യേശു നമ്മുടെ പാപങ്ങൾക്കുവേണ്ടി സഹിക്കുന്നു
1. മനുഷ്യർ തങ്ങളുടെ പാപങ്ങളിൽ നശിക്കുന്നതു കണ്ട് അവരോട് കരുണ കാണിക്കുന്നതിനു ദൈവം തിരുമനസ്സായി, എന്നാൽ അതോടൊപ്പം അവിടുത്തെ ദൈവികനീതി നിറവേറ്റപ്പെടുകയും വേണമായിരുന്നു. പക്ഷെ ദൈവികനീതി പൂർത്തീകരിക്കാനാണ് കഴിവുള്ള ആരും ഉണ്ടായിരുന്നില്ല. ഇക്കാരണത്താൽ ദൈവം സ്വപുത്രനെ മനുഷ്യനായി ഭൂമിയിലേക്കയച്ചു, നമ്മുടെ എല്ലാ പാപങ്ങളും അവിടുത്തെമേൽ ചുമത്തി, അവിടുന്നു നമ്മുടെ കടങ്ങൾ വീട്ടി ദൈവികനീതി നടപ്പാക്കി. മനുഷ്യകുലത്തെ രക്ഷിക്കുന്നതിനുവേണ്ടി നാമെല്ലാരുടേയും അകൃത്യങ്ങൾ ദൈവം അവിടുത്തെമേൽ ചുമത്തി. ഓ നിത്യനായ ദൈവമേ! അങ്ങയുടെ കാരുണ്യത്തിൽ വിശ്വസിക്കാനും ഞങ്ങളുടെ ഹൃദയത്തെ അങ്ങയുടെ സ്നേഹത്തിലേക്ക് ആകർഷിക്കാനും അങ്ങയുടെ പുത്രനെപ്പോലും ഞങ്ങൾക്കു തരുകയല്ലാതെ, മറ്റെന്താണ് അങ്ങേയ്ക്ക് ചെയ്യാൻ കഴിയുമായിരുന്നത്? അങ്ങ് എനിക്കുവേണ്ടി ഇവയെല്ലാം ചെയ്തിട്ടും എനിക്കെങ്ങനെ അങ്ങേക്കെതിരായി ഇത്രയധികം പാപങ്ങൾ ചെയ്തു കുറ്റക്കാരനാകാൻ കഴിഞ്ഞു? ഓ എൻറെ ദൈവമേ! അങ്ങയുടെ പുത്രൻറെ സ്നേഹത്തെപ്രതി എന്നോടു കരുണ കാണിക്കേണമേ. എല്ലാ തിന്മകൾക്കും ഉപരിയായി അങ്ങയെ വ്രണപ്പെടുത്തിയതിനെയോർത്ത് ഞാൻ പശ്ചാത്തപിക്കുന്നു. ഞാൻ അങ്ങയെ കഠിനമായി വേദനിപ്പിച്ചിട്ടുണ്ടെങ്കിലും, ഏറ്റവും വലിയ ഉത്സാഹത്തോടെ അങ്ങയെ സ്നേഹിക്കാൻ ഞാൻ ആഗ്രഹിക്കുന്നു; അങ്ങയെ അപ്രകാരം സ്നേഹിക്കാൻ എന്നെ ശക്തിപ്പെടുത്തണമേ.
2. നമുക്കെല്ലാവർക്കുംവേണ്ടി പ്രായശ്ചിത്തം ചെയ്യുവാനായി നമ്മുടെ അകൃത്യങ്ങളെല്ലാം യേശുവിൻറെ മേൽ ചുമത്തിയിട്ടും നിത്യപിതാവ് തൃപ്തനായില്ല. ഏശയ്യാ പ്രവാചകൻ തുടർന്നുപറയുന്നതുപോലെ നമ്മുടെ അതിക്രമങ്ങൾക്കുവേണ്ടി അവൻ മുറിവേൽപ്പിക്കപ്പെടണമെന്നു പിതാവ് തിരുമനസ്സായി. ചമ്മട്ടികൽ കൊണ്ടും , മുള്ളുകൾ കൊണ്ടും ആണികൾകൊണ്ടും ഉള്ള മർദ്ദനങ്ങൾ സഹിച്ച്, ശപിക്കപ്പെട്ട കഴുമരത്തിൽ പീഡനമേറ്റു മരിക്കുന്നതുവരെ, പൂർണമായും തകർക്കപ്പെടാൻ അവിടുന്നു സ്വപുത്രനെ വിട്ടുകൊടുത്തു. ഓ ദൈവമേ, മനുഷ്യരോടുള്ള അങ്ങയുടെ ഈ സ്നേഹബാഹുല്യത്തെക്കുറിച്ചു , വിശ്വാസം വഴിയായി ഞങ്ങൾക്ക് ഉറപ്പുനൽകിയിരുന്നില്ലെങ്കിൽ, ആർക്ക് ഇത് വിശ്വസിക്കാൻ കഴിയുമായിരുന്നു? ഓ എല്ലാ സ്നേഹത്തിനും യോഗ്യനായ ദൈവമേ, അങ്ങയോടു നന്ദിഹീനരാകാതിരിക്കാൻ ഞങ്ങളെ അനുവദിക്കണമേ എന്ന് അങ്ങു ഞങ്ങൾക്കു നൽകിയ അങ്ങയുടെ പുത്രൻറെ സ്നേഹത്തെപ്രതി ഞങ്ങൾ യാചിക്കുന്നു.
3. കന്മഷമേശാത്ത ആ പുത്രനെ കാണുക, നമ്മുടെ പാപങ്ങൾക്കുവേണ്ടി തന്നെ ബലിയാക്കിയ അവിടുത്തെ പിതാവിൻറെ ഇഷ്ടം നിറവേറ്റിയവൻ, പിതാവിൻറെ മുൻപിൽ അങ്ങേയറ്റം എളിമയുള്ളവൻ, നമ്മോടുള്ള സ്നേഹത്താൽ നിറഞ്ഞവൻ, അനുസരണയോടുകൂടി ജീവിതത്തിലെ വേദനകളെയും ക്രൂരമായ മരണത്തെയും വാരിപ്പുണർന്നവൻ; അവിടുന്ന് സ്വയം എളിമപ്പെട്ടു, മരണം വരെ, അതേ, കുരിശുമരണം വരെ, അവിടുന്ന് അനുസരണമുള്ളവനായിത്തീർന്നു. അതിനാൽ, പ്രിയപ്പെട്ട രക്ഷകാ, അനുതപിക്കുന്ന ഹെസക്കിയയോടു ചേർന്നു ഞാനും അങ്ങയോടു പറയും: “എൻറെ ആത്മാവ് നശിക്കാതിരിക്കാൻ അങ്ങ് അതിനെ മോചിപ്പിച്ചു. എൻറെ പാപങ്ങൾ അങ്ങ് വിസ്മരിച്ചു. എൻറെ പാപങ്ങളാൽ നരകത്തിൽ എറിയപ്പെടാൻ ഞാൻ അർഹനായിരുന്നു. എങ്കിലും ഞാൻ പ്രതീക്ഷിച്ചതുപോലെ, അങ്ങു എനിക്കു മാപ്പുനൽകി എന്നെ മോചിപ്പിച്ചു.
ഞാൻ അങ്ങയുടെ ദിവ്യ മഹിമയെ വ്രണപ്പെടുത്തി, അങ്ങ് എൻറെ കുറ്റങ്ങൾ ഏറ്റെടുത്തുകൊണ്ട് എനിക്കുവേണ്ടി കഷ്ടതകൾ സഹിച്ചു. ഇതിനുശേഷവും, ഞാൻ അങ്ങയെ വീണ്ടും വ്രണപ്പെടുത്തുകയോ അല്ലെങ്കിൽ പൂർണ്ണഹൃദയത്തോടെ അങ്ങയെ സ്നേഹിക്കാതിരിക്കുകയോ ചെയ്താൽ, എൻറെ നന്ദികേടിന് എന്തു ശിക്ഷ തന്നാലാണു മതിയാവുക? പ്രിയപ്പെട്ട യേശുവേ, എൻറെ ആത്മാവിൻറെ സ്നേഹമേ! അങ്ങയെ അതിരറ്റു വിഷമിപ്പിച്ചതിൽ ഞാൻ അതിയായി ഖേദിക്കുന്നു. എന്നെ മുഴുവനുമായി ഞാൻ അങ്ങേയ്ക്കു തരുന്നു; എന്നെ സ്വീകരിക്കണമേ, ഇനി അങ്ങയിൽ നിന്നു വേർപെടുത്തപ്പെടാതിരിക്കാൻ എന്നെ സഹായിക്കണമേ. പരിശുദ്ധ കന്യകയേ, മറിയമേ, അമ്മേ, എന്നെ സ്വീകരിക്കുവാനും എന്നെ അവിടുത്തേതു മാത്രമാക്കുവാനും എനിക്കുവേണ്ടി അങ്ങയുടെ ദിവ്യപുത്രനോടു പ്രാർത്ഥിക്കണമേ.