പാപികളെ മാനസാന്തരത്തിലേക്കു വിളിക്കുന്ന ദൈവത്തിൻറെ കാരുണ്യം
1. കർത്താവ് ആദത്തെ വിളിച്ച് അവനോടു ചോദിച്ചു: “നീ എവിടെയാണ്?”. നഷ്ടപ്പെട്ട മകനെ അന്വേഷിച്ചു പോകുന്ന ഒരു പിതാവിൻറെ വാക്കുകളാണിവ എന്നു ഭക്തനായ ഒരു എഴുത്തുകാരൻ പറയുന്നു. ഓ, നമ്മുടെ ദൈവത്തിൻറെ അപരിമേയമായ അനുകമ്പ! ആദം പാപം ചെയ്യുന്നു, അവൻ ദൈവത്തോടു പുറംതിരിയുന്നു; എന്നിട്ടും ദൈവം അവനെ ഉപേക്ഷിക്കാതെ അവനെ അനുഗമിക്കുന്നു, “ആദം, നീ എവിടെ” എന്ന് അവനെ പിന്തുടർന്നു ചോദിക്കുന്നു. എൻറെ ആത്മാവേ, ദൈവം അപ്രകാരം നിന്നോടും പലപ്പോഴും പ്രവർത്തിച്ചിട്ടുണ്ട്. പാപം ചെയ്തുകൊണ്ടു നീ ദൈവത്തെ ഉപേക്ഷിച്ചു; എന്നാൽ ദൈവം അവിടുത്തെ അനുകമ്പയുടെയും സ്നേഹത്തിൻറെയും ഫലങ്ങളാകുന്ന ആത്മീയ വെളിച്ചംകൊണ്ടും, പാപബോധത്താലും, അവിടുത്തെ വിശുദ്ധ പ്രചോദനങ്ങൾകൊണ്ടും നിന്നെ സമീപിക്കുവാനും നിന്നെ വിളിക്കുവാനും മടിച്ചില്ല. ഓ കരുണയുടെ ദൈവമേ, സ്നേഹത്തിൻറെ ദൈവമേ! എനിക്ക് എങ്ങനെ ഇത്ര കഠിനമായി അങ്ങയെ വേദനിപ്പിക്കാൻ കഴിഞ്ഞു! എങ്ങനെ, എനിക്ക് അങ്ങയോട് ഇത്ര നന്ദികെട്ടവനായിരിക്കുവാൻ കഴിഞ്ഞു!
2. ചെങ്കുത്തായ മലയുടെ മുകളിൽ നിന്നു താഴേക്കു ചാടാനൊരുങ്ങുന്ന തൻറെ മകനെ നോക്കിക്കാണുന്ന ഒരു പിതാവ് മകൻറെ അടുത്തേക്ക് ഓടി എത്തുകയും കണ്ണുനീരോടെ അവനെ നാശത്തിൽ നിന്നു തടയാൻ ഉദ്യമിക്കുകയും ചെയ്യുന്നതുപോലെ, എൻറെ ദൈവമേ, അങ്ങ് എന്നോടും ചെയ്യുന്നു. ഞാൻ എൻറെ പാപങ്ങളാൽ സ്വയം നരകത്തിലേക്കു വീഴ്ത്തപ്പെടാൻ തിടുക്കപ്പെട്ടു, എന്നാൽ അങ്ങ് എന്നെ അതിൽനിന്നും തടഞ്ഞു. ഓ കർത്താവേ, അങ്ങ് എന്നോടു കാണിച്ച സ്നേഹത്തെക്കുറിച്ചു ഞാൻ ഇപ്പോൾ ബോധവാനാണ്, സ്വർഗത്തിൽ എന്നേയ്ക്കും അങ്ങയുടെ കരുണയുടെ സ്തുതികൾ പാടാമെന്നു ഞാൻ പ്രത്യാശിക്കുന്നു. കർത്താവിൻറെ കരുണയെക്കുറിച്ച് ഞാൻ എന്നേയ്ക്കും പാടും. ഓ ഈശോയേ, അങ്ങ് എൻറെ രക്ഷ ആഗ്രഹിക്കുന്നു എന്നു ഞാൻ അറിയുന്നു, എന്നാൽ അങ്ങ് എന്നോടു ഇതുവരെ ക്ഷമിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല. ഓ! എൻറെ പാപങ്ങളെയോർത്തുള്ള തീവ്രദുഃഖം എനിക്കു തരണമേ; അങ്ങയുടെ കരുണനിറഞ്ഞ ക്ഷമയുടെ അടയാളമായി എനിക്ക് അങ്ങയോടു തീക്ഷ്ണമായ സ്നേഹം തരണമേ.
3. ഓ എൻറെ രക്ഷകാ, അങ്ങയുടെ പാപക്ഷമ അങ്ങുതന്നെ എനിക്ക് വാഗ്ദാനം ചെയ്യുകയും കൈകൾ വിരിച്ചുപിടിച്ചുകൊണ്ട് അങ്ങ് എന്നെ സ്വീകരിക്കാൻ തയ്യാറാകുകയും ചെയ്യുമ്പോൾ, മാപ്പു ലഭിക്കുമെന്നത് എനിക്ക് എങ്ങനെ സംശയിക്കാൻ കഴിയും? ഞാൻ അങ്ങയോടു ചെയ്ത എല്ലാ അതിക്രമങ്ങൾക്കു ശേഷവും അങ്ങു സത്യമായും എന്നെ സ്നേഹിക്കുന്നു എന്ന പരിഗണനയുടെ ബലത്താലും വലിയ ദുഃഖത്തോടെയും ഞാൻ അങ്ങയുടെയടുത്തേക്കു മടങ്ങിവരുന്നു. ഓ, എൻറെ പരമനന്മയായ ദൈവമേ, ഞാൻ അങ്ങയെ ഒരിക്കലും അപ്രീതിപ്പെടുത്തിയിട്ടില്ലായിരുന്നെങ്കിൽ! അങ്ങയെ അപ്രീതിപ്പെടുത്തിയതിൽ ഞാൻ എത്രമാത്രം ദുഃഖിക്കുന്നു! യേശുവേ, എന്നോടു ക്ഷമിക്കണമേ! ഞാൻ ഇനി ഒരിക്കലും അങ്ങയെ വ്രണപ്പെടുത്തുകയില്ല. എന്നാൽ അങ്ങയുടെ പാപമോചനംകൊണ്ടു മാത്രം സംതൃപ്തനാകാൻ എനിക്കാവില്ല: അങ്ങയോടുള്ള വലിയ സ്നേഹവും എനിക്കു തരണമേ. നരകാഗ്നിയിൽ എരിയിക്കപ്പെടാൻ പലപ്പോഴും അർഹതപ്പെട്ട ഞാൻ ഇപ്പോൾ അങ്ങയുടെ വിശുദ്ധസ്നേഹത്തിൻറെ തീയിൽ എരിയപ്പെടാൻ ആഗ്രഹിക്കുന്നു. എൻറെ ഏകസ്നേഹവും എൻറെ ജീവനും എൻറെ സമ്പത്തും എൻറെ സർവസ്വവും ആയ അങ്ങയെ ഞാൻ സ്നേഹിക്കുന്നു. എൻറെ സംരക്ഷകയായ പരിശുദ്ധ മറിയമേ! എൻറെ ജീവിതാവസാനം വരെ ഞാൻ ദൈവത്തോടു വിശ്വസ്തനായിരിക്കുന്നതിന് എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ.