വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 21

മരണം, നിത്യതയിലേക്കുള്ള വഴി

1. എൻറെ ആത്മാവ് അമർത്യമാണെന്നതും  ഞാൻ അതിനെക്കുറിച്ച് ഒട്ടുംതന്നെ  ചിന്തിക്കാതിരിക്കുന്ന  സമയത്ത്  ഈ ലോകം വിട്ടുപോകണമെന്നതും വിശ്വാസം നമ്മെ പഠിപ്പിക്കുന്ന കാര്യമാണ്.  ഞാൻ നിത്യനായിരിക്കുന്നതുപോലെ നിത്യമായ ഒന്നിനായി ഒരു കരുതൽ എനിക്കാവശ്യമാണ്.   ജീവിതം കൊണ്ടു തീർന്നുപോകുന്ന ഒന്നാകരുത്. അലക്സാണ്ടറിൻറെയും സീസറിൻറെയും ജീവിതകാലത്ത് അവർ വലിയ കാര്യങ്ങൾ ചെയ്തു; എന്നാൽ അവരുടെ മഹത്വം  അവസാനിച്ചിട്ട്  എത്രയോ കാലങ്ങളായി! അവർ ഇപ്പോൾ എവിടെയാണ്? എൻറെ ദൈവമേ, ഞാൻ അങ്ങയെ എപ്പോഴും സ്നേഹിച്ചിരുന്നെങ്കിൽ!  കുറെ വർഷങ്ങൾ പാപത്തിൽ കഴിഞ്ഞിട്ട് എനിക്കിപ്പോൾ ശേഷിക്കുന്നതു ക്ലേശവും മനസ്സാക്ഷിക്കുത്തും മാത്രമാണ്. എന്നാൽ, ഞാൻ ചെയ്ത തിന്മയ്ക്ക്  പരിഹാരം ചെയ്യാൻ  അങ്ങ് എനിക്കു  സമയം അനുവദിച്ചതിനാൽ, കർത്താവേ, അങ്ങ് എന്നോട് ആവശ്യപ്പെടുന്നതെന്തും , അങ്ങേയ്ക്ക് ഇഷ്ടമുള്ളതെന്തും ചെയ്യുവാൻ ഞാൻ തയ്യാറാണ്. അങ്ങയോടുള്ള എൻറെ നന്ദിഹീനമായ  പെരുമാറ്റത്തെ ഓർത്തു വിലപിച്ചുകൊണ്ടും എൻറെ ദൈവവും എൻറെ  സർവസ്വവുമായ, എൻറെ നന്മമാത്രമായ അങ്ങയെ, എൻറെ എല്ലാ ശക്തിയോടുംകൂടി സ്നേഹിച്ചുകൊണ്ടും ഞാൻ എൻറെ ശേഷിക്കുന്ന ദിവസങ്ങൾ ചെലവഴിക്കും.

2. അഥവാ ദൈവത്തെക്കൂടാതെ  ഭൂമിയിൽ സന്തോഷം നേടാൻ ശരിക്കും കഴിയുമെങ്കിൽത്തന്നെ, അതിനുശേഷം  ഞാൻ നിത്യകാലം ദുരിതത്തിലായിരിക്കുമെങ്കിൽ, ഈ ലോകത്ത് സന്തുഷ്ടനായിരുന്നതുകൊണ്ട് എനിക്ക് എന്ത് പ്രയോജനം? എന്നാൽ, ഞാൻ മരിക്കണമെന്നും, മരണാനന്തരം നിത്യാനന്ദമോ  നിത്യദുരിതമോ ഏതെങ്കിലുമൊന്ന്  എന്നന്നേക്കുമായി എന്നെ കാത്തിരിക്കുന്നുവെന്നും, മോശമായോ നല്ലനിലയിലോ  എങ്ങനെയാണു  ഞാൻ മരിക്കുന്നതിനെ ആശ്രയിച്ചാണ് എൻറെ നിത്യദുരിതവും നിത്യസന്തോഷവും എന്നും അറിഞ്ഞിട്ടും, ഒരു നല്ല മരണം ഉറപ്പാക്കാൻ എൻറെ എല്ലാ കഴിവുകളും ഞാൻ പ്രയോഗിക്കാത്തത് എന്തൊരു മൂഢതയാണ്! ഓ പരിശുദ്ധാത്മാവേ, ഞാൻ ഈ ലോകത്തിൽനിന്നു യാത്രയാകുന്ന സമയംവരെ, എപ്പോഴും അങ്ങയുടെ കൃപയിൽ ജീവിക്കാൻ എന്നെ പ്രബുദ്ധനാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യണമേ. ഓ അനന്തമായ നന്മയേ! അങ്ങയെ വ്രണപ്പെടുത്തിക്കൊണ്ടു ചെയ്ത തിന്മയെക്കുറിച്ചു ഞാൻ ബോധവാനാണ്; ഞാൻ അവയെ വെറുക്കുന്നു. സ്നേഹിക്കപ്പെടാൻ യോഗ്യൻ അങ്ങു  മാത്രമാണെന്ന് എനിക്കറിയാം. എല്ലാറ്റിനുമുപരിയായി ഞാൻ അങ്ങയെ സ്നേഹിക്കുന്നു.

3. ചുരുക്കിപ്പറഞ്ഞാൽ, ഈ ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങളും നമ്മുടെ ശവസംസ്കാരത്തോടെ അവസാനിക്കുകയുംനാം അതിനെ  ഉപേക്ഷിക്കുകയും വേണം.  ഒപ്പം നാം നമ്മുടെ ശവക്കുഴികളിൽ ദ്രവിച്ചുപോകണം. മരണത്തിൻറെ നിഴൽ ഈ ലോകത്തിൻറെ മഹത്വത്തെയും  പ്രതാപത്തെയും മറയ്ക്കുകയും അജ്ഞാതമാക്കുകയും  ചെയ്യും. അങ്ങനെയെങ്കിൽ, ഈ ലോകത്തിൽ ദൈവത്തെ സ്നേഹിക്കുകയും ശുശ്രൂഷിക്കുകയും  ചെയ്യുന്നതിലൂടെ നിത്യമായ ആനന്ദം നേടുന്നവനെ മാത്രമേ സന്തുഷ്ടൻ എന്നു  വിളിക്കാൻ കഴിയൂ. ഓ യേശുവേ, അങ്ങയുടെ സ്നേഹത്തെക്കുറിച്ചു  ഞാൻ ഇതുവരെ വളരെ കുറച്ചു മാത്രമേ അറിയാൻ ശ്രമിച്ചിട്ടുള്ളൂ  എന്നതിൽ ഞാൻ ഖേദിക്കുന്നു. ഇപ്പോൾ ഞാൻ എല്ലാറ്റിനുമുപരിയായി അങ്ങയെ സ്നേഹിക്കുന്നു, അങ്ങയെ സ്നേഹിക്കുകയല്ലാതെ മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല. മേലിൽ അങ്ങു മാത്രമായിരിക്കും എൻറെ സ്നേഹത്തിൻറെ കേന്ദ്രബിന്ദു, അങ്ങു മാത്രം ആയിരിക്കും എൻറെ എല്ലാം.  ഈ ജീവിതത്തിലും വരാനിരിക്കുന്ന ജീവിതത്തിലും  അങ്ങയെ എപ്പോഴും സ്നേഹിക്കുക; ഇതായിരിക്കും ഞാൻ അങ്ങയോടു യാചിക്കുന്ന ഒരേയൊരു ദാനം. അങ്ങയുടെ കയ്പേറിയ പീഡാനുഭവത്തിൻറെ യോഗ്യതകളാൽ, എല്ലാ പുണ്യങ്ങളിലും എനിക്കു സ്ഥിരോത്സാഹം  നൽകണമേ. ദൈവത്തിൻറെ മാതാവായ മറിയമേ, അങ്ങാണ് എൻറെ പ്രത്യാശ.