വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 39

മരണത്തിൻറെ പെട്ടെന്നുള്ള വരവ്

1. തീർച്ചയായും ഒരുദിവസം മരിക്കണമെന്ന് എല്ലാവർക്കും അറിയാം; എന്നിട്ടും മരണം അവരിൽ നിന്നു വളരെ അകലെയാണെന്നും അത് ഒരിക്കലും അവരെ സമീപിക്കുകയില്ല എന്നും സങ്കൽപ്പിച്ചുകൊണ്ടു പലരും സ്വയം വഞ്ചിതരാകുന്നു. ഇല്ല; നമ്മുടെ ജീവിതം തീർച്ചയായും ഹ്രസ്വമാണ്, മരണം നമ്മുടെ വളരെ അടുത്താണ്. നമ്മുടെ ഇവിടെയുള്ള പ്രവാസദിനങ്ങൾ കുറവാണ്, ഒരുപക്ഷേ നമ്മൾ ചിന്തിക്കുന്നതിലും വളരെ കുറവാണ്. കാറ്റിനൊപ്പം പറക്കുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്ന  വെറും മൂടൽമഞ്ഞല്ലാതെ  മറ്റെന്താണു  നമ്മുടെ ജീവിതം? സൂര്യൻറെ ചൂടിൽ ഉണങ്ങിപ്പോകുന്ന  വെറും തൃണം! ഓ ദൈവമേ! അങ്ങ് എന്നെ സ്നേഹിക്കുകയും എൻറെ രക്ഷ ആഗ്രഹിക്കുകയും ചെയ്തില്ലായിരുന്നെങ്കിൽ, ഞാൻ അങ്ങയെ  സ്നേഹിക്കാതിരുന്നപ്പോഴും  എന്നെ രക്ഷിക്കാൻവേണ്ടി അങ്ങു മരിക്കുകയില്ലായിരുന്നു; അതുകൊണ്ടു ഞാനും അങ്ങയെ സ്നേഹിക്കും. 

2. ജോബ്  പറഞ്ഞു: എൻറെ നാളുകൾ നെയ്ത്തുകാരൻറെ ഓടത്തേക്കാൾ വേഗത്തിൽ കടന്നുപോകുന്നു.. മരണം പെട്ടെന്നുതന്നെ  നമ്മുടെ അടുത്തേക്കു  വരാൻ തിടുക്കം  കൂട്ടുന്നു. അതുപോലെതന്നെ നാം ഓരോ കാൽവയ്‌പിലും ഓരോ ശ്വാസത്തിലും  ഓരോ നിമിഷത്തിലും മരണത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. നാം ഇപ്പോൾ ഒരു പ്രയോജനവുമില്ലാതെ ദുർവ്യയം ചെയ്തു കളയുന്ന അനേകദിവസങ്ങളിലും മണിക്കൂറുകളിലും ഒരെണ്ണമെങ്കിലും നമ്മുടെ മരണസമയത്ത് തിരികെക്കിട്ടണമെന്ന്  ആഗ്രഹിച്ചിട്ടു  കാര്യമുണ്ടോ!  ഓ! കർത്താവേ, ഇപ്പോൾ എൻറെ മരണം സംഭവിക്കുകയാണെങ്കിൽ  ഞാൻ അങ്ങേയ്ക്കുവേണ്ടി ചെയ്തതായി എൻറെ പക്കൽ എന്തുണ്ട്? കഷ്ടമേ! എൻറെ സഹായത്തിനു വരണമേ; ഞാൻ ഇതുവരെ ആയിരുന്നതുപോലെ അങ്ങയോടു നന്ദികെട്ടവനായി മരിക്കാൻ എന്നെ അനുവദിക്കരുതേ. എൻറെ പാപങ്ങളെയോർത്ത്  യഥാർത്ഥ ദുഃഖവും അങ്ങയുടെ സ്നേഹമാകുന്ന ദാനവും വിശുദ്ധമായ സ്ഥിരോത്സാഹവും എനിക്കു തരണമേ.

3. മരണം നമ്മോടടുക്കാൻ ധൃതികൂട്ടുന്നു; അതിനാൽ, അത് എത്തിച്ചേരുന്ന ദിവസത്തിനുമുമ്പു നല്ല കാര്യങ്ങൾ ചെയ്യാനും നമ്മുടെ കണക്കുകൾ ക്രമീകരിക്കാനും നമ്മളും തിരക്കുപിടിച്ചു പ്രവർത്തിക്കണം. മരണം വരുമ്പോൾ,  ചെയ്ത തെറ്റുകൾക്കെല്ലാം  പരിഹാരം ചെയ്യാനുള്ള  അവസാനിക്കുന്നു. ഭാവിയിൽ ഏതെങ്കിലുമൊരു കാലത്ത്  തങ്ങളുടെ ജീവിതം തിരുത്താമെന്നു കരുതിയിരിക്കുകയും, എന്നാൽ അപ്രതീക്ഷിതമായി വന്ന മരണം അതു തടയുകയും അങ്ങനെ നിത്യശിക്ഷയ്ക്കു  വിധേയരാക്കപ്പെടുകയും ചെയ്ത എത്രയോപേർ ഇപ്പോൾ നരകത്തിലാണ്! എൻറെ പ്രിയപ്പെട്ട രക്ഷകാ, ഞാൻ ഇനിമേലിൽ അങ്ങയുടെ വിളിയെ  എതിർക്കുകയില്ല. അങ്ങ് എനിക്കു മാപ്പു വാഗ്‌ദാനം ചെയ്യുന്നു; അതു  നേടിയെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു; എൻറെ ഈശോയെ, അത് എനിക്കു  പ്രദാനം ചെയ്യുവാൻ അങ്ങേയ്ക്കു സാധിക്കുന്നതിനായി അങ്ങ് എനിക്കുവേണ്ടി സഹിച്ച കുരിശുമരണം വഴി അതു നേടിയെടുക്കാൻ ഞാൻ പ്രാർത്ഥിക്കുകയും പ്രത്യാശിക്കുകയും ചെയ്യുന്നു. ഓ അനന്തമായ നന്മയേ, അങ്ങയെ വ്രണപ്പെടുത്തിയതിൽ ഞാൻ ഖേദിക്കുന്നു. 

എൻറെ യേശുവേ, അങ്ങ് എനിക്കുവേണ്ടി മരിച്ചു; എന്നാൽ ഞാൻ എൻറെ സ്വന്തം നികൃഷ്ട താല്പര്യങ്ങൾക്കുവേണ്ടി അങ്ങയുടെ സൗഹൃദം നീട്ടിവെച്ചു. ഭാവിയിൽ അങ്ങയുടെ സഹായത്തോടെ എപ്പോഴും അങ്ങയെ സ്നേഹിക്കാമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. ഓ ദൈവമേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു!  ഞാൻ അങ്ങയെ സ്നേഹിക്കുന്നു. ഇപ്പോഴും, എന്നേക്കും എൻറെ ഏക നന്മയും എൻറെ ഏക സ്നേഹവും അങ്ങു മാത്രമായിരിക്കും. പരിശുദ്ധ മറിയമേ, ദൈവത്തിൻറെ അമ്മേ, എന്നെ കാത്തുകൊള്ളുകയും എന്നോടു കരുണ കാണിക്കുകയും ചെയ്യണമേ.