വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 28

നമ്മുടെ പാപങ്ങളുടെ ആധിക്യം 

1. വിശുദ്ധ ബേസിലിൻറെയും, വിശുദ്ധ ജെറോമിൻറെയും, വിശുദ്ധ അംബ്രോസിൻറെയും, വിശുദ്ധ അഗസ്റ്റിൻറെയും മറ്റു പലരുടെയും അഭിപ്രായത്തിൽ ദൈവം ഓരോരുത്തർക്കും നിശ്ചയിച്ചിട്ടുള്ള താലന്തുകൾ, സൗഭാഗ്യങ്ങൾ, ആയുസ്സിൻറെ ദിവസങ്ങൾ എന്നതുപോലെതന്നെ ഓരോരുത്തരോടും ക്ഷമിക്കേണ്ടതായ പാപങ്ങളുടെ എണ്ണവും നിശ്ചയിച്ചിരിക്കുന്നു; അതു  തീർന്നുകഴിയുമ്പോൾ ദൈവം അവിടുത്തെ ശിക്ഷകൾ അവൻറെമേൽ ചൊരിയും; പിന്നെ ഒരിക്കലും അവനോടു ക്ഷമിക്കുകയില്ല.  വിശുദ്ധ അഗസ്റ്റിൻ പറയുന്നു: സർവ്വശക്തനായ ദൈവം ഒരു നിശ്ചിത സമയത്തേക്ക് ഓരോരുത്തരെയും ക്ഷമയോടെ സഹിക്കുന്നു; എന്നാൽ ഈ സമയം അവസാനിച്ചാൽ പിന്നെ മേലിൽ അവന് ഒരിക്കലും മാപ്പു ലഭിക്കുകയില്ല. ഓ ദൈവമേ, ഞാൻ ഇതുവരെ അങ്ങയുടെ ക്ഷമയെ വളരെയധികം ദുരുപയോഗം ചെയ്തു എന്ന് എനിക്കറിയാം; എന്നാൽ അങ്ങ് ഇതുവരെ എന്നെ കൈവിട്ടിട്ടില്ലെന്നു  ഞാനറിയുന്നു, കാരണം എൻറെ പാപങ്ങളെ ഓർത്തു ഞാൻ പശ്ചാത്തപിക്കുന്നു; ഈ ദുഃഖം അങ്ങ് ഇപ്പോഴും എന്നെ സ്നേഹിക്കുന്നു എന്നതിൻറെ അടയാളമാണ്. ഓ എൻറെ ദൈവമേ!  ഇനി ഒരിക്കലും അങ്ങയെ അപ്രീതിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല; അങ്ങയുടെ കരുണയാൽ എന്നെ കൈവിടരുതേ.

2. ന്യായവിധയുടെ  ദിവസം വരുമ്പോൾ അവരുടെ പാപങ്ങളുടെ പൂർണ്ണതയിൽ അവരെ ശിക്ഷിക്കാമെന്നു കർത്താവു  ക്ഷമയോടെ പ്രതീക്ഷിക്കുന്നു. ദൈവം പാപിയെ ക്ഷമയോടെ കാത്തിരിക്കുന്നു എങ്കിലും പാപങ്ങളുടെ അളവു എടുക്കേണ്ട ദിവസം വരുമ്പോൾ പിന്നെയൊട്ടും കാത്തുനിൽക്കാതെ അവനെ ശിക്ഷിക്കും. ഓ കർത്താവേ! ഇനിയും കുറച്ചു സമയം കൂടി എനിക്കുവേണ്ടി കാത്തിരിക്കണമേ, ഇനിയും എന്നെ ഉപേക്ഷിക്കരുതേ. അങ്ങയുടെ കൃപയുടെ സഹായത്താൽ മേലിൽ ഒരിക്കലും അങ്ങയെ ഉപദ്രവിക്കുകയില്ലെന്നും അങ്ങയുടെ കോപം എൻറെമേൽ പതിക്കാനനുവദിക്കുകയില്ലെന്നും ഞാൻ പ്രതീക്ഷിക്കുന്നു. എൻറെ പരമ നന്മയേ! അങ്ങയെ വ്രണപ്പെടുത്തിയതിന് എന്നോടു ക്ഷമിക്കണമേ. ഇനി ഒരിക്കലും ഞാൻ അങ്ങയെ വഞ്ചിക്കുകയില്ല എന്നു ഞാൻ ഉറപ്പിച്ചുപറയുന്നു. ലോകത്തിലുള്ള എല്ലാ വസ്തുക്കളെയുംകാൾ ഞാൻ ഇപ്പോൾ അങ്ങയുടെ സൗഹൃദത്തെ ബഹുമാനിക്കുന്നു.

3. നാം പാപങ്ങൾ ചെയ്യുന്നു, എന്നാൽ നാം ചെയ്തുകൂട്ടുന്ന പാപങ്ങളുടെ ഭാരത്തെപ്പറ്റി നാം ശ്രദ്ധിക്കുന്നേയില്ല; എന്നാൽ ബൽത്താസർ രാജാവിനു സംഭവിച്ചതു നമുക്കും സംഭവിക്കാതിരിക്കാൻ നാം പേടിച്ചു വിറയ്ക്കണം: ‘നിന്നെ തുലാസിൽ തൂക്കി കുറവുള്ളവനായി കണ്ടിരിക്കുന്നു’. പത്തു പാപങ്ങളുടെ സ്ഥാനത്തു  പതിനൊന്നായാൽ  അതു  വലിയ കാര്യമൊന്നുമല്ലെന്നു  പിശാചു നിങ്ങളോടു പറഞ്ഞേക്കാം. എന്നാൽ അങ്ങനെയല്ല, ആ ദുഷ്ട ശത്രു നിങ്ങളെ ചതിക്കുകയാണ്. അവൻ നിങ്ങളെ ചെയ്യാൻ പ്രേരിപ്പിക്കുന്ന പാപം നിങ്ങളുടെ പാപത്തിൻറെ ഭാരം വർദ്ധിപ്പിക്കും; നിങ്ങൾക്കെതിരായ ദൈവിക നീതിയുടെ സന്തുലിതാവസ്ഥ തീരുമാനിക്കുന്നത്  ഒരുപക്ഷേ അതായിരിക്കാം; അതുകാരണം നരകശിക്ഷയ്ക്കു നിങ്ങൾ വിധിക്കപ്പെടാം. ക്രിസ്തീയ സഹോദരാ, ദൈവം നിങ്ങളോടു കരുണ കാണിക്കുകയില്ല എന്ന ഭയത്തോടെയല്ല നിങ്ങൾ ജീവിക്കുന്നതെങ്കിൽ അതുവഴി നിങ്ങൾ ഇതിനകം ചെയ്ത കുറ്റങ്ങളോടുകൂടെ ഒരു മാരകമായ പാപം കൂടി ചേർക്കുകയല്ലേ ചെയ്യുന്നത്!  ഈ ചിന്തയിൽ നിങ്ങൾ സ്വയം ഭയപ്പെടുന്നില്ലെങ്കിൽ, നിങ്ങൾ നഷ്ടപ്പെട്ടേക്കാമെന്ന വലിയ അപകടത്തിലാണ്.  ഇല്ല, എൻറെ ദൈവമേ, അങ്ങ് എന്നെ വളരെക്കാലം  ക്ഷമാപൂർവം സഹിച്ചു; അങ്ങയുടെ മഹാമനസ്ക്കതയോടെയുള്ള  നന്മയെ ഞാൻ ഇനി ഒരിക്കലും ദുരുപയോഗം ചെയ്യില്ല. ഇതുവരെ എന്നെ കാത്തിരുന്നതിനു ഞാൻ അങ്ങയോടു നന്ദി പറയുന്നു. ഞാൻ അങ്ങയുടെ സ്നേഹം പലപ്പോഴും  നഷ്ടപ്പെടുത്തി; എന്നാൽ ഇനി ഒരിക്കലും അങ്ങയെ നഷ്ടപ്പെടില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അങ്ങ് എന്നെ ഇതുവരെ ഉപേക്ഷിച്ചിട്ടില്ലാത്തതിനാൽ, അങ്ങയെ വീണ്ടും കണ്ടെത്താൻ എന്നെ പ്രാപ്തനാക്കണമേ. ഓ എൻറെ ദൈവമേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങയെ തുടർച്ചയായി ഉപേക്ഷിച്ചതിന് എൻറെ ഹൃദയത്തിൻറെ അടിത്തട്ടിൽ നിന്നു ഞാൻ ഖേദിക്കുന്നു. ഇല്ല, ഇനി ഒരിക്കലും അങ്ങയെ നഷ്ടപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അങ്ങയുടെ കൃപയാൽ എന്നെ സഹായിക്കണമേ. എൻറെ രാജ്ഞിയും അമ്മയുമായ പരിശുദ്ധ മറിയമേ, അങ്ങയുടെ ദിവ്യമായ മദ്ധ്യസ്ഥതയാൽ എന്നെ സഹായിക്കണമേ.