ദൈവത്തിൻറെ ശത്രുക്കളായി ജീവിക്കുന്നതിൻറെ ഭോഷത്തം
1. ഈ ജീവിതത്തിൽ ബഹുമാനം, സമ്പത്ത്, ഇന്ദ്രിയസുഖം എന്നിവയിൽനിന്നും ഓടിമാറുകയും ദാരിദ്ര്യം, അവഹേളനം, മനോവ്യഥ എന്നിവ സ്വയം സ്വീകരിക്കുകയും ചെയ്യുന്ന വിശുദ്ധരെ പാപികൾ വിഡ്ഢികളെന്നു വിളിക്കുന്നു. എന്നാൽ അവസാന ന്യായവിധിയുടെ ദിവസം, വിശുദ്ധരുടെ ജീവിതത്തെ വിഡ്ഢിത്തമെന്നു വിധിച്ചതിൽ തങ്ങൾ വിഡ്ഢികളായിപ്പോയി എന്ന് അവർ ഏറ്റുപറയും: ഭോഷന്മാരായ ഞങ്ങൾ അവരുടെ ജീവിതത്തെ ഭ്രാന്തായി കണക്കാക്കി. ദൈവത്തെക്കൂടാതെ ജീവിക്കുന്നതിനേക്കാൾ വലിയ ഭോഷത്തം മറ്റെന്താണ്? അത് ഈ ലോകത്ത് ഒരു ദയനീയമായ ജീവിതം നയിക്കുകയും തുടർന്നു നരകത്തിൽ ഇതിലും വളരെയധികം ദയനീയമായി ജീവിക്കുകയും ചെയ്യുക എന്നതാണ്. ഇല്ല, എൻറെ ഭോഷത്തം ഏറ്റുപറയാൻ ഞാൻ അവസാന ദിവസം വരെ കാത്തിരിക്കുകയില്ല. ഞാനിപ്പോൾ അത് ഏറ്റുപറയുന്നു: എൻറെ പരമനന്മയായ അങ്ങേക്കെതിരായി പാപം ചെയ്തത് എത്ര വലിയ അബദ്ധമാണ്! “പിതാവേ, അങ്ങയുടെ പുത്രൻ എന്നു വിളിക്കപ്പെടാൻ ഞാൻ യോഗ്യനല്ല.” പിതാവേ, അങ്ങയുടെ ക്ഷമയ്ക്കു ഞാൻ യോഗ്യനല്ല; എന്നാൽ എന്നെപ്രതി അങ്ങു ചൊരിഞ്ഞ തിരുരക്തം വഴിയായി ഞാൻ അതു പ്രത്യാശിക്കുന്നു. എൻറെ യേശുവേ, അങ്ങയെ നിന്ദിച്ചതിൽ ഞാൻ ഖേദിക്കുന്നു; എല്ലാറ്റിനുമുപരിയായി ഞാൻ അങ്ങയെ സ്നേഹിക്കുന്നു.
2. അസന്തുഷ്ടരായ പാപികൾ! അവരുടെ പാപങ്ങളാൽ അന്ധരായി, അവർ ന്യായവിധിയിൽ എല്ലാം നഷ്ടപ്പെടുത്തുന്നു. ഏറ്റവും ചെറിയ ഒരു നാണയത്തിനുവേണ്ടി ഒരു രാജ്യം വേണ്ടെന്നുവയ്ക്കുന്ന ഒരു മനുഷ്യനെക്കുറിച്ച് എന്താണു പറയുക? അസ്ഥിരബുദ്ധിമൂലം, തന്നിഷ്ടം കൊണ്ട്, ഒരു നൈമിഷിക സന്തോഷത്തിനുവേണ്ടി, സ്വർഗ്ഗത്തെയും ദൈവത്തിൻറെ കൃപയെയും വേണ്ടെന്നുവയ്ക്കുന്നവനെക്കുറിച്ച് എന്താണു പറയേണ്ടത്? പെട്ടെന്ന് അവസാനിക്കുന്ന ഈ ജീവിതത്തെക്കുറിച്ചു മാത്രമാണ് അവർ ചിന്തിക്കുന്നത്, അതിനിടയിൽ ഒരിക്കലും അവസാനിക്കാത്ത ആ നരകജീവിതത്തിന് അവർ അർഹത നേടുകയും ചെയ്യുന്നു. ഓ എൻറെ ദൈവമേ! ഞാൻ ഇതുവരെ ചെയ്തതുപോലെ എൻറെ അന്യായമായ ആഗ്രഹങ്ങൾക്കു മുൻതൂക്കം കൊടുത്തുകൊണ്ട് എൻറെ പരമനന്മയായ അങ്ങയെ നിന്ദിക്കാൻ മാത്രം അന്ധനാകാൻ ഇനിയും എന്നെ അനുവദിക്കരുതേ! ഞാൻ ഇപ്പോൾ അവയെല്ലാം വെറുക്കുകയും എല്ലാറ്റിനുമുപരിയായി അങ്ങയെ സ്നേഹിക്കുകയും ചെയ്യുന്നു.
3.തികച്ചും ലൗകികരായവർക്ക് ദുരിതം! അവർ തങ്ങളുടെ ഭോഷത്തത്തെക്കുറിച്ചു വിലപിക്കുന്ന കാലം വരും; പക്ഷെ അത് എപ്പോഴാണ്? അവരുടെ നിത്യനാശത്തെ തടയാൻ ഒന്നും ചെയ്യാൻ കഴിയാതെ വരുന്ന അവസ്ഥയിൽ മാത്രം. അപ്പോൾ അവർ പറയും, അഹങ്കാരം നമുക്ക് എന്തു ഗുണം ചെയ്തു? അപ്പോൾ അവർ ആശ്ചര്യത്തോടെ വിളിച്ചുപറയും: ഞങ്ങളുടെ എല്ലാ ആനന്ദങ്ങളും ഒരു നിഴൽ പോലെ കഴിഞ്ഞുപോയതെങ്ങനെ! എന്നാൽ ഇപ്പോൾ കഷ്ടപ്പാടും നിത്യ വിലാപവുമല്ലാതെ ഞങ്ങൾക്ക് ഒന്നും അവശേഷിക്കുന്നില്ല! പ്രിയ യേശുവേ! എന്നോട് കരുണയായിരിക്കണമേ. ഞാൻ അങ്ങയെ മറന്നിരുന്നു, പക്ഷേ അങ്ങ് എന്നെ മറന്നില്ല. ഞാൻ എൻറെ പൂർണ്ണആത്മാവോടുകൂടി അങ്ങയെ സ്നേഹിക്കുന്നു; ഞാൻ അങ്ങേയ്‌ക്കെതിരായി ചെയ്ത പാപങ്ങളെ ഞാൻ ചെയ്ത മറ്റെല്ലാ പാപങ്ങളെക്കാളുമുപരിയായി കഠിനമായി വെറുക്കുന്നു. ഓ ദൈവമേ, എന്നോടു ക്ഷമിക്കണമേ! ഞാൻ അങ്ങയോടു ചെയ്ത പാപങ്ങൾ അങ്ങ് ഓർക്കരുതേ. എൻറെ ബലഹീനത അങ്ങ് അറിയുന്നതുകൊണ്ട് എന്നെ ഉപേക്ഷിക്കരുതേ; എല്ലാറ്റിനുമപ്പുറം അങ്ങയെ പ്രീതിപ്പെടുത്തുന്നതിന് എനിക്കു ശക്തി തരണമേ. ദൈവത്തിൻറെ അമ്മയായ മറിയമേ! ഞാൻ എൻറെ പ്രത്യാശ അങ്ങയിൽ വയ്‌ക്കുന്നു.