മനുഷ്യജീവിതത്തിൻ്റെ ശൂന്യതയും ഹ്രസ്വതയും
ഈ ജീവിതത്തിൻ്റെ സന്തോഷം ഉണർന്നെഴുന്നേൽക്കുന്ന ഒരാൾ നിദ്രയിൽ കണ്ട സ്വപ്നം പോലെയാണ് എന്നു വിശുദ്ധനായ ദാവീദു പറഞ്ഞു. ഒരുവൻ തൻ്റെ ഉറക്കത്തിൽ നിന്ന് ഉണർന്നെഴുന്നേൽക്കുമ്പോൾ, താൻ സ്വപ്നത്തിൽ സമ്പാദിച്ചിരുന്ന സൗഭാഗ്യങ്ങൾ മുഴുവൻ സ്വപ്നം തീർന്നതോടെ അവസാനിച്ചതുപോലെ, ഒരു ലൗകികവ്യക്തിയെ സംബന്ധിച്ചിടത്തോളം, ഈ ലോകത്തിൻ്റെ എല്ലാ മഹത്വവും പ്രതാപവും മരണസമയത്ത് അപ്രത്യക്ഷ്യമാകും. അതിനാൽ, മരിച്ചുപോയ ഒരു മനുഷ്യന്റെ തലയോട്ടിയിൽ അജ്ഞാതനാമാവായ ഒരു ജ്ഞാനി എഴുതി: “ചിന്തിക്കുന്നവൻ എല്ലാറ്റിനെയും വില കുറച്ചു കാണുന്നു”. അതേ, മരണത്തെക്കുറിച്ചു ചിന്തിക്കുന്നവന്, ഈ ജീവിതത്തിലെ എല്ലാ വസ്തുക്കളും പ്രത്യക്ഷത്തിൽ തന്നെ, അരോചകവും ക്ഷണികവുമാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽത്തന്നെ തനിക്ക് എല്ലാം എന്നെന്നേക്കുമായി ഉപേക്ഷിക്കേണ്ടിവരുമെന്നു ചിന്തിക്കുന്ന മനുഷ്യനു ലോകത്തോടുള്ള തൻ്റെ സ്നേഹം ഊട്ടിയുറപ്പിക്കാനും കഴിയില്ല. ഓ, എൻ്റെ ദൈവമേ, ഈ ലോകത്തിലെ നികൃഷ്ടവസ്തുക്കൾക്കായി ഞാൻ അങ്ങയുടെ കൃപയെ എത്രയോ തവണ നിന്ദിച്ചു! ഇനി മുതൽ അങ്ങയെ സ്നേഹിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നതിനെപ്പറ്റിയല്ലാതെ മറ്റൊന്നും ചിന്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അങ്ങയുടെ പരിശുദ്ധ കൃപയാൽ എന്നെ സഹായിക്കണമേ.
യൗവനത്തിൽ തന്നെ മരിച്ച ഇസബെല്ലാ മഹാറാണിയുടെ മൃതദേഹം കണ്ടപ്പോൾ വിശുദ്ധ ഫ്രാൻസിസ് ബോർജിയ ഇങ്ങനെ ആശ്ചര്യപ്പെട്ടു: “ഇങ്ങനെയാണോ അങ്ങനെയെങ്കിൽ, ലൗകിക ആഡംബരവും പ്രതാപവും അവസാനിക്കേണ്ടത് ?” താൻ കണ്ട കാര്യങ്ങളെക്കുറിച്ചു ചിന്തിച്ചുകൊണ്ടു, ലോകത്തോട് വിടപറയാനും തന്നെത്തന്നെ പൂർണമായും ദൈവത്തിനു സമർപ്പിക്കാനും തീരുമാനിച്ച അദ്ദേഹം പറഞ്ഞു: “ഞാൻ ഇനിമേലിൽ ഒരിക്കലും എന്നെ കൈവിടില്ലാത്ത ഒരു യജമാനനെ സേവിക്കും.” ലൗകിക വസ്തുക്കളിൽ നിന്നു മരണം നമ്മെ അകറ്റുന്നതിനുമുമ്പു നമുക്കുതന്നെ നമ്മെ അകറ്റിനിർത്താം. നാം ഉടനെ യാത്ര പറയേണ്ടിവരുന്ന ഈ നികൃഷ്ടലോകത്തോടുള്ള നമ്മുടെ അടുപ്പം നിമിത്തം ആത്മാക്കളെ നഷ്ടപ്പെടുത്തുന്ന അപകടത്തിലേക്കു നമ്മെത്തന്നെ നാം വിട്ടുകൊടുക്കുന്നത് എന്തൊരു വിഡ്ഢിത്തമാണ്! എന്തെന്നാൽ, ദൈവത്തിൻറെ ദൂതൻ ഉടൻതന്നെ നമ്മോടു പറയാനിരിക്കുന്നു; “ക്രിസ്തീയ ആത്മാവേ, ഈ ലോകത്തിൽനിന്നു പുറപ്പെടുക”!
ഓ എൻ്റെ യേശുവേ, ഞാൻ അങ്ങയെ എപ്പോഴും സ്നേഹിച്ചിരുന്നു. ഞാൻ അങ്ങേയ്‌ക്കെതിരെ എത്ര കുറ്റങ്ങൾ ചെയ്തു! എൻ്റെ ക്രമരഹിതമായ ജീവിതം എങ്ങനെ ക്രമപ്പെടുത്താമെന്ന് എന്നെ പഠിപ്പിക്കുക; അങ്ങ് ആഗ്രഹിക്കുന്നതെന്തും ചെയ്യാൻ ഞാൻ തയ്യാറാണ്. എൻ്റെ സ്നേഹം സ്വീകരിക്കുക,.എൻ്റെ മാനസാന്തരത്തെ സ്വീകരിക്കുക, ഞാൻ എന്നെക്കാൾ കൂടുതൽ അങ്ങയെ സ്നേഹിക്കുന്നു, അങ്ങയുടെ കരുണയും അനുകമ്പയും ആഗ്രഹിക്കുന്നു.
നിങ്ങൾക്ക് ഈ ലോകത്ത് എന്നേക്കും നിലനിൽക്കാൻ കഴിയില്ലെന്നു ചിന്തിക്കുക. നിങ്ങൾ ഇപ്പോൾ താമസിക്കുന്ന രാജ്യം ഒരു ദിവസം നിങ്ങൾ ഉപേക്ഷിക്കണം; നിങ്ങൾ ഇപ്പോൾ താമസിക്കുന്ന വീട്ടിൽനിന്നു ഒരു ദിവസം ഇനിയൊരിക്കലും അതിലേക്കു മടങ്ങിവരാതിരിക്കാനായി നിങ്ങൾ പുറത്തുപോകണം. നിങ്ങൾ ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്ന അതേ മുറിയിൽ നിങ്ങൾക്കു മുമ്പു പലരും താമസിച്ചിരുന്നുവെന്നും, നിങ്ങൾ ഉറങ്ങാൻ കിടക്കുന്ന അതേ കിടക്കയിലാണ് അവർ ഉറങ്ങിയതെന്നും, അവർ ഇപ്പോൾ എവിടെ എന്നും ചിന്തിക്കുക; അവർ നിത്യതയിലേക്കു പോയി. നിങ്ങൾക്കും ഇതു തന്നെ സംഭവിക്കും.
എൻ്റെ ദൈവമേ, എൻ്റെ പരമമായ നന്മയേ , അങ്ങയോടു പുറംതിരിഞ്ഞതിൽ ഞാൻ കാണിച്ച അനീതി എനിക്കു മനസ്സിലാക്കിത്തരണമേ; എൻറെ നന്ദികേടിനു ഞാൻ വേണ്ടതുപോലെ വിലപിക്കുന്നതിനുള്ള അനുതാപം എനിക്കു തരണമേ. അങ്ങയെ ഇനിയൊരിക്കലെങ്കിലും ദ്രോഹിക്കുന്നതിനുമുമ്പു ഞാൻ മരിച്ചിരുന്നെങ്കിൽ! അങ്ങ് എന്നോടുകാണിച്ച ദയയെയോർത്തുകൊണ്ട് ഇനിയങ്ങോട്ട് നന്ദിയില്ലാത്തവനായി ജീവിക്കാൻ എന്നെ അനുവദിക്കരുതേ. എൻ്റെ പ്രിയപ്പെട്ട വീണ്ടെടുപ്പുകാരാ, എല്ലാറ്റിനുമുപരിയായി ഞാൻ അങ്ങയെ സ്നേഹിക്കുന്നു, ജീവിതത്തിൻ്റെ ശിഷ്ടകാലം മുഴുവൻ എൻ്റെ ശക്തിയുടെ പരമാവധി അങ്ങയെ സ്നേഹിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങയുടെ കൃപയാൽ എൻ്റെ ബലഹീനപ്രകൃതിയെ ശക്തിപ്പെടുത്തണമേ. ദൈവത്തിൻറെ മാതാവായ മറിയമേ, അങ്ങ് എനിക്കുവേണ്ടി മാധ്യസ്ഥം വഹിക്കണമേ.