മരണം എന്ന യാഥാർഥ്യം
1. നാം മരിച്ചേ പറ്റൂ! ഈ കൽപന എത്ര ഭയങ്കരമാണ്! നാം മരിക്കണം. വിധി പ്രസ്താവിക്കപ്പെട്ടു കഴിഞ്ഞതാണ്. എല്ലാ മനുഷ്യരും ഒരിക്കൽ മരിക്കണമെന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നു. നീ ഒരു മനുഷ്യനാണ്; അതുകൊണ്ടു നീ മരിച്ചേതീരൂ. നമ്മൾ കഴുത്തിൽ ഒരു കയറുമായി ജനിച്ചവരാണെന്നും, ഭൂമിയിൽ ജീവിക്കുന്ന ഓരോ മണിക്കൂറും നാം നമ്മുടെ ജീവിതത്തിൻ്റെ അന്ത്യം കുറിക്കുന്ന രോഗമാകുന്ന തൂക്കുമരത്തെ സമീപിച്ചുകൊണ്ടിരിക്കുന്നു എന്നും വിശുദ്ധ സിപ്രിയാൻ പറയുന്നു. താൻ മരിക്കില്ല എന്ന വ്യാമോഹം ഭ്രാന്തുതന്നെയാണ്. ദരിദ്രൻ സമ്പന്നൻ ആകുമെന്നോ, അല്ലെങ്കിൽ അടിമ രാജാവാകുമെന്നോ എന്നോ ആരെങ്കിലും വീമ്പു പറഞ്ഞേക്കാം; എന്നാൽ മരണത്തിൽ നിന്നു രക്ഷപ്പെടാമെന്ന് എപ്പോഴെങ്കിലും പ്രതീക്ഷിക്കാൻ ആർക്കാണു കഴിയുക? ഒരാൾ പ്രായാധിക്യത്താൽ മരിക്കുന്നു, മറ്റൊരാൾ ചെറുപ്പത്തിലും; എന്നിരുന്നാലും അവസാനം എല്ലാവരും കുഴിമാടത്തിലേക്ക് വരണം. ഞാൻ ഒരു ദിവസം മരിക്കുകയും നിത്യതയിലേക്ക് പ്രവേശിക്കുകയും വേണം. എന്നാൽ നിത്യതയിലുള്ള എൻ്റെ പങ്ക് എന്തായിരിക്കും? സന്തോഷമോ ദുരിതമോ? രക്ഷകനായ യേശുവേ, അങ്ങ് എൻ്റെ രക്ഷകനായിരിക്കണമേ!
2 കഴിഞ്ഞ നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ഈ ഭൂമിയിൽ ജീവിച്ചിരുന്നവരിൽ ഒരുവൻ പോലും ഇപ്പോൾ ജീവനോടെയില്ല. ഈ ഭൂമിയിലെ ഏറ്റവും മഹാന്മാരും പ്രശസ്തരുമായ രാജകുമാരന്മാർ തങ്ങളുടെ സാമ്രാജ്യങ്ങൾ വിട്ടുപേക്ഷിച്ചുപോയി; അവരെക്കുറിച്ചുള്ള ഓർമകൾ പോലും നിലനിൽക്കുന്നില്ല; അവരുടെ അസ്ഥികൾ വളരെ വിരളമായേ ശിലാ സ്മാരകങ്ങളിൽ സംരക്ഷിക്കപ്പെടുന്നുള്ളു. ഓ, കർത്താവേ, ലൗകികവസ്തുക്കളെ സ്നേഹിക്കുക എന്ന ഭോഷത്തത്തെപ്പറ്റിയും അവയ്ക്കുവേണ്ടി എൻ്റെ പരമനന്മയും അനന്തനന്മയുമായ അങ്ങയെ പരിത്യജിക്കുന്നതിനെപ്പറ്റിയും എന്നെ കൂടുതൽ കൂടുതൽ ബോധവാനാക്കണമേ.ഞാൻ ചെയ്യാത്തതായി എന്ത് ഭോഷത്തമാണുള്ളത് എന്ന ചിന്ത എന്നെ എത്രമാത്രം ദു:ഖിപ്പിക്കുന്നു! എനിക്ക് ഈ ബോധ്യം തന്നതിനെയോർത്ത് ഞാൻ അങ്ങേയ്ക്കു നന്ദി പറയുന്നു.
3. അതിനാൽ പരമാവധി നൂറുവർഷത്തിലധികം നിങ്ങളോ ഞാനോ ഇനി ഈ ലോകത്ത് ഉണ്ടാകില്ല; നാമെല്ലാവരും നമ്മുടെ നിത്യ ഭവനത്തിലേക്കു പോയിരിക്കും. നിങ്ങൾക്കും എനിക്കും അവസാനത്തേതായ. ആ ദിവസം, ആ മണിക്കൂർ, ആ നിമിഷം, അടുത്തുവരുന്നു. ആ സമയം സർവ്വശക്തനായ ദൈവം ഇതിനകം തന്നെ നിശ്ചയിച്ചുവച്ചിട്ടുമുണ്ട്. ആ നിലയ്ക്ക് നമ്മുടെ ന്യായാധിപനായ ദൈവത്തെ സ്നേഹിക്കുകയെന്നതല്ലാതെ മറ്റെന്തിനെയെങ്കിലും കുറിച്ച് നമുക്കു ചിന്തിക്കാനാകുമോ? കഷ്ടം! എൻ്റെ മരണം എപ്രകാരമായിരിക്കും? ഓ, എൻ്റെ യേശുവേ, എൻ്റെ വിധിയാളാ! എൻ്റെ ജീവിതം മുഴുവൻ്റെയും കണക്കു തരാൻ ഞാൻ അങ്ങയുടെ മുമ്പിൽ നിൽക്കേണ്ടിവരുമ്പോൾ എനിക്കെന്താണു ലഭിക്കാൻ പോകുന്നത്? നിത്യതയിൽ സന്തോഷമോ അതോ ദുരിതമോ ഏതാണ് എനിക്കു ലഭിക്കുന്നതെന്നു തീരുമാനിക്കപ്പെടുന്ന ആ നിമിഷം വരുന്നതിനുമുമ്പ്, എന്നോടു ക്ഷമിക്കണമേയെന്നു ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു. എൻ്റെ പരമനന്മയായ അങ്ങയെ വേദനിപ്പിച്ചതിൽ ഞാൻ ഖേദിക്കുന്നു. ഇതുവരെ ഞാൻ അങ്ങയെ സ്നേഹിച്ചിട്ടില്ല; എന്നാൽ ഇപ്പോൾമുതൽ ഞാൻ പൂർണ്ണഹൃദയത്തോടെ അങ്ങയെ സ്നേഹിക്കും. നിലനില്പിന്റെ കൃപ എനിക്കു തരണമേ. ഓ, മറിയമേ പാപികളുടെ സങ്കേതമേ, എന്നോടു കരുണയായിരിക്കണമേ! ——————————————————————————————————————–