പാപം : ദൈവത്തോടുള്ള അനാദരവ്
1.നിയമം ലംഘിക്കുകവഴി നീ ദൈവത്തെ അപമാനിക്കുന്നു. പാപം ചെയ്യണോ വേണ്ടയോ എന്നു തീരുമാനമെടുക്കാൻ വേണ്ടി ഒരുവൻ ആലോചിക്കുമ്പോൾതന്നെ , ദൈവത്തിൻ്റെ പ്രീതിയോ അതല്ല സ്വന്തം അഭിനിവേശങ്ങളോ , ലൗകിക താൽപര്യങ്ങളോ സന്തോഷമോ ഇവയിൽ ഏതാണ് ഏറ്റവും മൂല്യവത്തായതെന്ന് സ്വന്തം മനസ്സിലിട്ട് അവൻ തൂക്കിനോക്കുന്നു. പ്രലോഭനത്തിന് വഴങ്ങുമ്പോൾ അവൻ എന്താണു ചെയ്യുന്നത്? അധമമായ ചില സന്തോഷങ്ങളാണു ദൈവകൃപയേക്കാൾ കൂടുതൽ അഭികാമ്യമെന്ന് അവൻ തീരുമാനിക്കുന്നു. അങ്ങനെ, അവൻ നികൃഷ്ടമായ ഒരു സുഖമാണു ദൈവികസൗഹൃദത്തേക്കാൾ അഭികാമ്യമെന്നു പ്രഖ്യാപിച്ചുകൊണ്ടു ദൈവത്തെ അപമാനിക്കുന്നു. ഓ, ദൈവമേ! ഇപ്രകാരം അങ്ങയെ എൻ്റെ ഹീനമായ അഭിനിവേശത്തേക്കാൾ വിലകുറച്ചു കണ്ടുകൊണ്ടു പലതവണ ഞാൻ നിന്ദിച്ചുവല്ലോ.
2.ഇതിനെപ്പറ്റി എസക്കിയേൽ പ്രവാചകനിലൂടെ സർവശക്തനായ ദൈവം പറയുന്നു: “ ഒരു പിടി യവത്തിനും ഒരു അപ്പക്കഷണത്തിനും വേണ്ടി എൻ്റെ ജനത്തിൻ്റെ ഇടയിൽ അവർ എൻ്റെ പരിശുദ്ധിയെ കളങ്കപ്പെടുത്തി”. വലിയ ആഭരണശേഖരത്തിനോ ഒരു രാജ്യത്തിൻ്റെ അധികാരത്തിനോ വേണ്ടി ദൈവത്തെ തിരസ്കരിക്കുന്നുവെങ്കിൽ, അത് തീർച്ചയായും ഒരു വലിയ തിന്മയാണ്. കാരണം, ദൈവം ഭൂമിയിലെ എല്ലാ നിധികളെയും രാജ്യങ്ങളെയുംകാൾ അനന്തമായ മൂല്യമുള്ളവനാണ്. എന്നാൽ ഇന്ന് പലരും എന്തിനുവേണ്ടിയാണെന്നോ ദൈവത്തെ തള്ളിക്കളയുന്നത്? ആസ്വദിച്ചാലുടനെ തന്നെ വേഗത്തിൽ മാഞ്ഞുപോകുന്ന മായാമോഹങ്ങൾക്കുവേണ്ടി വേണ്ടി, വിഷം പുരണ്ട ആനന്ദത്തിനായി, നിസാരലാഭങ്ങൾക്കായി നാം ദൈവത്തെ തിരസ്കരിക്കുന്നു. ദൈവമേ! എന്നോട് ഇത്രയധികം സ്നേഹം പ്രകടിപ്പിച്ച അങ്ങയെ ഇത്തരം നീചവൃത്തികൾ കൊണ്ടു നിന്ദിച്ചുകൊണ്ടേയിരിക്കുവാൻ എനിക്ക് എങ്ങനെ സാധിക്കുന്നു? എൻ്റെ വിമോചകനേ, ഞാൻ ഇപ്പോൾ എല്ലാറ്റിനുമുപരിയായി അങ്ങയെ സ്നേഹിക്കുന്നതെങ്ങനെയെന്നു കണ്ടാലും. ഞാൻ അങ്ങയെ സ്നേഹിക്കുന്നതിനാൽ, എൻ്റെ ദൈവമേ, മറ്റെല്ലാ വസ്തുക്കളും എൻ്റെ ജീവിതം പോലും നഷ്ടപ്പെടുന്നതിനേക്കാൾ ഉപരിയായി അങ്ങയെ കൂടുതൽ നഷ്ടപ്പെടുത്തുന്നതിനെ ഓർത്തു ഞാൻ ദുഃഖിക്കുന്നു. എന്നോട് സഹതപിക്കുകയും ക്ഷമിക്കുകയും ചെയ്യണമേ. ഞാൻ മേലിൽ ഒരിക്കലും അങ്ങയുടെ അനിഷ്ടത്തിന് കാരണമാകുകയില്ല. ഇനിയുമൊരിക്കൽ അങ്ങയെ ദ്രോഹിക്കുന്നതിനേക്കാൾ മരിക്കുവാൻ എനിക്കു കൃപ തരണമേ.
3.കർത്താവേ, അങ്ങയെപ്പോലെ ആരുണ്ട്? ഓ, അനന്തനന്മയായ ദൈവമേ, മറ്റെന്തു നന്മയോടാണ് അങ്ങയെ താരതമ്യപ്പെടുത്താനാകുക? പാപം എനിക്ക് വച്ചുനീട്ടുന്ന നീചപ്രവൃത്തികൾ വഴിയായി അങ്ങയിൽ നിന്ന് മുഖം തിരിക്കാൻ എനിക്ക് എങ്ങനെ സാധിക്കുന്നു? ഓ, യേശുവേ, അങ്ങയുടെ വിലയേറിയ തിരുരക്തമാണ് എൻ്റെ പ്രത്യാശ. അങ്ങയോടു പ്രാർത്ഥിക്കുന്നവനെ ശ്രവിക്കുമെന്ന് അങ്ങു വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ. ഈലോക വസ്തുക്കൾക്കായി ഞാൻ അങ്ങയോടു യാചിക്കുന്നില്ല. മറ്റെല്ലാ തിന്മകളേക്കാളും ഉപരിയായി അങ്ങയോടു ചെയ്ത പാപങ്ങൾക്കായി ഞാൻ അങ്ങയോടു മാപ്പു ചോദിക്കുന്നു. ജീവിതാവസാനം വരെ അങ്ങയുടെ കൃപയിൽ ആയിരിക്കുവാനുള്ള നിലനില്പിൻ്റെ വരം ഞാൻ യാചിക്കുന്നു. ഓ, കർത്താവേ , എന്നെ കേൾക്കണമേ. അങ്ങയുടെ പരിശുദ്ധസ്നേഹമാകുന്ന ദാനം ഞാൻ അങ്ങയോടു യാചിക്കുന്നു. എൻ്റെ ആത്മാവ് അങ്ങയുടെ നന്മയിൽ ആകൃഷ്ടനാകുന്നു. ഈ ലോകത്തും അതിനുശേഷവും ഞാൻ അങ്ങയെ സ്നേഹിക്കാൻ മാത്രം എന്നെ അനുവദിക്കുക. മറ്റെല്ലാ കാര്യങ്ങളിലും അങ്ങയുടെ തിരുഹിതം പോലെ എന്നോടു വർത്തിക്കണമേ. എൻ്റെ കർത്താവേ, എൻ്റെ നന്മ മാത്രമായവനേ, ഇനിയൊരിക്കലും അങ്ങയെ പിരിഞ്ഞിരിക്കുവാൻ എന്നെ അനുവദിക്കരുതേ. ദൈവമാതാവായ മറിയമേ, അങ്ങ് എൻ്റെ ഈ പ്രാർത്ഥന കേൾക്കുകയും ഞാൻ ദൈവത്തിൻ്റെ സ്വന്തമായിരിക്കുന്നതിനും ദൈവം എന്നേക്കും എൻ്റെ അവകാശമായിരിക്കുന്നതിനും വേണ്ട അനുഗ്രഹം എനിക്കായി നേടിത്തരുകയും ചെയ്യണമേ.