നിത്യതയെക്കുറിച്ചുള്ള മഹത്തായ ചിന്ത
നിത്യതയെക്കുറിച്ചുള്ള ചിന്തയെ വിശുദ്ധ അഗസ്റ്റിൻ “മഹത്തായ ചിന്ത” “മാഗ്ന കോഗിറ്റേഷ്യോ” എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഈ ചിന്തയാണ് നിരവധി ഏകസ്ഥരെ മരുഭൂമിയിലേക്ക് പിൻവാങ്ങുവാനും, സന്യാസവ്രതക്കാരെ, എന്തിന് രാജാക്കന്മാരെയും രാജ്ഞിമാരെയും പോലും സന്യാസാശ്രമങ്ങളിൽ സ്വയം അടച്ചുപൂട്ടപ്പെടുവാനും, അനേകം രക്തസാക്ഷികളെ പീഡനങ്ങൾ സഹിച്ചുകൊണ്ട് ജീവൻ ബലിയർപ്പിക്കുവാനും പ്രേരിപ്പിച്ചത്. അവയൊക്കെയും സ്വർഗത്തിൽ സന്തോഷകരമായ ഒരു നിത്യത നേടുന്നതിനും നരകത്തിലെ ദയനീയമായ നിത്യപീഡകൾ ഒഴിവാക്കുന്നതിനുംവേണ്ടിയായിരുന്നു. ആവിലയിലെ വിശുദ്ധ യോഹന്നാൻ ‘എന്നേക്കും ’, ‘ഒരിക്കലും’ (Ever& Never) എന്നീ രണ്ടേരണ്ടു വാക്കുകളിന്മേൽ മാത്രം ധ്യാനിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് ഒരു സ്ത്രീയെ മനസാന്തരപ്പെടുത്തി. ഒരു സന്യാസി നിത്യതയെക്കുറിച്ചു നിരന്തരം ധ്യാനിക്കാനായി ഒരു ശവക്കുഴിയിലേക്ക് ഇറങ്ങിയിട്ട് “നിത്യത! നിത്യത!” എന്ന് നിരന്തരം ഉരുവിട്ടുകൊണ്ടിരുന്നു.. എൻ്റെ ദൈവമേ, എത്രയോ തവണ ഞാൻ നരകത്തിലെ നിത്യപീഡകൾക്ക് എന്നെ അർഹനാക്കി! ഓ ദൈവമേ,, ഞാൻ അങ്ങയെ ഒരിക്കലും വ്രണപ്പെടുത്തിയിരുന്നില്ലെങ്കിൽ! എന്നോട് കരുണ തോന്നണമേ. എൻ്റെ പാപങ്ങൾ എന്നോട് ക്ഷമിക്കണമേ.
ആവിലയിലെ വിശുദ്ധ യോഹന്നാൻ പറയുന്നു; നിത്യതയിൽ വിശ്വസിക്കുകയും അതേസമയം വിശുദ്ധിയിൽ ജീവിക്കാതിരിക്കുകയും ചെയ്യുന്നവനെ ചിത്തഭ്രമം ഉള്ളവനായി കരുതേണ്ടിയിരിക്കുന്നു. തനിക്കായി ഒരു ഭവനം പണിയുന്നവൻ അതു വിസ്തൃതമായതും വായുസഞ്ചാരമുള്ളതും സുന്ദരവുമാക്കി മാറ്റാൻ വളരെയധികം കഷ്ടപ്പെട്ടുകൊണ്ടു പറയുന്നു: “എൻ്റെ ജീവിതകാലം മുഴുവൻ ഈ വീട്ടിൽ ജീവിക്കേണ്ടിവരുമെന്നതിനാൽ ഞാൻ ഈ വീടിനുവേണ്ടി വളരെയധികം അദ്ധ്വാനിക്കുകയും വിഷമിക്കുകയും ചെയ്യുന്നു.”
എന്നിട്ടും എത്ര കുറച്ചു മാത്രമാണ് നിത്യഭവനത്തെക്കുറിച്ചു നാം ചിന്തിക്കുന്നത്! നാം നിത്യതയിലെത്തുമ്പോൾ വിസ്തൃതിയോ വായുസഞ്ചാരമോ ഉള്ള ഒരു വീട്ടിൽ താമസിക്കുന്നതിനെക്കുറിച്ചല്ല, മറിച്ച് നാം താമസിക്കുന്നത് ആനന്ദം നിറഞ്ഞൊഴുകുന്ന ഒരു കൊട്ടാരത്തിൽ ആണോ അതോ അനന്തമായ ശിക്ഷകളുടെ ഒരു കടലിൽ ആണോ എന്നതിനാണ് പ്രസക്തി. എത്ര കാലം? നാൽപ്പതോ അമ്പതോ വർഷത്തേക്കല്ല, മറിച്ച്, എന്നെന്നേയ്ക്കും, ദൈവം ദൈവമായിരിക്കുന്നിടത്തോളം കാലം മുഴുവനും! നിത്യക്ഷ നേടുന്നതിനായി വിശുദ്ധന്മാർ തങ്ങളുടെ ജീവിതകാലം മുഴുവൻ പ്രാർത്ഥനക്കും . തപസ്സിനും സൽപ്രവൃത്തികൾക്കും ആയി നീക്കിവച്ചു. എന്നാൽ ആ അതേ ലക്ഷ്യത്തിനായി നാം എന്താണു ചെയ്യുന്നത്? ഓ, എൻ്റെ ഈശോയെ! എൻ്റെ ജീവിതത്തിൻ്റെ എത്രയോ വർഷങ്ങൾ ഇതിനകം കടന്നുപോയിക്കഴിഞ്ഞു. ഇതാ, മരണം അടുത്തിരിക്കുന്നു. ഞാൻ ഇതുവരെ അങ്ങേയ്ക്കു വേണ്ടി എന്തു നന്മയാണു ചെയ്തത്? എൻ്റെ ശേഷിക്കുന്ന കാലം അങ്ങയെ ശുശ്രൂഷിക്കാനായി എനിക്കു പ്രകാശവും കരുത്തും നൽകണമേ. ഞാൻ അങ്ങയെ വളരെയധികം വ്രണപ്പെടുത്തി. ഇനി മുതൽ എന്നും അങ്ങയെ സ്നേഹിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
ഭയത്തോടും വിറയലോടും കൂടി നിങ്ങളുടെ നിത്യരക്ഷയ്ക്കായി പ്രവർത്തിക്കുക. രക്ഷ ലഭിക്കണമെങ്കിൽ നാം നഷ്ടപ്പെട്ടുപോയേക്കുമോ എന്ന ചിന്തയാൽ വിറയ്ക്കണം; എന്നാൽ പാപത്തിനുമാത്രമേ നമ്മെ നരകത്തിലേക്ക് അയക്കുവാൻ സാധിക്കുകയുള്ളുവെന്നതിനാൽ നരകചിന്തയെക്കാളധികം നാം കൂടുതൽ വിറയ്‌ക്കേണ്ടത്‍ പാപചിന്തയാലാണ്. പാപത്തെ അത്യധികം ഭയപ്പെടുന്നവൻ അപകടകരമായ അവസരങ്ങൾ ഒഴിവാക്കുന്നു, പതിവായി തന്നെത്തന്നെ ദൈവത്തിന് കയ്യേൽപിക്കുന്നു, എപ്പോഴും തന്നെ കൃപയുടെ അവസ്ഥയിൽ നിലനിർത്തുന്നതിനുള്ള മാർഗങ്ങൾ തേടുന്നു. അങ്ങനെ പ്രവർത്തിക്കുന്നവൻ രക്ഷിക്കപ്പെടും; എന്നാൽ ഈ വിധത്തിൽ പ്രവർത്തിച്ചു ജീവിക്കാത്തവൻ രക്ഷിക്കപ്പെടുക എന്നതു ധാർമ്മികമായി അസാധ്യമാണ്. വിശുദ്ധ ബെർണാർഡിൻ്റെ ഈ വാക്കു നമുക്കു ശ്രദ്ധിക്കാം: “നിത്യതയുടെ കാര്യത്തിൽ നമുക്ക് ഒരിക്കലും സുരക്ഷിതരെന്നു പറയാൻ കഴിയില്ല.” എന്റെ വീണ്ടെടുപ്പുകാരനായ യേശുവേ, അങ്ങയുടെ രക്തമാണ് എൻ്റെ സുരക്ഷ. ഞാൻ അങ്ങയോടു ചെയ്ത പാപങ്ങൾക്കു പശ്ചാത്തപിച്ചാൽ എന്നോട് ക്ഷമിക്കുമെന്നു അങ്ങു വാഗ്ദാനം ചെയ്തില്ലായിരുന്നുവെങ്കിൽ എൻ്റെ പാപങ്ങൾമൂലം ഞാൻ നിത്യമായി നശിച്ചുപോകുമായിരുന്നു. അതിനാൽ അനന്തനന്മയായ അങ്ങയെ മുറിവേല്പിച്ചതിൽ ഞാൻ പൂർണ്ണഹൃദയത്തോടെ ഖേദിക്കുന്നു. എൻ്റെ സർവ്വസ്വവുമേ, എൻ്റെ മറ്റെല്ലാ നന്മകൾക്കുമുപരിയായി ഞാൻ അങ്ങയെ സ്നേഹിക്കുന്നു; എൻ്റെ രക്ഷ അങ്ങ് ആഗ്രഹിക്കുന്നുവെന്നു ഞാൻ അറിയുന്നു; എന്നേക്കും അങ്ങയെ സ്നേഹിച്ചുകൊണ്ട് അതു സുരക്ഷിതമാക്കാൻ ഞാൻ ശ്രമിക്കും. ഓ, മറിയമേ, ദൈവമാതാവേ, എനിക്കുവേണ്ടി യേശുവിനോടു പ്രാർത്ഥിക്കണമേ.