വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 40.

ദൈവം പാപിയെ അവൻറെ പാപങ്ങളിൽ ഉപേക്ഷിക്കുന്നു.

1. പാപിയെ സംബന്ധിച്ചിടത്തോളം ദൈവവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുക   എന്നതു വലിയൊരു  ശിക്ഷയാണ്; എന്നാൽ  പാപിയെ പാപത്തിൽ തന്നെ  ഉപേക്ഷിച്ചുകൊണ്ടു തൻറെ പാപം പെരുകാൻ ദൈവം  അവനെ അനുവദിക്കുന്നതാണ് അതിലും വലിയ  ശിക്ഷ. വിശുദ്ധ ബെല്ലാർമിൻ പറയുന്നു: ” പാപത്തിൻറെ ശിക്ഷയായി വീണ്ടും പാപം തന്നെ കുന്നുകൂട്ടുന്നതിനേക്കാൾ വലുതല്ല ഒരു ശിക്ഷയും.” അതുകൊണ്ട്, എൻറെ പാപങ്ങളിൽ മരിക്കാൻ എന്നെ അനുവദിക്കാതിരുന്നതിനാൽ, യേശുവേ, ഞാൻ അങ്ങയോടു നന്ദി പറയുന്നു; എൻറെ പാപങ്ങളിൽ എന്നെ ഉപേക്ഷിക്കാതിരുന്നതിനു ഞാൻ അങ്ങയോട് അതിലും കൂടുതൽ നന്ദി പറയുന്നു. ഓ! അങ്ങ് എന്നെ തുണച്ചില്ലായിരുന്നെങ്കിൽ ഞാൻ എത്ര ആഴത്തിൽ, പാപത്തിൻറെ അഗാധമായ പടുകുഴിയിൽതന്നെ  വീഴുമായിരുന്നു. കർത്താവേ, പാപത്തിൽ നിന്ന് എന്നെ വിടുവിക്കണമേ. എന്നെ കൈവെടിയരുതേ.

2. ‘ഞാൻ അതിൻറെ വേലി എടുത്തുകളയും, അതു പാഴ്‌നിലമായിത്തീരും’. യജമാനൻ തൻറെ മുന്തിരിത്തോട്ടത്തിൻറെ വേലി എടുത്തുമാറ്റുകയും ആർക്കും  പ്രവേശിക്കാവുന്നവിധം അതു  തുറന്നിടുകയും ചെയ്യുന്നത്, ആ നിലം  കൃഷിയോഗ്യമല്ലെന്ന് കരുതി  അവൻ അതിനെ ഉപേക്ഷിക്കുന്നതിൻറെ അടയാളമാണ്. പാപിയായ ഒരു ആത്മാവിനെ ഉപേക്ഷിക്കുമ്പോഴും ദൈവം അതുപോലെ തന്നെയാണു ചെയ്യുന്നത്: ദൈവം അവിടുത്തോടുള്ള  വിശുദ്ധമായ ഭയത്തിൻറെയും പ്രകാശത്തിൻെറയും തൻറെ വചനത്തിൻറെയും    വേലി ആ ആത്മാവിൽനിന്ന് എടുത്തുകളയുന്നു; അതുവഴിയായി  ആ ആത്മാവിനെ കീഴടക്കുന്ന ദുശ്ശീലങ്ങൾ അതിനെ അന്ധമാക്കുകയും അടിമപ്പെടുത്തുകയും  ചെയ്തുകൊണ്ട്, ദൈവകൃപ, സ്വർഗ്ഗം, പ്രബോധനങ്ങൾ, ശാസനങ്ങൾ എന്നിവയെയെല്ലാം പുച്ഛിക്കുന്നു; അത് തൻറെ  ആത്മനാശത്തെപ്പോലും വളരെ നിസ്സാരമായി കരുതുന്നു; അങ്ങനെ അന്ധകാരത്താൽ ആവരണം   ചെയ്യപ്പെട്ട  ആ ആത്മാവ് ഉറപ്പായും നിത്യനാശം ഏറ്റുവാങ്ങും.  

ദുഷ്ടൻ പാപത്തിൻറെ ആഴങ്ങളിലേക്ക് എത്തുമ്പോളും  നിന്ദിക്കുന്നു.  ദൈവമേ, അങ്ങയുടെ പ്രകാശത്തെയും അങ്ങയുടെ വിളികളെയും പലപ്പോഴും  അവഗണിക്കുക വഴി ഞാൻ ഇത് അർഹിച്ചിട്ടുണ്ട്.  എന്നാൽ, അങ്ങ് എന്നെ ഇനിയും  കൈവിട്ടിട്ടില്ല എന്നു ഞാൻ കാണുന്നു. എൻറെ ദൈവമേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. എൻറെ പ്രതീക്ഷകളെല്ലാം ഞാൻ അങ്ങയിൽ വയ്ക്കുന്നു.

3.’നാം  ബാബിലോണിനെ സുഖപ്പെടുത്തുമായിരുന്നു, എന്നാൽ അവൾ സുഖം പ്രാപിച്ചില്ല; നമുക്ക് അവളെ ഉപേക്ഷിക്കാം’. വൈദ്യൻ രോഗിയെ സന്ദർശിക്കുകയും അവനു പരിഹാരങ്ങൾ നിർദ്ദേശിക്കുകയും അവൻറെ അസുഖങ്ങളെക്കുറിച്ചു പറഞ്ഞുകൊടുക്കുകയും  ചെയ്യുന്നു; എന്നാൽ, രോഗി അവനെ അനുസരിക്കുന്നില്ലെന്നും അതുകൊണ്ട്   രോഗാവസ്ഥ കൂടുതൽ വഷളാകുന്നുവെന്നും  കാണുമ്പോൾ, അവൻ രോഗിയെ വിട്ടുപോകുകയും അവനെ ഉപേക്ഷിക്കുകയും ചെയ്യുന്നു. 

നിർബന്ധബുദ്ധിയായ പാപിയോടു ദൈവം ഇടപെടുന്നതും അപ്രകാരമാണ്.  ഒരു നിശ്ചിത സമയത്തിനുശേഷം ദൈവം അവനോടു വളരെക്കുറച്ചു മാത്രം സംസാരിക്കുന്നു; എന്നിട്ട് അവരുടെ ആത്മാക്കളെ രക്ഷിക്കാൻ പ്രാപ്തരാക്കാൻ പര്യാപ്തമായ കൃപയാൽ മാത്രം അവരെ സഹായിക്കുന്നു; എന്നാൽ അവ അവരെ രക്ഷിക്കുകയില്ല. അവരുടെ മനസ്സിൻറെ  അന്ധകാരവും , അവരുടെ ഹൃദയത്തിൻറെ കാഠിന്യവും, അവരുടെ  തഴക്കദോഷങ്ങളും , അവർ രക്ഷ നേടുന്നതിനെ ധാർമ്മികതലത്തിൽ  അസാധ്യമാക്കുന്നു. എന്നാൽ, ഓ ദൈവമേ! ഇപ്പോഴും എന്നെ മാനസാന്തരത്തിനായി വിളിക്കുന്നതിനാൽ അങ്ങ് എന്നെ ഇതുവരെ കൈവിട്ടിട്ടില്ല എന്നു  ഞാൻ അറിയുന്നു ; ഇനി ഒരിക്കലും അങ്ങയെ ഉപേക്ഷിക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. അനന്തമായ നന്മയേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു! ഞാൻ അങ്ങയെ സ്നേഹിക്കുന്നതിനാൽ, അങ്ങയെ വ്രണപ്പെടുത്തിയതിൽ ഞാൻ ഖേദിക്കുന്നു. ഞാൻ അങ്ങയെ സ്നേഹിക്കുന്നു, അങ്ങ് ചിന്തിയ  രക്തത്തിലൂടെ അങ്ങയെ എന്നേക്കും സ്നേഹിക്കാമെന്നു ഞാൻ പ്രത്യാശിക്കുന്നു. ഇനി അങ്ങയിൽ നിന്ന്  ഒരിക്കലും അകന്നുപോകാൻ  എന്നെ അനുവദിക്കരുതേ. ദൈവകൃപ  നിറഞ്ഞ മറിയമേ, കന്യകകളുടെ രാജ്ഞീ, എൻറെ അഭിഭാഷകയായിരിക്കണമേ.