യേശുവിൻറെ തിരുമുറിവുകൾ.
1. യേശുവിൻറെ തിരുമുറിവുകൾ ഏറ്റവും കഠിനമായ ഹൃദയങ്ങളെപ്പോലും മുറിവേൽപ്പിക്കുകയും ഏറ്റവും തണുത്ത ആത്മാക്കളെപ്പോലും ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നുവെന്നു വിശുദ്ധ ബൊനവഞ്ചർ പറയുന്നു. സത്യത്തിൽ, ദൈവം നമ്മോടുള്ള സ്നേഹത്തെപ്രതി പ്രഹരിക്കപ്പെടാനും ചമ്മട്ടികൊണ്ടടിക്കപ്പെടാനും മുൾകിരീടം ധരിപ്പിക്കപ്പെടാനും ഒടുവിൽ വധിക്കപ്പെടാനും സ്വയം അനുവദിച്ചുവെന്നു നമുക്ക് എങ്ങനെ വിശ്വസിക്കാൻ കഴിയും? അത് അറിഞ്ഞിട്ടും എങ്ങനെ ദൈവത്തെ സ്നേഹിക്കാതിരിക്കാൻ കഴിയും? വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സി ദേശമെങ്ങും യാത്രചെയ്യുമ്പോൾ മനുഷ്യരുടെ നന്ദികേടിനെപ്പറ്റി ഇപ്രകാരം വിലപിക്കുമായിരുന്നു; “സ്നേഹം സ്നേഹിക്കപ്പെടുന്നില്ല, സ്നേഹം സ്നേഹിക്കപ്പെടുന്നില്ല”. ഓ എൻറെ യേശുവേ! കണ്ടാലും, അനേക വർഷങ്ങൾ ഈ ലോകത്തിൽ അപ്രകാരമായിരിക്കുകയും അങ്ങയെ സ്നേഹിക്കാതിരിക്കുകയും ചെയ്ത അനേകം നന്ദികെട്ടവരിൽ ഒരാളാണു ഞാൻ. എൻറെ വിമോചകാ, എന്നേയ്ക്കും ഞാൻ അങ്ങനെ തന്നെ തുടരാമോ? ഇല്ല, മരണം വരെ ഞാൻ അങ്ങയെ സ്നേഹിക്കും; ഞാൻ എന്നെ പൂർണമായി അങ്ങേയ്ക്കു സമർപ്പിക്കും. കരുണയോടെ എന്നെ സ്വീകരിച്ച് എന്നെ സഹായിക്കണമേ.
2. ക്രൂശിക്കപ്പെട്ട യേശുക്രിസ്തുവിനെ നമുക്കു കാണിച്ചുതന്നുകൊണ്ടു സഭ ഇങ്ങനെ ഉദ്‌ഘോഷിക്കുന്നു: “തല കുനിച്ച് , കൈകൾ വിരിച്ചുപിടിച്ച്, ഹൃദയം തുറന്ന്, അവിടുന്നു തൻറെ മുഴുവൻ സ്നേഹവും പ്രകടിപ്പിക്കുന്നു”. സഭ ഉറക്കെ വിളിച്ചുപറയുന്നു; “മനുഷ്യാ, കാണുക! നിന്നോടുള്ള സ്നേഹത്തെപ്രതി മരിച്ച നിൻറെ ദൈവത്തെ കാണുക; സമാധാനത്തിൻറെ ചുംബനം നിനക്കു നൽകാനായി അവിടുത്തെ തല കുനിച്ചുകൊണ്ടും, നീ അവിടുത്തെ സ്നേഹിക്കുമെങ്കിൽ തൻറെ തിരുഹൃദയത്തിലേക്കു നിനക്കു പ്രവേശനം നൽകാനായി അവിടുത്തെ പാർശ്വം തുറന്നുകൊണ്ടും നിന്നെ ആശ്ലേഷിക്കാനായി അവിടുത്തെ കരങ്ങൾ എങ്ങനെയാണു നീട്ടിയിരിക്കുന്നതെന്നു കാണുക. എൻറെ നിധിയും എൻറെ സ്നേഹവും എൻറെ സർവസ്വവുമായ അങ്ങയെ നിശ്ചയമായും ഞാൻ സ്നേഹിക്കും. എനിക്കുവേണ്ടി മരിച്ച ദൈവത്തെ സ്നേഹിക്കുന്നില്ലെങ്കിൽ പിന്നെ ആരെയാണു ഞാൻ സ്നേഹിക്കേണ്ടത്?
3. ക്രിസ്തുവിൻറെ സ്നേഹം നമ്മെ നിർബന്ധിക്കുന്നുവെന്ന് അപ്പോസ്തലൻ പറയുന്നു. ഓ! എൻറെ രക്ഷകാ, മനുഷ്യരോടുള്ള സ്നേഹം നിമിത്തം അങ്ങു മരിച്ചു; എന്നിട്ടും മനുഷ്യർ അങ്ങയെ സ്നേഹിക്കുന്നില്ല, കാരണം അങ്ങ് അവർക്കുവേണ്ടി സഹിച്ച മരണത്തെക്കുറിച്ചു ഒട്ടും ചിന്തിക്കാതെയാണ് അവർ ജീവിക്കുന്നത്. അങ്ങയെ സ്നേഹിക്കാതെ അവർക്ക് എങ്ങനെ ജീവിക്കാൻ സാധിക്കുമെന്നാണ് അവർ ചിന്തിക്കുന്നത് ! വിശുദ്ധ ഫ്രാൻസിസ് സാലസ് പറയുന്നു: “യേശു സത്യമായും ദൈവമായതുകൊണ്ട് അവിടുന്നു നമുക്കുവേണ്ടി കുരിശുമരണം പ്രാപിക്കാൻ മാത്രം നമ്മെ സ്നേഹിച്ചു എന്നു നാം അറിയുന്നുവെങ്കിൽ, ഒരു ചക്കിൽ വച്ചു ബലമായി അമർത്തപ്പെടുന്നതുപോലെ നാം അതു നമ്മുടെ ഹൃദയത്തിൽ അനുഭവിക്കേണ്ടതല്ലേ! അങ്ങനെ അതുവഴിയായി നാം കൂടുതൽ ശക്തവും കൂടുതൽ സൗമ്യവുമായ സ്നേഹം പ്രകടിപ്പിക്കേണ്ടതല്ലേ?” വിശുദ്ധ പൗലോസ് അപ്പസ്തോലൻ ഇപ്രകാരം പറയുന്നു: “ക്രിസ്തുവിൻറെ സ്നേഹം നമ്മെ നിർബന്ധിക്കുന്നു”. യേശുക്രിസ്തുവിൻറെ സ്നേഹം അവിടുത്തെ സ്നേഹിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. ഓ! എൻറെ പ്രിയപ്പെട്ട രക്ഷകനേ, ഇതുവരെയും ഞാൻ അങ്ങയെ നിന്ദിച്ചു, എന്നാൽ ഇപ്പോൾ ഞാൻ എൻറെ ജീവനേക്കാൾ ഉപരിയായി അങ്ങയെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു; ഞാൻ അങ്ങേയ്‌ക്കെതിരെ ചെയ്ത നിരവധിയായ പാപങ്ങളുടെ ഓർമ പോലെ എന്നെ വിഷമിപ്പിക്കുന്ന മറ്റൊന്നുമില്ല. യേശുവേ, എന്നോടു ക്ഷമിക്കണമേ! ഞാൻ അങ്ങയെയല്ലാതെ മറ്റാരെയും ആഗ്രഹിക്കുകയോ അന്വേഷിക്കുകയോ അഭിലഷിക്കുകയോ ചെയ്യാതിരിക്കാൻ എൻറെ മുഴുവൻ ഹൃദയത്തെയും അങ്ങയിലേക്ക് അടുപ്പിക്കണമേ. ഓ പരിശുദ്ധ മറിയമേ, എൻറെ അമ്മേ, ഈശോയെ സ്നേഹിക്കാൻ എന്നെ സഹായിക്കണമേ.