ആവശ്യമായ ഒരേയൊരു കാര്യം
1. നമ്മുടെ ആത്മാക്കളുടെ രക്ഷയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഈ ലോകത്തു വലിയവനോ, കുലീനനോ, സമ്പന്നനോ ആയിരിക്കണമെന്നതോ നല്ല ആരോഗ്യം ആസ്വദിക്കണമെന്നതോ നിർബന്ധമുള്ള കാര്യമല്ല. എന്നാൽ നമ്മുടെ ആത്മാക്കളെ രക്ഷിക്കേണ്ടത് അത്യാവശ്യമാണ്; അതിനുവേണ്ടിയാണ് ദൈവം നമ്മെ ഇവിടെ ഈ ഭൂമിയിലാക്കിയിരിക്കുന്നത്. ബഹുമതിയോ സമ്പത്തോ ആനന്ദമോ നേടിയെടുക്കാനല്ല, മറിച്ച്, ഇഹലോകജീവിതകാലത്ത് സൽപ്രവൃത്തികളിലൂടെ യുദ്ധം ചെയ്തു നിത്യരക്ഷയുടെ ശത്രുക്കളെ ജയിച്ചുവരുന്നവർക്കായി ഒരുക്കിയിരിക്കുന്ന നിത്യരാജ്യം നേടിയെടുക്കുവാനാണ്. ഓ, എൻറെ യേശുവേ, അങ്ങയുടെ കൃപ നിരാകരിക്കുക മൂലം ഞാൻ എത്രയോ തവണ സ്വർഗ്ഗത്തെ പരിത്യജിച്ചു! എന്നാൽ കർത്താവേ, സ്വർഗ്ഗം നഷ്ടപ്പെട്ടതിനേക്കാൾ അങ്ങയുടെ സൗഹാർദ്ദം നഷ്ടപ്പെട്ടതിൽ ഞാൻ കൂടുതൽ ദുഖിക്കുന്നു. യേശുവേ, എൻറെ പാപങ്ങളെയോർത്തു ആഴമായി പശ്ചാത്തപിക്കുവാൻ വേണ്ട അനുതാപം എനിക്കു തരണമേ, കരുണയോടെ എന്നോടു ക്ഷമിക്കണമേ.
2. ദൈവകൃപയിൽ മരിക്കുകയും നിത്യരക്ഷ നേടുകയും ചെയ്യുന്ന ഒരുവനെ സംബന്ധിച്ചിടത്തോളം അവൻ ഇഹലോകജീവിതത്തിൽ ദരിദ്രനും നിന്ദ്യനും ബലഹീനനും വെറുക്കപ്പെട്ടവനുമായിരുന്നാൽ തന്നെ എന്ത്! അവൻ അവയെ ക്ഷമയോടെ സഹിച്ചാൽ, എത്രത്തോളം കൂടുതൽ കഷ്ടതയനുഭവിക്കുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തുവോ, അത്രയധികമായി അവൻ സ്വർഗ്ഗരാജ്യത്തിൽ മഹത്വപ്പെടും. അതേസമയം, ഒരു മനുഷ്യൻ സമ്പത്തിലും ബഹുമാനത്തിലും മുന്നിലാണെങ്കിലും മരിക്കുമ്പോൾ, ആത്മാവ് എന്നെന്നേക്കുമായി നഷ്ടപ്പെടുകയുമാണെങ്കിൽ അതുകൊണ്ട് അവന് എന്താണു പ്രയോജനം? നാം നിത്യമായി നഷ്ടപ്പെടുകയാണെങ്കിൽ, ഈ ലോകത്തു നാം ആസ്വദിച്ചവയുടെയെല്ലാം ഓർമ്മ നിത്യതയിലുള്ള നമ്മുടെ ദുരിതങ്ങൾ വർദ്ധിപ്പിക്കുന്നതിനു മാത്രമേ ഉപകരിക്കുകയുള്ളൂ. എൻറെ ദൈവമേ, അങ്ങയെ ദ്രോഹിക്കുന്നതാണ് എൻറെ ഒരേയൊരു തിന്മ എന്നും, എൻറെ ഏക നന്മ എന്നത് അങ്ങയെ സ്നേഹിക്കുന്നതാണെന്നും മനസ്സിലാക്കാൻ അങ്ങ് എന്നെ സഹായിക്കണമേ. എൻറെ ശിഷ്ടകാലം അങ്ങയെ ശുശ്രൂഷിക്കുവാൻ എന്നെ സഹായിക്കണമേ.
3. നാം ഒന്നുകിൽ രക്ഷപ്പെടുകയോ അല്ലെങ്കിൽ നഷ്ടപ്പെട്ടു പോവുകയോ അല്ലാതെ വേറൊരു വഴിയില്ലാത്തതിനാൽ, രക്ഷ ആവശ്യമാണ്. ഞാൻ നരകത്തിൽ പോകില്ല എന്നോ, സ്വർഗ്ഗം എനിക്കു നഷ്ടപ്പെടും എന്ന ആശങ്ക എനിക്കില്ല എന്നോ പറയുന്നതിൽ ഒരു കാര്യവും ഇല്ല. ഒന്നുകിൽ സ്വർഗം അല്ലെങ്കിൽ നരകം; ഒന്നുകിൽ എന്നേക്കും സ്വർഗത്തിൽ, ആനന്ദത്തിൻറെ സമുദ്രത്തിൽ ദൈവത്തോടൊപ്പം സന്തുഷ്ടനായിരിക്കാം, അല്ലെങ്കിൽ നരകത്തിൽ അഗ്നിയുടെയും പീഡനങ്ങളുടെയും സമുദ്രത്തിൽ എന്നേക്കും പിശാചുക്കളാൽ ചവിട്ടിമെതിക്കപ്പെടാം: ഒന്നുകിൽ രക്ഷിക്കപ്പെടുക അല്ലെങ്കിൽ നഷ്ടപ്പെടുക; വഴിയില്ല. ഈശോയെ, ഞാൻ ഇതുവരെ നരകമാണു തിരഞ്ഞെടുത്തുകൊണ്ടിരുന്നത്; അങ്ങ് എന്നോട് കരുണ കാണിച്ചില്ലായിരുന്നെങ്കിൽ, ഇപ്പോൾ തന്നെ ഞാൻ നരകത്തിൽ പീഡ സഹിക്കേണ്ടിവരുമായിരുന്നു. എൻറെ രക്ഷകനേ, എല്ലാ പാപത്തിനുമുപരിയായി അങ്ങയെ വേദനിപ്പിച്ചതോർത്ത് ഞാൻ ഖേദിക്കുന്നു. അങ്ങയുടെ കൃപയുടെ സഹായത്തോടെ, നരകത്തിലേക്കുള്ള വഴിയിൽ ഇനി ഒരിക്കലും നടക്കില്ലെന്ന് ഞാൻ പ്രത്യാശിക്കുന്നു. എൻറെ നിത്യനന്മയായ അങ്ങയെ ഞാൻ സ്നേഹിക്കുന്നു. അങ്ങയെ എന്നേക്കും സ്നേഹിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നന്മയിൽ ഉറച്ചുനിൽക്കാൻ എന്നെ സഹായിക്കുകയും അങ്ങ് എനിക്കുവേണ്ടി ചൊരിഞ്ഞ രക്തത്തിലൂടെ എന്നെ രക്ഷിക്കുകയു ചെയ്യണമേ. ഓ മറിയമേ, എൻറെ പ്രത്യാശയേ! എനിക്കുവേണ്ടി മാധ്യസ്ഥം വഹിക്കണമേ.