വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 10

പാപി ദൈവത്തോട് കാണിക്കുന്ന അവഹേളനം

പാപി ദൈവത്തെ നിന്ദിക്കുകയാണ് എന്നു  കർത്താവു തന്നെ പറയുന്നു, “ഞാൻ എൻറെ മക്കളെ വളർത്തുകയും  കൈപിടിച്ചുയർത്തുകയും ചെയ്തു; എന്നാൽ അവർ എന്നെ പുച്ഛിച്ചു” എന്നു ദൈവം പരാതിപ്പെടുന്നു.  ഞാൻ എൻ്റെ  മക്കളെ വളർത്തിപരിപാലിച്ചു  സംരക്ഷിക്കുന്നു. എന്നാൽ  അങ്ങേയറ്റത്തെ

നന്ദികേടു കാണിച്ചുകൊണ്ട് അവർ എന്നെ പുച്ഛിച്ചു. എന്നാൽ മനുഷ്യരാൽ ഇങ്ങനെ നിന്ദിക്കപ്പെടുന്ന ദൈവം ആരാണ്? അവിടുന്ന് ആകാശത്തിൻറെയും ഭൂമിയുടെയും സ്രഷ്ടാവാണ്; അവിടുന്നു സർവാധിപനായ  അനന്തനന്മയാണ്. അവിടുത്തെ ദൃഷ്ടിയിൽ മനുഷ്യരും മാലാഖമാരും ഒരു തുള്ളി വെള്ളമോ അല്ലെങ്കിൽ മണൽത്തരിയോ പോലെയാണ്; പാത്രത്തിലെ  ഒരിറ്റു വെള്ളം  പോലെ, അല്പം പൊടിപോലെ മാത്രം. വചനത്താൽ എല്ലാം സൃഷ്ടിക്കപ്പെട്ടു.  ദൈവത്തിൻറെ അനന്തമായ മഹത്വത്തിൻറെ മുമ്പിൽ എല്ലാം ഇല്ലായ്മ പോലെയാണ്; ദൈവത്തിൻറെ മുമ്പിൽ എല്ലാ രാജ്യങ്ങളും ഒരുകാലത്തും ഇല്ലാതിരുന്നതുപോലെയാണ്; ഒന്നുമില്ലായ്മയും ശൂന്യവുമായിത്തന്നെ  അവ അവിടുത്തെമുമ്പിൽ എണ്ണപ്പെടുന്നു..  

ദൈവമേ, അങ്ങയുടെ അനന്ത മഹിമയെ നിന്ദിക്കുവാൻ ധൈര്യപ്പെട്ട  പാപിയായ എന്നെ കടാക്ഷിച്ചാലും! അങ്ങ് അനന്തമഹിമയുള്ളവനായിരിക്കുമ്പോൾത്തന്നെ  അനന്തമായ കരുണയുമാണല്ലോ. ഓ കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. ഞാൻ അങ്ങയെ സ്നേഹിക്കുന്നതിനാൽ അങ്ങയെ മുറിവേൽപ്പിച്ചതിൽ ഞാൻ ഖേദിക്കുന്നു; അങ്ങ് എന്നോടു കരുണയായിരിക്കണമേ.

എന്നാൽ ദൈവമേ! അങ്ങയെ നിന്ദിച്ച ഞാൻ ആരാണ്!  അങ്ങയുടെ ഔദാര്യത്താൽ അങ്ങ് എനിക്കു സമ്മാനിച്ചതുമാത്രമല്ലാതെ മറ്റൊന്നുമില്ലാത്ത നിസ്സഹായനായ  ഒരു പാവം  പുഴു. അങ്ങ് എനിക്ക് എൻറെ ആത്മാവും ശരീരവും ചിന്തിക്കാനുള്ള കഴിവും ഈ ലോകത്തിലെ എണ്ണമറ്റ മറ്റ് ആനുകൂല്യങ്ങളും തന്നിരിക്കുന്നു; എന്നാൽ എൻറെ നന്മ മാത്രം കാംക്ഷിക്കുന്ന  അങ്ങയെ വ്രണപ്പെടുത്താനല്ലാതെ മറ്റൊന്നിനും ഞാൻ അവയെ ഉപയോഗിച്ചിട്ടില്ല. അതേ സമയം, ഞാൻ അങ്ങയുടെ നന്മയും ക്ഷമയും ദുരുപയോഗം ചെയ്തു ഞാൻ അർഹിച്ചതുപോലെ നരകത്തിൽ വീഴാതെ, അങ്ങ് എന്നെ കൂടുതലായി  സംരക്ഷിച്ചു. ഓ എൻറെ രക്ഷകനേ! അങ്ങ് എന്നോടു ഇത്രമാത്രം ക്ഷമിക്കുന്നതെങ്ങനെ? അതിനിർഭാഗ്യവാനായ ഞാൻ അങ്ങയുടെ അനിഷ്ടത്തിൻകീഴിൽ എത്ര രാത്രികൾ ഉറങ്ങി! പക്ഷേ, ഞാൻ നശിച്ചുപോകാൻ അങ്ങ് ആഗ്രഹിക്കുന്നില്ല. എൻറെ യേശുവേ, എൻറെ ജീവിതം രൂപാന്തരപ്പെടുത്തുവാൻ  സഹായിക്കുന്ന  അങ്ങയുടെ അതിശ്രേഷ്ഠമായ പീഡാസഹനങ്ങളിൽ  ഞാൻ ആശ്രയിക്കുന്നു. എൻറെ രക്ഷയ്ക്കായി അങ്ങു തീവ്രവേദനയോടും സങ്കടത്തോടും കൂടെ ചൊരിഞ്ഞ പരിശുദ്ധരക്തം നഷ്ടപ്പെടാതിരിക്കട്ടെ. 

ഓ ദൈവമേ! എന്നിട്ടും ഞാൻ എന്താണ് ചെയ്തത്!  എൻറെ വീണ്ടെടുപ്പുകാരനായ അങ്ങ് എൻറെ ആത്മാവിൻറെ രക്ഷക്കുവേണ്ടി സ്വന്തം  രക്തം ചൊരിയുവാൻ കരുണ കാണിച്ചു. എന്നിട്ടും, വെറും ശൂന്യതയ്ക്കുവേണ്ടി, എൻറെ  തന്നിഷ്ടത്തിനായി, ഭ്രാന്തമായ അഭിനിവേശത്തിനായി,ഹീനമായ സംതൃപ്തിക്കായി, അങ്ങയുടെ കൃപയെയും സ്നേഹത്തെയും അവഹേളിച്ച്  പാഴാക്കിക്കളയാൻ ഞാൻ അനുവദിച്ചു.

 ഓ! മാനസാന്തരപ്പെടുന്നവർക്കു മാപ്പു  നൽകുമെന്ന് അങ്ങ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന ഉറച്ച വിശ്വാസം എനിക്ക് ഇല്ലായിരുന്നെങ്കിൽ, ഞാൻ ഇപ്പോൾ ക്ഷമ ചോദിക്കാൻ ധൈര്യപ്പെടുമായിരുന്നില്ല. ഓ എൻറെ രക്ഷകാ! അങ്ങയുടെ തിരുമുറിവുകളെ ഞാൻ ചുംബിക്കുന്നു, ഈ മുറിവുകളോടുള്ള എൻറെ സ്നേഹത്തെപ്രതി ഞാൻ അങ്ങയോട് ചെയ്ത മുറിവുകൾ മറക്കാൻ ഞാൻ അങ്ങയോട് അഭ്യർത്ഥിക്കുന്നു. പാപി അനുതപിക്കുമ്പോൾ അവൻറെ എല്ലാ നന്ദികേടുകളും അങ്ങു മറക്കുമെന്ന് അങ്ങു പറഞ്ഞിട്ടുണ്ടല്ലോ. എല്ലാ തിന്മകൾക്കുമുപരി എൻറെ പരമനന്മയായ അങ്ങയെ ധിക്കരിച്ചതിനു ഞാൻ അങ്ങയോടു പൊറുതി  യാചിക്കുന്നു. അങ്ങു വാഗ്ദാനം ചെയ്തതുപോലെ എന്നോടു വേഗം ക്ഷമിക്കേണമേ; ഞാൻ അങ്ങയോടു വേഗത്തിൽ അനുരഞ്ജനപ്പെടട്ടെ. ഇപ്പോൾ ഞാൻ അങ്ങയെ എന്നെക്കാൾ സ്നേഹിക്കുന്നു; ഞാൻ മേലിൽ ഒരിക്കലും അങ്ങേയ്ക്ക് അനിഷ്ടം ഉണ്ടാക്കാതിരിക്കട്ടെ. ഓ മറിയമേ, പാപികളുടെ അഭയമേ! അങ്ങയുടെ സഹായം അഭ്യർത്ഥിക്കുന്ന ഈ പാവപ്പെട്ട പാപിയെ സഹായിക്കണമേ.