വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 23

നമ്മുടെ പാപങ്ങൾക്കുവേണ്ടി ബലിയർപ്പിക്കപ്പെട്ട ദൈവത്തിൻറെ കുഞ്ഞാട്.

1. നമുക്കു  പാപമോചനവും നിത്യരക്ഷയും ലഭിക്കുന്നതിനുവേണ്ടി അവിടുത്തെ രക്തവും അവിടുത്തെ ജീവൻതന്നെയും  അർപ്പിച്ച നമ്മുടെ അനുഗ്രഹീതനായ രക്ഷകനെക്കുറിച്ചു  സ്നാപകൻ ഇപ്രകാരം പറഞ്ഞു: “ഇതാ, ദൈവത്തിൻറെ കുഞ്ഞാട്”. പീലാത്തോസിൻറെ അരമനയിൽ നിൽക്കുന്ന  അവിടുത്തെ ഒന്നു നോക്കുവിൻ; അവിടുന്നു മൗനമായി, രോമം കത്രിക്കുന്നവരുടെ മുമ്പിൽ നിൽക്കുന്ന നിഷ്കളങ്കനായ  കുഞ്ഞാടിനെപ്പോലെ, വിവസ്ത്രനായി നിൽക്കുന്നു. അവിടുത്തെ  പരിശുദ്ധശരീരത്തിൽ ചമ്മട്ടിയടിക്കപ്പെട്ട്, മുൾമുടിയും ധരിക്കപ്പെട്ട്, അവിടുന്നു  വായ് തുറക്കാതെ നിൽക്കുന്നു. അവിടുന്നു വായ്  തുറക്കുന്നില്ല, പരാതിപ്പെടുന്നുമില്ല, കാരണം നമ്മുടെ പാപങ്ങൾ മൂലം വന്ന ശിക്ഷകൾ വഹിക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നു. ഓ ലോകത്തിൻറെ രക്ഷകാ! അങ്ങു ഞങ്ങളോടു  കാണിച്ച വലിയ കാരുണ്യത്തിനും സ്നേഹത്തിനും, മാലാഖമാരും എല്ലാ സൃഷ്ടികളും അങ്ങയെ വാഴ്ത്തട്ടെ. ഞങ്ങൾ പാപങ്ങൾ ചെയ്തുപോയി, അങ്ങ് അവയ്ക്കു പരിഹാരം ചെയ്യുകയും ചെയ്തു.

2. അവിടുത്തെ നോക്കുക;  അവിടുന്ന് ഒരു കുറ്റവാളിയെപ്പോലെ ബന്ധിക്കപ്പെടുകയും ആരാച്ചാരന്മാരാൽ ചുറ്റപ്പെടുകയും കാൽവരിയിലേക്കു  നയിക്കപ്പെടുകയും ചെയ്യുന്നു; അവിടെ വലിയ മഹാത്യാഗത്തിനു  തന്നെത്തന്നെ സമർപ്പിക്കുകയും  അതിലൂടെ നമ്മുടെ വീണ്ടെടുപ്പിൻറെ ജോലി പൂർത്തീകരിക്കുകയും ചെയ്യുന്നതിനുവേണ്ടിത്തന്നെ!  ‘ബലിയർപ്പിക്കപ്പെടാനായി കൊണ്ടുപോകുന്ന   ഒരു സൗമ്യനായ  കുഞ്ഞാടിനെപ്പോലെയായിരുന്നു ഞാൻ’.   യേശുവേ, ഇത്രയും ക്രൂരമായി പീഡിപ്പിച്ചതിനു ശേഷം അങ്ങയെ   അവർ കുരിശും ചുമപ്പിച്ചുകൊണ്ടു നടത്തിക്കുന്നത് എവിടേക്കാണ്? അങ്ങ് എന്നോട് ഉത്തരം പറയുന്നു. ‘അവർ എന്നെ മരണത്തിലേക്കു  നയിക്കുന്നു; എന്നാൽ ഞാൻ നിന്നെ രക്ഷിക്കാനും എനിക്കു നിന്നോടുള്ള എൻറെ സ്നേഹം എത്ര വലുതാണെന്നു  തെളിയിക്കാനും വേണ്ടി പോകുന്നതിനാൽ, ഞാൻ നല്ലമനസ്സോടെ പോകുന്നു.’ എന്നാൽ എൻറെ രക്ഷകനേ! അങ്ങയോടുള്ള എൻറെ സ്നേഹം തെളിയിക്കാൻ ഞാൻ എപ്പോഴെങ്കിലും ശ്രമിച്ചിട്ടുണ്ടോ? എൻറെ ദ്രോഹങ്ങളും, ദാരുണമായ കുറ്റങ്ങളും അങ്ങ് അറിയുന്നു. അതോടൊപ്പം  അങ്ങയുടെ കൃപയും സ്നേഹവും പതിവായി ഞാൻ പുച്ഛിച്ചുതള്ളിയതും, തീർച്ചയായും അങ്ങ് അറിയുന്നു. അങ്ങയുടെ കുരിശു മരണം ആണ് എൻറെ പ്രത്യാശ. എൻറെ ആത്മാവിൻറെ സ്നേഹമേ, അങ്ങയെ വേദനിപ്പിച്ചതിന് എന്നോടു ക്ഷമിക്കണമേ; ഞാൻ ദുഃഖിക്കുന്നു, പൂർണ്ണഹൃദയത്തോടെ ഞാൻ അങ്ങയെ സ്നേഹിക്കും.

3. വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സിക്ക്, ഒരു ആട്ടിൻകുട്ടിയെ കശാപ്പുശാലയിലേക്കു  നയിക്കുന്നതു കണ്ടപ്പോൾ, കണ്ണുനീർ അടക്കാൻ കഴിഞ്ഞില്ല; അദ്ദേഹം പറഞ്ഞു: “ഈ ആട്ടിൻകുട്ടിയെ അറുവുശാലയിലേക്ക് നയിക്കുന്നതുപോലെ, നിഷ്കളങ്കനായ എൻറെ  കർത്താവിനെ എനിക്കുവേണ്ടി കുരിശു മരണത്തിലേക്കു  കൊണ്ടുപോയി”.  യേശുവേ! എൻറെ സ്നേഹത്തിനായി അങ്ങയുടെ ജീവൻ ബലിയർപ്പിക്കാൻ പോലും  അങ്ങു വിസമ്മതിക്കുന്നില്ല, അതിനാൽ അങ്ങയുടെ സ്നേഹത്തിനായി എന്നെ മുഴുവനായും  അങ്ങേയ്ക്കു നൽകാൻ ഞാൻ വിസമ്മതിക്കാമോ? അങ്ങ് ഇതുമാത്രം  എന്നോട് ആവശ്യപ്പെടുന്നു: നീ നിൻറെ ദൈവമായ കർത്താവിനെ സ്നേഹിക്കണം. ഇത്, ഇതുമാത്രം അങ്ങ് ആഗ്രഹിക്കുന്നു. ഞാൻ അങ്ങയെ സ്നേഹിക്കാനും, അത് എൻറെ പൂർണ്ണഹൃദയത്തോടെ ആയിരിക്കാനും ഞാൻ ആഗ്രഹിക്കുന്നു. ഒന്നും മാറ്റിവയ്ക്കാതെ അങ്ങ് എന്നെ പൂർണ്ണമായി സ്നേഹിച്ചു; അതുകൊണ്ടു ഞാനും അതുപോലെതന്നെ  അങ്ങയെ സ്നേഹിക്കും. ദൈവത്തിൻറെ കുഞ്ഞാടേ, അങ്ങയെ വേദനിപ്പിച്ചതിൽ  ഞാൻ ഖേദിക്കുന്നു. എൻറെ സത്ത മുഴുവൻ ഞാൻ അങ്ങേ/യ്ക്കു നൽകുന്നു. ഓ യേശുവേ, അത് എന്നിൽനിന്നും സ്വീകരിക്കുക. അങ്ങയുടെ കൃപയോടു  ഞാൻ വിശ്വസ്തനായിരിക്കാൻ എന്നെ സഹായിക്കണമേ. ഓ മറിയമേ, എൻറെ രക്ഷകൻറെ അമ്മേ, അങ്ങയുടെ പ്രാർത്ഥനയാൽ എന്നെ പൂർണ്ണമായും അങ്ങയുടെ പുത്രൻറേതാക്കണമേ!