നമ്മെ പ്രോത്സാഹിപ്പിക്കുന്ന പിശാച് ഉപയോഗിക്കുന്ന ഒരു തന്ത്രം ദൈവം കാരുണ്യവാനാണെന്നും അതുകൊണ്ട് അവിടുന്നു നമ്മുടെ പാപങ്ങൾ ക്ഷമിക്കുമെന്നും അതുകൊണ്ട് പാപം ചെയുന്നതിൽ കുഴപ്പമില്ല എന്നുമുള്ള വ്യാജം നമ്മുടെ മനസിലേക്കു കടത്തിവിടുകയാണ്. അതേ പിശാചു തന്നെ ആ വ്യക്തിയോട്, പാപം ചെയ്തതിനുശേഷം പറയാൻ പോകുന്നത് ഇപ്രകാരമായിരിക്കും. ” നീ വലിയ പാപിയാണ്. ദൈവം നിന്നോട് ക്ഷമിക്കില്ല”. ദൈവകരുണയെക്കുറിച്ച് നേരാംവിധം മനസിലാക്കിയിട്ടില്ലാത്ത ഒരു വ്യക്തി സാത്താൻറെ ഈ കെണിയിൽ എളുപ്പത്തിൽ വീണുപോകുന്നു. അങ്ങനെ മനുഷ്യരെ കുറ്റബോധത്തിലും നിരാശയിലും കുടുക്കിയിടാനും വീണ്ടും വീണ്ടും പാപം ചെയ്യിക്കാനും അവനു സാധിക്കുന്നു.
ദൈവകരുണയെക്കുറിച്ച് നാം മനസിലാക്കേണ്ട വിധത്തിൽ മനസിലാക്കിയിട്ടില്ല എന്നതുകൊണ്ടായിരിക്കാം യേശു ഈ അവസാനനാളുകളിലേക്കായി ദൈവകരുണയുടെ മഹത്തായ സന്ദേശങ്ങൾ വിശുദ്ധ മരിയ ഫൗസ്റ്റീന കൊവാൾസ്കയിലൂടെ വെളിപ്പെടുത്തിയത്. ഏറ്റവും വലിയ പാപിയ്ക്കാണ് ഏറ്റവും കൂടുതൽ ദൈവകരുണ ലഭിക്കാൻ അർഹതയുള്ളത് എന്ന വസ്തുത യേശു തന്നെ ഫൗസ്റ്റീനയോടു പറഞ്ഞതാണ്. പിന്നെയെന്തുകൊണ്ടാണ് പാപികൾ യേശുവിലേക്ക് തിരിഞ്ഞു കരുണയ്ക്കായി അപേക്ഷിക്കാത്തത്? അവർക്ക് അതിനെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടുതന്നെ. ദൈവകരുണയെക്കുറിച്ച് മറ്റുള്ളവരോട് പറയുന്നവർക്കും, ദൈവകരുണയെക്കുറിച്ച് പ്രസംഗിക്കുന്ന വൈദികർക്കും പ്രത്യേക അനുഗ്രഹങ്ങൾ യേശു വാഗ്ദാനം ചെയ്തത്, ദൈവകരുണയുടെ സന്ദേശങ്ങൾ പ്രചരിപ്പിക്കേണ്ടതിൻറെ അടിയന്തരാവശ്യത്തിലേക്കു വിരൽ ചൂണ്ടുന്നു.
ദൈവകരുണയുടെ സന്ദേശങ്ങളിലെ പ്രധാന ഭാഗങ്ങൾ, കരുണക്കൊന്തയും ദൈവകരുണയുടെ തിരുനാളുമാണ്. അവയുടെ ഫലപ്രാപ്തിയ്ക്ക് ആവശ്യമായ ഒരേയൊരു കാര്യം ദൈവത്തിൻറെ അളവറ്റ കരുണയിൽ സംശയലേശമെന്യേ ആശ്രയിക്കുക എന്നതാണ്. ഇതുമായി ബന്ധപ്പെട്ട ഏതാനും ചില സന്ദേശങ്ങൾ താഴെക്കൊടുക്കുന്നു.
ആത്മാക്കളോടുള്ള, പ്രത്യേകിച്ച് നീചപാപികളോടുള്ള അളവറ്റ കരുണയിൽ എൻറെ ഹൃദയം കവിഞ്ഞൊഴുകുന്നു. ഞാൻ അവരുടെ ഏറ്റവും നല്ല പിതാവാണെന്നും, നിറഞ്ഞൊഴുകുന്ന കരുണയുടെ സ്രോതസ്സിൽ നിന്ന് അവർക്കുവേണ്ടിയാണ് രക്തവും വെള്ളവും പുറപ്പെടുന്നതെന്നും അവർ മനസ്സിലാക്കിയിരുന്നെങ്കിൽ! അവർക്കുവേണ്ടിയാണ് ഞാൻ കരുണയുടെ രാജാവായി സക്രാരിയിൽ വാഴുന്നത്. ആത്മാക്കളിലേക്ക് എൻറെ കൃപകൾ വർഷിക്കാൻ ഞാനാഗ്രഹിക്കുന്നെങ്കിലും അത് സ്വീകരിക്കാൻ അവർക്കു താൽപര്യമില്ല ( മെസ്സേജ് 367). ദൈവത്തിൻറെ സൗജന്യദാനമായ കരുതാൻ സ്വീകരിക്കാൻ വിസമ്മതിക്കുന്ന ദുർഭഗനായ മനുഷ്യൻറെ നേർചിത്രമാണിത്.
കരുണയുടെ യേശുവിൻറെ രൂപം നമുക്കു സുപരിചിതമാണല്ലോ. അതിൽ യേശുവിൻറെഹൃദയത്തിൽ നിന്നു പുറപ്പെടുന്ന മങ്ങിയ നിറമുള്ള രശ്മികൾ ആത്മാക്കളെ നീതീകരിക്കുന്ന വെള്ളത്തെയും ചുവന്ന രശ്മികൾ ആത്മാക്കളുടെ ജീവനായ രക്തത്തെയും സൂചിപ്പിക്കുന്നു എന്ന് യേശു ഫൗസ്റ്റീനയ്ക്ക് പറഞ്ഞുകൊടുത്തു. ( മെസ്സേജ് 299)
എൻറെ പിതാവിൻറെ കോപത്തിൽ നിന്ന് ആത്മാക്കളെ മറയ്ക്കുന്ന പരിചയാണ് ഈ രശ്മികൾ. ഈ രക്ഷാസങ്കേതത്തിൽ വസിക്കുന്നവൻ സന്തോഷവാൻ. എന്തെന്നാൽ, ദൈവത്തിൻറെ നീതിയുടെ കരങ്ങൾ അവൻറെ മേൽ പതിക്കുകയില്ല. ഈസ്റ്റർ കഴിഞ്ഞുള്ള ആദ്യത്തെ ഞായറാഴ്ച ദൈവകരുണയുടെ തിരുനാളായി ആഘോഷിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.(മെസ്സേജ് 299).
ഈ ദിവസം ജീവൻറെ ഉറവിടത്തെ സമീപിക്കുന്ന എല്ലാവർക്കും പൂർണ്ണമായ പാപമോചനവും ശിക്ഷയിൽ നിന്ന് ഇളവും ലഭിക്കും ( മെസ്സേജ് 300)
ഈ വാക്കുകൾ നിനക്കുവേണ്ടിയാണ്. എൻറെ കരുണയുടെ ഭക്തി പ്രചരിപ്പിക്കാനുള്ള പ്രവർത്തനങ്ങളിൽ നിനക്ക് ചെയ്യുവാൻ സാധിക്കുന്നതെല്ലാം ചെയ്യുക. എൻറെ കരുണയെ എല്ലാവരും ആരാധിക്കണമെന്ന് ഞാൻ ആഗഹിക്കുന്നു. രക്ഷ പ്രാപിക്കാനുള്ള അവസാന ഉപാധി ഞാൻ സകല ജനപദങ്ങൾക്കും നൽകുന്നു. അതായത് എൻറെ കരുണയിൽ അഭയം തേടുക. ഈ തിരുനാളിൽ എൻറെ ഹൃദയം അത്യധികം ആഹ്ളാദിക്കുന്നു ( മെസ്സേജ് 998).
എൻറെ കരുണയുടെ തിരുനാളിൽ കുമ്പസാരിച്ചു വിശുദ്ധ കുർബാന സ്വീകരിക്കുന്ന ആത്മാക്കൾക്ക് പൂർണ്ണമായ പൊറുതി നൽകണമെന്നു ഞാൻ ആഗ്രഹിക്കുന്നു ( മെസ്സേജ് 1109)
എൻറെ മകളേ, എൻറെ അഗ്രാഹ്യമായ കരുണയെപ്പറ്റി സമസ്തലോകത്തോടും പറയുക. എല്ലാ ആത്മാക്കൾക്കും പ്രത്യേകിച്ച് കഠിനപാപികൾക്ക്, കരുണയുടെ തിരുനാൾ അഭയവും സംരക്ഷണവും ആയിത്തീരുവാൻ ഞാൻ ആഗ്രഹിക്കുന്നു. ആ ദിവസം എൻറെ അനുകമ്പാർദ്രമായ കരുണയുടെ ആഴങ്ങൾ ഞാൻ തുറക്കും. എൻറെ കരുണയുടെ ഉറവിടത്തെ സമീപിക്കുന്ന ആത്മാക്കളുടെ മേൽ, ഞാൻ പ്രസാദവരത്തിൻറെ വൻകടൽ തന്നെ ഒഴുക്കും. ആ ദിവസം കുമ്പസാരിച്ച് പരിശുദ്ധകുർബാന സ്വീകരിക്കുന്ന ആത്മാക്കൾക്കു പരിപൂർണ്ണ പാപമോചനവും കടങ്ങളുടെ പൊറുതിയും ലഭിക്കും ( മെസ്സേജ് 699)
കരുണയുടെ ജപമാല ചൊല്ലുന്ന ആത്മാക്കളെ ജീവിതകാലം മുഴുവനും, പ്രത്യേകിച്ച് മരണസമയത്ത് എൻറെ കരുണ ആശ്ലേഷിക്കും ( മെസ്സേജ് 754)
കരുണക്കൊന്ത ചൊല്ലുന്ന ഓരോ ആത്മാവിനെയും, അവരുടെ മരണസമയത്ത്, എൻറെ മഹത്വമെന്ന നിലയിൽ ഞാൻ സംരക്ഷിക്കും. മരിച്ചുകൊണ്ടിരിക്കുന്നവർക്കുവേണ്ടി മറ്റുള്ളവർ ഇതു ചൊല്ലിയാലും, ഈ ദണ്ഡവിമോചനം ലഭിക്കുന്നതാണ്. മരണാസന്നരുടെ കട്ടിലിനരികെ നിന്ന് കരുണകൊന്ത ചൊല്ലുകയാണെങ്കിൽ ദൈവകോപം മാറിപ്പോകുകയും അളവറ്റ ദൈവകരുന്ന ആ ആത്മാവിനെ പുൽകുകയും ചെയ്യും ( മെസ്സേജ് 811 ).
ദൈവകരുണയുടെ തിരുനാളിന് ഒരുക്കമായി ദുഃഖവെള്ളിയാഴ്ച മുതൽ ആരംഭിക്കുന്ന കരുണയുടെ നൊവേന ശുശ്രൂഷയുടെ ഭാഗമായി എടുത്തിട്ടുള്ള വൈദികരും സന്യസ്തരും സാധാരണ വിശ്വാസികളും ധാരാളമുണ്ട്. അവർ എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ ഇത്രയധികം ശ്രദ്ധ കൊടുക്കുന്നതെന്ന് മനസ്സിലാക്കണമെങ്കിൽ എൺപത്തിമൂന്നാമത്തെ സന്ദേശം കൂടി വായിച്ചിരിക്കണം.
‘ താഴെ പറയും വിധം എഴുതുക. നീതിമാനായ ന്യായാധിപനായി ഞാൻ വരും മുൻപ് കരുണയുടെ രാജാവായി വരുന്നു. ന്യായവിധിയുടെ ദിവസം ഉദിക്കുന്നതിനു മുൻപ്, ഈ അടയാളം ആകാശത്തു നൽകപ്പെടും’.
അതേ, അതാണ് കാര്യം. കരുണയുടെ വാതിൽ അടയുകയും നീതിയുടെ ദിനം ആഗതമാവുകയും ചെയ്യുന്നതിനു മുൻപ് പരമാവധി ആത്മാക്കളിലേക്ക് ഈ സന്ദേശം എത്തിക്കാൻ അവർ ആഗ്രഹിക്കുന്നു. നമുക്കും ദൈവകരുണയിൽ ശരണപ്പെടാം. അതോടൊപ്പം ദൈവത്തിൻറെ നിസ്സീമമായ കരുണയെക്കുറിച്ച് മറ്റുള്ളവരോടു പായുകയും ചെയ്യാം.
ഈ അവസാനനാളുകളിൽ നമ്മുടെ അവസാന ആശ്രയം ദൈവകരുണ മാത്രമായിരിക്കും എന്ന ബോധ്യം നമ്മുടെ എല്ലാവരുടെയും ഹൃദയത്തിൽ ആഴമായി പതിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.