വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 13

തനതു വിധിക്കുള്ള തയ്യാറെടുപ്പ്

1. “നിങ്ങൾ തയ്യാറാകുക, എന്തെന്നാൽ നിങ്ങൾ ചിന്തിക്കാത്ത സമയത്തു മനുഷ്യപുത്രൻ വരും”. നന്മരണത്തിനായി സ്വയം തയ്യാറാകാനുള്ള സമയമല്ല മരണ സമയം; സന്തോഷത്തോടെയും നന്നായും മരിക്കുവാൻ, അതിനുമുമ്പേ നാം സ്വയം തയ്യാറാകണം. കാരണം ആത്മാവിൽ നിന്നു ദുശ്ശീലങ്ങളെ ഉന്മൂലനം ചെയ്യാനും, ഹൃദയത്തെ കീഴടക്കിയിരിക്കുന്ന  വികാരങ്ങളെ  പുറന്തള്ളാനും, ഭൗമിക വസ്തുക്കളോടുള്ള എല്ലാ താല്പര്യങ്ങളും ഇല്ലാതാക്കാനും അപ്പോൾ സമയമുണ്ടാകില്ല. “ആർക്കും ജോലി ചെയ്യാൻ കഴിയാത്ത രാത്രി വരുന്നു”. മരണത്തിൽ എല്ലാം രാത്രിയാകും, ഒന്നും കാണാൻ കഴിയാതെ വരുമ്പോൾ; അതിനാൽ ഒന്നും ചെയ്യാനും  സാധ്യമല്ലാത്ത  അവസ്ഥ!  ഹൃദയം കഠിനമാകുന്നു,ഒപ്പം മനസ്സ്  സങ്കീർണ്ണമാകുന്നു. ആശയക്കുഴപ്പവും, ഭയവും, ആരോഗ്യത്തെക്കുറിച്ചുള്ള ഭീതിയും  എല്ലാം  പലവിധ ചിന്തകളിൽ വ്യാപൃതമായതും    പാപത്തിൽ കുടുങ്ങിയതും ആയ  മനസ്സാക്ഷിയെ മരണസമയത്ത് നേർവഴിയിലെത്തിക്കുന്നതിനു   തടസ്സം നിൽക്കുന്നു. എൻറെ രക്ഷകൻറെ  തിരുമുറിവുകളേ! ഞാൻ അങ്ങയെ ആരാധിക്കുന്നു, താഴ്മയോടെ ഞാൻ അങ്ങയെ ചുംബിക്കുന്നു, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

2. വിശുദ്ധന്മാർ തങ്ങളുടെ ജീവിതകാലം മുഴുവൻ  തപസ്സിലൂടെയും പ്രാർത്ഥനയിലൂടെയും സൽപ്രവൃത്തികളിലൂടെയും മരണത്തിനുവേണ്ടിയുള്ള  തയാറെടുപ്പിൽ ജീവിച്ചു. എങ്കിലും   അവർ വിചാരിച്ചതു തങ്ങൾ വളരെ കുറച്ചു മാത്രമേ ചെയ്തിട്ടുള്ളൂ  എന്നാണ്;  എന്നിട്ടും മരണസമയത്തു അവർ വിറച്ചു. ആവിലയിലെ വിശുദ്ധ  ജോൺ  വളരെ വിശുദ്ധ ജീവിതമാണ് ചെറുപ്പം മുതൽ നയിച്ചിരുന്നതെങ്കിലും  മരിക്കാറായി എന്ന് അദ്ദേഹത്തെ അറിയിച്ചപ്പോൾ മറുപടിയായിപറഞ്ഞത് ഇപ്രകാരമാണ്; “ഓ, മരണത്തിന് എന്നെത്തന്നെ ഒരുക്കാൻ  എനിക്കു കുറച്ചു സമയം കൂടി കിട്ടിയിരുന്നെങ്കിൽ!”. മരണത്തിൻറെ  വിളി  നമ്മുടെ അടുക്കൽ എത്തുമ്പോൾ  നാം എന്തു പറയും?  മരണം എന്നെ എപ്പോൾ മാടിവിളിക്കുന്നുവോ  അപ്പോൾ   ഞാൻ  മരിക്കണം;  ഇല്ല, എൻറെ ദൈവമേ, അസ്വസ്ഥനും നന്ദികെട്ടവനുമായി മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എൻറെ ജീവിതത്തിൽ മാറ്റം വരുത്താൻ ഞാൻ ആഗ്രഹിക്കുന്നു, അങ്ങേയ്‌ക്കെതിരായി ചെയ്ത  പാപങ്ങളെയോർത്തു വിലപിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു, പൂർണ്ണഹൃദയത്തോടെ അങ്ങയെ സ്നേഹിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഓ കർത്താവേ! എന്നെ സഹായിക്കണമേ.  എന്നോടുള്ള സ്നേഹത്തെപ്രതി മരിച്ച അങ്ങേയ്ക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ ഞാൻ മരിക്കുന്നതിനുമുമ്പ് എന്നെ പ്രാപ്തനാക്കണമേ.

3. അപ്പസ്തോലൻ  പറയുന്നു: സമയം കുറവാണ്. അതെ, ഞങ്ങളുടെ കാര്യങ്ങൾ  ക്രമീകരിക്കുന്നതിനു വളരെ ചുരുങ്ങിയ സമയമേയുള്ളൂ. അതിനാൽ പരിശുദ്ധാത്മാവു നമ്മെ ഉപദേശിക്കുന്നു; നിനക്ക് എന്തുചെയ്യുവാൻ കഴിയുമോ അത് ഉടനെ ചെയ്യുക; നിനക്ക് ഇന്ന് എന്തു ചെയ്യാൻ കഴിയുമോ അതു നാളത്തേക്കു  മാറ്റിവെക്കരുത്; എന്തെന്നാൽ ഇന്നത്തെ ദിനം പെട്ടെന്നു  കഴിഞ്ഞുപോകുകയും നാളത്തെ ദിനം  മരണം കൊണ്ടുവരുകയും ചെയ്തേക്കാം; അതു നന്മ ചെയ്യാനുള്ള നിൻറെ എല്ലാ സാധ്യതകളും നീ ചെയ്ത തെറ്റുകൾ തിരുത്താനുള്ള  അവസരവും ഇല്ലാതാക്കും.  ഇപ്പോഴും ഈ ലോകവുമായി കെട്ടപ്പെട്ടുകിടക്കുന്ന അവസ്ഥയിൽ  മരണം എന്നെ കാണുകയാണെങ്കിൽ, എനിക്ക് കഷ്ടം! ഓ, എൻറെ ദൈവമേ, ഞാൻ അങ്ങയിൽനിന്നകന്ന് എത്ര വർഷങ്ങൾ ജീവിച്ചു! എന്നെ കാത്തിരിക്കുന്നതിലും എന്നെ പലപ്പോഴും മാനസാന്തരത്തിലേക്കു വിളിക്കുന്നതിലും അങ്ങ് എന്നോട് എത്രയധികം ക്ഷമ കാണിച്ചു! എൻറെ വീണ്ടെടുപ്പുകാരാ, അങ്ങയുടെ ദീർഘനാളത്തെ സഹിഷ്ണുതക്കു ഞാൻ അങ്ങയോടു നന്ദി പറയുന്നു! അതിനു സ്വർഗ്ഗത്തിൽ എന്നേക്കും അങ്ങയോടു നന്ദി പറയാമെന്നു  ഞാൻ പ്രതീക്ഷിക്കുന്നു.

 “കർത്താവിൻറെ കരുണയെക്കുറിച്ചു  ഞാൻ എന്നേക്കും പാടും”.  ഇതുവരെ ഞാൻ അങ്ങയെ സ്നേഹിച്ചിട്ടില്ല, അങ്ങ് എന്നെ സ്നേഹിച്ചതിനെപ്പറ്റി ഞാൻ ഒട്ടും ഗൗനിച്ചിട്ടുമില്ല, എന്നാൽ ഇപ്പോൾ ഞാൻ എൻറെ പൂർണ്ണഹൃദയത്തോടെ അങ്ങയെ സ്നേഹിക്കുന്നു; എല്ലാറ്റിനുമുപരിയായി ഞാൻ അങ്ങയെ സ്നേഹിക്കുന്നു, എന്നെത്തന്നെ സ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ  ഞാൻ അങ്ങയെ സ്നേഹിക്കുന്നു, അങ്ങയാൽ സ്നേഹിക്കപ്പെടുന്നതിനേക്കാൾ കൂടുതലായി ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല; ഞാൻ അങ്ങയുടെ സ്നേഹത്തെ നിന്ദിച്ചതിനെയോർത്തുള്ള  ദുഖത്താൽ മരിച്ചിരുന്നുവെങ്കിൽ!  യേശുവേ, പുണ്യത്തിൽ സ്ഥിരോത്സാഹത്തോടെ നില്ക്കാൻ എന്നെ അനുവദിക്കണമേ. 

മറിയമേ, എൻറെ പരിശുദ്ധ അമ്മേ, ദൈവത്തോടു വിശ്വസ്തനായിരിക്കുന്നതിനുള്ള  സൗഭാഗ്യം  എനിക്കായി നേടിത്തരണമേ.