ദൈവകരുണയുടെ നൊവേന

നിർദ്ദേശങ്ങളും വാഗ്ദാനങ്ങളും

ദുഃഖവെളളിയാഴ്‌ച മുതൽ ഈസ്റ്റർ കഴിഞ്ഞുവരുന്ന ആദ്യ ഞായർ വരെ ഈ നൊവേന നടത്തുക. “ഈ ഒമ്പതു ദിവസങ്ങളിൽ എല്ലാ ആത്മാക്കളേയും എൻ്റെ കരുണയുടെ അരുവിയിലേക്ക് നീ നയിക്കണം. ഇതിൽ നിന്നും ജീവിത പരിക്ഷണഘട്ടങ്ങളിലും, പ്രത്യേകിച്ച് മരണ സമയത്തും അവർക്കാവശ്യമായിരിക്കുന്ന ശക്തിയും, ആശ്വാസവും, വേണ്ടുന്ന എല്ലാ അനുഗ്രഹങ്ങളും ആവോളം അവർ നേടിയെടുക്കട്ടെ. ഓരോ ദിവസവും ഓരോതരത്തിലുള്ള ആത്മാക്കളെ നീ കൂട്ടിക്കൊണ്ടു വരികയും എൻ്റെ കരുണക്കടലിൽ മുക്കിയെടുക്കുകയും ചെയ്യുക. ഈ അനുഗ്രഹ നൊവേനയിലൂടെ എന്തെല്ലാം ചോദിച്ചാലും ഞാൻ തരും എന്ന് കർത്താവ് വാഗ്ദാനം ചെയ്തിട്ടുണ്ട്.” ഈ നവനാൾ ദുഃഖവെള്ളിയാഴ്‌ച മുതൽ നടത്തു വാനാണ് ദിവ്യനാഥൻ കല്‌പിച്ചിട്ടുളളതെങ്കിലും, ആവശ്യാനുസരണം എപ്പോൾ വേണമെങ്കിലും ഇത് നടത്താവുന്നതാണെന്നും അവിടുന്ന് കല്‌പിച്ചിട്ടുണ്ട്. ആയതിനാൽ ഫലപ്രദമായ ഈ നൊവേന പാപികളുടെ മാനസാന്തരത്തിനായി കൂടെക്കൂടെ നടത്തുന്നത് ഉത്തമമായിരിക്കും. ഈ ദിവസങ്ങളിൽ കുമ്പസാരിച്ച് വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്നത് ഈശോയുടെ വാഗ്ദാനമനുസരിച്ച് അത്യുത്തമം.

(ഒരോ ദിവസത്തെ നൊവേനപ്രാർത്ഥനയോടൊപ്പെം കരുണയുടെ ജപമാലയും തുടർന്ന് ദൈവകാരുണ്യത്തിൻ്റെ ലുത്തിനിയായും ചൊല്ലേണ്ടതാണ്)


ഒന്നാം ദിനം

(നിയോഗം: എല്ലാ പാപികളുടെയും മാനസാന്തരത്തിനായും അവരുടെ മേൽ ദൈവത്തിൻ്റെ കരുണ നിറയുന്നതിനായും പ്രാർത്ഥിക്കുക.)

നിത്യ പിതാവേ! ഏറ്റവും കരുണയുള്ള അങ്ങയുടെ ഹൃദയത്തിൽ എല്ലാ പാപികളേയും നിത്യമായി അങ്ങേ അനന്തകരുണയിൽ സ്വീകരിക്കണമേ. ഏറ്റവും കരുണയുളള ഈശോയേ! ഞങ്ങളോട് ക്ഷമിക്കണമേ. ഞങ്ങളുടെ പാപങ്ങൾ നോക്കരുതേ, അനന്ത നന്മയായ അങ്ങിൽ ഞങ്ങൾ ശരണപ്പെടുന്നു. അങ്ങയുടെ ഏറ്റവും കരുണയുളള ഹൃദയത്തിൽ ഞങ്ങളെ സ്വീകരിക്കണമേ. അങ്ങിൽ നിന്ന് ഒരിക്കലും വിട്ടുനിൽക്കാൻ ഇടയാക്കല്ലേ. പിതാവിനോടും പരിശുദ്ധാത്മാവിനോടും അങ്ങയെ ഒന്നിപ്പിക്കുന്ന സ്നേഹം ഞങ്ങൾ യാചിക്കുന്നു. കർത്താവീശോമിശിഹായുടെ കാരുണ്യത്തിന്റെ സർവ്വശക്തിയെ എപ്പോഴും എന്നേക്കും പുകഴ്ത്തട്ടെ. ആമ്മേൻ

1 സ്വ. 1 നന്മ. 1 ത്രിത്വ

കരുണയുടെ ജപമാല……

ദൈവകാരുണ്യത്തിന്റെ ലുത്തിനിയാ…..


രണ്ടാം ദിനം

(നിയോഗം: വൈദികരും സന്യസ്‌തരും കൂടുതൽ വിശുദ്ധീകരിക്കപ്പെടാനും അങ്ങനെ ദൈവത്തിൻ്റെ കരുണ അവരിലൂടെ മനുഷ്യസമൂഹത്തിനു മുഴുവൻ ലഭ്യമാകുവാനും വേണ്ടി പ്രാർത്ഥിക്കുക)

ഏറ്റവും കരുണയുളള ഈശോയെ! എല്ലാ നന്മകളുടെയും ഉറവിടമേ!. അങ്ങയുടെ പ്രസാദവരങ്ങൾ ഞങ്ങളിൽ വർദ്ധിപ്പിക്കണമേ. കരുണയുടെ പ്രവൃത്തികൾ ചെയ്യുവാനും അതുവഴി ഞങ്ങളെ കാണുന്നവരെല്ലാം കരുണയുടെ പിതാവിനെ പുകഴ്ത്തുവാനും ഇടവരട്ടെ. നിത്യനായ പിതാവേ! കരുണാർദ്രമായ അങ്ങയുടെ കണ്ണുകൾ അങ്ങയുടെ മുന്തിരിത്തോപ്പിലെ തെരഞ്ഞെടുക്കപ്പെട്ട വേലക്കാരായ സന്യസ്‌തരുടെയും വൈദികരുടെ നേർക്ക് തിരിക്കണമേ. അങ്ങയുടെ അനുഗ്രഹങ്ങൾകൊണ്ട് അവരെ ആഭരണമണിയിക്കണമേ. അങ്ങയുടെ തിരുക്കുമാരൻ്റെ തിരുഹൃദയത്തോടുള്ള സ്നേഹത്താൽ മുദ്രയിടപ്പെട്ടിരിക്കുന്ന അവർക്ക് അങ്ങയുടെ ശക്തിയും പ്രകാശവും പ്രദാനം ചെയ്യണമേ. അങ്ങനെ അവർ മറ്റുളളവരേയും രക്ഷയുടെ മാർഗ്ഗത്തിലേക്ക് നയിക്കുന്നതിനും ഏകസ്വരത്തിൽ അങ്ങയുടെ അളവില്ലാത്ത കരുണയെ പാടി പുകഴ്ത്തുന്നതിനും ഇടയാകട്ടെ. ആമ്മേൻ.

1 സ്വ. 1 നന്മ. 1 ത്രിത്വ

കരുണയുടെ ജപമാല……

ദൈവകാരുണ്യത്തിന്റെ ലുത്തിനിയാ…..


മൂന്നാം ദിനം

(നിയോഗം: ഭക്തിയും തീക്ഷണതയും വിശ്വസ്‌തതയുമുള്ള ദൈവവിശ്വാസികൾക്ക് ദൈവത്തിൻ്റെ കരുണ സമൃദ്ധമായി ലഭിക്കുന്നതിനും ആത്മീയശക്തി ജ്വലിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കുക)

ഏറ്റവും കരുണയുള്ള ഈശോയെ, അങ്ങയുടെ കരുണയുടെ നിക്ഷേപത്തിൽ നിന്നും ഞങ്ങൾക്കെല്ലാവർക്കും സമൃദ്ധമായ അളവിൽ പ്രസാദവരങ്ങൾ വർഷിക്കണമേ. സഹതാപ നിർഭരമായ അങ്ങയുടെ ഹൃദയത്തിൽ ഞങ്ങൾക്ക് അഭയം നൽകണമേ. അവിടെ നിന്ന് അകന്നുപോകുവാൻ ഞങ്ങളെ അനുവദിക്കരുതേ. സ്വർഗസ്ഥനായ പിതാവിനോടുള്ള സ്നേഹത്താൽ അതിതീഷ്‌ണമായി ജ്വലിച്ചുകൊണ്ടിരിക്കുന്ന അങ്ങയുടെ ഹൃദയത്തെപ്രതി ഈ അനുഗ്രഹം ഞങ്ങൾ അങ്ങയോട് യാചിക്കുന്നു. നിത്യനായ പിതാവേ, വിശ്വാസികളുടെ ആത്മാക്കളുടെ മേൽ കരുണാർദ്രമായ അങ്ങയുടെ നോട്ടം പതിക്കണമേ. അവർ അങ്ങയുടെ പുത്രന്റെ അനന്തരാവകാശികളാണല്ലോ. അങ്ങേ പുത്രന്റെ കഠിനപീഡകളെപ്രതി അങ്ങയുടെ അനുഗഹങ്ങൾ അവരിൽ ചൊരിയണമേ. അങ്ങയുടെ നിരന്തരമായ സംരക്ഷണം അവരോടുകൂടെ ഉണ്ടായിരിക്കണമേ. അങ്ങനെ അവർ അങ്ങയോടുള്ള സ്നേഹത്തിൽ പരാജയപ്പെടാതിരിക്കട്ടെ. അങ്ങയിലുള്ള പരിശുദ്ധമായ വിശ്വാസത്താൽ അവർ ഉറച്ചുനിൽക്കട്ടെ. സ്വർഗത്തിലുളള എല്ലാ മാലാഖമാരോടും വിശുദ്ധന്മാരോടുമൊപ്പം അങ്ങയുടെ അളവില്ലാത്ത കരുണയെ മഹത്ത്വപ്പെടുത്തുന്നതിന് അവർക്കിടയാകട്ടെ. എപ്പോഴും എന്നേക്കും. ആമ്മേൻ.

1 സ്വ. 1 നന്മ. 1 ത്രിത്വ

കരുണയുടെ ജപമാല……

ദൈവകാരുണ്യത്തിന്റെ ലുത്തിനിയാ…..


നാലാം ദിനം

(നിയോഗം: അവിശ്വാസികളും യേശുവിനെ അറിയാത്തവരും ദൈവത്തിന്റെ കരുണയിൽ നിറയപ്പെട്ട് ദൈവസന്നിധിയിൽ പ്രവേശിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കുക)

ഏറ്റവും സഹാതാപാർദ്രനായ എൻ്റെ ഈശോയെ! അങ്ങാകുന്നു ലോകം മുഴുവന്റെയും വെളിച്ചം. ദയാ നിർഭരമായ അങ്ങയുടെ ഹൃദയത്തിൽ അവിശ്വാസികളുടേയും അങ്ങേ അറിയാത്തവരുടേയും ആത്മാക്കളെ സ്വീകരിക്കണമേ. അങ്ങയുടെ കൃപാകിരണങ്ങൾ അവരെ പ്രകാശിപ്പിക്കുകയും അങ്ങനെ മഹനീയമായ അങ്ങയുടെ കരുണയെ അവർ വാഴ്ത്തുവാനിടയാവുകയും ചെയ്യട്ടെ. കരുണാസമ്പന്നമായ അങ്ങയുടെ ഹൃദയത്തിൽ നിന്ന് അകന്നുപോകാൻ അവരെ അനുവദിക്കരുതേ. നിത്യനായ പിതാവേ! അങ്ങയിൽ വിശ്വസിക്കാത്തവരും അങ്ങയെ അറിയാത്തവരും ആണെങ്കിലും ഈശോയുടെ ദയ നിറഞ്ഞ ഹൃദയത്തിൽ സ്ഥാനം ലഭിച്ചിരിക്കുന്ന ആത്മാക്കളുടെ മേൽ അങ്ങയുടെ കരുണാകടാക്ഷം ഉണ്ടാകണമേ. സുവിശേഷ വെളിച്ചത്തിലേക്ക് അവരെ ആനയിക്കണമേ. അങ്ങയെ സ്നേഹിക്കുക എത്ര ആനന്ദപ്രദമായ അനുഭവമാണെന്ന് ഈ ആത്മാക്കൾ അറിയുന്നില്ല. അങ്ങയുടെ കരുണയുടെ സമൃദ്ധിയെ പുകഴ്ത്തുവാൻ ഇവർക്കും വരമേകണമേ, എപ്പോഴും എന്നേക്കും ആമ്മേൻ.

1 സ്വ. 1 നന്മ. 1 ത്രിത്വ

കരുണയുടെ ജപമാല……

ദൈവകാരുണ്യത്തിന്റെ ലുത്തിനിയാ…..


അഞ്ചാം ദിനം

(നിയോഗം: സത്യസഭയിൽനിന്ന് വേർപിരിഞ്ഞുപോയ സഹോദരങ്ങൾ തിരിച്ചുവരുന്നതിനും ദൈവത്തിന്റെ കരുണയിൽ നിറയപ്പെട്ട് ദൈവത്തെ മഹത്ത്വപ്പെടുത്തുന്നതിനും വേണ്ടി പ്രാർത്ഥിക്കുക)

ഏറ്റവും കരുണയുളള ഈശോയെ! നന്മയുടെ ഉറവിടമേ അങ്ങയുടെ പ്രകാശം അന്വേഷിക്കുന്നവരെ അവിടുന്ന് നിരസിക്കുകയില്ലല്ലോ. സത്യസഭയിൽ നിന്ന് വേർപിരിഞ്ഞുപോയ സഹോദരങ്ങളുടെ ആത്മാക്കളെ അങ്ങയുടെ ദയാപൂർണ്ണമായ ഹൃദയത്തിൽ സ്വീകരിക്കണമേ. അങ്ങയുടെ പ്രകാശം നല്‌കി സഭയുടെ ഐക്യത്തിലേക്ക് അവരെ ആനയിക്കണമേ. സഹതാപ സമ്പൂർണ്ണമായ അങ്ങയുടെ ഹൃദയത്തിൽ നിന്ന് അകന്നുപോകുവാൻ അവരെ അനുവദിക്കരുതേ. പകരം അവർക്കവിടെ സ്ഥാനം നൽകി അങ്ങയുടെ കൃപാസമൃദ്ധിയെ പുകഴ്ത്തുവാനിടയാകട്ടെ. നിത്യനായ പിതാവേ! വിശ്വാസത്തിൽ നിന്ന് വേർപിരിഞ്ഞുപോയ സഹോദരങ്ങളുടെമേൽ പ്രത്യേകിച്ച് അങ്ങയുടെ പ്രസാദവരങ്ങളെ നിരസിച്ച് മനഃപൂർവ്വം തെറ്റിൽ നിലനിൽക്കുന്നവരുടെമേൽ അങ്ങയുടെ ദയാദൃഷ്ടി തിരിക്കണമേ. അവരുടെ തെറ്റുകളെ അങ്ങ് പരിഗണിക്കരുതേ. അങ്ങയുടെ പുത്രന് അവരോടുള്ള സ്നേഹവും അവർക്കുവേണ്ടി ഏറ്റ സഹനവും അവർക്കു ഈശോയുടെ ദയാസമദ്ധമായ ഹൃദയത്തിലുള്ള സ്ഥാനവും അങ്ങു പരിഗണിക്കണമേ. അങ്ങയുടെ മഹനീയമായ മഹിമയെ പാടിപുകഴ്ത്തുവാൻ അവരേയും അങ്ങേ സവിധത്തിലേയ്ക്ക് അടുപ്പിക്കണമേ. എപ്പോഴും എന്നേക്കും ആമ്മേൻ.

1 സ്വ. 1 നന്മ. 1 ത്രിത്വ

കരുണയുടെ ജപമാല……

ദൈവകാരുണ്യത്തിന്റെ ലുത്തിനിയാ…..


ആറാം ദിനം

(നിയോഗം: എളിമയും ശാന്തതയും ഉളളവരുടെയും കൊച്ചുകുട്ടികളുടേയും ആത്മാക്കൾക്കായും അവരുടെമേൽ ദൈവത്തിന്റെ പ്രസാദവരങ്ങളും സർവ്വസമ്പത്തും വർഷിക്കപ്പെടുന്നതിനായും പ്രാർത്ഥിക്കുക.)

ഏറ്റവും കരുണയുള്ള ഈശോയെ! “ഞാൻ ശാന്തശീലനും വിനീതനുമാകയാൽ എന്നിൽ നിന്ന് പഠിക്കുവിൻ” എന്ന് അങ്ങ് തന്നെ അരുളിചെയ്‌തിട്ടുണ്ടല്ലോ. വിനീത ഹൃദയരുടെയും ശിശുക്കളുടെയും ആത്മാക്കളെ അങ്ങയുടെ കരുണാനിർഭരമായ ഹൃദയത്തിൽ സ്വീകരിക്കണമേ. സ്വർഗസ്ഥനായ പിതാവിൻ്റെ പ്രിയപ്പെട്ടവരും, സ്വർഗത്തെ മുഴുവൻ ആനന്ദിപ്പിക്കുന്നവരും ഈ ആത്മാക്കളാണ്. ദൈവസിംഹാസനത്തിന് മുമ്പാകെ പരിമളം പരത്തുന്ന പൂച്ചെണ്ടുകളാണിവർ. അവരുടെ വിശുദ്ധിയുടെ പരിമളത്താൽ ദൈവം തന്നെ സന്തോഷിക്കുന്നു. ഈശോയുടെ കനിവു നിറഞ്ഞ ഹൃദയം ഈ ആത്മാക്കൾക്കൊരു നിത്യഗേഹമാണല്ലോ. സ്നേഹത്തിന്റെയും കരുണയുടെയും മധുരഗാനം അവർ എപ്പോഴും പാടികൊണ്ടിരിക്കുകയും ചെയ്യട്ടെ. നിത്യനായ പിതാവേ! കനിവിന്നുറവയായ ഈശോയുടെ ഹൃദയത്തിൽ മറഞ്ഞിരിക്കുന്ന കൊച്ചുകുട്ടികളുടെ ശാന്തതയും എളിമയുമുള്ള ആത്മാക്കളുടെമേൽ അങ്ങയുടെ ദയാദൃഷ്ടി പതിക്കണമേ. അങ്ങേ പുത്രന്റെ ഏറ്റവും അടുത്ത പ്രതിഛായകളാണവർ. ഭൂമിയിൽ നിന്നുയരുന്ന അവരുടെ സുഗന്ധം സ്വർഗത്തിൽ അങ്ങയുടെ സിംഹാസനം വരെ എത്തുന്നു. കരുണയുടെ പിതാവേ സർവ്വ നന്മകളുടെയും ഉറവിടമേ, ഈ ആത്മാക്കളോടുള്ള അങ്ങയുടെ സ്നേഹത്തെപ്രതിയും അങ്ങേക്കിവരിലുള്ള പ്രസാദത്തെ പ്രതിയും ഞാൻ യാചിക്കുന്നു; ലോകം മുഴുവനെയും അങ്ങ് അനുഗ്രഹിക്കണമെ. അങ്ങനെ എല്ലാ ആത്മാക്കളുമൊന്നിച്ച് അങ്ങയുടെ കരുണയുടെ സ്‌തുതികൾ പാടിപുകഴ്ത്തുവാൻ ഇടവരട്ടെ. എപ്പോഴും എന്നേക്കും ആമ്മേൻ.

1 സ്വ. 1 നന്മ. 1

ത്രിത്വ കരുണയുടെ ജപമാല……

ദൈവകാരുണ്യത്തിന്റെ ലുത്തിനിയാ…..


എഴാം ദിനം

(നിയോഗം: ദൈവത്തിൻ്റെ കരുണയെ മഹത്ത്വപ്പെടുത്തുകയും വാഴ്ത്തുകയും ചെയ്യുന്ന ദിവ്യകാരുണ്യ ഭക്തർക്കായും ഈശോയുടെ ചൈതന്യം ആഴത്തിൽ ഗ്രഹിച്ച് സ്വന്തമാക്കി നിത്യജീവനിലോ മഹിമയോടെ പ്രവേശിക്കുന്നതിനായും പ്രാർത്ഥിക്കുക)

ഏറ്റവും കരുണയുള്ള ഈശോയെ! അങ്ങയുടെ ഹൃദയം സ്നേഹം തന്നെയാണല്ലോ. അങ്ങയുടെ കരുണയുടെ ആഴത്തെ പുകഴ്ത്തുന്നവരുടെ ആത്മാക്കൾക്ക് അങ്ങയുടെ ഹൃദയത്തിൽ അഭയം നൽകണമേ. ദൈവത്തിന്റെ തന്നെ ശക്തി സ്വീകരിച്ച് ശ്രേഷ്‌ഠത നിറഞ്ഞവരാണീ ആത്മാക്കൾ. ദുഃഖങ്ങളുടെ നടുവിലും അങ്ങയുടെ കാരുണ്യത്തിൽ ആശ്രയിച്ച് അവർ മുന്നോട്ട് പോകുന്നു. ഈശോയുമായി ഐക്യപ്പെട്ടിരിക്കുന്ന ഈ ആത്മാക്കൾ, മാനവലോകത്തെ മുഴുവൻ തങ്ങളുടെ മാദ്ധ്യസ്ഥം വഴിയായി തോളുകളിൽ സംവഹിക്കുന്നു. ഈ ആത്മാക്കൾ കഠിനമായി വിധിക്കപ്പെടുകയില്ലല്ലോ. ഈ ജീവിതത്തിൽ നിന്നു പിരിയുമ്പോൾ അങ്ങയുടെ കരുണ അവരെ ആലിംഗനം ചെയ്‌ത്‌ സ്വീകരിക്കുമല്ലോ. നിത്യനായ പിതാവേ! ഈശോയുടെ കരുണയുള്ള ഹൃദയത്തിലെ അംഗങ്ങളിൽ അങ്ങയുടെ ദയാദൃഷ്‌ടി പതിക്കണമേ. ജീവിക്കുന്ന സുവിശേഷങ്ങളാണീ ആത്മാക്കൾ. കരുണയുടെ പ്രവൃത്തികളാൽ അവരുടെ ഹൃദയം നിറഞ്ഞിരിക്കുന്നു. സന്തോഷത്താൽ നിറഞ്ഞുതുളുമ്പുന്ന അവരുടെ ഹൃദയം അത്യുന്നതന്റെ കാരുണ്യ സ്തോത്രം ആലപിക്കുന്നു. അങ്ങയിൽ അവർ സമർപ്പിച്ചിരിക്കുന്ന പ്രതീക്ഷക്കും ശരണത്തിനും അനുസൃതമായി അവരോട് കരുണ കാണിക്കണമേയെന്ന് ഞാനങ്ങയോട് യാചിക്കുന്നു. അങ്ങയുടെ അളവില്ലാത്ത കരുണയെ പുകഴ്ത്തുന്നവരെ ജീവിതകാലത്തും പ്രത്യേകിച്ച് മരണസമയത്തും സംരക്ഷിക്കുമെന്ന വാഗ്‌ദാനം അവരിൽ പൂർത്തിയാകട്ടെ. എപ്പോഴും എന്നേക്കും ആമ്മേൻ.

1 സ്വ. 1 നന്മ. 1 ത്രിത്വ

കരുണയുടെ ജപമാല……

ദൈവകാരുണ്യത്തിന്റെ ലുത്തിനിയാ…..


എട്ടാം ദിനം

(നിയോഗം: ഈശോ വളരെയധികം സ്നേഹിക്കുന്ന ശുദ്ധീകരണാത്മാക്കളുടെ നീറുന്ന മനസ്സുകൾ അവിടുത്തെ തിരുരക്തം കൊണ്ട് ആശ്വസിപ്പിക്കപ്പെടുന്നതിനായി പ്രാർത്ഥിക്കുക.)

ഏറ്റവും കരുണയുളള ഈശോയെ! കരുണയാണ് അങ്ങ് ആഗ്രഹിക്കുന്നത് എന്നരുളിചെയ്‌തിട്ടുണ്ടല്ലോ. ശുദ്ധീകരണ സ്ഥലത്തുളള എല്ലാ ആത്മാക്കളെയും അങ്ങയുടെ സഹതാപാർദ്രമായ ഹൃദയത്തിൽ ഞാൻ സമർപ്പിക്കുന്നു. അങ്ങേക്ക് വളരെ പ്രിയപ്പെട്ടവരെങ്കിലും അങ്ങയുടെ നീതി പൂർത്തിയാക്കേണ്ടവരാണിവർ. അങ്ങയുടെ ഹൃദയത്തിൽ നിന്ന് പുറപ്പെട്ട രക്തവും ജലവും അഗ്നിജ്വാലകളെ ശമിപ്പിക്കട്ടെ. അങ്ങനെ അങ്ങയുടെ കരുണയുടെ ശക്തി അവിടെയും പുകഴ്ത്തപ്പെടട്ടെ. നിത്യനായ പിതാവേ! ഈശോയുടെ ദയനിറഞ്ഞ ഹൃദയത്തിൽ സ്ഥാനമുള്ള ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളുടെമേൽ അങ്ങയുടെ കരുണാകടാക്ഷം ഉണ്ടാകണമെ. ഈശോ സഹിച്ച കയ്‌പു നിറഞ്ഞ ക്ലേശങ്ങളെയും ആത്മാവിൽ നിറഞ്ഞ എല്ലാ സഹനങ്ങളെയും പ്രതി ഞാൻ അങ്ങയോട് യാചിക്കുന്നു. നീതിവിധിക്കു വിധേയരായിരിക്കുന്ന ആത്മാക്കളുടെ മേൽ അങ്ങയുടെ കാരുണ്യം വർഷിക്കണമേ. അങ്ങയുടെ പ്രിയ പുത്രനായ ഈശോയുടെ തിരുമുറിവുകളിലൂടെ മാത്രം അങ്ങവരെ നോക്കണമേ. അങ്ങയുടെ ദയയ്ക്കും നന്മയ്ക്കും അതിരുകളില്ലെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. ആമ്മേൻ.

1 സ്വ. 1 നന്മ. 1 ത്രിത്വ

കരുണയുടെ ജപമാല……

ദൈവകാരുണ്യത്തിന്റെ ലുത്തിനിയാ…..


ഒൻപതാം ദിനം

(നിയോഗം: മന്ദത ബാധിച്ച ആത്മാക്കളുടെ രക്ഷക്കായും അവർ ഈശോയുടെ കരുണയിൽ നിറയപ്പെട്ട് ആത്മാവിന്റെ വരദാനഫലങ്ങളാൽ പൂരിതരാകുന്നതിനു വേണ്ടിയും പ്രാർത്ഥിക്കുക)

ഏറ്റവും കരുണാർദ്രനായ ഈശോയെ! അങ്ങു കാരുണ്യം തന്നെയാകുന്നു. അങ്ങയുടെ കനിവുനിറഞ്ഞ ഹൃദയത്തിലേക്ക് മന്ദത ബാധിച്ച ആത്മാക്കളെ ഞാൻ കൊണ്ടുവരുന്നു. ജീവനറ്റ ശരീരങ്ങളെപ്പോലെ ആറിത്തണുത്ത ഈ ആത്മാക്കളെ അങ്ങയുടെ സ്നേഹാഗ്നിജ്വാലയാൽ ഒരിക്കൽക്കൂടി എരിയിക്കണമേ. ഏറ്റവും കാരുണ്യമുള്ള ഈശോയെ അങ്ങയുടെ കാരുണ്യത്തിൻ്റെ മഹനീയ ശക്തി ഇവരിൽ പ്രവർത്തിപ്പിക്കണമേ. അങ്ങയുടെ സ്നേഹതീക്ഷണതയിലേക്ക് ഇവരെ ആനയിക്കണമേ. പരിശുദ്ധമായ സ്നേഹത്തിന്റെ ദാനം അവരിൽ ചൊരിയണമേ. എന്തെന്നാൽ യാതൊന്നും അങ്ങയുടെ ശക്തിക്ക് അതീതമല്ലല്ലോ. നിത്യനായ പിതാവേ! ഏറ്റവും ദയയുളള ഈശോയുടെ തിരുഹൃദയത്തിൽ സ്ഥാനമുളള മന്ദത ബാധിച്ച ഈ ആത്മാക്കളുടെ മേൽ അങ്ങയുടെ ദയാദൃഷ്‌ടി പതിക്കണമേ. കാരുണ്യത്തിന്റെ പിതാവേ! അങ്ങേ പുത്രന്റെ കയ്പ്പേറിയ പീഡകളെപ്രതിയും കുരിശിലെ മൂന്നു മണിക്കൂർ സഹനത്തെപ്രതിയും ഞാനങ്ങയോട് യാചിക്കുന്നു. അവരും അങ്ങയുടെ അഗാധകാരുണ്യത്തെ മഹത്ത്വപ്പെടുത്തുവാനിടയാകട്ടെ. ആമ്മേൻ

1 സ്വ. 1 നന്മ. 1 ത്രിത്വ

കരുണയുടെ ജപമാല……

ദൈവകാരുണ്യത്തിൻ്റെ ലുത്തിനിയാ…..


ദൈവകാരുണ്യത്തിൻ്റെ ലുത്തിനിയ

കർത്താവേ അനുഗ്രഹിക്കണമേ.

മിശിഹായേ അനുഗ്രഹിക്കണമേ

മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊളളണമേ.

സ്വർഗസ്ഥനായപിതാവായ ദൈവമേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

പുത്രനായ ദൈവമേ, ഞങ്ങളെ അനുഗ്രഹിക്കണമേ..

പരിശുദ്ധാത്മാവായ ദൈവമേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

ഏകദൈവമായ പരിശുദ്ധ ത്രിത്വമേ ഞങ്ങളെ അനുഗ്രഹിക്കണമേ.

  • സ്രഷ്‌ടാവിന്റെ ഏറ്റവും വലിയ വിശേഷണമായ ദൈവകാരുണ്യമേ, (ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു …..)
  • പരിശുദ്ധാത്മാവിൻ്റെ അളവില്ലാത്ത സ്നേഹമായ ദൈവകാരുണ്യമേ,
  • പരിശുദ്ധത്രിത്വത്തിൻ്റെ അഗ്രാഹ്യരഹസ്യമായ ദൈവകാരുണ്യമേ,
  • അത്യുന്നതൻറെ സർവ്വശക്തിയുടെ പ്രകടനമായ ദൈവകാരുണ്യമേ,
  • അമാനുഷ സൃഷ്ട്‌ടികളിൽ വെളിപ്പെടുത്തപ്പെട്ടിരിക്കുന്ന ദൈവകാരുണ്യമേ,
  • ഇല്ലായ്‌മയിൽ നിന്ന് ഞങ്ങളെ വിളിച്ച ദൈവകാരുണ്യമേ,
  • പ്രപഞ്ചത്തെ മുഴുവൻ ചൂഴ്‌നു നിൽക്കുന്ന ദൈവകാരുണ്യമേ,
  • ഞങ്ങളിൽ അമർത്യത വിതയ്ക്കുന്ന ദൈവകാരുണ്യമേ,
  • അർഹിക്കുന്ന ശിക്ഷയിൽ നിന്ന് ഞങ്ങളെ സംരക്ഷിക്കുന്ന ദൈവകാരുണ്യമേ,
  • പാപത്തിന്റെ ദുരിതത്തിൽ നിന്ന് ഞങ്ങളെ ഉയർത്തുന്ന ദൈവകാരുണ്യമേ,
  • സൃഷ്‌ടലോകത്തിൽ ഞങ്ങളുടെ നീതീകരണമായ ദൈവകാരുണ്യമേ,
  • യേശുവിൻ്റെ മുറിവുകളിൽ നിന്ന് ഒഴുകുന്ന ദൈവകാരുണ്യമേ,
  • യേശുവിന്റെ പരിശുദ്ധഹൃദയത്തിൽ നിന്നും പുറപ്പെടുന്ന ദൈവകാരുണ്യമേ,
  • കരുണയുടെ മാതാവായ കന്യകാമറിയത്തെ ഞങ്ങൾക്കു തന്ന ദൈവകാരുണ്യമേ,
  • ദൈവീകരഹസ്യങ്ങളുടെ വെളിപ്പെടുത്തലിൽ പ്രകാശിതമായിരിക്കുന്ന ദൈവകാരുണ്യമേ,
  • സാർവത്രികസഭയുടെ സ്ഥാപനത്തിൽ പ്രകടമായിരിക്കുന്ന ദൈവകാരുണ്യമേ,
  • പരിശുദ്ധകൂദാശകളിൽ അടങ്ങിയിരിക്കുന്ന ദൈവകാരുണ്യമേ,
  • മനുഷ്യവർഗ്ഗത്തിൻ്റെ രക്ഷക്കായിനൽകിയ ജ്ഞാനസ്‌നാനത്തിന്റെയും കുമ്പസാരത്തിൻ്റെയും കൂദാശകളിൽ അടങ്ങിയിരിക്കുന്ന ദൈവകാരുണ്യമേ,
  • വിശുദ്ധ കുർബ്ബാനയിലും പൗരോഹിത്യത്തിലും പ്രദാനം ചെയ്യപ്പെട്ടിരിക്കുന്ന ദൈവകാരുണ്യമേ,
  • ക്രിസ്തീയവിശ്വാസത്തിലേക്ക് ഞങ്ങളെ ക്ഷണിച്ച ദൈവകാരുണ്യമേ,
  • നീതിമാന്മാരുടെ വിശുദ്ധീകരണത്തിന് പ്രകടിതമായിരിക്കുന്ന ദൈവകാരുണ്യമേ,
  • വിശുദ്ധരെ പൂർണ്ണതയിലെത്തിക്കുവാൻ സഹായിക്കുന്ന ദൈവകാരുണ്യമേ,
  • രോഗികളുടെയും സഹിക്കുന്നവരുടെയും ആരോഗ്യപാത്രമായ ദൈവകാരുണ്യമേ,
  • വേദനിക്കുന്നവരുടെ ആശ്വാസമായ ദൈവകാരുണ്യമേ,
  • നിരാശയിൽ വേദനിക്കുന്ന ആത്മാക്കളുടെ പ്രതീക്ഷയായ ദൈവകാരുണ്യമേ,
  • എല്ലാവരെയും ഏപ്പോഴും എവിടെയും അനുഗമിക്കുന്ന ദൈവകാരുണ്യമേ,
  • പ്രസാദവരങ്ങളാൽ മുന്നാസ്വാദനം നൽകുന്ന ദൈവകാരുണ്യമേ,
  • മരിക്കുന്നവരുടെ ആശ്വാസമാകുന്ന ദൈവകാരുണ്യമേ,
  • ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ ആശ്വാസമായ ദൈവകാരുണ്യമേ,
  • അനുഗ്രഹീതരുടെ സ്വർഗ്ഗീയ ആനന്ദമായ ദൈവകാരുണ്യമേ,
  • എല്ലാ വിശുദ്ധരുടേയും കിരീടമായ ദൈവകാരുണ്യമേ,
  • അത്ഭുതങ്ങളുടെ വറ്റാത്ത ഉറവയായ ദൈവകാരുണ്യമേ,

കുരിശിൽ മരിച്ച് ഞങ്ങളുടെ മേൽ വലിയ കരുണ കാണിച്ച ദൈവത്തിൻ്റെ കുഞ്ഞാടേ, കർത്താവേ ഞങ്ങളെ ദയാപൂർവ്വം ശ്രവിക്കണമേ. എല്ലാ വിശുദ്ധ ബലികളും ഞങ്ങൾക്കുവേണ്ടി കരുണാപൂർവ്വം സ്വയം സമർപ്പിച്ചുകൊണ്ടിരിക്കുന്ന ദൈവത്തിൻ്റെ കുഞ്ഞാടേ, കർത്താവേ ഞങ്ങളെ ദയാപൂർവ്വം ശ്രവിക്കണമേ, അളവില്ലാത്ത അങ്ങയുടെ കരുണയിൽ ലോകപാപങ്ങളെല്ലാം നീക്കുന്ന ദൈവത്തിൻ്റെ കുഞ്ഞാടെ, കർത്താവേ ഞങ്ങളെ ദയാപൂർവ്വം ശ്രവിക്കണമേ,

കർത്താവേ കനിയണമേ, മിശിഹായേ കനിയണമേ, കർത്താവേ ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ, കർത്താവിൻ്റെ എല്ലാ സൃഷ്‌ടികളിലും അവിടുത്തെ മൃദ്യവായ കരുണ പരന്നിരിക്കുന്നു. കർത്താവിന്റെ കരുണയെ ഞാനെന്നും പാടിപ്പുകഴ്ത്തും.

നമുക്ക് പ്രാർത്ഥിക്കാം ദൈവമേ, അങ്ങയുടെ കരുണ അനന്തവും അങ്ങയുടെ ദയ വറ്റാത്തതുമാകുന്നുവല്ലോ. ദയാപൂർവ്വം ഞങ്ങളെ കടാക്ഷിക്കണമേ. ഞങ്ങളുടെമേൽ അങ്ങയുടെ കരുണ വർദ്ധിപ്പിക്കണമേ. അങ്ങനെ ഞങ്ങളുടെ വലിയ പരീക്ഷകളിൽ മനം മടുക്കാതെ അങ്ങയുടെ തിരുമനസ്സു തന്നെയായ കാരുണ്യത്തിന് വിധേയരാകട്ടെ. കാരുണ്യത്തിൻറെ രാജാവും അങ്ങയോടും പരിശുദ്ധാത്മാവോടും കൂടെ വസിക്കുന്നവനുമായ ഞങ്ങളുടെ കർത്താവായ യേശു ഞങ്ങൾക്ക് കാരുണ്യം പകർന്നുതരട്ടെ. എപ്പോഴും എന്നേയ്ക്കും ആമ്മേൻ.