വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 15

പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തി

1. നീതിയുടെ മദ്ധ്യസ്ഥനാണ് യേശു; മാതാവാകട്ടെ  നമുക്കു  കൃപ നേടിത്തരുന്നു. വിശുദ്ധ ബെർണാർഡും, വിശുദ്ധ ബൊനവെന്തുരയും, സിയന്നായിലെ വിശുദ്ധ ബെർണാഡിനും, വിശുദ്ധ ജെർമ്മാനൂസും, വിശുദ്ധ അൻറോണിനൂസും, മറ്റുപലരും പറയുന്നതുപോലെ, ദൈവം നമുക്കു നൽകാൻ ഇച്ഛിക്കുന്ന  ഏതൊരു കൃപയും മാതാവിൻറെ കൈകളിൽക്കൂടെ വിതരണം ചെയ്യണമെന്നതു  ദൈവഹിതമാണ്. ദൈവത്തെ സംബന്ധിച്ചിടത്തോളം, വിശുദ്ധരുടെ പ്രാർത്ഥനകൾ അവിടുത്തെ സുഹൃത്തുക്കളുടെ പ്രാർത്ഥനകളാണ്, എന്നാൽ മാതാവിൻറെ പ്രാർത്ഥനകളാകട്ടെ  അവിടുത്തെ അമ്മയുടെ പ്രാർത്ഥനകളാണ്. ഈ ദിവ്യമാതാവിനോട്  എല്ലായ്‌പ്പോഴും ആത്മവിശ്വാസത്തോടെ  സഹായം തേടുന്നവർ സന്തുഷ്ടരാണ്!  എപ്പോഴും മാതാവിൻറെ സഹായം തേടുകയും “ഓ മറിയമേ! അങ്ങയുടെ പുത്രനായ യേശുവിനോട് എനിക്കുവേണ്ടി മാധ്യസ്ഥം വഹിക്കണമേ” എന്നു  മാതാവിനോടു പ്രാർത്ഥിക്കുകയും ചെയ്യുന്നത് മറ്റെല്ലാറ്റിനുമുപരിയായി, പരിശുദ്ധ കന്യകയ്ക്ക്  ഏറ്റവും പ്രസാദകരമായ  ഭക്തിയാണ്. 

2. യേശു സ്വഭാവത്താൽ തന്നെ  സർവശക്തനാണ്;  മറിയമാകട്ടെ, കൃപയാൽ അതീവശക്തയാണ്; മറിയം  ആവശ്യപ്പെടുന്നതെന്തും നേടുന്നു. വിശുദ്ധ അൻറോണിനൂസ്  പറയുന്നു: മറിയം  തൻറെ ഭക്തർക്കുവേണ്ടി അവിടുത്തെ പുത്രനോട് എന്തെങ്കിലും സഹായം ചോദിച്ചാൽ, പുത്രൻ അമ്മയുടെ  അഭ്യർത്ഥന സാധിച്ചുകൊടുക്കാതിരിക്കുക എന്നത് അസാധ്യമാണ്. ആവശ്യപ്പെടുന്നതെന്തും നൽകി തൻറെ അമ്മയെ മാനിക്കാൻ യേശു ആഗ്രഹിക്കുന്നു. അതിനാൽ കൃപ തേടാനും, അതു  മാതാവിലൂടെ തേടാനും വിശുദ്ധ ബെർണാർഡ് നമ്മെ ഉദ്‌ബോധിപ്പിക്കുന്നു; കാരണം, യേശുവിന്  ഒന്നും നിഷേധിക്കാൻ  കഴിയാത്ത    ഒരു അമ്മയാണ് പരിശുദ്ധമാതാവ്. നാം രക്ഷിക്കപ്പെടണമെങ്കിൽ  നമുക്കുവേണ്ടി മാധ്യസ്ഥം വഹിക്കണമേയെന്നു മറിയത്തോട്   അപേക്ഷിക്കാം; കാരണം അവളുടെ പ്രാർത്ഥനകൾ എല്ലായ്‌പ്പോഴും കേൾക്കപ്പെടും. ഓ കരുണയുടെ അമ്മേ! എന്നോടു കരുണയായിരിക്കണമേ. അങ്ങാണല്ലോ പാപികളുടെ അഭിഭാഷക; അതിനാൽ, അങ്ങയിൽ ശരണം വയ്ക്കുന്ന  പാപിയായ എന്നെ സഹായിക്കണമേ.  

3. നമ്മുടെ പ്രാർഥനകളെ മറിയത്തിനു   സമർപ്പിക്കുമ്പോൾ മറിയം   നമ്മളെ ശ്രവിക്കുമോ എന്നു  നാം സംശയിക്കരുത്.   നമുക്ക് ആവശ്യമുള്ള എല്ലാ കൃപകളും നേടുന്നതിനായി, ദൈവസന്നിധിയിലുള്ള  തൻറെ  ശക്തമായ സ്വാധീനം ചെലുത്തുന്നതു  മാതാവിനു സന്തോഷകരമാണ്. അവ ലഭിക്കാൻ മാതാവിൻറെ അനുഗ്രഹം ചോദിച്ചാൽ മതി. നാം അതിനു യോഗ്യരല്ലെങ്കിൽ, അവിടുത്തെ ശക്തമായ മധ്യസ്ഥതയിലൂടെ മറിയം   നമ്മെ  യോഗ്യരാക്കുന്നു;  നമ്മെ രക്ഷിക്കാനായി  തന്നോടു   സഹായം തേടണമെന്നു ‘അമ്മ  ആഗ്രഹിക്കുന്നു. ആത്മവിശ്വാസത്തോടും സ്ഥിരോത്സാഹത്തോടും കൂടി  പാപികളുടെ സങ്കേതമായ മറിയത്തെ  ആശ്രയിച്ച ഏതെങ്കിലും പാപി എപ്പോഴെങ്കിലും നശിച്ചുപോയിട്ടുണ്ടോ?  മറിയത്തെ  ആശ്രയിക്കാത്തവർ നഷ്ടപ്പെട്ടുപോകുന്നു. മറിയമേ, എൻറെ അമ്മയും പ്രതീക്ഷയുമേ,! അങ്ങയുടെ സംരക്ഷണത്തിൽ ഞാൻ അഭയം പ്രാപിക്കുന്നു; ഞാൻ അർഹിച്ചതുപോലെ എന്നെ നിരസിക്കരുതേ. മഹാപാപിയായ എന്നെ സംരക്ഷിക്കുകയും എന്നോടു കരുണ കാണിക്കുകയും ചെയ്യണമേ. എനിക്ക് പാപമോചനം നേടിത്തരണമേ; വിശുദ്ധമായ സ്ഥിരോത്സാഹവും, ദൈവസ്നേഹവും, നല്ല മരണവും, സന്തോഷകരമായ നിത്യതയും എനിക്കു നേടിത്തരണമേ. അങ്ങു ദൈവസന്നിധിയിൽ മഹാശക്തയായതുകൊണ്ട് ഞാൻ എല്ലാം അങ്ങയിൽനിന്നു പ്രതീക്ഷിക്കുന്നു. പരിശുദ്ധ  മാധ്യസ്ഥത്താലുള്ള  അങ്ങയുടെ  ശക്തിയാൽ  എന്നെ വിശുദ്ധനാക്കേണമേ. ഓ മറിയമേ! അങ്ങയുടെ ദിവ്യപുത്രൻ ഈശോ കഴിഞ്ഞാൽ, ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു, എൻറെ പ്രതീക്ഷകൾ എല്ലാം ഞാൻ അങ്ങയിൽ അർപ്പിക്കുന്നു