വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 7

യേശുക്രിസ്തുവിൻ്റെ  മരണം

സ്രഷ്ടാവ് അവിടുത്തെ സൃഷ്ടികളായ നമുക്കുവേണ്ടി മരിക്കാൻ തയ്യാറാകേണ്ടിയിരുന്നു എന്ന് എങ്ങനെയാണു  വിശ്വസിക്കുവാൻ സാധിക്കുക?  എന്നിട്ടും, വിശ്വാസം നമ്മെ അപ്രകാരം പഠിപ്പിക്കുന്നതുകൊണ്ടു  നാം അത് വിശ്വസിക്കണം . അതുകൊണ്ട് നിഖ്യാ സൂനഹദോസ് ഇപ്രകാരം ഏറ്റുപറയണമെന്നു നമ്മോടു കല്പിക്കുന്നു;  “മനുഷ്യരായ നമുക്കുവേണ്ടിയും നമ്മുടെ രക്ഷയ്ക്കുവേണ്ടിയും കുരിശിൽ തറയ്ക്കപ്പെട്ട്, പീഡകൾ സഹിച്ചുമരിച്ച് അടക്കപ്പെട്ട, ദൈവത്തിൻ്റെ  പുത്രനും ഏകകർത്താവുമായ യേശുക്രിസ്തുവിൽ ഞാൻ വിശ്വസിക്കുന്നു.”  മനുഷ്യരോടുള്ള സ്നേഹത്തെപ്രതി മരിച്ച സ്നേഹം തന്നെയായ   ദൈവമേ,  ഇത് ശരിയാണെങ്കിൽ, ഇതു  വിശ്വസിക്കുകയും ഇത്രയധികം സ്നേഹിക്കുന്ന ഒരു ദൈവത്തെ സ്നേഹിക്കാതിരിക്കുകയും  ചെയ്യുന്ന ഒരുവനുണ്ടാകുമോ? ഓ കർത്താവേ, എന്നാൽ അത്തരം നന്ദികേടു  കാണിച്ചവരിൽ ഒരുവനാണു  ഞാൻ.  എൻ്റെ  വിമോചകനായ അങ്ങയെ ഞാൻ സ്നേഹിച്ചില്ല എന്നുമാത്രമല്ല, എൻ്റെ  മലിനമായ ആഗ്രഹങ്ങളുടെ  സാഫല്യത്തിനുവേണ്ടി ഞാൻ പലപ്രാവശ്യം അങ്ങയുടെ കൃപയും സ്നേഹവും തിരസ്കരിക്കുകയും ചെയ്തു.

എന്നിട്ടും, എൻ്റെ  കർത്താവേ, എൻ്റെ  ദൈവമേ, അങ്ങ് എനിക്കുവേണ്ടി മരിച്ചു. ഇക്കാര്യം അറിഞ്ഞിട്ടും എനിക്ക്  എങ്ങനെയാണ്  പലപ്പോഴും അങ്ങയെ തള്ളിപ്പറയുവാനും അങ്ങയോടു  മുഖം തിരിക്കാനും സാധിച്ചത്?  എൻ്റെ  രക്ഷകാ, അങ്ങു   നഷ്ടപ്പെട്ടതിനെ വീണ്ടെടുക്കുവാൻ സ്വർഗ്ഗത്തിൽനിന്ന് താഴെയിറങ്ങിവന്നു. അതിനാൽ എൻ്റെ കൃതഘ്നത  മാപ്പു ലഭിക്കാനുള്ള എൻ്റെ പ്രത്യാശ  ഇല്ലാതാക്കുന്നില്ല. അതെ, ഓ ഈശോയെ, അങ്ങു  കാൽവരിമലയിൽ സഹിച്ച കുരിശുമരണത്തിലൂടെ ഞാൻ അങ്ങേയ്‌ക്കെതിരായി ചെയ്ത എല്ലാ പാപങ്ങളും അങ്ങ് എന്നോടു  ക്ഷമിക്കുമെന്നു  ഞാൻ പ്രത്യാശിക്കുന്നു. 

അങ്ങ് എന്നോടു കാണിച്ച സ്നേഹത്തിനെതിരായി  ചെയ്ത പാപങ്ങളെപ്പറ്റി ചിന്തിക്കുമ്പോഴൊക്കെ    ഞാൻ നിരാശകൊണ്ടും സ്‌നേഹംകൊണ്ടും മരിച്ചു പോകുവാൻ സാധ്യതയുണ്ട്. എൻ്റെ  നന്ദികേടുകൾക്ക് എന്ത് പരിഹാരമാണു  ഞാൻ ഇനിയങ്ങോട്ടു  ചെയ്യേണ്ടതെന്ന്, എൻ്റെ  കർത്താവേ, എനിക്കു  കാണിച്ചുതരണമേ. ഞാൻ അങ്ങയെ സ്നേഹിക്കുന്നതിനും മേലിലൊരിക്കലും  അങ്ങയെ നിന്ദിക്കാതിരിക്കുന്നതിനും  അങ്ങ് എനിക്കുവേണ്ടി സന്തോഷത്തോടെ സഹിച്ച കയ്‌പേറിയ മരണത്തിൻ്റെ മായാത്ത ഓർമ എൻ്റെ മനസ്സിൽ പതിപ്പിക്കണമേ.  

എനിക്കായി  മരിച്ച ദൈവത്തെക്കാൾ കൂടുതലായി എന്തിനെയെങ്കിലും എനിക്കു  സ്നേഹിക്കാനാകുമോ? അങ്ങ് എന്നെ വളരെയധികം സ്നേഹിച്ചു. അങ്ങയെ സ്നേഹിക്കാൻ  എന്നെ നിർബന്ധിക്കാനായി  അങ്ങേയ്ക്ക് ഇതിലുമധികം ഒന്നും ചെയ്യാനില്ല. എന്റെ പാപങ്ങൾമൂലം അങ്ങയുടെ തിരുമുൻപിൽ നിന്നും തിരസ്കരിക്കപ്പെടാൻ കടപ്പെട്ടവനാണ് ഞാൻ.  എന്നിട്ടും അങ്ങ് എന്നെ നിത്യമായി കൈവെടിഞ്ഞില്ല. അങ്ങ് എന്നെ മൃദുലമായ വാത്സല്യത്തോടെ വീക്ഷിക്കുന്നു. ഇതാ,  അങ്ങയുടെ സ്നേഹത്തിലേക്ക്  അങ്ങ് എന്നെ വിളിക്കുകയും ചെയ്യുന്നു.അതിനു  ഞാൻ ഇനിയൊരിക്കലും തടസ്സം നിൽക്കില്ല. എൻ്റെ പരമനന്മയേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു.  അനന്തസ്നേഹത്തിനു  യോഗ്യനായ എൻ്റെ  ദൈവമേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. എനിക്കുവേണ്ടി മരിച്ച എൻ്റെ  ദൈവമേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. എങ്കിലും ഞാൻ അങ്ങയെ മതിയാവോളം സ്നേഹിക്കുന്നില്ല;  അതുകൊണ്ട് അങ്ങ് അങ്ങയോടുള്ള എൻ്റെ  സ്നേഹം വർദ്ധിപ്പിക്കണമേ. എൻ്റെ  വിമോചകനും എൻ്റെ  സ്നേഹവും എൻ്റെ  സർവസ്വവുമായ   അങ്ങയെ സന്തോഷിപ്പിക്കുന്നതിനും സ്നേഹിക്കുന്നതിനുമായി ഞാൻ മറ്റെല്ലാ കാര്യങ്ങളും മറക്കുന്നതിനും എല്ലാ കാര്യങ്ങളും ഉപേക്ഷിക്കുന്നതിനും എന്നെ സഹായിക്കണമേ. ഓ, മാതാവേ, എൻ്റെ  പ്രത്യാശയേ, അങ്ങയുടെ തിരുക്കുമാരനോട്  എനിക്കുവേണ്ടി മാധ്യസ്ഥം വഹിക്കണമേ.