വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 11

നഷ്ടപ്പെടുന്നതിൻറെ  വേദന  

1. നരകത്തിലെ ഏറ്റവും വലിയ വേദന അഗ്നിയോ അന്ധകാരമോ  അല്ല, ദുർഗന്ധമോ ഭയങ്കരമായ നിരാശയുടെ തടവറയിലെ  ശിക്ഷയുടെ മൂർത്തരൂപങ്ങളോ  അല്ല;  അതു നഷ്ടത്തിൻറെ വേദനയാണ്; ദൈവത്തെ നഷ്ടപ്പെടുക എന്ന വേദനതന്നെയാണ് നരകം തീർക്കുന്നത്..എന്നെന്നേക്കും ദൈവത്തോട്  ഐക്യപ്പെടാനും  ഹർഷപുളകിതമാക്കുന്ന അവിടുത്തെ തിരുമുഖം കണ്ടാസ്വദിക്കുവാനും വേണ്ടിയാണ് ആത്മാവു  സൃഷ്ടിക്കപ്പെട്ടത്. എല്ലാറ്റിൻറെയും അന്ത്യവും നന്മയും ദൈവം മാത്രമാകയാൽ  ദൈവത്തെക്കൂടാതെ ഭൂമിയിലെയും ആകാശത്തിലെയും ഒരു വസ്തുക്കൾക്കും  സന്തോഷം നൽകാൻ കഴിയില്ല. അതിനാൽ, നരകത്തിൽ ശിക്ഷിക്കപ്പെട്ടുകിടക്കുന്ന ഒരു ആത്മാവിനു ദൈവത്തെ കൈവശപ്പെടുത്താനും സ്നേഹിക്കാനും കഴിഞ്ഞാൽ, നരകം അതിൻറെ എല്ലാ വേദനകളോടും കൂടിത്തന്നെ ആ ആത്മാവിന് ഒരു പറുദീസയായിരിക്കും. എന്നാൽ നരകമെന്നത്  ദൈവത്തെ എന്നെങ്കിലും കാണാനോ സ്നേഹിക്കാനോ സാധിക്കുമെന്ന പ്രത്യാശയില്ലാത്തവിധം  എന്നെന്നേക്കുമായി ദൈവത്തെ നഷ്ടപ്പെടുത്തിയതും  ചിന്തിക്കാനാവാത്തവിധം ദുഖകരവുമായ, പരമശിക്ഷയാണ്. യേശുവേ, എൻറെ വീണ്ടെടുപ്പുകാരാ! എനിക്കുവേണ്ടി കുരിശിൽ തറയ്ക്കപ്പെട്ടവനേ, അങ്ങ് എൻറെ പ്രത്യാശയാണ്; അങ്ങയെ മുറിപ്പെടുത്തുന്നതിനുമുമ്പു ഞാൻ മരിച്ചിരുന്നുവെങ്കിൽ!

2. ദൈവത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ട ആത്മാവിനു, പരമനന്മയായ ദൈവവുമായി ഐക്യപ്പെടാനുള്ള സഹജമായ പ്രവണതയുണ്ട്. എന്നാൽ  ആത്മാവു ശരീരവുമായി ചേർന്ന്, അകൃത്യങ്ങളിൽ മുഴുകുമ്പോൾ, സൃഷ്ടവസ്തുക്കളാൽ അത് അശുദ്ധമായിത്തീരുകയും, ഇന്ദ്രിയങ്ങൾ  വശീകരിക്കപ്പെട്ട്  സുബോധം നഷ്ടപ്പെടുന്നു. അതുവഴിയായി ദൈവത്തെക്കുറിച്ചുള്ള അറിവു തന്നെയും  നഷ്ടപ്പെട്ട്,ദൈവത്തോടു  ഐക്യപ്പെടാൻ ആഗ്രഹിക്കാൻ  പോലും  സാധിക്കാത്ത അവസ്ഥയിൽ എത്തിച്ചേരുന്നു. എന്നാൽ ശരീരത്തിൽനിന്നും ഇന്ദ്രിയഗോചരമായ വസ്തുക്കളിൽനിന്നും വേർപെടുത്തപ്പെടുമ്പോൾ സന്തോഷം നൽകാൻ കഴിയുന്ന ഒരേയൊരു നന്മ ദൈവമാണെന്ന് ആത്മാവു  മനസ്സിലാക്കും. അതിനാൽ, ആത്മാവ് ശരീരത്തിൽ  നിന്നു  വേർപെട്ടയുടനെ, ദൈവവുമായുള്ള ഐക്യത്തിലേക്ക്  എത്തിച്ചേരാൻ  വളരെ ശക്തമായി ആകർഷിക്കപ്പെടും. 

 എന്നാൽ  ദൈവത്തിൻറെ  ശത്രുവായി   ഈലോകജീവിതം  വിട്ടുപോകുന്ന ആത്മാവ് , അവൻറെ പാപങ്ങളാൽ ബന്ധിക്കപ്പെട്ട്, ദൈവത്തിൽനിന്നും വേർപെട്ട്, എന്നെന്നേക്കും  നരകത്തിൽ ആയിരിക്കാനായി അങ്ങോട്ടു  വലിച്ചിഴയ്ക്കപ്പെടുന്നു. ആ നിത്യ തടവറയിലകപ്പെട്ട  നിർഭാഗ്യവാനായ  ആത്മാവിനു  ദൈവസാമീപ്യം  എത്ര മനോഹരമാണെന്ന്  അറിയുമെങ്കിലും, ദൈവത്തെ കാണാൻ കഴിയില്ല. ദൈവം എത്രമാത്രം നല്ലവനാണെന്ന്  അത് അറിയും, പക്ഷേ അവിടുത്തെ സ്നേഹിക്കാൻ കഴിയില്ല. സ്വന്തം പാപങ്ങളാൽ ദൈവത്തെ വെറുക്കാൻ അതു നിർബന്ധിതനായിത്തീരും. അനന്തമായി  സ്നേഹിക്കപ്പെടേണ്ട  ഒരു ദൈവത്തെ താൻ  വെറുക്കുന്നുവെന്ന് അറിയുന്നതുതന്നെ  ആ ആത്മാവിനു  ഏറ്റവും വലിയ  നരകമായിരിക്കും. താൻ  വെറുക്കുന്ന ദൈവത്തെ നശിപ്പിക്കാൻ കഴിയുമായിരുന്നെങ്കിൽ എന്ന് അത് ആഗ്രഹിക്കുന്നു; ദൈവത്തെ വെറുത്തുകൊണ്ട് സ്വയം നശിപ്പിക്കാനും അത് ആഗ്രഹിക്കുന്നു. ഇതാണ്  ആ അസന്തുഷ്ടനായ  ആത്മാവ്  നിത്യകാലവും ചെയ്തുകൊണ്ടിരിക്കുന്നത്. ഓ,  കർത്താവേ, എന്നോടു കരുണയായിരിക്കണമേ.

3. ആ വ്യക്തിയുടെ  ജീവിതകാലത്തു ദൈവം അവനോടു കാണിച്ച സ്നേഹവും  അവിടുന്നു   നൽകിയ കൃപകളും  അനുസ്മരിക്കുന്നതിലൂടെ ഈ ശിക്ഷയുടെ  തീവ്രത  വളരെയധികം വർദ്ധിക്കും. ആ ആത്മാവിനെ , തൻ്റെ  രക്ഷയ്ക്കായി യേശുക്രിസ്തു സ്വന്തം രക്തം ചൊരിഞ്ഞുകൊണ്ട് അവിടുത്തെ ജീവൻ നൽകിയ  ആ സ്നേഹത്തെ  ഓർമിപ്പിക്കുകയും ചെയ്യും; എന്നാൽ, നന്ദികെട്ട ആ ആത്മാവു താൻ  ആഗ്രഹിച്ച ഹീനമായ സുഖഭോഗങ്ങൾ  ഉപേക്ഷിക്കാതെ, ദൈവത്തിൻറെ, മഹാനന്മയെ നഷ്ടപ്പെടുത്താൻ  സ്വയമേ സമ്മതിച്ചതിനാൽ; ഇനി അവിടുത്തെ വീണ്ടെടുക്കാൻ ഒരു പ്രത്യാശയും അവശേഷിക്കുന്നില്ലെന്നു കണ്ടെത്തും. ഓ, എൻറെ ദൈവമേ!  ഞാൻ നരകത്തിൽ ആയിരുന്നെങ്കിൽ, അങ്ങയെ സ്നേഹിക്കാനോ എൻറെ പാപങ്ങളെക്കുറിച്ച് അനുതപിക്കാനോ എനിക്കു കഴിയില്ലായിരുന്നു. എന്നാൽ എനിക്കു മാനസാന്തരപ്പെടുവാനും അങ്ങയെ സ്നേഹിക്കുവാനുമുള്ള  ശക്തി ഇപ്പോൾ ഉള്ളതുകൊണ്ട്, അങ്ങയെ വേദനിപ്പിച്ചതിനു ഞാൻ എൻറെ മുഴുവൻ ആത്മാവോടുംകൂടെ അങ്ങയോടു മാപ്പു ചോദിക്കുകയും എല്ലാറ്റിനുമുപരി അങ്ങയെ സ്നേഹിക്കുകയും ചെയ്യുന്നു. ഞാൻ അർഹിച്ച നരകത്തെ നിരന്തരം ഓർമ്മിച്ചുകൊണ്ടു ഇനിയും കൂടുതൽ കൂടുതൽ ഉത്സാഹത്തോടെ അങ്ങയെ സ്നേഹിക്കാൻ എന്നെ അനുവദിക്കണമേ. ഓ മറിയമേ, പാപികളുടെ സങ്കേതമേ! എന്നെ കൈവിടരുതേ.